തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായാണ് എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ ഇന്നലെ പുറത്തുവന്നിരുന്നു. സൈബറിടത്തില്‍ ട്രെയിലറര്‍ വന്‍ ഹിറ്റാണ്. ഇത് ആരാധകരെ ഏറെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. തീയറ്ററില്‍ ഹിറ്റായി ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്നു എന്നതു തന്നെയാണ് സിനിമകളുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. അതേസമയം ഈ പ്രതീക്ഷകള്‍ക്ക് ഒപ്പമെത്താന്‍ ചിത്രത്തിന് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട അവസാന നിമിഷത്തില്‍ ഉണ്ടായ തടസ്സങ്ങളെല്ലാം മറികടന്നാണ് എമ്പുരാന്‍ ഈ മാസം 27ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. എമ്പുരാന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവ് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമായി മാറിയിരുന്നത്. എമ്പുരാന്റെ നിര്‍മാണ ചെലവ് 150 കോടിയാണെന്ന് ആന്റണി പറഞ്ഞുവെന്നും ഈ പണം എങ്ങനെ തീയറ്റിറില്‍ നിന്നും തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന ആശങ്കയുമാണ് സുരേഷ് കുമാര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിന് മറുപടിയുമായി ആന്റണി പെരുമ്പാവൂരും രംഗത്തുവരികയുണ്ടായി.

ഈ വിവാദം പിന്നീട് അടങ്ങിയെങ്കിലും എമ്പുരാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവിടെ നിന്നിരുന്നു. യഥാര്‍ഥത്തില്‍ എമ്പുരാന്‍ സിനിമയുടെ നിര്‍മാണ ചെലവ് 228 കോടിയാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇത്രയും വലിയൊരു ചിത്രം മലയാളം സിനിമ താങ്ങുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. 400 കോടിയെങ്കിലും കളക്ട് ചെയ്താല്‍ മാത്രമേ സിനിമ വിജയത്തില്‍ എത്തുകയുള്ളൂ. ബോളിവുഡ് സിനിമകള്‍ പോലും എടുക്കുന്ന ലൈക്കയുടെ കടന്നുവരവാണ് എമ്പുരാന് പ്രതീക്ഷയായിരുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ നിര്‍മാണ ചെലവില്‍ അല്‍പ്പം ധൂര്‍ത്തുവന്നു എന്നും ആക്ഷേപമുണ്ട്.


സിനിമയുടെ ചിത്രീകരണത്തില്‍ 40 കോടിയോളം അധിക ചിലവ് വന്നെന്ന് സൂചനകളുണ്ട്. ഇത് കൂടാതെ ചിത്രത്തിന്റെ കേരള മാര്‍ക്കറ്റിലെ ഷെയര്‍ ആന്റണി പെരുമ്പാവൂരിനായാണ് നിശ്ചയിച്ചത്. പൃഥ്വാരാജിന്റെയും മോഹന്‍ലാലിന്റെയും പ്രതിഫലം കൊടുക്കേണ്ട ചുമതലയും ആന്റണിക്കാണ്. ഇതോടെ സിനിമയുടെ മറ്റിടങ്ങളിലെ മാര്‍ക്കറ്റില്‍ നിന്നും വേണം ലൈക്ക മുടക്കിയ പണം തിരിച്ചു പിടിക്കേണ്ട അവസ്ഥ ഉണ്ടായത്. ഇതിന് പുറമേ അടുത്തിടെ എടുത്ത മറ്റു ചിത്രങ്ങളുടെ ബാധ്യതകളുടെ കൂടി പശ്ചാത്തലത്തിലാണ് ലൈക്ക എമ്പുരാന്‍ ടീമില്‍ നിന്നും പിന്‍മാറിയത്. ഈ സാഹചര്യത്തില്‍ റിലീസിംഗ് പ്രതിസന്ധിയില്‍ ആയതോടെയാണ് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് രംഗപ്രവേശനം ചെയ്യുന്നത്.

