തിരുവനന്തപുരം: കോഴിക്കോട്ടെ പുതിയ ബസ്റ്റാന്‍ഡിന്റെ മുകള്‍ ഭാഗം അഗ്‌നിഗോളമാകുന്നത് തത്സമയം ടിവിയില്‍ കണ്ടപ്പോള്‍ മലയാളിയെ ഞെട്ടിപ്പിച്ചത് അഗ്‌നിസുരക്ഷാ സേനയുടെ സാങ്കതിയ സംവിധാനങ്ങളുടെ പോരായ്മ കുറവ്. മുകള്‍ ഭാഗം മുഴുവന്‍ കത്തിയമരുന്നത് വരെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക ഫയര്‍ എഞ്ചിന്‍ വന്ന ശേഷമാണ് സ്ഥിതിഗതി അല്‍പ്പമെങ്കിലും ആശ്വാസത്തിലെത്തിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ജീവന്‍ പണയം വച്ച് എന്തിനും തയ്യാറായി നിന്നെങ്കിലും സംവിധാനങ്ങള്‍ ചോദ്യ ചിഹ്നമായി മാറി. ഫയര്‍ എഞ്ചിനുകള്‍ ആവശ്യത്തിന്‍ ഓടിക്കാന്‍ പോലും ഡ്രൈവര്‍മാരില്ലാത്ത സ്ഥിതി. നിരവധി ഒഴിവുകള്‍ക്ക് ഫയര്‍ഫോഴ്സില്‍ സാധ്യതയുണ്ടെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി കാരണം അതൊന്നും ചെയ്യുന്നില്ല. ഫയര്‍ഫോഴ്സ് ഡ്രൈവര്‍മാരായി ഫയര്‍ ഉദ്യോഗസ്ഥര്‍ മാറിയാല്‍ അത് കൂടുതല്‍ കരുത്താകും. ഡ്രൈവര്‍മാരുടെ ക്ഷാമവും കുറയ്ക്കാം. പക്ഷേ അതിനും കഴിയാത്ത അവസ്ഥ.

ഭരണ പരിഷ്‌കരണ കമ്മീഷന്റെ അടക്കം ശുപാര്‍ശകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടേയും സാങ്കേതിക പ്രശ്നങ്ങളുടേയും പേരില്‍ 'നോ' പറയുകയായിരുന്നു മൂന്ന് കൊല്ലം മുമ്പ് പിണറായി സര്‍ക്കാര്‍. ഇനിയെങ്കിലും കൂടുതല്‍ ഇടപെടലുകള്‍ ഫയര്‍ ഫോഴ്സില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കോഴിക്കോട് ഉണ്ടായതു പോലുള്ള വമ്പന്‍ തീ പിടിത്തങ്ങളില്‍ അടിയന്തര ഇടപെടലിന് അഗ്‌നിരക്ഷാ സേനയ്ക്ക് കഴിയൂവെന്നതാണ് യാഥാര്‍ത്ഥ്യം. കോഴിക്കോട് ഫയര്‍ സ്റ്റേഷനില്‍ 3 ഫയര്‍ എന്‍ജിനുകളും ആറ് റെസ്‌ക്യു വാഹനങ്ങളുമാണുള്ളത്. എന്നാല്‍ ഇത്രയും വാഹനങ്ങള്‍ക്കായി മൂന്ന് ഡ്രൈവര്‍മാര്‍ മാത്രമാണുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ സ്റ്റേഷനിലെ വാഹനങ്ങള്‍ എല്ലാം ഉപയോഗിക്കേണ്ട അവസ്ഥവരും. അപ്പോള്‍ ഡ്രൈവര്‍മാരില്ല.

