- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവയിലെ ബയോപ്‌സിയില്‍ 'ക്യാന്‍സര്‍'; ആ റിപ്പോര്‍ട്ട് കണ്ടതും ഗംഗാധരന് ഡോക്ടര്‍ ഉപദേശിച്ചത് മറ്റൊരു ബയോപ്സി പരിശോധനയ്ക്ക് ശേഷമുള്ള ശസ്ത്രക്രിയ; ലേക്ഷോറില്‍ നിന്നും റിപ്പോര്‍ട്ട് 13ന് കിട്ടി; ക്യാന്‍സറില്ലെന്ന് തെളിഞ്ഞ ആ റിപ്പോര്‍ട്ട് കൈയ്യില്‍ പിടിച്ച് 17ന് ശസ്ത്രക്രിയ; മറുനാടനെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത് ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ടും; ഡോക്ടര്‍മാരിലും 'മുരാരി ബാബു'! ഡോ ജോജോ വി ജോസഫിന്റേത് പിഴവ് തന്നെ
കൊച്ചി: കാന്‍സര്‍ ഇല്ലാ എന്ന റിപ്പോര്‍ട്ട് വക വയ്ക്കാതെ മാറിടം മുറിച്ചുമാറ്റി എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിനിയായ 54 വയസ്സുകാരി ഷീജാ പ്രഭാകരന്റെ വലതു മാറിടമാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്. ഈ വാര്‍ത്ത മറുനാടന്‍ മലയാളി നല്‍കി. എന്നാല്‍ മറുനാടന്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്നാണ് ഡോക്ടര്‍ ഡോ. ജോജോ വി ജോസഫ് പറയുന്നത്. എന്നാല്‍ മറുനാടന്‍ നല്‍കിയ വാര്‍ത്തയ സത്യസന്ധമാണ്. ഈ ഡോക്ടറുടെ പിഴവാണ് ഷീജാ പ്രഭാകരന്‍ എന്ന രോഗിയുടേയും കുടുംബത്തിന്റേയും കണ്ണീരിന് കാരണം. ഈ വേദന റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് മറുനാടന്‍ ചെയ്തത്. ഈ വാര്‍ത്ത 100 ശതമാനം സത്യസന്ധവുമാണ്.
മറുനാടനെ പഴിക്കാന്‍ ഡോക്ടര്‍ ഒരു റിപ്പോര്‍ട്ട് ഫെയ്‌സ് ബുക്കില്‍ ഇട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്നായിരുന്നു മറുനാടന്‍ വാര്‍ത്ത. ശസ്ത്രക്രിയയ്ക്ക് ദിവസങ്ങള്‍ മുമ്പ് ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നും ബയോപ്‌സി റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ രോഗമില്ലെന്ന് വ്യക്തമായി പറയുന്നു. ആ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്തതാണ് ഷീജാ പ്രഭാകരന് വിനയായത്. എന്നാല്‍ ആദ്യ റിപ്പോര്‍ട്ട് മാത്രമേ താന്‍ മുഖവിലയ്ക്ക് എടുക്കൂവെന്ന തരത്തിലാണ് ഡോ ജോജോ വി ജോസഫിന്റെ പ്രതികരണം. ഇത് വിചിത്രമാണ്. ലേക്ഷേറിലെ പരിശോധനാ റിപ്പോര്‍ട്ട് നോക്കാതെ രോഗമില്ലാത്ത ആളിനെ ശസ്ത്രക്രിയ നടത്തുന്ന ഗുരുതര കുറ്റകൃത്യമാണഅ ജോജോ വി ജോസഫിന്റേത്. ഇതിനെതിരെയാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയത്.
ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ
ഈ വാര്‍ത്തയെ ക്യാന്‍സറുണ്ടെന്ന ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ട് ഫെയ്‌സ് ബുക്കില്‍ ഇട്ട് പ്രതിരോധിക്കുകയാണ് ഡോക്ടര്‍. ശബരിമല കൊള്ളയില്‍ 'മുരാരി ബാബു' സ്വര്‍ണ്ണത്തെ ചെമ്പാക്കി. അതിന് സമാനമായി ക്യാന്‍സറില്ലാ വ്യക്തിയെ ക്യാന്‍സറുണ്ടെന്ന് വരുത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു ഇവിടെ. സ്വര്‍ണ്ണ കൊളളയെക്കാള്‍ വലിയ കൊള്ള. ആ കുടുംബത്തിന്റെ വേദന റിപ്പോര്‍ട്ട് ചെയ്ത മറുനാടനെ അധിക്ഷേപിക്കുകയും ചെയ്യുന്നു ഡോക്ടര്‍.
ജീവയിലെ ബയോപ്‌സിയില്‍ 'ക്യാന്‍സര്‍'
2024 ലാണ് സംഭവത്തിന്റെ തുടക്കം. മാറിടത്തില്‍ വേദന വന്നതിനെ തുടര്‍ന്ന് ഷീജാ പ്രഭാകരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പോളി ടി ജോസഫ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കൊടകര ശാന്തി ഹോസ്പിറ്റലില്‍ ചികിത്സ തേടി. പ്രാഥമിക പരിശോധനയില്‍ ബ്രസ്റ്റ് കാന്‍സറാണെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചു. സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്സി പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പോളി ടി ജോസഫ് പറഞ്ഞു. മറ്റൊരു ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ച ഷീജ ശാന്തി ഹോസ്പിറ്റലിനേക്കാള്‍ കുടുതല്‍ സൗകര്യമുള്ള കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തുകയായിരുന്നു.
2024 ഫെബ്രുവരി 2 ന് ക്യാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വിപി ഗംഗാധരനെയാണ് കണ്ടത്. റിസള്‍ട്ട് നോക്കിയ ശേഷം ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് തൃശൂരിലെ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്സി സാംപിള്‍ വീണ്ടും പരിശോധിക്കണമെന്നും അതിന് ശേഷം മാത്രമേ സര്‍ജറി നടത്തൂ എന്നും ഡോക്ടര്‍ ഷീജയോട് പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അതേ ദിവസം രാത്രിയോടെ തൃശൂരിലെ ലാബില്‍ നിന്നും ബയോപ്സി സാംപിള്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബയോപ്സിക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് സാംപിള്‍ അയച്ചു. പിന്നീട് കണ്ടത് ഡോക്ടര്‍ ബിനിലിനെയാണ്. മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം ഉടന്‍ സര്‍ജറി നടത്തണമെന്ന് അറിയിച്ചു.
സര്‍ജറിക്കായി ഓണ്‍കോളജി സര്‍ജന്‍ ഡോ. ജോജോ വി ജോസഫിനെയാണ് കണ്ടത്. സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 16 ന് ആശുപത്രിയില്‍ അഡ്മിറ്റായി. 17 ന് ഷീജയുടെ മാറിടം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് മൊബൈലില്‍ പകര്‍ത്തിയ ലേക്ക് ഷോര്‍ ആശുപത്രിയിലെ ബയോപ്സി റിസള്‍ട്ട് വ്യക്തമായി പരിശോധിക്കുന്നത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാവുന്നത്. കാന്‍സര്‍ ഇല്ലാ എന്ന്. ശസ്ത്രക്രിയ നടത്തിയ ഭാഗം വീണ്ടും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്സിക്ക് അയച്ചപ്പോഴും കിട്ടിയ റിസള്‍ട്ടിലും കാന്‍സര്‍ ഇല്ലാ. ഇതോടെ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ബന്ധു ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്സിക്ക് കൊടുത്ത സാംപിള്‍ തിരികെ വാങ്ങി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ബയോപ്സി ചെയ്തു.
