തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഞെട്ടിക്കുന്നത്. എന്നാല്‍ മേയറെ സംരക്ഷിക്കുന്ന നിലപാടാകും സിപിഎം നേതൃത്വം എടുക്കുക. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ ജില്ലാ നേതാവ് കരമന ഹരിക്കെതിരെ നടപടി വരാനും സാധ്യത ഏറെയാണ്. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ ഹരിയുടെ പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തില്‍ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്.

കരമന ഹരിയുടെ പരാമര്‍ശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയില്‍ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരത്തെ അടിയുറച്ച പിണറായി പക്ഷക്കാരനായിരുന്നു. അതുകൊണ്ട് തന്നെ ഹരിയുടെ പ്രസ്താവന ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. സ്പീക്കര്‍ എ.എന്‍.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. നഗരസഭയ്‌ക്കെതിരെയും മേയര്‍ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

കെഎസ്ആര്‍ടിസി മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി എന്ന് പോലും പരിഹാസമെത്തി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതു ജനങ്ങള്‍ക്കിടയില്‍ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു.രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തി. മേയറുംയറും കുടുംബവും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസമാണ്. ബസ്സില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നുവെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ കടന്നാക്രമണം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.

റിയാസ് - കടകംപള്ളി തര്‍ക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിമര്‍ശന ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാര്‍ട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴില്‍ നിര്‍ത്തി. മാധ്യമങ്ങളില്‍ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമര്‍ശനം ഉയര്‍ന്നു.

ഷംസീറിന്റെ ബിസിനസ് ബന്ധം പാര്‍ട്ടി രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ല കമ്മറ്റി അംഗങ്ങള്‍ ആരോപിച്ചു. അമിത് ഷായുടെ മകനെയും കാറില്‍ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാള്‍ സഖാക്കള്‍ സമീപിച്ചപ്പോള്‍ ദേശാഭിമാനി പത്രം പോലും എടുക്കാന്‍ സന്നദ്ധനായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു

മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു.