- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകിസ്ഥാന്‍ മുക്ക് ഇനി നമുക്ക് വേണ്ട; കുന്നത്തൂരിലെ പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റി സിപിഎം പഞ്ചായത്ത് കമ്മറ്റി; തീരുമാനം ഐകകണേ്ഠ്യനെ; പേരുമാറ്റം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍
പാകിസ്ഥാന്‍ മുക്ക് ഇനി നമുക്ക് വേണ്ട
കൊല്ലം: സിപിഎം ഭരിക്കുന്ന കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റി പഞ്ചായത്ത് കമ്മറ്റി. ഇന്ന് ചേര്‍ന്ന കമ്മറ്റി യോഗമാണ് പേരുമാറ്റാനുള്ള അജണ്ട ഐകകണേ്ഠ്യനെ പാസാക്കിയത്. പ്രദേശത്തിന്റെ പഴയ വിളിപ്പേരായ ഐവര്‍കാല എന്നാകും ഇനി പാകിസ്ഥാന്‍ മുക്ക് അറിയപ്പെടുക.
കുന്നത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡായ നിലയ്ക്കലിലും പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറം വാര്‍ഡിലുമായിട്ടാണ് പാകിസ്ഥാന്‍ മുക്കുള്ളത്. കുന്നത്തൂര്‍ പഞ്ചായത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന വാര്‍ഡുകളാണ് മൂന്ന്, നാല് എന്നിവ. പഞ്ചായത്തിലെ ഏക മുസ്ലീം പള്ളിയും മൂന്നാം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടാണ് തലമുറകള്‍ക്ക് മുന്‍പേ ഐവര്‍കാല എന്ന സ്ഥലം പാകിസ്ഥാന്‍ മുക്കായി മാറിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പേരുമാറ്റത്തെ പറ്റി പഞ്ചായത്ത് ചിന്തിച്ചതെന്ന് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പറഞ്ഞു. പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കൃഷ്ണകൃപയില്‍ കെ.ജി. അനീഷ്യ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന് പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ 12-ാം നമ്പര്‍ അജണ്ടയായിട്ടാണ് വിഷയം ചര്‍ച്ചയ്ക്ക് വന്നത്. ഈ വിഷയം പഞ്ചായത്ത് കമ്മറ്റി ഐകകണേ്ഠ്യനെ അംഗീകരിക്കുകയായിരുന്നു.
കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായിട്ടാണ് കുന്നത്തൂര്‍ അറിയപ്പെടുന്നത്. പദ്ധതി ചെലവില്‍ ഒന്നാമതാണ്. ഏറ്റവും മികച്ച കുടുംബശ്രീ സിഡിഎസിനുള്ള അവാര്‍ഡും കുന്നത്തൂരിനാണ്. മികച്ച പ്രവര്‍ത്തനത്തിനുള്ള സ്വരാജ് ട്രോഫിയ്ക്ക് കുന്നത്തൂര്‍ പഞ്ചായത്ത് അര്‍ഹമായിരുന്നു. പ്രസിഡന്റ് വല്‍സല കുമാരിയും വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാടും സി.പി.എം മെമ്പര്‍മാരാണ്. പാകിസ്ഥാന്‍ മുക്കിന്റെ ഒരു ഭാഗമുള്ള പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തും സിപിഎമ്മാണ് ഭരിക്കുന്നത്.