കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയ സംഭവങ്ങളില്‍ ഒന്നാണ് മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി, ശശീന്ദ്രന്റെയും രണ്ടുമക്കളുടെയും ദരൂഹമരണം. സിബിഐ അന്വേഷിച്ച, ആ കേസില്‍ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട് 62 ദിവസമാണ് വ്യവസായി വി എം രാധാകൃഷ്ണന്‍ ജയിലില്‍ കിടന്നത്. കേസ് ഇപ്പോഴും കോടതിയിലാണ്. സത്യത്തില്‍ എന്താണ് ശശീന്ദ്രനും കുട്ടികള്‍ക്കും സംഭവിച്ചത്. മറുനാടന്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വി എം രാധാകൃഷ്ണന്‍ അന്നത്തെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നു.

'മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും, അദ്ദേഹത്തിന്റെ രണ്ടു കുഞ്ഞുങ്ങളും, ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. ഞാന്‍ അങ്ങനെ പറയാനുണ്ടായ കാരണം, ആത്മഹത്യയാണെന്ന് പറയുന്ന സിബിഐയുടെ മൂന്നാമത്തെ കുറ്റപത്രത്തെ ചോദ്യം ചെയ്യാന്‍ പോവുകയാണെന്ന്, പരേതനായ ശശീന്ദ്രന്റെ സഹോദരന്‍ ഡോ സനല്‍കുമാര്‍ പറയുന്നത് പത്രത്തിലും ചാനലുകളിലുമൊക്കെ കാണുകയുണ്ടായി. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അതേക്കുറിച്ച് സംസാരിക്കാന്‍ ചില പരിമിതികള്‍ എനിക്കുണ്ട്. അതുകൊണ്ട് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം പറയാം.

ആ മരണങ്ങള്‍ വളരെ ദു:ഖകരമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ്. കൊലപാതകമായാലും ആത്മഹത്യയായാലും ആ വിഷയത്തില്‍ നീതിപുര്‍വമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കണം എന്നാണ് എന്റെ ആഗ്രഹം. ശശീന്ദ്രന്‍ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു, കമ്പനിയോട് കൂറുളള വ്യക്തിയായിരുന്നു. അത്തരം ഒരു ആളുടെ മരണത്തില്‍ കൃത്യമായ പ്രോസിക്യൂഷന്‍ നടക്കണം എന്നായിരുന്നു എന്റെയും അഭിപ്രായം.

ശശീന്ദ്രനെ, ദീര്‍ഘകാലം പരിചയമുണ്ട്. കമ്പനി സെക്രട്ടറി എന്ന നിലയില്‍ ഇടപഴകേണ്ട ആവശ്യം വന്നിട്ടുണ്ട്. എന്നെ വലിയ താല്‍പ്പര്യമായിരുന്നു. എന്റെ ഓഫീസില്‍ വരാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കുടുംബപരമായ കാര്യങ്ങള്‍ പോലും എന്നോട് പങ്കുവെക്കാറുണ്ട്. വളരെ സ്നേഹപൂര്‍വം പെരുമാറിയിരുന്നു, ഉദ്യോഗസ്ഥനാണ് ശശീന്ദ്രന്‍. അദ്ദേഹവും ഞാനുമായി ശത്രുതയുണ്ടെന്നും, ആത്മഹത്യചെയ്യാന്‍ തോനുന്ന രീതിയില്‍ ഞാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ്, കുറ്റപത്രങ്ങളും മാധ്യമ പ്രചാരണങ്ങളുമൊക്കെ. എന്റെ ശത്രുക്കളും പ്രചരിപ്പിക്കുന്നത്, ഞാന്‍ അദ്ദേഹത്തെ കൊല ചെയ്തു എന്നുവരെയാണ്.

