- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം.സി ലക്ഷ്മണനെന്ന പ്രമുഖ ബിൽഡറുടെ മരുമകൻ; രാഷ്ട്രീയഭേദമന്യേ തലശേരി - മാഹി മേഖലകളിലെ നേതാക്കളുടെ പ്രിയങ്കരൻ; മാഹി ദന്തൽ കോളേജിന്റെ എം.ഡി; കണ്ടൽകാട് നികത്തിയുള്ള നിർമ്മാണത്തിലും തുണയായി സിപിഎം ബന്ധം; മലബാറിലെ കൺസ്ട്രക്ഷൻ രംഗത്തെ അതികായൻ; ഇ പിയെ വിവാദത്തിലാക്കിയ അദൃശ്യ ശക്തിയെന്ന ആരോപണം നേരിടുന്ന കെ പി രമേഷ് കുമാറിന്റെ കഥ
കണ്ണൂർ: രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ വൈദേകം ആയുർവേദ ഹെറിറ്റേജ് വില്ലേജ് വിവാദത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നു കരുതുന്ന കെ.പി രമേഷ് കുമാറിന് തലശേരി - മാഹി മേഖലകളിലെ മറ്റു ചില നേതാക്കളുമായും അടുത്ത ബന്ധം. തലശേരിയുമായി ദീർഘകാലത്തെ ബന്ധമുള്ള ബിൽഡറാണ് കെ.പി രമേഷ് കുമാർ. തലശേരി സഹകരണാശുപത്രിയടക്കം നിർമ്മിച്ച എം.സി ലക്ഷ്മണനെന്ന പ്രമുഖ ബിൽഡറുടെ മരുമകനാണ് കെ.പി രമേഷ് കുമാർ. എം.സി ലക്ഷ്മണൻ ഏറ്റെടുത്ത പ്രവൃത്തികളുടെ നടത്തിപ്പിനായി തലശേരിയിൽ അമ്മാവന്റെ സഹായിയായെത്തിയ കെ.പി രമേഷ് കുമാർ പിന്നീട് സ്വപ്രയത്നത്താൽ സൂപ്പർവൈസറായി ഉയരുകയായിരുന്നു.
കുയ്യാലി പുഴയിൽ എം.സി എൻ ക്ളേവ് കണ്ടൽക്കാട് നശിപ്പിച്ചു ചതുപ്പ് മണ്ണിട്ട് നികത്തിയത് വൻ വിവാദമായിരുന്നു. എന്നാൽ സിപിഎം ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് കെ.പി രമേഷ് കുമാറിന് തുണയായത്. തലശേരി സഹകരണ ആശുപത്രിക്ക് സമീപം എം.സി ലക്ഷ്മണൻ റോഡരികിൽ നിർമ്മിച്ച വാസ്തു ഭംഗിയുള്ള വീടിന്റെ മോഡലിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പിന്നീട് പിണറായിയിൽവീടു നിർമ്മിച്ചത്.
സിപിഎം നേതാക്കളുമായി മാത്രമല്ല കോൺഗ്രസ് - ബിജെപി, മുസ്ലിം ലീഗ് നേതാക്കളുമായി കെ.പി രമേഷ് കുമാറിന് അടുത്ത ബന്ധമുണ്ട്. മാഹി ദന്തൽ കോളേജിന്റെ എം.ഡി മാരിലൊരാളാണ് ഇദ്ദേഹം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി വത്സരാജ്, ബി.ഡി. ജെ.എസ് നേതാവ് അരയാക്കണ്ടി സന്തോഷ് എന്നിവരാണ് ദന്തൽ കോളേജിന്റെ മറ്റു രണ്ടു ഡയറക്ടർ. കുയ്യാലിയിലെ എം.സി എൻ ക്ളേവിൽ സിപിഎമ്മിലെ പല ഉന്നത നേതാക്കളുടെയും ബന്ധുക്കളുമായും പേരിൽ വില്ലകളുണ്ടെന്ന് നേരത്തെ പാർട്ടി അണികളിൽ നിന്നും തന്നെ ആരോപണമുയർന്നിരുന്നു.
കുയ്യാലിയിൽ കണ്ടൽക്കാടു നികത്തി വില്ല പ്രൊജകറ്റ് നിർമ്മിക്കുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നുവെങ്കിലും സിപിഎം നേതാക്കൾ കണ്ണുരുട്ടിയതിനാൽ ചായ കോപ്പയിലെ കൊടുങ്കാറ്റായി അതു ഒടുങ്ങി. നേരത്തെ തലശേരി കൊടുവള്ളിയിലെ കോം ട്രസ്റ്റ് കണ്ണാശുപത്രിയും അന്തരിച്ച സി.പി എം നേതാവ് ഇ നാരായണന്റെ നേതൃത്വത്തിൽ കണ്ടൽ വനത്തിൽ മണ്ണിട്ടു നികത്തിയാണ് നിർമ്മിച്ചത്. സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കെ.പി രമേഷ് കുമാർ അമ്മാവൻ എം സി ലക്ഷ്മണന്റെ വിയോഗത്തിലൂടെ പാതി വഴിയിലായ കെട്ടിടങ്ങളുടെ പ്രവ്യത്തി പൂർത്തിയാക്കിയതിനു ശേഷമാണ് ബിൽഡിങ് കൺസ്ട്രഷൻ മേഖലയിൽ അതികായകനായി വളരുന്നത്.
കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനുമായി അടുത്ത ബന്ധം ഇദ്ദേഹത്തിനുണ്ട്. കെ.പി രമേഷ് കുമാർ വിളിച്ചതിനെ തുടർന്നാണ് താൻ ഇ.പി ജയരാജൻ പങ്കെടുത്ത വൈദേകം ആയുർവേദ ഹെറിറ്റേജിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതെന്ന് മമ്പറം ദിവാകരൻ വ്യക്തമാക്കിയിരുന്നു. തലശേരി മഞ്ഞോടിയിലുള്ള ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി നിർമ്മിച്ചതും നവീകരണം നടത്തിയതും എം.സി ലക്ഷ്മണൻ ബിൽഡേഴ്സ് ഗ്രൂപ്പാണ്. എന്നാൽ പിന്നീട് എം.സി ലക്ഷ്മണന്റെ വിയോഗത്തോടെ ഏക മകളും കുടുംബവും തലശേരി സഹകരണ ആശുപത്രിക്ക് സമീപത്തെ വീടു വിറ്റ് ബിസിനസ് ഉപേക്ഷിച്ച് കണ്ണൂരിലെ ഫ്ളാറ്റിലേക്ക് താമസം മാറുകയും ചെയ്തു.
ഇ.പി ജയരയന്റെ മകൻ ജയ്സനുമായുള്ള ബന്ധം കാരണമാണ് കെ.പി രമേഷ് കുമാർ ആന്തൂരിലെ ഉടുപ്പിക്കുന്ന് ഇടിച്ചു നിരത്തിയുള്ള ആയുർവേദ ഹെറിറ്റേജിന്റെ പങ്കാളികളാവുന്നത് എന്നാൽ കഴിഞ്ഞ നാലു വർഷത്തിനു ശേഷം എം.ഡിയായ ഇദ്ദേഹം ഇ.പിയും മകനുമായി തെറ്റുകയും ഡയറക്ടർ ബോർഡ് അംഗമായി തരം താഴ്ത്തപ്പെടുകയും ചെയ്തു. ഇ.പി ജയരാജന്റെ വിശ്വസ്തനായ ഷാജിയാണ് ഇപ്പോൾ വൈദികത്തിന്റെ തലപ്പത്തുള്ളത്. തന്നെ തരം താഴ്ത്തിയതിലുള്ള അതൃപ്തിയാണ് ഇപ്പോൾ പി.ജയരാജൻ മുഖേനെ സംസ്ഥാന കമ്മിറ്റിയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് കെ.പി രമേഷ് കുമാറിനെ പ്രേരിപിച്ചതെന്ന് കരുതുന്നത്.
കെ.പി രമേഷ് കുമാറിന് ഈ കാര്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി വൈദികം സിഇഒ തോമസ് ജോസഫ് മാധ്യമ പ്രവർത്തകരോട് തുറന്നു പറഞ്ഞിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ ആരെന്ന്, ലഭിച്ച തെളിവുകൾ പരിശോധിച്ച ശേഷം കമ്പനി എന്ന നിലയിൽ ഉത്തരവാദിത്തപ്പെട്ട ആളുകൾ പിന്നീട് പറയും. മുൻ എംഡിയും ഇപ്പോഴും ഡയറക്ടർ ബോർഡ് അംഗവുമായ രമേഷ് കുമാർ തെറ്റായ വിധത്തിൽ പ്രവർത്തിക്കുന്നു എന്ന സൂചനകളുണ്ട്. അക്കാര്യം വ്യക്തമായി പരിശോധിച്ചു വരികയാണ് എന്നായിരുന്നു സിഇഒയുടെ പ്രതികരണം.
വൈദേകം റിസോർട്ട് അല്ല. വൈദേകം ആയുർവേദ ഹീലിങ്ങ് വില്ലേജ് ആണ്. ഇതൊരു ആശുപത്രിയാണെന്നും തോമസ് ജോസഫ് പറഞ്ഞു. ജയരാജന്റെ ഭാര്യയുടേയും മകന്റേയും കൂടി ഓഹരികൾ കൂട്ടിയാൽ പോലും ഒരു കോടി വരില്ലെന്നും വൈദേകം സിഇഒ പറഞ്ഞു.വൈദേകത്തിൽ ഇ പി ജയരാജന് പങ്കാളിത്തമില്ലെന്ന് സിഇഒ വിശദീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ജയ്സണ് രണ്ടു ശതമാനം ഓഹരിയുണ്ട്. റിസോർട്ടിന്റെ ഡയറക്ടറുമാണ്. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും ഓഹരിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ജയ്സണ് 10 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. 2014 ലാണ് പി കെ ജെയ്സൺ ഓഹരിയെടുക്കുന്നത്. പെൻഷൻ തുകയാണ് ഇന്ദിര നിക്ഷേപിച്ചത്. ഇന്ദിര നിക്ഷേപിച്ച തുക വെളിപ്പെടുത്താൻ കഴിയില്ലെന്നും തോമസ് ജോസഫ് പറഞ്ഞു. റിസോർട്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ജയരാജോ ജയ്സണോ ഇടപെടാറില്ലെന്ന് തോമസ് ജോസഫ് പറഞ്ഞു. ജയ്സൺ കമ്പനിയിൽ ഓഹരി എടുക്കുമ്പോൾ ഇ പി ജയരാജൻ മന്ത്രിയോ എൽഡിഎഫ് കൺവീനറോ ഒന്നുമല്ല. 2014 ന് ശേഷം ജയ്സന്റെ ഷെയർ ഹോൾഡിങ് വർധിച്ചിട്ടില്ല. 20 ഓളം സ്വദേശത്തും വിദേശത്തുമുള്ള ആളുകളുടെ ഓഹരി പങ്കാളിത്തത്തോടെയാണ് വൈദേകം ആശുപത്രി നടത്തുന്നതെന്ന് തോമസ് ജോസഫ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്