ലൈക്കയ്ക്ക് പണം കൊടുക്കേണ്ട സാഹചര്യത്തില്‍ ഗോകുലം ഗോപാലനെ നേരിട്ടു വിളിച്ചു പിന്തുണ തേടിയത് മോഹന്‍ലാലാണ്. ഇതോടെ സിനിമയുടെ ആകെ ചിലവു കണക്കാക്കി പകുതി ഗോകുലവും മറ്റുപകുതി ആന്റണി പെരുമ്പാവൂരും വഹിക്കാമെന്ന ധാരണയായി. 110 കോടി രൂപക്കാണ് ഗോകുലം ഗോപാലന്‍ സിനിമ ഏറ്റെടുത്തത്. ഇതിനോടകം 71 കോടി ചിത്രത്തിനായി മുടക്കിയെന്നാണ് വിവരം. വരും ദിവസങ്ങളില്‍ മറ്റു പണവും അദ്ദേഹം നല്‍കും. ഇതിനിടെ ലൈക്ക് പ്രൊഢക്ഷന്‍സ് 70 കോടിയോളം ഗോകുലം ഗോപാലന് നല്‍കാനുണ്ട്. ഈ തുകയും വകവെച്ചാണ് ഗോകുലം ലൈക്കയില്‍ നിന്നും ചിത്രം വാങ്ങിയത്. ഇതോടെ ഗോകുലം തന്റെ ഭാഗം ഏതാണ്ട് സെറ്റാക്കിയിട്ടുണ്ട്.

ഇതിനിടെ 100 കോടിക്ക് മുകളിലായി ആന്റണി പെരുമ്പാനൂവൂരിന് ബാധ്യതയുണ്ട്. ഈ പണം തീറ്ററുകളില്‍ നിന്നും മറ്റു ബിസിനസുകളില്‍ നിന്നും വേണം തിരിച്ചു പിടിക്കാന്‍. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ് മാത്രമാണ് ഇപ്പോള്‍ വിറ്റുപോയത്. ഓവര്‍സീസ്, ഒടിടി, തുടങ്ങിയ മാറ്റു ബിസിനസുകള്‍ ഇനിയും നടന്നിട്ടില്ല. മോഹന്‍ലാലിന്റെയും പൃഥ്വാരാജിന്റെയും സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ചിത്രമാകും ഇതെന്നാണ് വിലയിരുത്തല്‍. സിനിമ വിജയിച്ചാല്‍ ഇരുവര്‍ക്കും അത് വന്‍ നേട്ടമാകും. പൃഥ്വിരാജ് ബോളിവുഡില്‍ ഷാരൂഖ് ഖാനെ വെച്ചു സിനിമ ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.

മറിച്ച് സിനിമ നഷ്ടത്തിലാണെങ്കില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് പ്രതിസന്ധിയിലാകാന്‍ പോകുന്നത്. തുടര്‍തോല്‍വികള്‍ മോഹന്‍ലാലിനെയും ബാധിക്കും. മലയാള സിനിമയിലെ നിര്‍മാണ ചിലവില്‍ അച്ചടക്കം വേണെന്ന ആവശ്യവും ശക്തമായി ഉയരും. അതേസമയം വലിയ റിസ്‌ക്കെടുത്താണ് സിനിമയുടെ അണിയറക്കാര്‍ ഇപ്പോഴും മുന്നോട്ടു പോകുന്നത്. 350 കോടി ക്ലബ്ബിലേക്ക് സിനിമ എത്താന്‍ ആവശ്യമായ പ്രചരണ പരിപാടികള്‍ അടക്കം ആസൂത്രണം ചെയ്യുന്നുണ്ട്. സിനിമ വിജയമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ആശങ്കയുടെ നൂല്‍പ്പാലത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും.

ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തും. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിര്‍വഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് പാന്‍ വേള്‍ഡ് അപ്പീല്‍ നല്‍കുന്നു.

2023 ഒക്ടോബര്‍ 5ന് ഫരീദാബാദില്‍ ചിത്രീകരണം ആരംഭിച്ച എമ്പുരാന്, അമേരിക്ക, യു കെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ ലൊക്കേഷനായി. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിങ് നിര്‍വഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹന്‍ദാസ് കലാസംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയത് സ്റ്റണ്ട് സില്‍വയാണ്. നിര്‍മ്മല്‍ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍. പൂര്‍ണമായും അനാമോര്‍ഫിക് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോര്‍മാറ്റില്‍ തന്നെയാവും ഒരുക്കുക എന്നും സംവിധായകന്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

2025 ജനുവരി 26 നു ആദ്യ ടീസര്‍ പുറത്ത് വിട്ടു കൊണ്ട് പ്രമോഷന്‍ ജോലികള്‍ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വിഡിയോകള്‍ പുറത്തു വിടുന്നത് ഫെബ്രുവരി ഒന്‍പത് മുതല്‍ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്റര്‍, വീഡിയോ എന്നിവയിലൂടെയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദ് എന്നിവരായിരുന്നു അവസാനം പരിചയപ്പെടുത്തിയ കഥാപാത്രങ്ങള്‍. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിനാണ് എമ്പുരാന്‍ ഒരുങ്ങുന്നതും. സിനിമ വിജയമായാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഉറപ്പിക്കാം.