എനിക്കെതിരെയുള്ള വിജിലന്‍സ് കേസുകളില്‍ ശശീന്ദ്രന്‍ എതിരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ശത്രുത എന്നാണ് പ്രചാരണം. ശശീന്ദ്രന്‍ വിജലിന്‍സ് മുമ്പാകെ അനവധി മൊഴികള്‍ നല്‍കിയിട്ടുണ്ട്. ഈ മൊഴികളില്‍ ഒന്നില്‍ പോലും എന്നെക്കുറിച്ച് മോശപ്പെട്ട പരാമര്‍ശമോ, ഒരു ആരോപണമോ, എന്തിന് ഒരു ദുസ്സൂചന നല്‍കുന്ന ഒരു വാക്കുപോലും ഇല്ല. അദ്ദേഹം വിജിലന്‍സിന് കൊടുത്ത സകല മൊഴികളും കുറ്റപത്രത്തോടൊപ്പം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കയും, അതുവഴി എനിക്ക് ലഭിക്കയും ചെയ്തു. മാത്രമല്ല, ശശീന്ദ്രന്റെ എല്ലാ മൊഴികളും ഞാന്‍ സിബിഐ ഓഫീസില്‍ നേരിട്ട് എത്തിച്ച് രശീതി വാങ്ങിയിട്ടുള്ളതാണ്. ഒറ്റ മൊഴിയില്‍ പോലും ശശീന്ദ്രന്‍ എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം എന്നെക്കുറിച്ച് നല്ലതുമാത്രമേ പറഞ്ഞിട്ടുള്ളു.

ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍, സിബിഐക്ക് നല്‍കിയ മൊഴി കുറ്റപത്രത്തോടൊപ്പം എനിക്ക് ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണന്‍ എപ്പോഴെങ്കിലും ഭീഷണിപ്പെടുത്തിയതായി ശശീന്ദ്രന്‍ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന്, ശശീന്ദ്രന്റെ പിതാവ് പറഞ്ഞ മറുപടി, അങ്ങനെ ഒരു ഭീഷണിയെക്കുറിച്ച് എന്നോട് ഒരിക്കല്‍പോലും പരാമര്‍ശിച്ചിട്ടില്ല എന്നാണ്.

ശശീന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് എനിക്കുവേണ്ടി, പൊലീസ് സര്‍ജനെ ബന്ധപ്പെട്ടുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കുറ്റപത്രത്തില്‍ എവിടെയോ ഇത്തരം ഒരു പരാമര്‍ശവുമുണ്ട്. എന്നാല്‍ അത് തെറ്റാണ്. എനിക്കുവേണ്ടി ആരെങ്കിലും ബന്ധപ്പെട്ടതായി അന്നത്തെ പൊലീസ് സര്‍ജന്‍, ഡോ പി പി ഗുജ്റാള്‍ മൊഴി നല്‍കിയിട്ടില്ല. അതേസമയം ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ബന്ധപ്പെട്ടതായി അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍, അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയുണ്ടായി. കോടിയേരി അത് അന്വേഷണത്തിന് വേണ്ടി തൃശൂര്‍ ഐജിക്ക് കൈമാറി എന്നാണ് അറിയുന്നത്. പക്ഷേ ആ അന്വേഷണത്തില്‍ എന്താണ് വെളിവായത്, എന്ത് ഉദ്ദേശത്തോട് കൂടിയാണ് നേതാവ് വിളിച്ചത് എന്നതിന്റെ രേഖകള്‍ ഒന്നും കുറ്റപത്രത്തോടൊപ്പം കാണുന്നില്ല. അത് ദൂരൂഹമായി തുടരുകയാണ്. ആരോ പൊലീസ് സര്‍ജനെ ബന്ധപ്പെട്ടിട്ടുണ്ട്. അത് എനിക്കുവേണ്ടിയല്ലെന്ന് വ്യക്തമാണ്. എനിക്കുവേണ്ടിയായിരുന്നെങ്കില്‍ അത് ആ സര്‍ജന്‍ തന്നെ വെളിപ്പെടുത്തുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് എനിക്കെതിരെ ഒരു പുതിയ കേസ് കൂടി ഉണ്ടാവുമായിരുന്നു."- വി എം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സിബിഐയുടെ തുടര്‍ച്ചയായ അന്വേഷണത്തെക്കുറിച്ചും രാധാകൃഷ്ണന്‍ അഭിമുഖത്തില്‍ സംസാരിച്ചു. 'സിബിഐ അന്വേഷണത്തെക്കുറിച്ച് പറയാനും എനിക്ക് ചില പരിമിതികള്‍ ഉണ്ട്. എന്നാലും പറയാം. സിബിഐ ആദ്യം ഒരു കുറ്റപത്രം സമര്‍പ്പിച്ചു. അത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്. ആ അന്വേഷണം വേണ്ടത്ര ശരിയായില്ലെന്ന് പറഞ്ഞ് കോടതി കുറ്റപത്രം മടക്കി. ഞാന്‍ നല്‍കിയ ഒരു ജാമ്യഹരജി തള്ളിക്കൊണ്ട്, ബഹുമാനപ്പെട്ട കോടതി ഇങ്ങനെ നിരീക്ഷിച്ചു. ഈ കേസ് വെറുമൊരു ആത്മഹത്യയായി ഒതുക്കാനാവില്ല. വളരെ ദുരൂഹമായ കുറേകാര്യങ്ങളുണ്ട്. കൊലപാതക സാധ്യത നിലനില്‍ക്കുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും ലഭിച്ച ചില സൂചനകള്‍ പ്രകാരം, കൊലപാതകമാണോ, അല്ലയൊ എന്ന് സിബിഐ സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെയാണ് എന്റെ ജാമ്യ ഹരജി തള്ളിയത്.

