- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജിലൻസ് നീക്കം തിരിച്ചറിയാൻ നാരായണൻ സ്റ്റാലിൻ നഗരസഭാ ഓഫീസിൽ കാമറ സ്ഥാപിച്ചതും രക്ഷിച്ചില്ല; വിജിലൻസ് സംഘം വന്നപ്പോൾ കാമറയിൽ കണ്ടില്ല; പിടിവീണപ്പോൾ കൊണ്ടറിഞ്ഞു; വീട്ടിൽ നിന്ന് പിടികൂടിയത് ഒരേ നമ്പരുള്ള രണ്ട് ബൈക്കുകൾ; വിജിലൻസ് സംഘം തിരുവല്ല നഗരസഭാ സെക്രട്ടറിയെ വലയിലാക്കിയ വിധം
തിരുവല്ല: നഗരസഭ സെക്രട്ടറിയായി മന്ത്രി സജി ചെറിയാന്റെ പേരും പറഞ്ഞ് നാടു വിറപ്പിച്ചിരുന്ന നാരായണൻ സ്റ്റാലിൻ ഏറ്റവുമധികം ഭയന്നിരുന്നത് വിജിലൻസിനെയാണ്. നാട്ടുകാരോട് പരസ്യമായി കൈക്കൂലി ചോദിക്കുകയും വാങ്ങുകയും ചെയ്തിരുന്ന സെക്രട്ടറി വിജിലൻസ് എപ്പോഴെങ്കിലും തന്നെ തേടി എത്തുമെന്ന് ഭയന്നിരുന്നു. അവരുടെ വരവ് മുൻകൂട്ടി കാണാൻ വേണ്ടിയാണ് നഗരസഭാ ഓഫീസിൽ സിസിടിവി കാമറ സ്ഥാപിച്ചത്. കടന്നു വരുന്ന അപരിചിതരെ നിരീക്ഷിക്കാനുള്ള സ്റ്റാലിന്റെ പണി പക്ഷേ, വിജിലൻസ് സംഘം വന്നപ്പോൾ നടന്നില്ല.
ശരിക്കും നാരായണനെ കുടുക്കിയത് മുൻ ചെയർപേഴ്സൺ ശാന്തമ്മ വർഗീസാണ്. സാധാരണ കുടുംബിനിയായ ശാന്തമ്മ ചെയർപേഴ്സൺ ആയപ്പോൾ അവരെ ഹൈജാക്ക് ചെയ്ത് തന്റെ കൈക്കൂലി സാമ്രാജ്യം വിപുലീകരിക്കാമെന്ന് സെക്രട്ടറി കരുതി. പക്ഷേ, അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ശാന്തമ്മ ശക്തമായ നിലപാട് എടുത്തു. ഇതോടെ മാനസിക പീഡനം തുടങ്ങി. ഒരു വിഭാഗം കൗൺസിലർമാരും സെക്രട്ടറിക്ക് ഒപ്പം ചേർന്നു. ശാന്തമ്മയ്ക്ക് അത് സഹിക്കാൻ കഴിയാതെ വന്നപ്പോൾ രാജി വച്ചു.
പക്ഷേ, സെക്രട്ടറിക്ക് മുട്ടൻ പണി കൊടുത്തായിരുന്നു ചെയർപേഴ്സൺ ശാന്തമ്മ വർഗീസിന്റെ രാജി. തനിക്ക് അനുഭവിക്കേണ്ടി വന്നതും സെക്രട്ടറിയുടെ അഴിമതിയുമെല്ലാം ചൂണ്ടിക്കാട്ടി വിജിലൻസിന് ശാന്തമ്മ നൽകിയ പരാതി നിർണായകമായി. ആ പരാതി വിജിലൻസ് ഡിവൈ.എസ്പിയുടെ കൈവശം ഇരിക്കവേയാണ് കൈക്കൂലി കേസിൽ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ഇന്നലെ പിടിയിലാകുന്നത്. ഇതോടെ ശാന്തമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വരും. സെക്രട്ടറി നടത്തിയ വഴിവിട്ട നിർമ്മാണങ്ങളും ചട്ട ലംഘിച്ച് നടത്തിയ അനുമതികളും പുറത്തു വരും. ശാന്തമ്മ സെക്രട്ടറിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്.
