തിരുവനന്തപുരം: രണ്ടു ദിവസം കൊണ്ട് എമ്പുരാന്‍ 100 കോടി നേടിയെന്ന മോഹന്‍ലാലിന്റെ അവകാശ വാദത്തെ അത്ഭുതത്തോടെ കണ്ട് മോളിവുഡ്. അവിശ്വസനീയ കണക്കാണിതെന്നാണ് നിര്‍മ്മതാക്കള്‍ നല്‍കുന്ന സൂചന. നികുതിയുള്‍പ്പെടെ ആഗോള തലത്തില്‍ ഇതിന്റെ പകുതി പോലും കിട്ടില്ലെന്ന സൂചനകളാണ് നിര്‍മ്മതാക്കള്‍ അടക്കം നല്‍കുന്നത്. കേരളത്തില്‍ നിന്ന് പോലും ആദ്യ ദിനം പരമാവധി 18 കോടിയുടെ കളക്ഷന്‍ കിട്ടിക്കാണും. രണ്ടു ദിവസം കൊണ്ട് പരമാവധി കിട്ടുക 35 കോടിയാണ്. അങ്ങനെ വ്ന്നാല്‍ പോലും നികുതിയും പരസ്യ ചെലവും തിയേറ്റര്‍ വിഹിതവും പോയാല്‍ 15 കോടി മാത്രമേ നിര്‍മ്മതാവിന് കിട്ടൂ. കേരളത്തിലെ ബോക്‌സോഫീസില്‍ ആദ്യ ദിനങ്ങളില്‍ എമ്പുരാന്‍ റിക്കോര്‍ഡ് ഇട്ടുവെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. പക്ഷേ അത് നൂറ് കോടിയായി എന്ന് പറയുന്നതില്‍ ചില അസ്വാഭാവികതയുണ്ടെന്നാണ് വിലയിരുത്തല്‍. എങ്ങനെയാണ് നൂറു കോടി കിട്ടിയതെന്ന് മോഹന്‍ലാല്‍ തന്നെ വിശദീകരിക്കേണ്ട അവസ്ഥയാണുള്ളത്. 225കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ മുടക്കു മുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ചിത്രത്തിന് തിരക്കുണ്ടെന്ന് വരുത്തേണ്ടത് നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ നൂറ് കോടി പോസ്റ്റ് എന്നാണ് വിലയിരുത്തല്‍.

ഒരു സിനിമക്ക് നമ്മള്‍ കൊടുക്കുന്ന 150 -200 രൂപയും ഏതൊക്കെ രീതിയില്‍ വീതം വച്ച് പോകുന്നു എന്ന് ഈ കണക്കുകള്‍ പറയും. തിയറ്റര്‍ വിഹിതം (Theatre Share) എന്നത് സാധാരണയായി GST അടിച്ചുകഴിഞ്ഞ് തിയറ്റര്‍ ഉടമയും ഡിസ്റ്റ്രിബ്യൂട്ടറും തമ്മില്‍ പങ്കിടുന്ന തുക ആണ്. അതായത്, ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്ന് GST ഒഴിവാക്കിയ ശേഷമുള്ള തുക ആണ് വിഹിതമായി ഗണിക്കുന്നത്. ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷന്‍ (BO Gross) എന്നാല്‍ ഒരു സിനിമയുടെ തിയറ്റര്‍ കളക്ഷനില്‍ മൊത്തം ലഭ്യമായ തുക, അതില്‍ GST ഉള്‍പ്പെട്ടിരിക്കും. ഇന്ത്യയില്‍ സിനിമ ടിക്കറ്റ് GST നിരക്ക് 18% (കുറഞ്ഞ ടിക്കറ്റ് വിലയ്ക്ക് 12%) ആയിരിക്കും. നെറ്റ് കളക്ഷന്‍ (BO Net) എന്നാല്‍ ഗ്രോസ് കളക്ഷനില്‍ നിന്ന് GST ഒഴിവാക്കിയതിനു ശേഷമുള്ള തുക ആണ്. ഒരു തിയറ്റര്‍ 100 കോടി കളക്ഷന്‍ നേടുകയാണെങ്കില്‍, 18% GST കിഴിച്ചു: 100×0.18=82 കോടി (BO Net) ആയരിക്കും നെറ്റ് കളക്ഷന്‍. നെറ്റ് കളക്ഷനില്‍ നിന്നാണ് തിയറ്റര്‍ ഉടമക്കും ഡിസ്റ്റ്രിബ്യൂട്ടര്‍ക്കും വിഹിതം നല്‍കുന്നത്. സാധാരണ വിഹിതം: 50% തിയറ്റര്‍ ഉടമയ്ക്കും 50% ഡിസ്റ്റ്രിബ്യൂട്ടര്‍ക്കും നിര്‍മാതാവിനും. ആദ്യ വാരങ്ങളില്‍ കൂടുതല്‍ ഡിസ്റ്റ്രിബ്യൂട്ടര്‍ക്ക് പോകാറുണ്ട്. GST നെറ്റില്‍ നിന്ന് കിഴിച്ച ശേഷം ലഭിക്കുന്ന തുക ആണ് നിര്‍മാതാവിന്റെയും ഡിസ്റ്റ്രിബ്യൂട്ടറുടെയും വരുമാനത്തിന്റെ അടിസ്ഥാനമാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ തിയേറ്ററില്‍ നിന്നും നൂറ് കോടി കിട്ടിയാല്‍ 41 കോടിയാകും നിര്‍മ്മാതാവിന് കിട്ടുക. കേരളത്തില്‍ നല്ല നിലയില്‍ 20 ദിവസമെങ്കിലും ഓടുന്ന സിനിമയ്ക്ക് മാത്രമേ നൂറ് കോടിയുടെ കളക്ഷന്‍ ക്ലബ്ബില്‍ കയറാന്‍ കഴിയൂ. കേരളതത്ിലെ 730 തിയേറ്ററുകളിലാണ് എമ്പുരാന്‍ റിലീസ് ചെയ്തത്. ഇത്രയും തിയേറ്ററില്‍ ഒരു ദിവസം എല്ലാ ഷോയും ഹൗസ് ഫുള്‍ ആയാല്‍ 18 കോടി നിര്‍മ്മാതാവിന് കിട്ടും. എമ്പുരാന് രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഷോകളുണ്ട്. അതുകൊണ്ട് ഇത് വേണമെങ്കില്‍ 20 കോടിയില്‍ എത്തും. അങ്ങനെ വന്നാല്‍ പോലും 40 കോടിയില്‍ മുകളില്‍ ഗ്രോസ് കളക്ഷന്‍ കിട്ടില്ലെന്നതാണ് വസ്തുത.

മോഹന്‍ലാലിന്റെ നൂറ് കോടിയില്‍ ഒടിടി വില്‍പ്പനയും സാറ്റലൈറ്റ് വില്‍പ്പനയും അടക്കം കടന്നു കൂടിയിട്ടുണ്ടാകമെന്ന് വിലയിരുത്തുന്നവരുണ്ട്. അങ്ങനെ എങ്കിലും രണ്ടു ദിവസം കൊണ്ട് നൂറ് കോടി കിട്ടിയെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിക്കുന്നവരുമുണ്ട്. ഒരാഴ്ച മുമ്പ് തന്നെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ തുടങ്ങി. ഒരാഴ്ചയില്‍ അധികമുള്ള ടിക്കറ്റ് വിറ്റു പോയി. ഇതെല്ലാം കൂട്ടിയാണ് കണക്ക് പറയുന്നതെങ്കിലും ആ രണ്ടു ദിവസം എന്നത് അസ്വാഭാവികമായി മാറും. ഒടിടിയും ടിവി റൈറ്റുമെല്ലാം അതിന് മുമ്പേ പോയതുമാണ്. രണ്ടു ദിവസം കൊണ്ട് ഒരിക്കലും നിര്‍മ്മാതാവ് വിഹിതമായി 100 കോടി കിട്ടില്ലെന്നാണ് നിര്‍മ്മതാക്കളും പറയുന്നത്. അത്രയും തുക ഗ്രോസ് ടിക്കറ്റ് വില്‍പ്പനയിലൂടെ കിട്ടാനും സാധ്യതയില്ല. ഇതുകൊണ്ടാണ് ആരാധകരുടെ തിയേറ്ററുകളിലേക്ക് അടുപ്പിക്കാനുള്ള തന്ത്രമായി മോഹന്‍ലാല്‍ പോസ്റ്റിനെ കാണാനുള്ള കാരണവും. മുമ്പ് അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് സമയവും ഇതേ പോലെ നൂറു കോടി ക്ലബ്ബിന്റെ അവകാശ വാദങ്ങള്‍ സജീവമായി ഉയര്‍ന്നിരുന്നു. പിന്നീട് ആ സിനിമ പരാജയമായെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുകയും ചെയ്തു. വിവാദങ്ങളും മറ്റും എമ്പുരാന്റെ പ്രേക്ഷക സാന്നിധ്യം കൂട്ടുമെന്ന് കരുതുകയാണ് എമ്പുരാന്റെ അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ മോഹന്‍ലാലിന്റെ പമ്പരാഗത ഫാന്‍സ് പലരും പതിയെ പിന്‍വലിയുകയാണെന്ന പ്രതീതിയാണ് ഉയരുന്നത്. ഇത് ചിത്രത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ സജീവമാണ്.

