തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കിഫ്ബി സി ഇ ഒയുമായ കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ ഹൈക്കോടതിയുടെ ഗുരുതര നിരീക്ഷണങ്ങള്‍ ഉണ്ടെങ്കിലും രാജി വയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐ അന്വേഷണ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കെ എം എബ്രഹാം രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. എല്ലാ പദവിയിലും എബ്രഹാമിന് തുടരാം. അതിനിടെ സിബിഐ എബ്രഹാമിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ അതിശക്തമാണ്. കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെ എം എബ്രഹാം എന്ന് കോടതി പ്രത്യേകം സൂചിപ്പിച്ചു. ഇതില്‍ കൃത്യമായ അന്വേഷണത്തിന് സി ബി ഐ അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സിബിഐ കേസെടുത്താല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. എബ്രഹാമിനെ സെക്രട്ടറിയേറ്റിലെത്തി സിബിഐ അറസ്റ്റു ചെയ്യും.

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇഡി അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഈ ഇടപാടിലും അഴിമതി ആരോപണം ഉണ്ട്. അത് സിബിഐ അന്വേഷിക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രിയും കേസില്‍ പ്രതിയാകും. കെ എം എബ്രഹാം രാജിവച്ച് പോയാല്‍ അതൊരു കീഴ് വഴക്ക സൃഷ്ടിയാകും. സിബിഐ പ്രതിയാക്കിയാല്‍ മുഖ്യമന്ത്രി പദം പിണറായിയും രാജിവയ്‌ക്കേണ്ടി വരും. അതുകൊണ്ടാണ് എബ്രഹാമിനോട് രാജി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. എങ്കിലും കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തനിക്ക് പദവിയില്‍ തുടരാനുള്ള ബുദ്ധിമുട്ടുകള്‍ എബ്രാഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ എബ്രഹാമിനെ സിബിഐ അറസ്റ്റു ചെയ്യുമോ എന്ന ആശങ്കയും സജീവം. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അതിരൂക്ഷമായതു കൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം കിട്ടാനും സാധ്യത കുറവാണ്. തെളിവ് നശീകരണ സാധ്യത അടക്കം കോടതിയില്‍ ഉയര്‍ത്തി മുന്‍കൂര്‍ ജാമ്യാവശ്യത്തെ സിബിഐയ്ക്ക് എതിര്‍ക്കാനാകും. അതിനുള്ള സാധ്യതകളെല്ലാം ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവിലുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണ്ണ കടത്ത് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. സമാനമായി രണ്ടാം പിണറായി സര്‍ക്കാരില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എബ്രഹാം അഴിക്കുള്ളിലാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സിബിഐ ചുമത്തുന്ന വകുപ്പുകളാകും ഇതില്‍ നിര്‍ണ്ണായകമാകുക.

വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. സി ബി ഐയുടെ കൊച്ചി യൂനിറ്റാണ് അന്വേഷണം നടത്തുക. പരാതി, പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐ കൊച്ചി യൂനിറ്റ് സൂപ്രണ്ടിന് ജസ്റ്റിസ് കെ ബാബു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ല.കെ.എം.എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്നു സംശയിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം സി.ബി.ഐക്ക് വിജിലന്‍സ് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗിക പദവി ദുരുപയോഗിച്ച് കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. 2015ല്‍ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതടക്കം പരാതികളിലുണ്ട്. രേഖകള്‍ ചതിച്ചുവെന്നതാണ് വസ്തുത. വരുമാന രേഖകള്‍ പരിശോധിച്ച് ശമ്പളത്തേക്കാള്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കാന്‍ കെ. എം. എബ്രഹാമിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

എട്ടുകോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സ് സഹോദരന്റെ പേരിലായതിനാലാണ് സ്വത്ത് വിവരത്തില്‍ ഉള്‍പ്പെടുത്താത്തതെന്ന് വിജിലന്‍സിന് കെ. എം. എബ്രഹാം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉടമസ്ഥാവകാശം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പ്പറേഷനില്‍ നിന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ 33 വര്‍ഷത്തിനിടെ, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന സ്വത്ത് വിവരത്തില്‍ ഭാര്യയുടെയും, മക്കളുടെയും പേരിലുള്ളത് വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി 2015 മേയ് 25ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജോമോന്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കു നല്‍കിയ വിശദീകരണത്തില്‍, ഭാര്യയ്ക്ക് വിലമതിക്കുന്ന ഒന്നുമില്ലെന്നാണ് അറിയിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയതിന്റെ രേഖകളും ബാങ്കിടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായി ഹര്‍ജിയില്‍ പറയുന്നു.

ആസ്തിബാധ്യതാ കണക്കില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരം നല്‍കിയില്ലെന്നും നിയമവിരുദ്ധമായി സ്വത്തുസമ്പാദിച്ചെന്നുമായിരുന്നു പരാതി. പരാതിയില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയപ്പോള്‍, ഭാര്യ ഷേര്‍ളിക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളല്ലാതെ മറ്റ് സ്വത്തുവകകള്‍ ഒന്നുമില്ലെന്ന വിശദീകരണമാണ് കെ.എം. എബ്രഹാം നല്‍കിയത്. ഇതിനുപിന്നാലെ ജോമോന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ 2016 സെപ്റ്റംബര്‍ ഏഴിന് തിരുവനന്തപുരം കോടതി കെ.എം. എബ്രഹാമിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് വിവാദമായി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയായിരുന്നു ഇത്. ഐഎഎസ് - ഐപിഎസ് പോരിനും ഇത് വഴിവെച്ചു. ഇതിനിടെ, കെ.എം. എബ്രഹാം 2000 മുതല്‍ 2015 വരെയുള്ള കാലത്തിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും പരാതിക്കാരന്‍ ഉന്നയിച്ചു. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് കേസ് എഴുതിത്തള്ളാന്‍ റിപ്പോര്‍ട്ട് നല്‍കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് 2018-ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാം നിലവില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകേണ്ടതുണ്ട്. അതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്.