സെക്രട്ടറിയുടെ തന്നിഷ്ടം കൗൺസിലിന് മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിൽ നിന്ന് മറുകണ്ടം ചാടി എൽ.ഡി.എഫ് പിന്തുണയിൽ ചെയർ പേഴ്സണായ ശാന്തമ്മ രാജി വച്ചത്. കൗൺസിൽ യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങൾ സ്വന്തം നിലയിൽ സെക്രട്ടറി മിനുട്സ് ബുക്കിൽ എഴുതുന്നു. അജണ്ടയിൽ ഇല്ലാത്ത കാര്യം വരെ പാസാക്കിയതായി മിനുട്സ് എഴുതി കൊണ്ടു വരും. ഇക്കാരണം കൊണ്ട് തന്നെ താൻ ഒന്നിലും ഒപ്പു വച്ചിട്ടില്ലെന്ന് പരാതിയിൽ ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
നഗരസഭയ്ക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കുന്ന തരത്തിലാണ് സെക്രട്ടറി കൗൺസിൽ എടുക്കാത്ത തീരുമാനങ്ങൾ സ്വന്തം നിലയിൽ മിനുട്സിലും അജണ്ടയിലും എഴുതുന്നതെന്നതാണ് പ്രധാന ആരോപണം. ഫ്ളാറ്റുകൾക്കും ബഹുനില കെട്ടിടങ്ങൾക്കും പലവിധ നിയമതടസങ്ങൾ ഉന്നയിച്ച് ഉദ്യോഗസ്ഥരെ കൊണ്ട് നോട്ടീസ് നൽകിക്കും. ഈ രീതിയിൽ ലക്ഷക്കണക്കിന് രൂപ സെക്രട്ടറി കൈകക്കൂലി മേടിക്കുന്നുവെന്നും ഇത് ഭയന്ന പല ഉദ്യോഗസ്ഥരും അവധിയിൽ പ്രവേശിക്കുന്നുവെന്നുമാണ് ഒന്നാമതായി പരാതിയിലുള്ളത്. സെക്രട്ടറിയുടെയും കുടുംബത്തിന്റെയും മുഴുവൻ സ്വത്തുക്കളുടെയും വിവരം അന്വേഷിക്കണം. രാമപുരം മാർക്കറ്റിലെ കടമുറികൾ ഓരോന്നും ലക്ഷക്കണക്കിന് രൂപ മേടിച്ചു മറിച്ചു നൽകിയത് അന്വേഷിക്കണം. അടുത്ത സമയത്ത് നടന്ന കൗൺസിലിന്റെ അജണ്ടയും മിനുട്സും പരിശോധിക്കണം തുടങ്ങി നിരവധി ഗൗരവകരമായ
ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് തെളിവായി മുനിസിപ്പിൽ ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ നൽകിയ വിശദീകരണം കൂടി ചേർത്തിട്ടുണ്ട്.
15 കൗൺസിൽ അംഗങ്ങളുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ നൽകിയ വിശദീകരണക്കുറിപ്പിൽ സെക്രട്ടറിയുടെ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഡിസംബർ 12 ന് ചേർന്ന കൗൺസിൽ യോഗത്തിന്റെ മിനുട്സ് അംഗങ്ങൾക്ക് നൽകിയിരുന്നില്ല. യു.ഡി.എഫ് -ബിജെപി അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതായിരുന്നു കാരണം. എന്നാൽ, ഒന്നു മുതൽ 26 വരെയുള്ള അജണ്ടകൾ കൗൺസിലിൽ ചർച്ച ചെയ്തിരുന്നു.
