ചെന്നൈ: കമല്‍ഹാസന്‍ ഐക്കോണിക് കഥാപാത്രം സേനാപതിയായി വീണ്ടും എത്തിയ ഇന്ത്യന്‍ 2 സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായി പറഞ്ഞിരുന്നത്, അത്യാധുനികമായ എ ഐ സംവിധാനമായിരുന്നു. ഇതുമൂലം മണ്‍മറഞ്ഞ നടന്‍മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെയൊക്കെ റീ ക്രിയേറ്റ് ചെയ്തുവെന്നും സംവിധാകയന്‍ ശങ്കര്‍ അവകാശപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ച്, വളരെ മോശം അഭിപ്രായമാണ് ഉയര്‍ന്നതെങ്കിലും, നെടുമുടിയടക്കമുള്ള അന്തരിച്ച നടന്‍മ്മാരെ ബ്ലെന്‍ഡ് ചെയ്തത് ഗംഭീരമായി എന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. ചിത്രം റിലീസ് ആയതിനുശേഷ ഉയര്‍ന്ന ട്രോള്‍ തന്നെ, ഇങ്ങനെയായിരുന്നെങ്കില്‍ മുഴുവന്‍ നടന്‍മാരെയും, എ ഐ ആക്കാമെന്നായിരുന്നു! കാരണം ഒറിജിനലിലെ വെല്ലുന്നതായിരുന്നു ആ ക്രിയേഷന്‍.

എന്നാല്‍ ചിത്രം പുറത്തിറങ്ങി ആഴ്ചകള്‍ കഴിയവെ, ശങ്കര്‍ വ്യാജമായ അവകാശവാദം ഉന്നയിക്കയാണെന്നാണ്, ചെന്നൈ സിനിമാ വൃത്തങ്ങളില്‍നിന്ന് ഉയരുന്നത്. നെടുമുടി വേണു ജീവിച്ചിരിക്കെ ഷൂട്ട് ചെയ്ത രംഗങ്ങളാണ് ചിത്രത്തില്‍ ഭൂരിഭാഗം സ്ഥലത്തും ഉപയോഗിച്ചത്. വെറും ഒന്നോ രണ്ടോ ഷോട്ടുകളില്‍ മാത്രമാണ്, ബോഡി ഡബിള്‍ ഉപയോഗിച്ച് സിജിഐ സഹായത്തോടെ റീ ക്രിയേഷന്‍ നടന്നത്. ഇതില്‍ എ ഐക്ക് കാര്യമായി റോളുമില്ല. എറ്റവും വിചിത്രം എ ഐ വഴി ഇതുപോലെ ബ്ലെന്‍ഡ് ചെയ്ത് എടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദഗ്ധരും ഇന്ത്യയില്‍ വിരളാണ് എന്നതാണ്. ഇതെല്ലാം മറച്ചുവെച്ച് വെറും ഫ്രോഡ് പണിയാണ് ശങ്കര്‍ ചെയ്തതെന്നും, ടോളിവുഡിലെ സാങ്കേതിക വിദഗ്ധന്‍മ്മാരില്‍ നിന്നുവരെ അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ ശങ്കറിന്റെയും കമലഹാസന്റെതും സ്വാധീനം ഭയന്ന് ആരും പരസ്യമായി പ്രതികരിക്കുന്നില്ല എന്നുമാത്രം.

ഇന്ത്യന്‍ 2 വിന്റെ തിരക്കഥക്ക് തന്നെ എഴുവര്‍ഷത്തെ പഴക്കമുണ്ട്. 2017-ല്‍ നെടുമുടിവേണു അടക്കമുള്ള താരങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനുമാണ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. അന്ന് കുറേ ഭാഗം ചിത്രീകരിച്ചുവെങ്കിലും ശങ്കറും, സുബാസ്‌ക്കരനും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ചിത്രം നിന്നുപോയി. തുടര്‍ന്ന് കമലഹാസന്‍ ഇടപെട്ട് ഈ തര്‍ക്കങ്ങള്‍ പരിഹരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുന:രാരംഭിച്ചത്.

