- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയത് ഡിവൈഎഫ്ഐ നേതാവ് ഷാജർ; സംഭവം കണ്ണൂരിലെ നേതാക്കളുടെ ഗുണ്ടാ, ക്വട്ടേഷൻ ബന്ധം വീണ്ടും ചർച്ചയാകവേ; പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി ഷാജർ; വിവാദത്തിൽ ചാടിയത പി ജയരാജനുമായി അടുത്തബന്ധം പുലർത്തുന്ന യുവനേതാവ്
കണ്ണൂർ: കണ്ണൂരിൽ പി.ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള ഉൾപാർട്ടിപോര് കൊടുമ്പിരികൊള്ളവെ സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനും പി.ജയരാജന്റെ കടുത്ത ആരാധകനുമായ ആകാശ് തില്ലങ്കേരിക്ക് ക്രിക്കറ്റ് ടൂർണമെന്റിൽ ട്രോഫി സമ്മാനിച്ച ഡി. വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റി നേതാവിന്റെ നടപടി വിവാദമാകുന്നു. തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യന്മാരായ സി.കെ ജി വഞ്ചേരിയുടെ ട്രോഫിയാണ് ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം ഷാജറിൽ നിന്നും സ്വർണക്കടത്ത് കേസിലെ വിവാദനായകനായ ആകാശ് തില്ലങ്കേരിയുംഷാൻ ബാവയും ഏറ്റുവാങ്ങിയത്.
കണ്ണൂർ ജില്ലയിലെ പി.ജെയ്ക്കു അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന സൈബർ പോരാളി കൂടിയാണ് ആകാശ് തില്ലങ്കേരി. സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കെതിരെയും ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്ന ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ. എഫ്. ഐയുടെ നേതൃത്വത്തിൽ പദയാത്രകളും ബോധവൽക്കരണപരിപാടികളും നടത്തിയിരുന്നു.
സോഷ്യൽമീഡിയയിലൂടെ ഡി. വൈ. എഫ്. ഐയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ് മനുതോമസ് സംഘടനയുടെ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്ന ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നതോടെ അന്നത്തെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് രോഖമൂലം അന്നു ജില്ലാസെക്രട്ടറിയായിരുന്ന ഷാജർ പരാതി നൽകുകയായിരുന്നു.
എന്നാൽ മനുതോമസിനെ പിന്നീട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്നീട് നടന്ന സമ്മേളനത്തിൽ ഒഴിവാക്കി. സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിനെ കുറിച്ചു കേന്ദ്രകമ്മിറ്റിയംഗമായ എം. ഷാജർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്. കണ്ണൂർ ജില്ലയിൽ പി.ജയരാജനുമായി അടുത്ത ബന്ധം പുലർത്തുന്ന യുവനേതാക്കളിലൊരാളാണ് ഷാജർ. അതുകൊണ്ടു തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ജയരാജ വാഴ്ച്ചയ്ക്കു ശേഷം ഷാജറും അരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.
വിവാഹിതനായ ശേഷം ആകാശ് തില്ലങ്കേരിയും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അഭിപ്രായപ്രകടനങ്ങൾ നടത്താറില്ല. നിലവിൽ എടയന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. പാർട്ടിതള്ളിപ്പറഞ്ഞിട്ടും തില്ലങ്കേരിയിൽ നടക്കുന്ന സി.പി,. എമ്മിന്റെയും ഡി.വൈ. എഫ്. ഐയുടെയും മിക്കപരിപാടികളിലും ആകാശിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം ഏച്ചൂർ സി. ആർ ഓഡിറ്റോറിയത്തിൽ നടന്ന ആകാശിന്റെ വിവാഹച്ചടങ്ങുകളിൽ സിപിഎം പ്രാദേശിക നേതാക്കൾ പങ്കെടുത്തിരുന്നു.
പി.ജയരാജനെതിരെ ഇ.പി ജയരാജനെ അനുകൂലിക്കുന്നവർ ഉയർത്തിയിട്ടുള്ള സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ ഇപ്പോൾ കത്തി നിൽക്കവെയാണ് ആകാശ് തില്ലങ്കേരി ഡി.വൈ. എഫ്. ഐ ഉന്നത നേതാവിൽ നിന്നും ട്രോഫി വാങ്ങുന്ന ചിത്രവും പ്രചരിക്കുന്നത്. വരുംദിവസങ്ങളിൽ ഇതു സി.പി. എമ്മിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റിയംഗം കൂടിയായ ഷാജറിൽ നിന്നും ഈക്കാര്യത്തിൽ സി.പി. എം നേതൃത്വം വിശദീകരണം തേടിയേക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്