അപ്പോഴും റിസള്‍ട്ട് നെഗറ്റീവായിരുന്നു. കാന്‍സര്‍ ഇല്ല. അപ്പോഴാണ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ നടത്തിയ ബയോപ്സ് റിസള്‍ട്ട് നോക്കാതെയാണ് ഡോ.ജോജോ വി ജോസഫ് സര്‍ജറി നടത്തിയത് എന്ന് മനസ്സിലായത്. ലേക് ഷോറില്‍ നിന്നും 13ന് റിസള്‍ട്ട് കിട്ടിയിരുന്നു. 17നാണ് ശസ്ത്രക്രിയ നടത്തിയത്. അതായത് ലേക്ഷോറിലെ ബയോപ്‌സി കിട്ടിയ ശേഷം. ഈ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിരുന്നുവെങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാമായിരുന്നു. പക്ഷേ അതു നടന്നില്ല. അതോ പണത്തിന് വേണ്ടി ശസ്ത്രക്രിയ ചെയ്തതാണോ എന്ന സംശയം ഷീജാ പ്രഭാകരന്റെ കുടുംബത്തിനുണ്ട്.
ഈ സാഹചര്യത്തില്‍ കാന്‍സറില്ലാതിരുന്ന തന്റെ മാറിടം മുറിച്ചു മാറ്റിതിനെതിരെ ഷീജ പരാതിയുമായി മുന്നോട്ട് പോയി. കടവന്ത്ര പോലീസ് തൃശൂരിലെ ജീവാ ലബോറട്ടറീസ്, കടവന്ത്ര ഇന്ദിരാ ഗാന്ധി ഹോസ്പിറ്റല്‍, ഡോ. ജോജോ വി ജോസഫ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബി.എന്‍.എസ് 125, 125(യ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ഡോക്ടറുടെ വിശദീകരണവും നല്‍കി. തൃശൂരിലെ ജീവാ ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത് എന്ന് ഡോ.ജോജോ വി ജോസഫ് മറുനാടനോട് പ്രതികരിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ കൊണ്ടു വരുന്ന പരിശോധനാ ഫലം വീണ്ടും പരിശോധിപ്പിക്കാറില്ലെന്നും ഡോക്ടര്‍ പറയുന്നു.
ഞങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് വച്ച് ആരും സര്‍ജറി ചെയ്യാറില്ലാ എന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവാ ലബോറട്ടറിയുടെ വിചിത്രമായ പ്രതികരണം. സര്‍ജറിക്ക് ശേഷം ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലാണെന്നും കാന്‍സറില്ലാത്ത അമ്മയുടെ മാറിടം മുറിച്ചു മാറ്റിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷീജയുടെ മകള്‍ കാവ്യ മറുനാടനോട് പറഞ്ഞു.
ഡോക്ടറുടെ ഫെയ്‌സ് ബുക്ക് പേജിലുള്ളത് ജീവ ലാബിലെ റിപ്പോര്‍ട്ട്
ഈ വാര്‍ത്ത മറുനാടന്‍ നല്‍കുന്നു. വസ്തുതകള്‍ എല്ലാം പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് രോഗിയ്ക്ക് ക്യാന്‍സറുണ്ടെന്ന് വരുത്താന്‍ ഒരു രേഖ സഹിതം ഡോ ജോജോ വി ജോസഫ് ഫെയ്‌സ് ബുക്ക് കുറിപ്പിടുന്നത്. ഈ റിപ്പോര്‍ട്ട് ഏത് ലാബിന്റേതാണെന്നാണ് പരിശോധിക്കേണ്ടത്. ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മറുനാടന്‍ നല്‍കുകയാണ്. അത് ജീവ ലാബിലെ റിപ്പോര്‍ട്ടാണ്. അതിന് ശേഷമാണ് ലേക്ഷോറില്‍ നിന്നും രോഗമില്ലെന്ന റിപ്പോര്‍ട്ട് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിയത്. ആ റിപ്പോര്‍ട്ട് പരിശോധിക്കാതെ ശസ്ത്രക്രിയ ചെയ്തതിനെയാണ് മറുനാടന്‍ ചോദ്യം ചെയ്തത്. ശാന്തി ലാബിലെ റിപ്പോര്‍ട്ടിന്റെ കാര്യം അടക്കം പറഞ്ഞാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയതും. ഇവിടെയാണ് രക്ഷപ്പെടാനുള്ള ഡോക്ടറുടെ വൃഗ്രത തെളിയുന്നത്.