അതിനിടയിലാണ് ഒരു വലിയ ദുരന്തം ഉണ്ടാവുന്നത്. 2020 ഫെബ്രുവരി 19 ബുധനാഴ്ച, ഇന്ത്യന്‍ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിന്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ രാത്രി 9.10നാണ് അപകടം ഉണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ വീണ് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണ സഹായി മധു എന്നിവര്‍ മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും ഉടന്‍ തിരിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുത്തിരുന്നു. സംഭവത്തില്‍ ശങ്കറിനെയും, കമലഹാസനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമലഹാസന്‍ ഒരുകോടി രൂപ വീതം നല്‍കുകയും ചെയതു.

ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീണ്ടും മുടങ്ങി. അപ്പോഴേക്കും കോവിഡിന്റെ നിയന്ത്രണങ്ങളുമായി. അതോടെ ചിത്രം ഉപേക്ഷിച്ചു. കമലഹാസന്റെ ഇന്ത്യന്‍ 2 ഉപേക്ഷിച്ചുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. അതിനുശേഷമാണ്, 2022-ല്‍ കമലഹാസന്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ അഭിനയിച്ച വിക്രം സിനിമ സൂപ്പര്‍ ഹിറ്റാവുന്നത്. 120 കോടി മുടക്കിയ ചിത്രം 500 കോടിയിലേറെ തീയേറ്ററില്‍ നിന്ന് മാത്രം നേടി. ഇതോടെ തമിഴകത്ത് വീണ്ടും കമല്‍ തരംഗം വന്നു എന്ന് മനസ്സിലാക്കിയാണ് ശങ്കര്‍ ഇന്ത്യന്‍ 2 വീണ്ടും കുത്തിപ്പൊക്കിയത്. അങ്ങനെയാണ് റെഡ് ജയന്റും നിര്‍മ്മാണ പങ്കാളിയാവുന്നത്.

പക്ഷേ അപ്പോഴേക്കും സാഹചര്യങ്ങള്‍ പാടേ മാറിയിരുന്നു. പ്രശ്സത നോവലിസ്റ്റ് കുടിയായ ബി ജയ്മോഹന്‍ എഴുതിയ തിരക്കഥയില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഇറങ്ങിയത്. ഒന്നാം ഘട്ടത്തില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍, ആറുവര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം ഘട്ടത്തില്‍ ചേര്‍ത്തതിന്റെ മുഴവന്‍ പ്രശ്നങ്ങളും ചിത്രത്തില്‍ കാണാം. രാജ്യം ഡിജിറ്റല്‍ പെയ്മെന്റിലേക്ക് മാറിയിട്ടും കറന്‍സിയില്‍ കൈക്കൂലി കൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അങ്ങനെ വന്നതാണെന്നാണ് വിവരം. ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. എന്നാല്‍ പിന്നീട് ജയമോഹനെ ഒഴിവാക്കി, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ 2 വിന്റെ തിരക്കഥ ഒരുക്കിയത്. ഈ ചേര്‍ച്ചയില്ലായ്മ ചിത്രത്തെ ബാധിച്ചു. ജയ്മോഹന്‍ എഴുതിയ തിരക്കഥയുടെ ഭാഗങ്ങള്‍ ഇനി മൂന്നാം ഭാഗത്തിലാണ് വരിക എന്നാണ് അറിയുന്നത്.

അങ്ങനെ എന്തൊക്കെയോ കാണിച്ച് തട്ടിക്കൂട്ടി എടുത്ത ചിത്രത്തിന് പബ്ലിസിറ്റി ഹൈപ്പ് ഉണ്ടാക്കാനാണ്, നെടുമുടിയെ പുനര്‍സൃഷ്ടിച്ചുവെന്ന കഥയൊക്കെ എടുത്തിട്ടത്. 2021-ലാണ് നെടുമുടി വേണു മരിക്കുന്നത്. അതിന് എത്രയോ മുമ്പേ ചിത്രീകരിച്ച രംഗങ്ങളാണ് അദ്ദേഹത്തിന്റെതായി ഭൂരിഭാഗവും. ബാക്കിയുള്ള ഒന്നോ രണ്ടോ രംഗങ്ങളാണ്, ബോഡി ഡബിള്‍ ഉപയോഗിച്ച് സിജിഐ സഹായത്തോടെ റിക്രിയേറ്റ് ചെയ്തത്. പക്ഷേ അതെല്ലാം മറച്ചുവെച്ച് എല്ലാം എ ഐ ആണെന്നുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ചിത്രത്തിന്റെ അണിയറക്കാര്‍ നടത്തിയത്.