- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022ല്‍ സംസ്‌കൃത കോളേജിലെ ലഹരി നൃത്തം! 2023ല്‍ കണ്ണേറ്റുമുക്കിലെ 'ഡോഗ്സിന് അരിവാങ്ങാന്‍ എത്തിയ' നേതാവിനെ പിടിച്ച എക്‌സൈസ്; 2025ല്‍ പേരൂര്‍ക്കട ഏര്യാ സെക്രട്ടറി ആനന്ദ് എപി; ഗോവിന്ദനും പിണറായിയും കണ്ണുരുട്ടിയിട്ടും തിരുവനന്തപുരത്തെ കുട്ടി സഖാക്കള്‍ക്ക് മാറ്റമില്ലേ? എസ് എഫ് ഐയെ വെട്ടിലാക്കി ലോ അക്കാദമി 'പുക വിവാദവും'
തിരുവനന്തപുരം: മയക്കുമരുന്നില്‍ എസ് എഫ് ഐയ്ക്കും പിഴച്ചുവോ? കളമശ്ശേരിയിലെ പോലീസിന്റെ കഞ്ചാവ് റെയ്ഡില്‍ വെട്ടിലായത് എസ് എഫ് ഐയാണ്. പിണറായി പോലീസ് നടത്തിയ റെയ്ഡില്‍ കളമശ്ശേരി പോളി ടെക്‌നിക്കിലെ എസ് എഫ് ഐ പ്രമുഖന്‍ തന്നെ കുടുങ്ങി. പിന്നാലെ പലവിധ ചര്‍ച്ചകളുണ്ടായി. ഇതിനിടെ തിരുവനന്തപുരത്ത് എസ് എഫ് ഐയെ പ്രതിക്കൂട്ടിലാക്കി പുതിയ ദൃശ്യങ്ങള്‍ പുറത്തായി. എസ്എഫ്‌ഐ പേരൂര്‍ക്കട ഏരിയ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആനന്ദ് എ പി അടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പേരൂര്‍ക്കടയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളാണ് എന്നതിന്റെ തെളിവാണ് ഇതെന്ന വാദം സജീവമാണ്. പേരൂര്‍ക്കട ലോ അക്കാദമി രണ്ടാം വര്‍ഷ എല്‍എല്‍എം വിദ്യാര്‍ത്ഥിയാണ് ആനന്ദ് എ പി. ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഒഴാഴ്ച മുന്‍പ് ക്യാമ്പസില്‍ എസ്എഫ്‌ഐ നേതാക്കള്‍ ലഹരിക്കെതിരായി ക്യാമ്പയിന്‍ നടത്തിയിരുന്നതായും ആനന്ദ് ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നതെന്നുമാണ് സൂചന. സമൂഹ മാധ്യങ്ങള്‍ വഴി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. തലസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് ആനന്ദ് ഉള്‍പ്പടെയുള്ള എസ്.എഫ്.ഐ നേതാക്കളെന്നും എം.ജെ യദു കൃഷ്ണന്‍ പറഞ്ഞു. കൂടാതെ ദൃശ്യങ്ങള്‍ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ളതാണെന്നും കാട്ടി എസ്എഫ്‌ഐ വിശദീകരണവുമായി എത്തുമെന്നും യദു കൃഷ്ണ ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു- കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് വേട്ടയില്‍ ഇന്ന് അറസ്റ്റിലായ ഷാലിഖ് 2023ല്‍ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. 2024 ല്‍ ഹാജര്‍കുറവുമൂലം ക്യാമ്പസില്‍ നിന്ന് പുറത്തായ ഘട്ടം മുതല്‍ സംഘടനയുമായോ, കെ.എസ്.യുവുമായോ യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ്. ഏതായാലും തീവ്രത അളക്കാനോ, ജാഗ്രതക്കുറവ് ഉണ്ടായെന്നോ ,നിയമസഹായം നല്‍കാനോ കെ.എസ്.