- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ ഹീത്രൂ അധികൃതരുടെ തലയ്ക്ക് വച്ച് എയർ ഇന്ത്യ കൈകഴുകുന്നു; കൊച്ചി വിമാനം നഷ്ടമായത് ഹീത്രൂവിൽ സ്ലോട്ട് ഇല്ലാത്തതു കൊണ്ടെന്ന്; പക്ഷെ ആദ്യം കത്തിവച്ചതുകൊച്ചിക്കെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല; പകരം ഗാട്വിക്കിലേക്ക് പറക്കാനുള്ള ആലോചന; എയർ ഇന്ത്യയെ ഓടിച്ചതിൽ ഹീത്രൂ എയർപോർട്ടിൽ നിക്ഷേപമുള്ള ഖത്തർ അടക്കമുള്ള എയർലൈനുകളുടെ ഗൂഢാലോചനയോ?
ലണ്ടൻ: ലാഭകരമായി രണ്ടര വർഷത്തോളം പറന്ന ഒരു വിമാന സർവീസ് പൊടുന്നനെ ഒരറിയിപ്പും ഇല്ലാതെ കാണാതാകുന്നത് എന്ന ചോദ്യത്തിന് പതിവ് പോലെ വൈകിയാണെങ്കിലും ഉത്തരമെത്തി, അതും അനൗദ്യോഗികം. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം ഇല്ലാതാകുകയാണ് എന്ന് റിപ്പോർട്ട് ചെയ്തത് മുതൽ ഈ വിമാനത്തിനായി നാനാഭാഗത്തും നിന്നും സമ്മർദ്ദം ഉണ്ടായതോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് എയർ ഇന്ത്യ.
ഈ വിമാനത്തിനായി അതിരുവിട്ട സഹായങ്ങൾ നൽകിയ കൊച്ചി സിയാൽ എയർപോർട്ട് അധികൃതരെ പോലും അറിയിക്കാതെയാണ് എയർ ഇന്ത്യ ഏകപക്ഷീയ തീരുമാനം എടുത്തത്. അതും അസാധാരണമായ വിധത്തിൽ ഒളിച്ചു കളി നടത്തിക്കൊണ്ടു തന്നെ. വിവരം പുറത്തു വരുമ്പോൾ യുകെ മലയാളികളുടെ ഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടായേക്കും എന്ന തിരിച്ചറിവിലാണ് ഏതാനും മാസം മുൻപേയെടുത്ത തീരുമാനം എയർ ഇന്ത്യ ആരുമറിയാതെ നടപ്പാക്കി തുടങ്ങിയത്.
വിവരം പുറത്തു വിട്ടതോടെ സമ്മർദ്ദം ശക്തമായി
ഈ വർഷത്തെ സമ്മർ അവധിക്കായി മുൻകൂട്ടി ബുക്ക് ചെയ്യാൻ യാത്രക്കാർ ശ്രമം നടത്തിയപ്പോഴാണ് ബുക്കിങ് സൈറ്റുകളിൽ നിന്നും വിമാനം അപ്രത്യക്ഷമായ വിവരം പുറം ലോകം അറിയുന്നത്. അനേകം വായനക്കാർ ഈ വിവരം മറുനാടൻ മലയാളിയെ ധരിപ്പിച്ചതോടെയാണ് വാർത്ത പുറത്തു വരുന്നത്. ഇതോടെ എയർ ഇന്ത്യ രഹസ്യമാക്കി വച്ച വിവരം ലോകമെങ്ങും എത്തി. ഒരു കാരണവും പറയാതെ വിമാനം ഇല്ലാതാകുന്നു എന്നാണ് പൊതുവിൽ ഇതേക്കുറിച്ചു ധാരണ പരന്നത്.
നിജസ്ഥിതി അറിയാൻ സിയാൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു വിവരവും ഇല്ലെന്നു രേഖാമൂലം മറുപടി ലഭിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ എല്ലാം പുറത്തു വന്നപ്പോഴാണ് എയർ ഇന്ത്യക്ക് ഹീത്രൂവിൽ ആവശ്യമായ സ്ലോട്ട് ലഭിക്കാത്തതു കൊണ്ടാണ് വിമാനം റദ്ദാക്കിയത് എന്ന വിവരമാണ് ഇപ്പോൾ എയർ ഇന്ത്യയുടെ ലണ്ടൻ ഓപ്പറേഷൻ ഓഫിസിൽ നിന്നും അനൗദ്യോഗികമായി ലഭ്യമാകുന്ന മറുപടി.