ഇതിന്റെ കൂടി ഫലമായി കുറേയെറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിബിഐ ആദ്യത്തെ കുറ്റപത്രം മടക്കി. ആ ഉദ്യോഗസ്ഥന്റെ താഴെയുള്ള മറ്റൊരു ഉദ്യോഗസ്ഥനെ ഉപയോഗിച്ച് മറ്റൊരു കുറ്റപത്രം തയ്യാറാക്കി. അങ്ങനെ രണ്ടാമത്തെ കുറ്റപത്രം സെഷന്‍സ് കോടതിയിലേക്ക് എത്തവേയാണ്, ശശീന്ദ്രന്റെ സഹോദരന്‍ ഡോ വി സനല്‍കുമാറും, ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുന്നത്. ആത്മഹത്യയല്ല, ഇത് കൊലപാതകമാണെന്നും, കേസില്‍ തുടര്‍ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ഹരജിയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അങ്ങനെ ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും, കേരളത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനുമെല്ലാം ചേര്‍ന്ന്, ഒരു തുടര്‍ അന്വേഷണം നടത്തി മൂന്നാമത്തെ കുറ്റപത്രം സെഷന്‍സ് കോടതിയില്‍ നല്‍കുകയാണുണ്ടായത്.

കേസ് അടുത്ത നടപടികളിലേക്ക് കടക്കുന്നതിനിടെ, കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഡോ സനല്‍കുമാര്‍ വീണ്ടും സെഷന്‍സ് കോടതിയെ സമീപിക്കയും, പകര്‍പ്പ് സമ്പാദിക്കുകയും ചെയ്തു. ഇപ്പോള്‍ ഫ്ളവേഴ്സ് ചാനലില്‍ ഒരുമണിക്കുര്‍ നീണ്ട ഒരു പരിപാടിയില്‍ പങ്കെടുത്ത്, ഡോ സനല്‍കുമാര്‍ പറയുന്നതായി കേട്ടത്, വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കും എന്നാണ്. വീണ്ടും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുമോ, ഹൈക്കോടതി എന്ത് ഉത്തരവ് പുറപ്പെടുവിക്കും എന്നൊന്നും പ്രവചിക്കുക സാധ്യമല്ല.

സിബിഐയുടെ വിവിധ തരത്തിലുള്ള ഉദ്യോസ്ഥര്‍ ഈ കേസുകള്‍ അന്വേഷിക്കുകയുണ്ടായി. അഡീഷണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ആദ്യഘട്ടത്തില്‍ പ്രതികളായ രണ്ടുപേരെ അവര്‍ മാപ്പുസാക്ഷികളാക്കി. പീഡനം നേരിട്ട് നടത്തിയെന്ന് പറയുന്ന രണ്ട് ഉദ്യോഗസ്ഥരെ മാപ്പുസാക്ഷികളാക്കുകയും, അവരോട് ശശീന്ദ്രനെ പീഡിപ്പിക്കണം എന്ന് ടെലിഫോണ്‍ വഴി, ആവശ്യപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന രാധാകൃഷ്ണനെ ഒരേ ഒരു പ്രതിയുമാക്കി മാറ്റി. ഈ അന്വേഷണ സംഘത്തലവന് എതിരെ അനവധി പ്രതികൂലമായ കോടതി നിരീക്ഷണങ്ങളും, പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. അത് വസ്തുതയാണ്. "- വി എം രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