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. റിലീസ് ചെയ്ത് 48 മണിക്കൂര്‍ പിന്നിടും മുന്നേ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളാ ബോക്‌സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. പല തിയേറ്ററുകളില്‍ മാരത്തോണ്‍ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം പോലെ തന്നെ രണ്ടാം ദിനവും എല്ലായിടത്തും തിരക്കേറുന്നുണ്ട്. കണക്കുകള്‍ പ്രകാരം ചിത്രം രണ്ടാം ദിനത്തില്‍ കേരളത്തില്‍ ഇതുവരെ നേടിയത് 7.06 കോടിയാണെന്ന് മാധ്യമ റിപ്പോര്‍ട്ട് പോലുമുണ്ട്. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി രണ്ട് ദിവസവും സിനിമയുടെ കളക്ഷന്‍ 10 കോടിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തല്‍. വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. സിനിമയ്ക്കു രണ്ടു കട്ടുകള്‍ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നിര്‍ദേശിച്ചത്. സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം ആറു സെക്കന്‍ഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു പരാമര്‍ശിക്കുന്ന നാല് സെക്കന്‍ഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കന്‍ഡ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കന്‍ഡാണ് സിനിമയുടെ ആകെ ദൈര്‍ഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്‌സി എമ്പുരാന്‍ സിനിമ സെന്‍സര്‍ ചെയ്തത്. എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. സിനിമയിലെ ചില പരാമര്‍ശങ്ങള്‍ മാറ്റാന്‍ നോമിനേറ്റ് ചെയ്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലെ വിമര്‍ശനം. ആര്‍എസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നു. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം. ഇതിന് പിന്നാലെ എമ്പുരാനെ കടന്നാക്രമിച്ച് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്തു വന്നു.

അതേസമയം, എമ്പുരാന്‍ സിനിമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാന്‍ കഴിയണമെന്നു പ്രതികരിച്ച എം.ടി.രമേശിനെയും സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വിമര്‍ശിച്ചു. സിനിമയ്ക്കെതിരെ പ്രചാരണമില്ലെന്നും നടക്കുന്നതു വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും ബിജെപി കോര്‍കമ്മിറ്റി നിലപാട് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയും ആര്‍എസ്എസിന്റെ ദക്ഷിണേന്ത്യാ വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍ സിനിമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. മോഹന്‍ലാല്‍ അറിയാതെയാണ് എല്ലാം സംഭവിച്ചതെന്നാണ് ജയകുമാര്‍ വിശേഷിപ്പിച്ചത്.