- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറ്റത്തെ മുല്ല പദ്ധതിയില്‍ വെട്ടിപ്പിന്റെ ദുര്‍ഗന്ധം; കുടുംബശ്രീകളില്‍ നിന്നും ബിനാമി ലോണെടുത്തവര്‍ കാണാമറയത്ത്; സഹകരണ ബാങ്കുകള്‍ പെരുവഴിയില്‍
കണ്ണൂര്‍: സംസ്ഥാനത്ത് സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ച വായ്പാ പദ്ധതിയായ 'മുറ്റത്തെ മുല്ല'യില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപണം. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ വെട്ടിലായിരിക്കുകയാണ് സഹകരണ ബാങ്കുകള്‍. പണം ബ്ലേഡ് പലിശക്ക് എടുത്ത് സാമ്പത്തിക നിലവാരവും മാനസിക സന്തുലനവും തകരാറിലാകുന്ന സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനാണ് ഈ പദ്ധതി നടപ്പിലാക്കിയതെങ്കിലും ഇപ്പോള്‍ വന്‍ക്രമക്കേടുകളാണ് പുറത്തുവരുന്നത്.
1000 രൂപ മുതല്‍ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ നല്‍കിയത്. 2018ല്‍ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല ആദ്യം നടപ്പാക്കിയത്. പിന്നീട് 14 ജില്ലകളിലേക്കും വ്യാപിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ 1251.46 കോടി രൂപ നല്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബശ്രീകളില്‍ നിന്നും ബിനാമി പേരുകളിലും വ്യാജഒപ്പുകളുമിട്ടു കൊണ്ടാണ് പലരും വായ്പ തരപ്പെടുത്തിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് സഹകരണബാങ്കുകള്‍ വായ്പക്കാര്ക്ക്് നോട്ടീസ് അയച്ചു തുടങ്ങിയത്.
എന്നാല്‍ നോട്ടീസ് ലഭിച്ചവരില്‍ പലരും തങ്ങള്‍ ഇങ്ങനെയൊരു വായ്പയെടുത്തിട്ടില്ലെന്നു പറഞ്ഞു ബാങ്കുകളെ സമീപിച്ചതോടെയാണ് ബിനാമി ലോണുകളെ കുറിച്ചുളള വിവരം പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് തന്നെ ലക്ഷങ്ങളാണ് ഈതരത്തില് വ്യാജവായ്പയിലൂടെ സംഘടിപ്പിച്ചെടുത്തത്. യഥാര്‍ത്ഥ വായ്പക്കാരെന്ന് അറിയാതെ നിയമനടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സഹകരണ ബാങ്കുകള്‍. ലോണ്‍ ലഡ്ജറില്‍ പേരുളളവര്ക്കാണ് ഇപ്പോള്‍ നോട്ടീസ് അയച്ചുവരുന്നത്. ഇതുകാരണം പുതിയ ലോണ്‍ അനുവദിക്കുന്നത് ബന്ധപ്പെട്ട വ്യക്തിയാരാണോ അവരെ കൊണ്ടു സേവിങ്സ് ബാങ്ക് അൗക്കണ്ട് തുറപ്പിച്ചതിനു ശേഷം അതിലൂടെ മാത്രമേ നല്‍കുകയുളളൂവെന്ന് സഹകരണ ബാങ്ക് അധികൃതര്‍ പറഞ്ഞു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍ദ്ധന കുടുംബങ്ങള്‍ എന്നിവരെ ബ്ലേഡ് പലിശാ ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണബാങ്കുകളുടെ സഹായത്തോടെ മുറ്റത്തെ മുല്ല പദ്ധതി നടപ്പിലാക്കിയത്.
സഹകരണ വകുപ്പ് കുടുംബശ്രീ സംഘങ്ങള്‍ക്കാണ് വായ്പ അനുവദിച്ചത് കുടുംബശ്രീക്ക് അത് സംഘങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഓരോ വാര്‍ഡിലെയും പ്രവര്‍ത്തനമികവും വിശ്വാസവുമുളള ഒന്നു മുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടുമുറ്റത്ത് ചെന്ന് കുറഞ്ഞ പലിശ നിരക്കില്‍ ലഘു വായ്പ നല്കാന് സാധിക്കുന്നുവെന്നായിരുന്നു പദ്ധതിയുടെ പ്രത്യേകത. പരമാവധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും.
കുടുംബശ്രീ യൂണിറ്റുകള്‍ ഈ വായ്പാ കണക്കുകള്‍ ഉത്തരവാദിത്തത്തോടെ സൂക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതൊക്കെ അട്ടിമറിച്ചു കൊണ്ടാണ് സംസ്ഥാനമാകെ കോടികളുടെ വെട്ടിപ്പും ബിനാമി പേരില്‍ വായ്പയെടുക്കലും നടന്നത്.
പദ്ധതി ആദ്യം ആരംഭിച്ച പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത്. 450.75 കോടി രൂപയാണ് പാലക്കാട് നല്‍കിയത്. 220.91 കോടി രൂപയുടെ വായ്പയുമായി തൃശ്ശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം 120.03, കണ്ണൂര്‍ 82.13, മലപ്പുറം 73.01, എറണാകുളം 64.36, തിരുവനന്തപുരം 59.46, കാസറഗോഡ് 47.97, ആലപ്പുഴ 41.55, കോട്ടയം 38.6, പത്തനംതിട്ട 13.45, കോഴിക്കോട് 21.1, വയനാട് 10.38, ഇടുക്കി 7.76 കോടി എന്നിങ്ങനെ ഇതുവരെ 1251.46 കോടി രൂപയാണ് മുറ്റത്തെ മുല്ല വായ്പക്കായി സഹകരണ വകുപ്പ് അനുവദിച്ച തുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുമായി 14,237 കുടുംബശ്രീ യൂണിറ്റുകളാണ് പണമിടപാടുകള്‍ നടത്തിയത്.
കുടുംബശ്രീ വഴിയാണു തുക തിരിച്ചടയ്ക്കേണ്ടതെന്നു നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും വായ്പവാങ്ങിയവരില് ചിലര്‍ പിന്നെ അങ്ങേഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.
സഹകരണബാങ്ക് ഒന്പതുശതമാനം പലിശ നിരക്കില്‍ നല്കുന്ന തുകയ്ക്കു കുടുംബശ്രീ പന്ത്രണ്ടു ശതമാനം നിരക്കിലാണു വിതരണം ചെയ്തത്.
ഈട് നല്‍കേണ്ടതില്ലാത്ത വായ്പയ്ക്കു പരസ്പരം അംഗങ്ങള്‍ ജാമ്യം നില്‍ക്കുകയാണ് ചെയ്തത്. സഹകരണ ബാങ്കുകളും കുടുംബശ്രീ യൂണിറ്റും വായ്പ എടുക്കുന്ന വ്യക്തിയും തമ്മിലുള്ള ത്രികക്ഷി ബോണ്ട് മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ കുടുംബശ്രീ മുഖേനെയല്ലാതെ വായ്പ നല്കിയ തുക വസൂലാക്കാന്‍ സഹകരണ ബാങ്കുകള്‍ നിയമതടസങ്ങളുമുണ്ട്.