- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ പാര്‍ട്ടിക്ക് നില്‍ക്കുമ്പോള്‍ വീട്ടില്‍ പാഴ്‌സല്‍ എത്തി; താനും ഭാര്യയും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് വിളിച്ച ആളെ അറിയിച്ചു; എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടേ എന്ന് മറു ചോദ്യം; ഒകെ പറഞ്ഞപ്പോള്‍ ചോദിച്ചത് ഒടിപി! അടുത്ത ദിവസം ഗൂഗിള്‍ പേ വഴി അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ ഒന്നുമില്ല; ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വെര്ഷന്
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പ് കാലത്ത് ഏറ്റവും വിലയുള്ളത് 'ഒടിപി'യ്ക്കാണ്. നിങ്ങളില്‍ നിന്ന് അത് തട്ടിയെടുക്കാന്‍ അവര്‍ എന്തും ചെയ്യും. അങ്ങനെ പലവിധത്തില്‍ പണം നഷ്ടപ്പെട്ടവരുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം ഇതിന്റെ പുതിയ വെര്‍ഷനാണ്. തീര്‍ത്തും വിശ്വസനീയമെന്ന് തോന്നുന്ന പശ്ചാത്തലമുണ്ടാക്കിയെടുത്ത് ഓടിപി സ്വന്തമാക്കും. പുറത്തു വന്ന പുതിയ തട്ടിപ്പ് പാഴ്‌സല്‍ മറവിലാണ്.
ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയ ആള്‍ ബന്ധപ്പെടുന്നത്. വീട്ട് സാധനമാണ് വന്നിരിക്കുന്നതെന്നാണ് പറഞ്ഞത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാറുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഭാര്യ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്തതാവാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഭാര്യയും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് മനസ്സിലായിട്ടും തനിക്ക് സംഭവിക്കാനിരിക്കുന്ന വലിയ തട്ടിപ്പിനെ കുറിച്ച് ഇയാള്‍ക്ക് മനസ്സിലായില്ല. സാധനം തങ്ങള്‍ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് പറഞ്ഞപ്പോള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടെ എന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ ചോദിച്ചത്.
ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഒരു ഒടിപി നമ്പര്‍ ഫോണില്‍ വരുമെന്നും അത് പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. നിമിഷ നേരത്തിനകം തട്ടിപ്പിനിരയായ ആളുടെ ഫോണില്‍ ഒടിപിയെത്തി. ഈ നമ്പര്‍ അയാള്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു. അടുത്ത ദിവസമാണ് താന്‍ വലിയൊരു തട്ടിപ്പിനിരയായ കാര്യം ഇയാള്‍ക്ക് മനസ്സിലാകുന്നത്. പിറ്റേദിവസം ബാലന്‍സ് പരിശോധിക്കുമ്പോള്‍ തന്റെ അക്കൗണ്ടിലെ തുക മുഴുവന്‍ നഷ്ടമായതായി ഇയാള്‍ മനസ്സിലാക്കുന്നത്. വെറും 235 രൂപ മാത്രമായിരുന്നു അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്:
