- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോളിവുഡിൽ 'തമിഴർ' മാത്രം മതിയെന്ന് ആരും തീരുമാനിച്ചിട്ടില്ല; ഇതരസംസ്ഥാന യൂണിറ്റുകളിലെ ദിവസ വേതനക്കാരും തമിഴരാകണമെന്ന നിർദ്ദേശം മാത്രമെന്ന് ഫെഫ്സിയുടെ വിശദീകരണം; മമ്മൂട്ടിക്കും ലാലിനും ഫഹദിനും നയൻതാരയ്ക്കും ഇനിയും തമിഴ് സിനിമയിൽ അഭിനയിക്കാം; നടന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഒരു വിലക്കുമില്ലെന്ന് അറിയിപ്പ്; ആ 'തമിഴ് വാദം' വെറും ആശങ്ക മാത്രം
കൊച്ചി: തമിഴ് സിനിമയിൽ തമിഴ്‌നാട്ടിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും മാത്രമേ പാടുള്ളൂവെന്ന് ആരും തീരുമാനിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. തമിഴ്സിനിമാ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾ അഭിനേതാക്കളെയോ സാങ്കേതിക കലാകാരന്മാരെയോ ബാധിക്കില്ലെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) ഉറപ്പു നൽകിയെന്ന് ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. മലയാളസിനിമാ സാങ്കേതികപ്രവർത്തകരുടെ ഫെഡറേഷനായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ കത്തിന് ഫെഫ്സി ചെയർമാൻ ആർ കെ സെൽവമണി നൽകിയ മറുപടിയിലാണ് ആശയ വ്യക്തത വരുന്നത്.
നടന്മാരേയും സാങ്കേതിക വിദഗ്ധരേയും വിലക്കില്ലെന്നാണ് തമിഴ് സംഘടനയുടെ വിശദീകരണം. തമിഴ് സിനിമയ്ക്ക് വേണ്ടി പുറത്തു നിന്ന് യൂണിറ്റുകൾ എത്താറുണ്ട്. ഈ യൂണിറ്റുകളിൽ ദിവസ വേതനക്കാരായി ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവർ ജോലി എടുക്കാറുണ്ട്. പ്രത്യേകിച്ച് മുംബൈയിൽ നിനനുള്ള യൂണിറ്റുകളിൽ. ഇത് അനുവദിക്കില്ലെന്നും ഏത് സ്ഥലത്ത് നിന്ന് വരുന്ന യൂണിറ്റുകളായാലും ദിവസ വേതന ജീവനക്കാരായി പണിയെടുക്കേണ്ടത് തമിഴ്‌നാട്ടിൽ നിന്നുള്ളവരാകണമെന്നുമാണ് ഫെഫ്‌സി മുമ്പോട്ട് വയ്ക്കുന്നത്.
ഈ തീരുമാനം വ്യാപകമായി തെറ്റിധരിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഫെഫ്‌സി നൽകുന്ന വിശദീകരണത്തിലുള്ളത്. ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് ബി ഉണ്ണികൃഷ്ണനും അറിയിച്ചു. ഇതോടെ മോഹൻലാലിനും മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും നയൻതാരയ്ക്കും എല്ലാം തമിഴ് സിനിമയിൽ അഭിനയിക്കാമെന്നാണ് വ്യക്തമാകുന്നത്. സന്തോഷ് ശിവനെ പോലുള്ള മലയാളിക്ക് ക്യാമറ ചെയ്യാനും തടസ്സമില്ല.
ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി)യുടേതായി പുറത്തു വന്ന ചർച്ചകൾ വലിയ ആശങ്കയായി മാറിയിരുന്നു. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടിൽമാത്രം മതിയെന്നും സംഘടന നിബന്ധന വെച്ചു. ആവശ്യമില്ലാതെ തമിഴ്‌നാടിന് പുറത്തോ വിദേശത്തോ ചിത്രീകരണം നടത്തുന്നതിനെ സംഘടന ശക്തമായി എതിർത്തു. എന്നാൽ തമിഴ്സിനിമാ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾ അഭിനേതാക്കളെയോ സാങ്കേതിക കലാകാരന്മാരെയോ ബാധിക്കില്ലെന്ന് അവർ തന്നെ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും സംസ്ഥാനത്തിന്റെ വരുമാനനഷ്ടം ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണിതെന്ന് ഫെഫ്‌സി അറിയിച്ചു.