മറ്റ് ജില്ലകളില്‍ നിന്നുള്ള ഡ്രൈവര്‍മാരുടെ അടക്കം സഹായം തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നിലവില്‍ സ്റ്റേഷനിലുള്ള ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലങ്ങളിലേക്ക് പോയാല്‍ റെസ്‌ക്യൂ വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ സംഭവസ്ഥലത്തേക്ക് റെസ്‌ക്യൂ വാഹനങ്ങള്‍ എത്തേണ്ടതും അനിവാര്യമാണ്. സമാന സാഹചര്യം തന്നെയാണ് മറ്റ് ജില്ലകളിലുമുള്ളത്. ഫയര്‍ ഉദ്യോഗസ്ഥരുടെ കുറവ് അഗ്നി രക്ഷാ സേനയെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ എതിര്‍ തീരുമാനം എടുക്കുമ്പോള്‍ ദുരന്ത മുഖത്ത് കേരളം കിതയ്ക്കുകയാണ്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, ഡ്രൈവര്‍ തസ്തികകള്‍ ഏകീകരിക്കണമെന്ന ആവശ്യം മുന്നേ ഉയര്‍ന്നു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022ല്‍ കേരളം അഡ്മിസ്നിസ്‌ട്രേറ്റിവ് ട്രിബ്യുണലില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് നിവേദനം നല്‍കിയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, ഡ്രൈവര്‍ എന്നീ തസ്തികകള്‍ ഏകീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഈ അപേക്ഷ തള്ളുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ് ആണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. തസ്തികക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രായം 18-26 വയസ്സാണ്. രണ്ട് തസ്തികകളും ഏകീകരിക്കുമ്പോള്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഹെവി ലൈസന്‍സ് ആവശ്യമായി വരും. എന്നാല്‍ ഹെവി ലൈസന്‍സ് നേടുന്നതിനായി 22 വയസ്സ് ഉണ്ടായിരിക്കണം. ഇത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയില്‍ ജോലിക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധിയാകും എന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നതും ശുപാര്‍ശ നിരസിക്കാനുള്ള കാരണമായി. സംസ്ഥാനം നേരിട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അഗ്‌നി രക്ഷാ സേനയെ കൂടുതല്‍ നവീകരിക്കുന്നതിനും ദുരന്ത മുഖങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ അത്യാധുനിക വാഹനങ്ങള്‍ വാങ്ങി നല്കിയതായും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ അത്യാധുനിക വാഹങ്ങള്‍ ഓടിക്കാന്‍ മതിയായ ഡ്രൈവര്‍മാര്‍ ഫയര്‍ സ്റ്റേഷനുകളില്‍ ഇല്ല എന്നുള്ളതാണ് വാസ്തവം. തസ്തികകള്‍ ഏകീകരിക്കുന്നതിലൂടെ സ്റ്റേഷനുകളിലെ വാഹനങ്ങള്‍ എല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ധ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിയും. എന്നാല്‍ വിഷയം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തള്ളിക്കളയുകയായിരുന്നു. സര്‍ക്കാര്‍ വലിയ ഫണ്ട് ചിലവഴിച്ചു ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും വാഹനങ്ങളും ഉപകാരണങ്ങളും വാങ്ങിച്ചിട്ടും ജീവനക്കാരെ ഏകീകരിക്കാത്തത് കൊണ്ട് ഇത് പൊതുജങ്ങള്‍ക്ക് ഉപകരിക്കാന്‍ കഴിയാത്ത അവസ്ഥയാനുണ്ടാവുന്നത്.

കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്. നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയത് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നഗരത്തിലെ ഫയര്‍‌സ്റ്റേഷന്‍ ഒഴിവാക്കിയത് മുതല്‍ കോര്‍പറേഷന്റെ അലംഭാവം വരെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നു. നഗരത്തിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒഴിവാക്കിയതോടെ നഗരത്തില്‍ തീപിടിത്തമുണ്ടായാല്‍ ആദ്യം തന്നെ നിയന്ത്രണവിധേയമാക്കാനുള്ള സാധ്യതയാണ് നഷ്ടമായത്. ഈ തീപിടിത്തത്തില്‍ ആ കുറവ് പ്രകടമായി. ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ഫയര്‍ എഞ്ചിന്‍ പോലും ഇല്ലാത്തതും തീ നിയന്ത്രണമാക്കുന്നതിനെ വൈകിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലുണ്ടായ തീകെടുത്താന്‍ മാനാഞ്ചിറയില്‍നിന്ന് അഗ്‌നിരക്ഷാസേന വെള്ളമെടുത്തത് കൂരിരുട്ടില്‍. തെരുവുവിളക്കും അലങ്കാരവിളക്കും ഉണ്ടായിരുന്നെങ്കിലും ഞായറാഴ്ച ഇവയില്‍ മിക്കതും പ്രകാശിച്ചിരുന്നില്ല. നഗരത്തില്‍ ഇത്തരത്തില്‍ വലിയൊരു തീപ്പിടിത്തമുണ്ടാകുമ്പോള്‍ അഗ്‌നിരക്ഷാസേനയ്ക്ക് ആശ്രയിക്കാവുന്ന ഒരിടമാണ് മാനാഞ്ചിറ. വെള്ളമെടുക്കാനെത്തിയ വണ്ടികള്‍ ഇരുട്ടില്‍ വെള്ളംനിറയ്ക്കാന്‍ ബുദ്ധിമുട്ടിയെന്നതാണ് വസ്തുത.