'ഞാന്‍ ഇന്നൊരു സൈബര്‍ തട്ടിപ്പിന് വിധേയനായി. എന്റെ സ്റ്റേറ്റ് ബാങ്ക് കുലശേഖര മംഗലം ബ്രാഞ്ചില്‍ നിന്നും പണം മുഴുവന്‍ നഷ്ടമായി. കഴിഞ്ഞ ശനിയാഴ്ച ബന്ധുവിന്റെ കല്യാണ ആവശ്യവുമായി നില്‍ക്കുമ്പോള്‍, ഒരു നാല് മാണി കഴിഞ്ഞ് ഫോണില്‍ ഒരു കോള്‍ വരുന്നു. ഒരു പാര്‍സല്‍ വന്നിട്ടുണ്ട്, ഞാന്‍ ഈ ഫ്‌ലിപ്കാര്‍ട്ടും, ആമസോണ്‍ വഴി ഒക്കെ സാധനങ്ങള്‍ ഇടക്ക് വാങ്ങിക്കാറുള്ളതാണ്. അപ്പൊ ഭാര്യ വാങ്ങിയതാവാമെന്ന് ഞാന്‍ സംശയിച്ചു. ഭാര്യ എന്റെ കൂടെയുണ്ടായിരുന്നു. ഭാര്യയോട് ചോദിച്ചപ്പോള്‍ ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഫോണ്‍ വിളിച്ച ആളോട് ഞാന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അപ്പൊ വിളിച്ചയാള്‍ പറഞ്ഞു, എന്തോ ഒരു സാധനം വന്നിട്ടുണ്ട്, വീട്ട് സാധനം ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍, ക്യാന്‍സല്‍ ചെയ്‌തോളാന് പറഞ്ഞു. അപ്പൊ പുള്ളിക്കാറണ് പറഞ്ഞു ഒരു ഒടിപി നമ്പര്‍ വരുമെന്ന്. ആ ഒടിപി നമ്പര്‍ പുള്ളിക്കാരനെ വിളിച്ച് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. ഇന്നിപ്പോ ഞാന്‍ രാവിലെ ബാങ്കില്‍ കുറച്ച് കാശ് ഇടാനുള്ള ആവശ്യമുണ്ടായിരുന്നു. ഇന്ന് രാവിലെ ഗൂഗിള്‍ പേ വഴി അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ ആകെ 235 രൂപയുണ്ട്. ബാക്കി മുഴുവന്‍ തുകയും നഷ്ടപ്പെട്ടു. എന്നെ സംബധിച്ചിടത്തോളം വലിയയ തുകയാണ് നഷ്ടപ്പെട്ടത്. ഇത് ഗ്രൂപ്പില്‍ ഒക്കെ ഒന്ന് ഷെയര്‍ ചെയ്യണം, വേറെ ആര്‍ക്കും അബദ്ധം പറ്റാതിരിക്കട്ടെ. സൈബര്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ പല തരത്തില്‍ നടക്കുന്നുണ്ട്. എനിക്ക് സംഭവിച്ചതിതാണ്.'
പല തരത്തില്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുകയാണ്. അതിനൊരുദാഹരണമാണ് ഈ സംഭവവും. ഒടിപിയോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ മറ്റൊരാള്‍ക്ക് പങ്കുവെക്കരുതെന്ന് കര്‍ശന നിര്‍ദേശങ്ങള്‍ അധികാരികള്‍ നിന്നും ഉണ്ടാകാറുണ്ട്. ഒടിപികളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെടുന്ന ഇത്തരം ഫോണ്‍ കോളുകളുടെയും ഇ മെയിലുകളുടെയും ആധികാരികത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. സെക്കന്റുകളോ മിനിറ്റുകളോ മാത്രം കാലാവധിയുള്ള ഒടിപികളാണ് പല ഡിജിറ്റല്‍ ഇടപാടുകള്‍ക്കും സുരക്ഷയൊരുക്കുന്നത്. ഈ ഒടിപി സുരക്ഷയുടെ കാര്യത്തിലും തട്ടിപ്പിന്റെ കാര്യത്തിലും ഒരുപോലെ നിര്‍ണായകമാകുന്നു. സുരക്ഷയുടെ ഒരു അധിക തലം നല്‍കുന്ന ഒടിപി ദുരുപയോഗിക്കപ്പെടുന്നുമുണ്ട്. ഒടിപികളുടെ സമയപരിധിയാണ് അതിനെ സാധാരണ പാസ് വേഡുകളേക്കാള്‍ സുരക്ഷിതമാക്കുന്നത്.
ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും ഇളവുകളുമെല്ലാം ലഭിക്കുമെന്ന വ്യാജേന മാല്‍വെയറുകള്‍ അടങ്ങിയ ലിങ്കുകള്‍ നല്‍കിയുള്ള തട്ടിപ്പ് ഏറെ വ്യാപകമാണ്. ഉപഭോക്താവില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താനാണ് ഇവ ഉപയോഗിക്കുന്നത്. ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അനുമതികള്‍ നല്‍കുന്നതാണ് മറ്റൊരു നിര്‍ണായക സംഭവം. ആപ്പുകളുടെ നിയമ സാധുത ഉറപ്പാക്കുകയും ആവശ്യമായ അനുമതി മാത്രം അവയ്ക്കു നല്‍കുകയും ചെയ്യുക. ഇതിലൂടെ ഒടിപികള്‍ മോഷ്ടിക്കപ്പെടാനും മറ്റു നിര്‍ണായക വിവരങ്ങള്‍ നഷ്ടപ്പെടാനുമുള്ള സാധ്യതയും ഒഴിവാക്കാം. ഡിജിറ്റല്‍ ഇടപാടുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഒടിപി. അലസമായി കൈകാര്യം ചെയ്യാതിരുന്നാല്‍ തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കാനാകും.