തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറമുള്ള തന്റെ വ്യക്തിബന്ധങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറമുള്ള തന്റെ വ്യക്തിബന്ധങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്പീക്കർ എ.എൻ. ഷംസീറിനെ സ്വന്തം അനിയനായി ചേർത്തുനിർത്തുന്ന സ്നേഹത്തെക്കുറിച്ചും, ഷിബു ബേബി ജോണുമായി ഇപ്പോൾ നിലനിൽക്കുന്ന അകലത്തിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും ഗണേഷ് കുമാർ മനസ്സ് തുറക്കുകയാണ്.

സ്ഥാനമാനങ്ങൾ കിട്ടുമ്പോൾ വിളി മാറുന്ന രാഷ്ട്രീയ ലോകത്ത്, ഇന്നും തന്നെ 'ഗണേഷേട്ടാ' എന്ന് വിളിക്കുന്ന ഷംസീറിന്റെ വിനയത്തെക്കുറിച്ചും, തന്റെ ഡ്രൈവർക്ക് പോലും അദ്ദേഹം നൽകുന്ന ബഹുമാനത്തെക്കുറിച്ചും വാചാലനാകുന്ന ഗണേഷ് കുമാർ, മറുവശത്ത് ഷിബു ബേബി ജോണിന് ആരുമില്ലാതിരുന്ന കാലത്ത് താൻ നൽകിയ തണലിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. നടൻ മോഹൻലാലുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവമുൾപ്പെടെ, സൗഹൃദങ്ങളിലെ സ്നേഹവും സങ്കടവും ഒരുപോലെ വെളിവാക്കുന്ന മന്ത്രിയുടെ ശ്രദ്ധേയമായ വാക്കുകളിലേക്ക്.

പദവികൾ മാറ്റാത്ത സൗഹൃദം:

സ്പീക്കർ എ.എൻ. ഷംസീർ തനിക്ക് ഒരു സ്വന്തം അനിയനെപ്പോലെയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ എല്ലാവർക്കും അറിയാവുന്ന സ്നേഹബന്ധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസീർ എം.എൽ.എ ആയി സഭയിലെത്തിയ ആദ്യ കാലം മുതൽ തുടങ്ങിയതാണ് തങ്ങൾ തമ്മിലുള്ള 'ചേട്ടൻ - അനിയൻ' ബന്ധമെന്ന് ഗണേഷ് കുമാർ പറയുന്നു. "ഞങ്ങൾ തമ്മിലുള്ള സ്നേഹം സഭയിലുള്ള എല്ലാവർക്കും അറിയാം. സ്പീക്കറായ ശേഷം പുറമെയുള്ളവർക്ക് അദ്ദേഹം ഗൗരവക്കാരനായി തോന്നിയേക്കാം, എന്നാൽ ഷംസീർ പച്ചയായ മനുഷ്യനാണ്. സഭയിൽ വെച്ച് അറിയാതെ പോലും അദ്ദേഹം എന്നെ 'ഗണേഷേട്ടാ' എന്ന് വിളിച്ചുപോകാറുണ്ട്. അത്രയ്ക്ക് സ്നേഹമാണത്," ഗണേഷ് കുമാർ വ്യക്തമാക്കി.

സ്ഥാനമാനങ്ങൾ കിട്ടുമ്പോൾ വിളി മാറുന്നവരാണ് പലരുമെന്നും എന്നാൽ ഷംസീർ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീറിന്റെ എളിമ വ്യക്തമാക്കാൻ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു: "സ്പീക്കറായ ശേഷം അദ്ദേഹം എന്റെ ഷൂട്ടിംഗ് സെറ്റിൽ വന്നിരുന്നു. അവിടെ വെച്ച് തിരികെ പോകുന്ന നേരം എന്റെ ഡ്രൈവർ ശാന്തനെ 'ശാന്തൻ ചേട്ടാ, പോയിട്ട് വരാം' എന്ന് വിളിച്ച് യാത്ര ചോദിച്ചാണ് അദ്ദേഹം വണ്ടിയിൽ കയറിയത്. ആ വിളി കേട്ട് ശാന്തൻ പോലും അമ്പരന്നുപോയി. സ്പീക്കർ പദവിയിലുള്ള ഒരാൾ കാണിക്കുന്ന ആ ബഹുമാനം അദ്ദേഹത്തെ വളർത്തിയ നന്മയുടെ അടയാളമാണ്."