'ശശീന്ദ്രന്റെ ഭാര്യ ടീന, വര്‍ഷങ്ങള്‍ക്കുശേഷം മരണപ്പെട്ടുവെന്നത് പത്രത്തിലൂടെയാണ് ഞാന്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉണ്ടായി. അവരെ ഞാന്‍ കൊല ചെയ്തതാണെന്ന രൂപത്തില്‍ മാധ്യമ വാര്‍ത്തകള്‍ വന്നു. അതിന്റെ മുന്നില്‍, ശശീന്ദ്രന്റെ സഹോദരന്‍ ഡോ വി സനല്‍കുമാറായിരുന്നു. ടീനയുടെ മരണശേഷം പാലക്കാട്നിന്ന് ഒരു മാധ്യമ സംഘം അവരുടെ വീട്ടിലേക്ക് പോയപ്പോള്‍, ഒപ്പം ഡോ സനല്‍കുമാറും ഉണ്ടായിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ പോത്തന്നൂരിലെ സഹോദര ഭാര്യയുടെ വീട്ടിലേക്കുള്ള വഴി പോലും അദ്ദേഹത്തിന്് അറിയില്ലായിരുന്നു. ഇതെല്ലാം പത്ര പ്രവര്‍ത്തക സുഹൃത്തുക്കള്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ ടീനയുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ അവരുടെ രോഗ വിവരത്തെക്കുറിച്ചാണ് പറഞ്ഞത്. അവര്‍ക്ക് ഇക്കാര്യത്തില്‍ മറ്റാരെയും സംശയമില്ലെന്നും പറഞ്ഞു. ഡോ സനല്‍കുമാറിനെ അവര്‍ വീട്ടിനകത്തേക്ക് കയറ്റിയില്ല എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഇതു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. പരേതയായ ടീന നല്‍കിയ മൊഴിയില്‍ പറയുന്നത്, ശശീന്ദ്രന്റെ സഹോദരന്‍ ഡോ സനല്‍കുമാര്‍ തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും, ദുരുദ്ദേശത്തോട് കൂടിയാണ് ഈ കേസിന്റെ പിറകേ കൂടിയിരിക്കുന്നത് എന്നുമാണ്. ഈ മൊഴിയുടെ പകര്‍പ്പ് കുറ്റപത്രത്തോടൊപ്പം എനിക്ക് കിട്ടിയിട്ടുണ്ട്".

ശശീന്ദ്രന്‍ വധക്കേസിലെ ആദ്യം പ്രതികളായിരുന്ന രണ്ടുപേര്‍ ഇന്ന് മാപ്പുസാക്ഷികളാണ്. കത്തിയെടുത്ത് കുത്തിയവര്‍ സാക്ഷികളാവുകയും, കുത്തെടാ എന്ന് പറഞ്ഞവര്‍, പ്രതികളാവുകയും ചെയ്യുന്ന സാഹചര്യം വളരെ വിചിത്രമാണ്, കേട്ടുകേള്‍വിയില്ലാത്തതാണ്. രാധാകൃഷ്ണന്റെ നിര്‍ബന്ധപ്രകാരം, രാധാകൃഷ്ണന്‍ പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഒന്നും രണ്ടും കുറ്റാരോപിതര്‍ ശശീന്ദ്രനെ ദ്രോഹിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എങ്ങനെ നിര്‍ബന്ധിച്ചുവെന്നില്ല, എവിടെവെച്ച് നിര്‍ബന്ധിച്ചു എന്നില്ല, ഏത് മാധ്യമം മുഖേനെ നിര്‍ബന്ധിച്ചു എന്നില്ല.

തീര്‍ന്നില്ല കേസിലെ വൈരുദ്ധ്യങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍, ആത്മഹത്യാപ്രേരണാക്കുറ്റത്തിന് 62 ദിവസം ജയിലില്‍ കിടക്കുന്നത്. ഈ കുറ്റത്തിന് ഒരാഴ്ചയോ, രണ്ടാഴ്ചയോ, റിമാന്‍ഡ് കഴിഞ്ഞ് ജയില്‍ മോചിതരായവരാണ് ഏറെയും. എന്നാല്‍ രാധാകൃഷ്ണനുമാത്രം 62 ദിവസം ജയില്‍വാസം. ഇങ്ങനെയുള്ള പലകാര്യങ്ങളും കേസിന്റെ ഭാഗമായി ഉണ്ട്.