സർവ്വീസുകളുടെ എണ്ണം കുറയ്ക്കണം എന്ന് ഹീത്രൂവിൽ നിന്നും സമ്മർദ്ദം ഉണ്ടായപ്പോൾ മലയാളി മനസ്ഥിതി നന്നായി അറിയാവുന്ന എയർ ഇന്ത്യ അധികൃതർ ആദ്യം കത്തി വച്ചതു കൊച്ചി വിമാനത്തിന്റെ ഷെഡ്യൂളിൽ ആണ്. ഡൽഹിയും മുംബൈയും കഴിഞ്ഞാൽ ലണ്ടനിൽ നിന്നും ഏറ്റവും അധികം വരുമാനം നൽകുന്ന സർവീസ് കൊച്ചിയിലേക്ക് ഉള്ളതാണെന്ന് പോലും എയർ ഇന്ത്യ മറന്നു കളഞ്ഞു.
ഹൈദരാബാദും അഹമ്മദാബാദും ഗോവയും ബാംഗ്ലൂരും ഒക്കെ നിലനിർത്തിയപ്പോഴാണ് എയർ ഇന്ത്യ കൊച്ചിയെ അരിഞ്ഞു തള്ളിയത് എന്നതും ശ്രദ്ധേയമാണ്. മലയാളികളുടെ കാര്യത്തിൽ കൂടി വന്നാൽ കുറച്ചു വാർത്ത കോലാഹലം മാത്രമേ സംഭവിക്കൂ എന്നറിയാവുന്നതിനാലാണ് എയർ ഇന്ത്യ ധൈര്യമായി ലാഭത്തിൽ പറന്ന ഈ സർവീസ് ആദ്യം ഇല്ലാതാക്കിയത്. ആ ഘട്ടത്തിൽ അഹമ്മദാബാദും പാതി യാത്രക്കാരുമായി പറക്കുന്ന ഹൈദരാബാദും ഒക്കെ നിലനിർത്തുക ആയിരുന്നു.
വാർത്തയെ തുടർന്ന് പല കോണുകളിൽ നിന്നും സമ്മർദ്ദം ശക്തമായതോടെ ഇപ്പോൾ ഡൽഹിയും മുംബൈയും ഒഴിച്ചുള്ള ചില സർവീസ് ഷെഡ്യുളും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയെ മാത്രമല്ല എല്ലാ സർവീസുകളെയും ഹീത്രൂ സ്ലോട്ട് ഷോർട്ടേജ് ബാധിച്ചു എന്ന് വരുത്തി തീർക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. അതേസമയം മലയാളികൾക്ക് ആശ്രയിക്കാൻ മറ്റൊരു വിമാനം ഇല്ലെന്നറിയാവുന്ന എയർ ഇന്ത്യ ഡൽഹിയുടെയോ മുംബൈയുടെയോ ഒരു സർവീസ് ഇല്ലാതാക്കി പകരം ആഴ്ചയിൽ ഒരു സർവീസ് എങ്കിലും മലയാളികൾക്ക് നൽകാൻ കരുണ കാണിക്കാത്തതിൽ മറ്റു പല ലക്ഷ്യങ്ങളും സംശയിക്കപ്പെടുകയാണ്. മലയാളികൾ നേരിട്ടുള്ള സർവീസിനെ ആശ്രയിച്ചു തുടങ്ങിയപ്പോൾ ബിസിനസ് നഷ്ടമായ ഗൾഫ് വിമാനക്കമ്പനികളുടെ ലോബിയിങ് സ്വകാര്യ സ്ഥാപനമായ എയർ ഇന്ത്യ തലപ്പത്തും എത്തിയോ എന്നതാണ് ഇതിൽ ആദ്യം ഉയരുന്ന സംശയം.
മലയാളിക്ക് വേണ്ടി രാഷ്ട്രീയ സമ്മർദം ഉണ്ടാവില്ലെന്ന ധാരണ കൊച്ചിയെ ആദ്യം കത്തിവയ്ക്കാൻ കാരണമായി
മറ്റൊന്ന് അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ഗോവ തുടങ്ങിയ റൂട്ടുകളിൽ കൈവച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ സമ്മർദ്ദം ഒന്നും കൊച്ചി വിമാനത്തിന്റെ പേരിൽ ഉണ്ടാവില്ല എന്ന് മലയാളി രാഷ്ട്രീയക്കാരെ നന്നായി അറിയാവുന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥർ ന്യായമായും ഉറപ്പിക്കുകയും ചെയ്തിരിക്കണം. ലണ്ടനിൽ എത്തിയ കേരള മുഖ്യമന്ത്രി കൊച്ചി ലണ്ടൻ വിമാനം ആഴ്ചയിൽ അഞ്ചു വീതം പറക്കും എന്ന് വ്യവസായിയും സിയാലിൽ നിർണായക ഓഹരി പങ്കാളിത്തമുള്ള ലുലു ഗ്രൂപ് ചെയർമാൻ യൂസഫലിയെ സാക്ഷിയാക്കി പറഞ്ഞതും മറ്റു സർവീസുകളിൽ കണ്ണുള്ള ലോബിയെ ചൊടിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ റൂട്ടിൽ എയർ ഇന്ത്യ എന്നന്നേത്തേക്കുമായി കുത്തക സ്ഥാപിക്കുകയാണ് എന്ന ധാരണ പരക്കാൻ ഈ പ്രഖ്യാപനം ഇടയാക്കി. ഇക്കാര്യത്തിൽ എയർ ഇന്ത്യ ഒരക്ഷരം പ്രതികരിച്ചില്ല എന്നതും കൂടിയാലോചന പോലും നടത്താതെയുള്ള പ്രഖ്യാപനമായിരുന്നു അതെന്നു വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
അതിനിടെ ഹീത്രൂ എയർപോർട്ടിൽ ഏതാനും മാസം മുൻപ് ജീവനക്കാർ സമരം ചെയ്തപ്പോൾ എല്ലാ സർവീസുകളോടും എണ്ണം വെട്ടിക്കുറയ്ക്കാൻ ഹീത്രൂ എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് നിഷേധാത്മക നിലപാടാണ് എമിരേറ്റ്സ് അടക്കം ഉള്ളവർ സ്വീകർച്ചത്. ഈ ഘട്ടത്തിൽ വിമാനത്താവള പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബ്രിട്ടീഷ് എയർവേയ്സ് ആണ് തങ്ങളുടെ സർവീസുകൾ പലതും വെട്ടിക്കുറച്ചത്.