ഷംസീറുമായി ബന്ധപ്പെട്ട് മുൻപുണ്ടായ എൻ.എസ്.എസ് തർക്കങ്ങൾ പരിഹരിക്കപ്പെട്ടതായും ഗണേഷ് കുമാർ അറിയിച്ചു. ഷംസീറിന്റെ മനസ്സിന്റെ ശുദ്ധത താൻ ബോധ്യപ്പെടുത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ എം.കെ. മുനീറിനോടുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിബു ബേബി ജോണുമായുള്ള ബന്ധം:

ഷിബു ബേബി ജോണുമായി തനിക്ക് വ്യക്തിപരമായ ശത്രുതയില്ലെന്നും എന്നാൽ നിലവിലെ പ്രശ്നങ്ങൾ അദ്ദേഹം തന്നെ സൃഷ്ടിച്ചതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. "അദ്ദേഹത്തിന് ആരുമില്ലാതിരുന്ന, സമ്പത്തില്ലാത്ത കാലത്ത് കൂടെയുണ്ടായിരുന്ന ഏക സുഹൃത്ത് ഞാനായിരുന്നു. തോറ്റ് വീട്ടിലിരുന്നപ്പോഴും മന്ത്രിയല്ലാതിരുന്നപ്പോഴും കൂടെ കൊണ്ടുനടക്കാൻ ഗണേഷ് കുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അത് മറന്നുപോയെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല," ഗണേഷ് കുമാർ വ്യക്തമാക്കി.

വർഷങ്ങൾക്ക് മുൻപ് കൊല്ലത്തേക്കുള്ള ഒരു യാത്രയ്ക്കിടെയുണ്ടായ ഹൃദയസ്പർശിയായ ഒരു സംഭവം ഗണേഷ് കുമാർ പങ്കുവെച്ചു. "ഒരിക്കൽ ഞങ്ങൾ ഒരുമിച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ എന്റെ ഫോണിലേക്ക് മോഹൻലാൽ വിളിച്ചു. ഷിബു കൂടെയുണ്ടെന്ന് പറഞ്ഞിട്ടും ലാൽ ഫോൺ വാങ്ങി സംസാരിക്കാൻ കൂട്ടാക്കിയില്ല. ലാൽ ഫോൺ വെച്ചപ്പോൾ 'ലാൽ പോലും എന്നോട് സംസാരിക്കാൻ ഫോൺ ചോദിച്ചില്ലല്ലോ' എന്ന് പറഞ്ഞ് ഷിബു അന്ന് സങ്കടപ്പെട്ടു. ഞാനാണ് അന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്," ഗണേഷ് കുമാർ വെളിപ്പെടുത്തി.

താൻ കള്ളം പറയുകയാണെന്ന് മറ്റുള്ളവർ പറഞ്ഞേക്കാമെന്നും എന്നാൽ തനിക്ക് ആരോടും പിണക്കമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഷിബുവുമായി ഇണങ്ങിയതുകൊണ്ട് തനിക്ക് ശമ്പളമോ പെൻഷനോ കൂടാൻ പോകുന്നില്ല. തന്റെ പ്രവർത്തികൾ ദൈവം കാണുന്നുണ്ടെന്ന ബോധ്യം തനിക്കുണ്ടെന്നും, ആരെയും ദ്രോഹിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമാശകൾ പറയുമെന്നല്ലാതെ മറ്റൊരാൾക്കും ദ്രോഹം വരുന്ന കാര്യങ്ങൾ ചെയ്യില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ ബഹുമാനിക്കുന്ന വ്യക്തി:

രാഷ്ട്രീയത്തിൽ താൻ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് എം.കെ. മുനീറെന്നും ഗണേഷ് കുമാർ പറഞ്ഞു. കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാത്ത സൗഹൃദമാണ് മുനീറുമായുള്ളതെന്നും, സ്നേഹിക്കാൻ കൊള്ളാവുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ദൈവത്തെ ഭയപ്പെടുന്ന ഒരാളായതിനാൽ താൻ ആരെയും ബോധപൂർവ്വം ദ്രോഹിക്കില്ലെന്നും, തന്റെ പ്രവർത്തികൾ ദൈവം കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.