യു മുതിരില്ല എന്ന് അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നു. അതേ സമയം, @പി എം ആര്‍ഷോ ഞാന്‍ ഒരു വീഡിയോ ഇപ്പോള്‍ പുറത്ത് വിടുകയാണ്. ദൃശ്യങ്ങളില്‍ കാണുന്ന കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തി എസ്.എഫ്.ഐയുടെ പേരൂര്‍ക്കട ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായ തലസ്ഥാന നഗരിയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് അഡ്വ ആനന്ദ് എ പി. എസ്.എഫ്.ഐ നേതാക്കളാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ദൃശ്യങ്ങള്‍ എഐസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ദൃശ്യങ്ങളാണെന്നന്ന് പറഞ്ഞ് വെള്ളപൂശാന്‍ വരുമായിരിക്കും സഖാവും കൂട്ടരും എന്ന് വിശ്വസിക്കുന്നു. യദുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സിപിഎം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് മുമ്പും എസ് എഫ് ഐയെ ലഹരി വിവാദം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം മുന്നറയിപ്പുകളും തിരുത്തലും നടത്തി. പക്ഷേ ഇതൊന്നും ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തു വരുന്ന ദൃശ്യങ്ങളിലേത്. മൂന്ന് കൊല്ലം മുമ്പ് കോളേജ് വളപ്പില്‍ മദ്യപിച്ചു നൃത്തംചെയ്ത സംഭവത്തില്‍ അന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ ഗോപിനാഥിനെയും ജില്ലാ പ്രസിഡന്റായിരുന്ന ജോബിന്‍ ജോസിനെയും പുറത്താക്കിയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വത്തിന്റെ നടപടി. സി.പി.എം. സംസ്ഥാന കമ്മിറ്റിയിലും സംഭവം ചര്‍ച്ചയായിരുന്നു. അന്ന് സംസ്‌കൃത കോളേജ് വളപ്പില്‍ രാത്രി ഇരുനേതാക്കളും കൂടെയുണ്ടായിരുന്നവരും മദ്യപിച്ച് നൃത്തംചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എസ്.എഫ്.ഐ. നേതാക്കളുടെ യോഗം വിളിച്ച് ജില്ലാനേതൃത്വത്തിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ നേതൃത്വത്തിലെ ചില പ്രമുഖ നേതാക്കളുടെ ഇടപെടലില്‍ നടപടി വൈകുന്നെന്ന് ആരോപണം വന്നു. സി.പി.എമ്മിലെയും എസ്.എഫ്.ഐ.യിലെയും വിഭാഗീയതയാണ് വീഡിയോ പുറത്തുവരാന്‍ കാരണമായത്. ഗോകുലിനെ ഡി.വൈ.എഫ്.ഐ. പേരൂര്‍ക്കട ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാനും തീരുമാനിച്ചിരുന്നു. ജോബിന്‍ ജോസിന് വ്യാഴാഴ്ച ഡി.വൈ.എഫ്.ഐ. കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കടുത്ത നടപടി വേണമെന്ന ആവശ്യത്തിലായിരുന്നു അംഗങ്ങള്‍. എന്നാല്‍, കാരണം കാണിക്കലില്‍ ഒതുക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. അതിന് ശേഷം എല്ലാം തിരുവനന്തപുരത്ത് ശരിയാണെന്ന തരത്തിലായിരുന്നു എസ് എഫ് ഐയുടെ പോക്ക്. ഇതിനിടെയാണ് പേരുര്‍ക്കടയിലെ എസ് എഫ് ഐ നേതാവ് വീണ്ടും മയക്കുമരുന്ന് വിവാദത്തില്‍ പെടുന്നത്.
