തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ഘടകത്തിലെ വിഭാഗീയത നിരീക്ഷിക്കാന്‍ പാര്‍ട്ടി പ്രത്യേക സംവിധാനം കൊണ്ടു വരും. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ഷംസീറിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ ഉയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ ലക്ഷ്യമിട്ട് ചിലര്‍ നടത്തിയ കടന്നാക്രമണങ്ങള്‍ക്കും ഗ്രൂപ്പിസത്തിന്റെ പ്രതിച്ഛായയുണ്ടെന്നാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഭാഗീയത തകര്‍ക്കാന്‍ സിപിഎം അച്ചടക്ക നടപടികളും ശക്തമാക്കും.

മേയറെ പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കും വിധം ചര്‍ച്ചകളും വാര്‍ത്തകളും എത്തി. എങ്ങനെയാണ് ഇത്രയും രൂക്ഷമായ വിധത്തില്‍ വാര്‍ത്ത ചോര്‍ന്നതെന്നതും പരിശോധിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോടുളള പകയാണ് യോഗങ്ങളില്‍ നിറഞ്ഞത്. റിയാസുമായി അടുത്തു നില്‍ക്കുന്ന സിപിഎം എംഎല്‍എയാണ് സച്ചിന്‍ ദേവ്. സച്ചിന്‍ദേവിനെ മന്ത്രിയാക്കുന്നതിന് റിയാസ് ശ്രമിച്ചെന്നും അത് നടക്കാതെ പോയെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങളില്‍ സച്ചിന്‍ദേവിന്റെ ഭാര്യ കൂടിയായ ആര്യാ രാജേന്ദ്രനെതിരെ വിവാദം കടുപ്പിച്ചത്. പലതും അതിരുവിട്ട അഭിപ്രായ പ്രകടനമാണെന്ന വിലയിരുത്തല്‍ സജീവമാണ്.

മേയര്‍ സ്ഥാനത്ത് നിന്നും ആര്യാ രാജേന്ദ്രനെ നീക്കണമെന്ന അഭിപ്രായം പോലും ഉയര്‍ന്നു. അതിനിടെ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായുള്ള റോഡിലെ തര്‍ക്കത്തില്‍ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടാത്തത് നന്നായി എന്ന തരത്തില്‍ ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നിരുന്നു. ഇതെല്ലാം വലിയ തോതില്‍ ചര്‍ച്ചയായത് മേയര്‍ക്ക് മോശമായി. ഇതെല്ലാം പൊതുമരമാത്ത് മന്ത്രി റിയാസിനോടുള്ള പകയാണെന്ന അഭിപ്രായവും സജീവമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പരിശോധിക്കാനും പ്രത്യേക സംവിധാനം കൊണ്ടു വരുന്നത്.

ഒരു കാലത്ത് വിഎസ് അച്യുതാനന്ദന്റെ കോട്ടയായിരുന്നു തിരുവനന്തപുരം. മലപ്പുറത്തെ പഴയ സമ്മേളനത്തിലാണ് പിണറായി സിപിഎമ്മില്‍ തലയെടുപ്പുള്ള നേതാവായത്. വിഎസ് പക്ഷത്തെ വെട്ടിയരിഞ്ഞ ആ സമ്മേളനത്തില്‍ വിഎസിനൊപ്പം നിന്ന ജില്ലകള്‍ പിണറായിയ്‌ക്കൊപ്പമെത്തി. തിരുവനന്തപുരത്ത് നിന്നുളള ആനാവൂര്‍ നാഗപ്പന്റേതായിരുന്നു മലപ്പുറം സമ്മേളനത്തിലെ വിഎസിനെതിരെയുള്ള ആദ്യ പ്രസംഗം. ആ സമ്മേളനത്തില്‍ ആനാവൂര്‍ സിപിഎം സംസ്ഥാന സമിതിയിലെത്തി. അതിന് ശേഷം പിരപ്പിന്‍ കോട് മുരളിയെ കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ സെക്രട്ടറി മത്സരത്തില്‍ തോല്‍പ്പിച്ചു. ഇതോടെ പിണറായിയ്‌ക്കൊപ്പം തിരുവനന്തപുരം ജില്ലാ നേതൃത്വം അടിയുറച്ചു നിന്നു.

അതിനിടെ തോമസ് ഐസക്കിനെ പോലുളളവര്‍ ഭരണ വിരുദ്ധ വികാരം ചര്‍ച്ചയാക്കി ഫെയ്‌സ് ബുക്ക് പോസ്റ്റിടുന്നു. പാര്‍ട്ടി വിടുമെന്ന വാര്‍ത്ത തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി രംഗത്തു വന്നത്. തന്നെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമെന്നും സിപിഐഎമ്മില്‍ തന്നെ തുടരുമെന്നും കരമന ഹരി പ്രസ്താവനയില്‍ പറഞ്ഞു. തന്നോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടില്ല. സിപിഎം വിട്ടുപോകുമെന്ന് ബോധപൂര്‍വും പ്രചരിപ്പിക്കുകയാണെന്ന് കരമന ഹരി പറയുന്നു.

ഒരു കേന്ദ്രത്തില്‍നിന്ന് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയാണ് ഇതെന്നും കരമന ഹരി വിശദീകരിച്ചിട്ടുണ്ട്. സിപിഐഎം പ്രവര്‍ത്തകനായി തുടരുമെന്നും കുപ്രചരണങ്ങളും വ്യാജവാര്‍ത്തകളും തള്ളിക്കളയണമെന്നും കരമന ഹരി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വാര്‍ത്താ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനാണ് സിപിഎമ്മിനുള്ളിലെ ആലോചന.

മുഖ്യമന്ത്രി ഇരുമ്പുമറയിലാണെന്നും ക്‌ളിഫ് ഹൗസില്‍ പാര്‍ട്ടി നേതാക്കള്‍ക്കുപോലും കയറിച്ചെല്ലാനാവില്ലെന്നും അടക്കം മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച നേതാക്കളില്‍പെട്ടയാളായ ഹരിക്കെതിരെ പ്രതികാരനടപടിയുണ്ടാകുമെന്നും ഭീഷണി ആരംഭിച്ചുവെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.