പരേതനായ ശശീന്ദ്രന്റെയും കുഞ്ഞുങ്ങളുടെയും മരണവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. ചില ചില കാര്യങ്ങള്‍ സൂചിപ്പിക്കാനേ എനിക്ക് കഴിയൂ. അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതിയാണ്. സാക്ഷികള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. അതില്‍നിന്ന് ഒരു നിഗമനത്തിലെത്താനും ഞാന്‍ തയ്യാറല്ല. ഇത് ശരിയാണോ, തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

ശശീന്ദ്രന്റെ മരണം നടക്കുന്ന കാലത്ത് അയല്‍വാസിയായിരുന്ന, ഒരു കൊച്ചു പയ്യന്റെ മൊഴി, പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ഇന്ന് ബി ടെക്ക് കഴിഞ്ഞ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറോ മറ്റോ ആണ്. ആ മൊഴിയില്‍ കുട്ടി പറയുന്നത്, ആന്റി അതായത് ശശീന്ദ്രന്റെ ഭാര്യ ടീന, വീട്ടിലേക്ക് പോവുമ്പോള്‍, ശശീന്ദ്രനും കുഞ്ഞുങ്ങളും, ആ വീട്ടില്‍ ജീവനോടെ ഉണ്ടായിരുന്നു, ഞാന്‍ അവരെ കണ്ടിരുന്നു എന്നാണ്. ആ മൊഴിയില്‍ തന്നെയാണ് അദ്ദേഹം വളര്‍ന്ന് വലുതായി എഞ്ചിനീയര്‍ ആയിട്ടും ഉറച്ച് നിന്നത്. സാക്ഷിപ്പട്ടികയിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയത് ഈ കുട്ടിയുടെ മൊഴി വിശ്വസനീയമാണ് എന്നാണ്. ഇതു കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖയെ ആധാരമാക്കി ഞാന്‍ പറയുന്നതാണ്.

തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഡോ സനല്‍കുമാര്‍ നല്‍കിയ ഹരജിയില്‍, കോടതി ചില കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കൃശഗാത്രനായ ശശീന്ദ്രന്, എങ്ങനെ തന്റെ രണ്ടു കുഞ്ഞുങ്ങളെ പരസഹായം കൂടാതെ, കൊന്ന് കെട്ടിത്തൂക്കാന്‍ കഴിഞ്ഞു? കോടതി മറ്റൊരുകാര്യം കൂടി പറഞ്ഞു. ഇങ്ങനെ ഓരോ കുഞ്ഞുങ്ങളെയായി തൂക്കിക്കൊല്ലാനായി വിളിക്കുമ്പോള്‍, എന്തുകൊണ്ട് ഈ കുഞ്ഞുങ്ങള്‍ കരഞ്ഞ് ബഹളംവെച്ച് ഓടിമാറിയില്ല? ഒരു കുഞ്ഞിനെ കൊലചെയ്തപ്പോള്‍ അടുത്ത കുഞ്ഞെങ്കിലും ബഹളംവെച്ച് ഓടിമാറിയില്ലേ? ഇതും, സസൂക്ഷ്മം അന്വേഷണ വിധേയമാക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

കോടതി ഉത്തരവിനെ തുടന്നുണ്ടായ സിബിഐ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി കുറ്റാരോപിതന്‍ എന്ന നിലക്ക് എനിക്കും കിട്ടിയിട്ടുണ്ട്. അതില്‍ പറയുന്നത്, കോടതി ചോദിച്ച ഈ രണ്ടുചോദ്യങ്ങളും പ്രസക്തമാണെങ്കിലും അതില്‍ കൃത്യമായ ഉത്തരം അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ഈ രണ്ട് കാര്യങ്ങള്‍ എന്തെങ്കിലും ആരോപിക്കാന്‍ വേണ്ടി ഞാന്‍ പറയുന്നതല്ല. സാക്ഷിമൊഴികളില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ അതേപടി പറയുകയാണ് ചെയ്തത്. ഇതില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് കോടതിയാണ്. "- വി എം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

(അവസാനിച്ചു)