ഹീത്രൂ എയർപോർട്ടിൽ നിർണായക ഓഹരി പങ്കാളിത്തം ഉള്ള ഖത്തർ അടക്കമുള്ളവർ വേണമെങ്കിൽ ബ്രിട്ടീഷ് എയർവേയ്സ് സർവീസ് കുറക്കട്ടെ എന്ന നിലപാടിലായിരുന്നു. കോവിഡ് കാലത്തു കിട്ടാതിരുന്ന കച്ചവടം മടങ്ങി വന്നപ്പോൾ പരമാവധി യാത്രക്കാരെ ഒന്നിച്ചു കൈകാര്യം ചെയ്യാൻ ഓവർ ഫ്ലോ ബുക്കിങ് എടുത്ത വിമാനക്കമ്പനികളുടെ കച്ചവട താൽപര്യമാണ് ഹീത്രൂവിൽ ഈ പ്രതിസന്ധി വളർത്തിയത്. ഇതോടെയാണ് സ്ലോട്ടുകളുടെ കാര്യത്തിൽ ഹീത്രൂ കടുംപിടുത്തം നടത്തിയതും അതൊടുവിൽ മലയാളികളായ യാത്രക്കാർക്ക് പാരയായി മാറിയതും.
ഹീത്രൂവിൽ ബലം പിടിക്കാതെ ഗാട്വിക്ക് ലഭിക്കുമോ എന്ന ചർച്ച സജീവം
ഹീത്രൂവിൽ ഇനി ബലം പിടിച്ചിട്ടു കാര്യം ഇല്ലെന്നു മനസിലാക്കിയ എയർ ഇന്ത്യ ഇപ്പോൾ പകരമായി ഗാട്വികിൽ ഇടം കിട്ടുമോയെന്നു പരിശോധിക്കുകയാണ്. എയർ ഇന്ത്യ ഹീത്രൂവിലേക്കു തന്നെ മടങ്ങി വരും എന്ന് ചില കോണുകളിൽ നിന്നും വാർത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ ഗാട്വിക്കോ ബിർമിങ്ഹാമോ ലഭിച്ചാലും യുകെയിലെ മലയാളി യാത്രക്കാർക്ക് അതൊരു പ്രശ്നമാകാൻ ഇടയില്ല. എങ്ങനെയും നാട്ടിൽ നേരിട്ട് പറന്നെത്തുക എന്ന ആഗ്രഹം സാധിക്കാൻ ലണ്ടനിലെയോ മിഡ്ലാൻഡ്സിലെയോ വിമാനത്താവളം ആശ്രയം ആകുമെങ്കിൽ ഈ സർവീസിനെ കൈവിടാതിരിക്കാൻ യുകെ മലയാളി സമൂഹം തയ്യാറാകും എന്നാണ് ഇപ്പോൾ എയർ ഇന്ത്യക്ക് മുന്നിൽ എത്തുന്ന പ്രധാന നിർദ്ദേശം.
എന്നാൽ കാർഗോ അടക്കമുള്ള സേവനം കൈകാര്യം ചെയ്യാൻ ലണ്ടൻ എയർപോർട്ടാണ് നല്ലതെന്ന ചിന്തയിൽ ഒന്നാം സ്ഥാനം ഗാട്വിക്കിനു തന്നെ ആയിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു കടമ്പകൾ ഒട്ടേറെ ഉള്ളതിനാൽ ഈ വർഷത്തെ അവധിക്കാലത്തു യുകെ മലയാളികൾക്ക് നേരിട്ട് നാട്ടിലേക്കു പറക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇപ്പോൾ നൽകാൻ എയർ ഇന്ത്യ തയ്യാറല്ല.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.