തിരുവനന്തപുരം: കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പരാജയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വിമര്‍ശിച്ച് ഗായത്രി ബാബുവിനെതിരെ നടപടി വരും. സിപിഎമ്മിന് ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി. ആര്യയുടെ പ്രവര്‍ത്തന ശൈലിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഗായത്രി ബാബു ഉന്നയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മുന്നണിയുടെ ജനകീയതയില്ലാതായെന്ന് ഗായത്രി ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. പോസ്റ്റ് ഇട്ടയുടന്‍ തന്നെ അവര്‍ പിന്‍വലിച്ചു. ഇത് തനിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് ആര്യാ രാജേന്ദ്രന്റെ നിലപാട്. പാര്‍ട്ടി ജില്ലാ നേതൃത്വത്തെ ആര്യ പരാതി അറിയിച്ചിട്ടുണ്ട്. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബുവിന്റെ മകളാണ് ഗായത്രി ബാബു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.എസ് ശ്രീകലയാണ് ഗായത്രിയുടെ അമ്മ. സിപിഎം പരമ്പര്യം പേറുന്ന ഗായത്രി ബാബു നടത്തിയ കടുത്ത പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളും വിലയിരുത്തുന്നു.

കഴിഞ്ഞതവണ മേയര്‍ സ്ഥാനാര്‍ഥിയായി സിപിഎം ഉയര്‍ത്തിക്കാട്ടിയവര്‍ പരാജയപ്പെട്ടപ്പോള്‍, ആര്യക്കൊപ്പം സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നായിരുന്നു ഗായത്രി ബാബുവിന്റേത്. വഞ്ചിയൂര്‍ ബാബുവും ഇതിന് വേണ്ടി ചരടു വലികള്‍ നടത്തി. പക്ഷേ നടന്നില്ല. പിന്നീട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗമായി. പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയായി വഞ്ചിയൂര്‍ ബാബു പിന്നീട് മാറി. ഏര്യാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് വഞ്ചിയൂര്‍ ബാബു വീണ്ടും മത്സരിച്ചത്. സിപിഎം മേയര്‍ സ്ഥാനത്തേക്ക് വഞ്ചിയൂര്‍ ബാബുവിനേയും പരിഗണിച്ചിരുന്നു. വഞ്ചിയൂരില്‍ ബാബു ജയിച്ചു. പക്ഷേ സിപിഎമ്മിന് കോര്‍പ്പറേഷനിലുണ്ടായ അപ്രതീക്ഷിത തോല്‍വി മേയര്‍ പ്രതീക്ഷ തകര്‍ത്തു. ഇതിന് പിന്നാലെയാണ് ഗായത്രി ബാബു പോസ്റ്റിട്ടത്. അച്ഛന് മേയറാകാന്‍ കഴിയില്ലെന്ന നിരാശയിലാകും ഈ പോസ്റ്റ് എന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചതോടെ വലിയ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. എല്ലാം ആര്യാ രാജേന്ദ്രന് എതിരെയായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗായത്രി ബാബുവിന്റെ പോസ്റ്റും. ഈ സാഹചര്യത്തിലാണ് സിപിഎം പോസ്റ്റ് ഗൗരവത്തില്‍ എടുക്കുന്നത്. 'കോര്‍പ്പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകിചേര്‍ന്നുവേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കി ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിലാണ്. ആ ജനകീയതയാണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ടുനയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്', ഗായത്രി ബാബു കുറിച്ചു.

തുടര്‍ന്നുള്ള വരികളിലാണ് ആര്യയുടെ പേരെടുത്തുപറയാതെ അതിരൂക്ഷവിമര്‍ശനം. 'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം, തന്നെ കാണാന്‍ പുറത്തുവന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ പ്രാദേശിക നേതാക്കളുടേയും സഖാക്കളുടേയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി',-ഗായത്രി ബാബു കൂട്ടിച്ചേര്‍ത്തു.

വഞ്ചിയൂര്‍ ബാബു. കൗണ്‍സിലര്‍ ആയിരുന്ന വഞ്ചിയൂര്‍ ബാബു 2020ല്‍ വാര്‍ഡ് വനിതാ സംവരണമായതോടെ സീറ്റ് മകള്‍ക്ക് നല്‍കുകയായിരുന്നു. 2020ല്‍ ഗായത്രി ബാബു മേയര്‍ ആയേക്കും എന്ന് അവസാന നിമിഷം വരെയും വലിയ തോതിലുള്ള പ്രചാരണമുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം തോറ്റ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഗായത്രി ബാബുവിനെ മേയറാക്കാന്‍ വേണ്ടിയാണ് വാദിച്ചത്. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ അന്തിമ തീരുമാനത്തിനൊടുവില്‍ അപ്രതീക്ഷിതമായി ആര്യ മേയര്‍ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്യയെയാണ് മേയറാക്കിയത്.

സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തില്‍ മന്ത്രി എം.ബി.രാജേഷിനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും 'അവന് എന്നെ അറിഞ്ഞൂടാ' എന്ന് ആക്രോശിച്ചും ഏരിയ കമ്മിറ്റി അംഗം ആയിരിക്കെ വഞ്ചിയൂര്‍ ബാബു ചര്‍ച്ചകളില്‍ എത്തിയിരുന്നു. ജില്ലാ സെക്രട്ടറി വി.ജോയ് പങ്കെടുത്ത യോഗത്തിലാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂര്‍ ബാബു, മന്ത്രി രാജേഷിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. വിമര്‍ശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്നും ബാബുവിനെ ജോയ് ശാസിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തുമ്പോള്‍ തനിക്കുണ്ടായ അനുഭവം ഇതാണ് എന്നു പറഞ്ഞാണ് രാജേഷിനെതിരെ ബാബു തിരിഞ്ഞത്. മകളും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷയുമായ ഗായത്രി ബാബുവുമൊത്ത് മന്ത്രിയെ കാണാന്‍ എത്തിയപ്പോഴാണ് തനിക്ക് പ്രയാസം ഉണ്ടായത്. തങ്ങളുടെ വാക്കുകള്‍ക്ക് മന്ത്രി ചെവി കൊടുത്തില്ലെന്നും ഇറങ്ങിപ്പോകാന്‍ പറയുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നും ബാബു ആരോപിച്ചിരുന്നു. അച്ഛനും മകളുമായി മന്ത്രിയെ കാണാന്‍ പോകുന്നതു പാര്‍ട്ടി രീതിയല്ലെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ പെടുത്തുന്നത് സിപിഎമ്മില്‍ അങ്ങനെയല്ലെന്നും ജോയി ചൂണ്ടിക്കാട്ടിയിരുന്നു.

ഇങ്ങനെ വിവാദത്തില്‍ നിറഞ്ഞ ബാബു പിന്നീട് പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയുമായി. ഈ പദവി രാജിവച്ച് മേയറാകുക എന്ന ലക്ഷ്യത്തോടെയാണ് വഞ്ചിയൂരില്‍ വീണ്ടും മത്സരിച്ചത്.