ഇതിൽ 19-ാമത്തെ അജണ്ട സ്വഛഭാരത മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 128 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളതും അപ്രകാരം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കളക്ഷൻ വെൽ, പമ്പിങ് സ്റ്റേഷൻ എന്നിവ പണിയുന്നതിന് വേണ്ടി വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നവംബർ 28 ന് അംഗീകരിച്ച് ലിസ്റ്റ് തന്നുവെന്ന് സെക്രട്ടറി മിനുട്സിൽ രേഖപ്പെടുത്തിയതായി കാണുന്നു. എന്നാൽ, സ്ഥലം ഏറ്റെടുത്തതുമായുള്ള ലിസ്റ്റ് ചെയർപേഴ്സണോ കൗൺസിൽ അംഗങ്ങൾക്കോ കൊടുത്തിട്ടില്ല. സ്ഥലം ഏറ്റെടുക്കാൻ നഗരസഭ ചട്ടം അനുസരിച്ച് നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ല. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉപസമിതി രൂപീകരിക്കുകയോ പത്രപരസ്യം നൽകുകയോ ചെയ്തിട്ടില്ല. നടപടി ക്രമങ്ങൾ പാലിച്ച് സ്ഥലം ഏറ്റെടുപ്പിന് വന്നാൽ മാത്രം മിനുട്സിൽ ഒപ്പു വയ്ക്കുമെന്ന് ചെയർപേഴ്സൺ യോഗത്തെ അറിയിച്ചു.
ഓഗസ്റ്റ് 16 ന് ചേർന്ന കൗൺസിൽ യോഗത്തിലെ മിനുട്സിൽ ഒരു വിഷയത്തിൽ തന്നെ വ്യത്യസ്തങ്ങളായ രണ്ടു തീരുമാനം സ്വയം എഴുതി വച്ചിട്ടുണ്ട്. ഡിസംബർ 12 ലെ കൗൺസിൽ യോഗത്തിന്റെ തീരുമാനത്തിൽ എഴുതി ചേർത്ത മറ്റൊരു കാര്യം നഗരസഭ സെക്രട്ടറിയെ മാറ്റരുതെന്നും അദ്ദേഹത്തിന് ഗുഡ്സർവീസ് എൻട്രി
നൽകണമെന്നുമുള്ള പ്രമേയങ്ങൾ പാസാക്കിയെന്നുമാണ്. അങ്ങനെ ഒരു പ്രമേയം കൊണ്ടു വരുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. പ്രമേയം അനുവാദകനും അവതാരകനും ഒപ്പിട്ട കത്ത് ഏഴു ദിവസം മുൻപ് ചെയർ പേഴ്സണ് നൽകണം. അങ്ങനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ പ്രമേയം പാസാക്കുമെന്നും ചെയർപേഴ്സൺ ചോദിക്കുന്നു.
ശാന്തമ്മയുടെ പരാതിയിൽ വിജിലൻസ് കുരുക്ക് മുറുക്കി. കഴിഞ്ഞ രണ്ടാഴ്ചയായി സെക്രട്ടറിയെ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു. ഇതിനിടെയാണ് കൈക്കൂലി ചോദിച്ചുവെന്ന പരാതിയുമായി നഗരസഭയിലെ ഖരമാലിന്യ സംസ്കരണത്തിനുള്ള ക്ലീൻ കേരള കമ്പനിയായ ക്രിസ് ഗ്ലോബൽസ് കമ്പനി കരാറുകാരൻ എം. ക്രിസ്റ്റഫർ വന്നത്് തേടിയ വള്ളിൽ കാലിൽ ചുറ്റിയതു പോലെയായി വിജിലൻസിന്. ക്രിസ്റ്റഫർ ഒരിക്കലും പണി തരില്ലെന്ന് വിശ്വസിച്ചിരുന്ന നാരായണൻ ഒടുവിൽ കുടുങ്ങി.
ഇയാളുടെ അമ്പലപ്പുഴയിലെയും ചേർത്തലയിലെയും വീടുകളിൽ പരിശോധന നടന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഒരേ നമ്പർ പ്ലേറ്റുള്ള രണ്ടു ബൈക്കുകൾ കണ്ടെടുത്തു. നിരവധി സ്ഥലങ്ങളിൽ വസ്തു വാങ്ങിക്കൂട്ടിയതിന്റെ ആധാരവും ലഭിച്ചിട്ടുണ്ട്. ഇയാൾ മുൻപ് ജോലി ചെയ്ത് നഗരസഭകളിൽ നിന്നൊക്കെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അങ്ങനെയാണ് നാരായണൻ സ്റ്റാലിൻ സിപിഎം തണലിൽ വളർന്ന വമ്പൻ സ്രാവാണെന്ന് വ്യക്തമായത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്