തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ടു മന്ത്രിമാരെ മാറ്റുമെന്നാണ് വിലയിരുത്തല്‍. ഇതിലൊന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള വി ശിവന്‍കുട്ടിയാണെന്നും വിലയിരുത്തലുകളുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളാണ് ശിവന്‍കുട്ടിയുടെ മാറ്റത്തിന് പരിഗണിക്കുന്ന കാരണം. ഇതിനൊപ്പം വനംവകുപ്പില്‍ നിന്നും എകെ ശശീന്ദ്രനെ നീക്കുമെന്നും സൂചനകളുണ്ട്.

മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിലെ കേക്ക് മുറിക്കലില്‍ നിന്നും പിണറായി ഒഴിവാക്കിയ ഏക ഘടകകക്ഷിമന്ത്രി ശശീന്ദ്രനാണ്. സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ മന്ത്രിയായ വി അബ്ദുറഹ്‌മാനേയും വിളിച്ചില്ല. ഇത് പലവിധ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. അതിനിടെ സിപിഎം മാറുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എയ്ക്കാകും സാധ്യത. അരുവിക്കര എംഎല്‍എയായ ജി സ്റ്റീഫന് മന്ത്രിയായി നറുക്കു വീണേക്കും. സാമൂദായിക പരിഗണനകളും അടുത്ത ടേമില്‍ മത്സരിക്കാന്‍ സാധ്യതയുള്ള നേതാവുമെന്ന പരിഗണന സ്റ്റീഫനെ തുണയ്ക്കും. സിഎസ് ഐ സഭയുടെ ഉറച്ച പിന്തുണയും അരുവിക്കര എംഎല്‍എയ്ക്കുണ്ട്. ശശീന്ദ്രനില്‍ നിന്നും വനംവകുപ്പ് ഏറ്റെടുത്താല്‍ പകരം ആരെത്തുമെന്നതും നിര്‍ണ്ണായകമാണ്. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ശശീന്ദ്രന് പകരം മലബാറില്‍ നിന്നൊരു നേതാവ് മന്ത്രിയായേക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിനെ നിശ്ചയിച്ചിരുന്നു. സൗമ്യ സ്വഭാവക്കാരനായ പ്രദീപ് കുമാറിനെ മുഖ്യമന്ത്രി തന്നെയാണ് തീരുമാനിച്ചത്. മാറ്റങ്ങളുടെ തുടക്കമായി ഇതിനെ സിപിഎം കേന്ദ്രങ്ങള്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ പുനസംഘടനയുണ്ടായാലും സീനിയോറിട്ടി അടക്കം പാലിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് വി ശിവന്‍കുട്ടി മന്ത്രിയായത്. ശിവന്‍കുട്ടിയെ മാറ്റുമ്പോള്‍ പകരക്കാരനായെത്താനുള്ള ചരടുവലികള്‍ പലരും നടത്തുന്നുണ്ട്.

ബാലരാമപുരം കേന്ദ്രീകരിച്ചുള്ള ബിസിനസ് മാഫിയയും ചില നീക്കങ്ങളില്‍ സജീവമാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തുമോ എന്നതും നിര്‍ണ്ണായകമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്താകും മന്ത്രിസഭാ പുനസംഘടനയില്‍ അടക്കം തീരുമാനങ്ങളിലേക്ക് മുഖ്യമന്ത്രി പോവുക. വനം വകുപ്പ് എന്‍സിപിയില്‍ നിന്നും ഏറ്റെടുത്താല്‍ അത് ഇടതു മുന്നണിയില്‍ പൊട്ടിത്തെറിയാകില്ലെന്നും സിപിഎം വിലയിരുത്തുന്നു. എന്‍സിപിയുടെ എതിര്‍പ്പ് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അത് കാര്യമാക്കില്ലെന്നാണ് സൂചന.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ വനം വകുപ്പിനെ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. വേടന്‍ വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ചൂണ്ടികാട്ടുന്നത്. ഇതും വകുപ്പ് ഏറ്റെടുക്കാനുള്ള സിപിഎം തീരുമാനമായി വിലയിരുത്തുന്നുണ്ട. വലിയ അഴിച്ചു പണി വേണമെന്ന് ആഗ്രഹിക്കുന്നവരും സിപിഎമ്മിലുണ്ട്. ഹാട്രിക് ഭരണം ഉറപ്പാക്കാന്‍ പ്രതിച്ഛായ കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടേണ്ടതെന്നാണ് വാദം. ഇതില്‍ എല്ലാം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. പിണായി മുമ്പോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം സിപിഎം സെക്രട്ടറിയേറ്റഅ അംഗീകരിക്കും.