- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ആസ്ഥാനം; തിരുവവനന്തപുരത്തും കോട്ടയത്തും തൃശൂരും കണ്ണൂരും സെന്ററുകള്‍; വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്‌സുകളും; പ്രഖ്യാപനം കൊച്ചിയിലെ വ്യവസായ ഉച്ചകോടിയില്‍ നടക്കും; കേരളത്തിലെ ആദ്യ സ്വകാര്യ സര്വ്വകലാശാലയാകാന് ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി
കൊച്ചി: കേരളത്തിലെ ആദ്യ സ്വകാര്യ സര്‍വ്വകലാശാലയായി ജെയിന്‍ യൂണിവേഴ്‌സിറ്റി വരും. ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്നാകും പേര്. കോഴിക്കോടായിരിക്കും ആസ്ഥാനം. തിരുവവനന്തപുരത്തും കോട്ടയത്തും തൃശൂരും കണ്ണൂരും സെന്ററുകളുണ്ടാകും. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ ഏറെയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുകയാകും ലക്ഷ്യം. 350 കോടി രൂപയാകും നിക്ഷേപിക്കുക. ഫ്യൂച്ചര്‍ കേരളാ മിഷന്റെ ഭാഗമായിട്ടായിരിക്കും യൂണിവേഴ്‌സിറ്റി വരിക. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 മന്ത്രിസഭായോ?ഗം അംഗീകരിച്ചിരുന്നു. നിയമസഭ താമസിയാതെ ബില്‍ പാസാക്കും. ഈ സാഹചര്യത്തിലാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ കടന്നു വരവ്.
കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി കൊച്ചിയില്‍ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ആദ്യദിനം തന്നെ പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് നിറഞ്ഞത്. 26 വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ മൂവായിരത്തോളം സംരംഭകരാണ് രണ്ടുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജര്‍മനി, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ പങ്കാളിരാജ്യങ്ങളാണ്. കേന്ദ്രമന്ത്രിമാരും യുഎഇ, ബഹ്റൈന്‍ മന്ത്രിമാരും വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. ഈ ഉച്ചകോടിയുടെ രണ്ടാം ദിനം ആദ്യ സ്വകാര്യ സര്‍വ്വകലാശാലയുടെ പ്രഖ്യാപനവും വരും. സംസ്ഥാനത്തിന്റെ വ്യവസായചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാകുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ബോള്‍ഗാട്ടി ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററാണ് വേദി. പ്രത്യേക കൂടിക്കാഴ്ചകള്‍, ബിസിനസ് സെഷനുകള്‍, അവതരണങ്ങള്‍ എന്നിവ നടക്കുന്നുണ്ട്. സ്വകാര്യ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ചര്‍ച്ചകള്‍ സര്‍ക്കാരുമായി ജെയിന്‍ ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്‍സറിംഗ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാമെന്നാണ് കരട് ബില്ലിലുള്ളത്. സര്‍വ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം, 25 കോടി കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം, മള്‍ട്ടി-കാമ്പസ് യൂണിവേഴ്‌സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം, സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ യുജിസി, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നെല്ലാം കരടില്‍ വ്യവസ്ഥയുണ്ട്. ഇതെല്ലാം പാലിച്ചാകും ജെയിന്‍ യൂണിവേഴ്‌സിറ്റി കേരളത്തില്‍ ആദ്യ സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുക. ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിളവും സ്‌കോളര്‍ഷിപ്പും നിലനിര്‍ത്തുകയും ചെയ്യും.
തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്‌സുകളും പുതിയ സര്‍വ്വകലാശാലയുടേതായി ഉണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്‌നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്‌സുകളും കേരളത്തിലേക്ക് കൊണ്ടു വുരും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും വരും. ആധുനിക കാലത്ത് ദിനംപ്രതി മാറ്റങ്ങളാണ് തൊഴില്‍ രംഗത്ത് നടക്കുന്നത്. ഇവ ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യാന്തര നിലവാരമുള്ള തൊഴില്‍ സാധ്യതയേറിയ നൈപുണ്യാധിഷ്ഠിത കോഴ്‌സുകള്‍ക്കും് ജെയിന്‍ പ്രാധാന്യം നല്‍കും. പരമ്പരാഗത പാഠ്യപദ്ധതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായും ഇന്‍ഡസ്ട്രി ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയുള്ള പാഠ്യ പദ്ധതി വിദ്യാര്‍ത്ഥികളെ അതത് മേഖലയില്‍ മികവ് പുലര്‍ത്തുവാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് പലപ്പോഴും തൊഴില്‍ ലഭിക്കാതെ പോകുന്നതിന്റെ പ്രധാനകാരണം തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൈപുണ്യത്തിന്റെ കുറവാണ്. ഇതിന് പുതിയ സര്‍വ്വകലാശാല പരിഹാരമുണ്ടാക്കും.
ലോകോത്തര മാതൃകയിലെ പഠന സംവിധാനവും ഒരുക്കും. പഠനത്തിനായി കേരളത്തിലുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആശ്രയിക്കുന്നതിന് മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. കൊച്ചിയില്‍ ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് 'എ' ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്സിറ്റി. ബാംഗ്ലൂള്‍ ആസ്ഥാനമായി കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള 85-ലേറെ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. തുടര്‍ച്ചയായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ ആദ്യ നൂറില്‍ ജയിന്‍ ഇടം നേടിയിട്ടുണ്ട്. രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരവും ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
2019- ല്‍ കൊച്ചിയില്‍ ഓഫ് ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും യുജിസി നിയമത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍, പുതിയ യുജിസി നിയമം അനുസരിച്ച് മുന്‍കാല പ്രാബല്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊച്ചിയിലെ ക്യാംപസിനു അംഗീകാരം നല്‍കുകയും ചെയ്തു. ഈ വിദ്യാഭ്യാസ ഗ്രൂപ്പാണ് കേരളത്തില്‍ ആദ്യ സമ്പൂര്‍ണ്ണ സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നത്.