തിരുവനന്തപുരം നഗരമധ്യത്തില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകന്‍ മുഖ്യകണ്ണിയായ വന്‍ കഞ്ചാവ് വേട്ട 2023ലും നടന്നിരുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വഞ്ചിയൂര്‍ പ്രാദേശിക കേന്ദ്രത്തിലെ എസ് എഫ് ഐ മുന്‍ യൂണിറ്റ് സെക്രട്ടറി അഖിലുള്‍പ്പെടെ നാലുപേരെയാണ് 94 കിലോ കഞ്ചാവുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അന്ന് പിടികൂടിയത്. കന്യാകുമാരിക്ക്് ഓട്ടം വിളിച്ച റെന്റ് എ കാര്‍ വിജവാഡയ്ക്ക് പോയത് ജിപിഎസ് സംവിധാനത്തിലൂടെ മനസിലാക്കിയ കാര്‍ ഉടമ നല്കിയ വിവരമാണ് പ്രതികളെ അന്ന് കുടുക്കിയത്. 2023 മേയില്‍ നഗര മധ്യത്തിലെ കണ്ണേറ്റുമുക്കില്‍ 11 മണിയോടെയയായിരുന്നു സ്ത്രീകളേയും കുട്ടികളേയും മറയാക്കി കഞ്ചാവ് കടത്തുന്ന വന്‍ സംഘം പിടിയിലായത്. ജംങ്ഷനില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറിനെ എക്‌സൈസ് സംഘം വളയുകയായിരുന്നു. കാര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ലഭിച്ചത് 46 കഞ്ചാവ് പൊതികളാണ്. പാച്ചല്ലൂര്‍ സ്വദേശി ചൊക്കന്‍ രതീഷെന്ന് വിളിക്കുന്ന രതീഷ്, തിരുവല്ലം സ്വദേശി രതീഷ്, അഖില്‍ , വിഷ്ണു എന്നിവരാണ് വിജയവാഡയില്‍ നിന്ന് കഞ്ചാവ് എത്തിച്ചത്. നഗരത്തിലെ പ്രധാന വിതരണക്കാരന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായ അഖിലാണെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ അന്ന് ആരോപിച്ചിരുന്നു. താന്‍ കഞ്ചാവ് കടത്തുകാരനല്ലെന്നും എസ് എഫ് ഐ നേതാവാണെന്നും അഖില്‍ മാധ്യമ പ്രവര്‍ത്തരോട് വിളിച്ചു പറഞ്ഞു.
മാനവീയം വീഥിയടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നും പ്രതികള്‍ നേരത്തെയും കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും എക്‌സ്സൈസ് അന്ന് വിശദീകരിച്ചിരുന്നു. സ്ത്രീയും രണ്ടു കുട്ടികളും ഉള്‍പ്പെട്ട സംഘം കന്യാകുമാരിയിലേയ്ക്ക് പോകാനെന്ന വ്യാജേനയാണ് റെന്റ് എ കാര്‍ വാടകയ്‌ക്കെടുത്തത്. കാര്‍ വിജയവാഡയിലേയ്ക്ക് പോകുന്നത് ജിപിഎസ് സംവിധാനത്തിലൂടെ മനസിലാക്കിയ കാറുടമ വിവരം നല്കിയെന്നും പിന്തുടര്‍ന്ന് പിടികൂടിയെന്നുമാണ് എക്‌സൈസ് അന്ന് പറഞ്ഞിരുന്നത്. അന്നും എസ് എഫ് ഐ എക്‌സൈസ് വാദങ്ങളെ തള്ളി പറഞ്ഞിരുന്നു. അന്ന് പിടിയിലായ അഖില്‍ 2019-ല്‍ എസ്.എഫ്.ഐ പ്രവര്‍ത്തനം വിട്ടതാണെന്നും കടയില്‍ അരി വാങ്ങിക്കാന്‍ വന്നപ്പോളാണ് തന്നെ പിടികൂടിയതെന്നുമായിരുന്നു പ്രതികരിച്ചത്. ഞാന്‍ ഇവിടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന വ്യക്തിയാണ്. എനിക്ക് ഫാം ഉണ്ട്. വീട്ടില്‍ ഡോഗ്സുണ്ട്. ഡോഗ്സിന് അരി വാങ്ങിക്കാന്‍ വന്ന വ്യക്തിയാണ്. സാധനം മേടിക്കാന്‍ ഇവിടെനിന്നപ്പോളാണ് സാര്‍ എന്റെ കോളറില്‍ പിടിച്ചത്. എന്റെ ഫോണില്‍ കോളൊന്നുമില്ല. രണ്ടുവര്‍ഷമായി ഇവിടെ കടയില്‍നിന്ന് സാധനം മേടിക്കുന്നയാളാണ്''- ഇതായിരുന്നു അന്ന് അഖില്‍ പറഞ്ഞത്.