തമിഴ്സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന് പുറത്താകരുത്, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്സിയുടെ നിർദേശങ്ങൾ പ്രചരിച്ചത് വിവാദമായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിനേതാക്കളും സാങ്കേതിക കലാകാരന്മാരും രണ്ടിടത്തെയും സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്.
വാർത്തകൾ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് വ്യക്തതതേടിയതെന്ന് ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പുറത്ത് ചിത്രീകരണം നടക്കുമ്പോൾ തമിഴ്‌നാട്ടുകാരായ തൊഴിലാളികളെ ഒഴിവാക്കാതിരിക്കാനും സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാക്കുന്നത് തടയാനുമാണ് നിർദേശമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തമിഴ്സിനിമാ മേഖലയിലെ 23 സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്‌സി. കാൽലക്ഷത്തോളം അംഗങ്ങളാണുള്ളത്.
ഒട്ടേറെ തമിഴ് സിനിമകൾ ആലപ്പുഴ, മൂന്നാർ, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെയും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലുമൊക്കെ ചിത്രീകരിക്കുന്നുണ്ട്. വിദേശത്തും ഗാനരംഗങ്ങളുടെ ചിത്രീകരണം നടത്തുന്നു. ഇതുമൂലം തമിഴ്‌നാട്ടിൽനിന്നുള്ളവരുടെ തൊഴിലിനു ഭീഷണിയാവുന്നുണ്ടെന്നും ഫെഫ്‌സി ഭാരവാഹികൾ ചൂണ്ടിക്കാട്ടിയിരുന്നു. നിബന്ധനകൾ ലംഘിച്ചാൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ചിത്രീകരണം കൃത്യസമയത്ത് പൂർത്തിയാകുന്നില്ലെങ്കിലോ ബജറ്റ് തുക മറികടന്നാലോ നിർമ്മാതാക്കൾ രേഖാമൂലം സംഘടനയെ അറിയിക്കണമെന്നും നിബന്ധനയിൽ പറയുന്നുണ്ട്. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിൽ പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഫെഫ്സിയുടെ നിർദേശത്തിനെതിരേ എതിർപ്പുകൾ വ്യാപകമായിട്ടുണ്ട്. ഇതേത്തുടർന്ന് നിബന്ധനകളിൽ അയവുവരുത്തിയെന്ന് ഭാരവാഹികൾ വാക്കാൽ പറഞ്ഞെങ്കിലും രേഖാമൂലം അറിയിച്ചിട്ടില്ല.
നടികർ സംഘം, തമിഴ് ഫിലിം ഡയറക്ടേഴ്സ് കൗൺസിൽ തുടങ്ങി 23 സംഘടനകളുടെ യൂണിയനാണ് ഫെഫ്സി. പേരിൽ ദക്ഷിണേന്ത്യയെന്നുണ്ടെങ്കിലും ഏറിയപങ്കും തമിഴ്‌നാട്ടിലെ ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് ഫെഫ്സി. സംവിധായകൻ ആർ.കെ. സെൽവമണി അധ്യക്ഷനായ സംഘടനയിൽ 25,000-ത്തോളം പേർ അംഗങ്ങളാണ്. നടീനടന്മാരും ഗായകരും സംവിധായകരുമടക്കം കോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന മലയാളികളുൾപ്പെടെയുള്ള മറ്റു ഭാഷക്കാർ ഒട്ടേറെയാണ്.
ഇവരിൽ പലരും സ്ഥിരതാമസമാക്കിയത് ചെന്നൈയിലാണ്. ഏതായാലും ഇവർക്കൊന്നും പ്രശ്‌നമുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തേക്ക് ഈ ഘട്ടത്തിൽ വരുന്നത്.