തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ഉന്നത തല ഗൂഡാലോചനയും സംശയത്തില്‍. 19.94 കോടിയുടെ തട്ടിപ്പായതിനാല്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയും എത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയേക്കും. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക പരിശോധന തുടങ്ങി.

അറസ്റ്റിലായ ബാങ്ക് ഉദ്യോഗസ്ഥ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍ (40) എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ധന്യ കീഴടങ്ങിയിരുന്നു. ഇന്നു തൃശൂരിലെ കോടതിയില്‍ ഹാജരാക്കും. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഈ സാഹചര്യത്തില്‍ ഇഡിക്ക് കേസ് അന്വേഷണം ഏറ്റെടുക്കാം. മുമ്പ് ഈ മേഖലയില്‍ ഇഡി ചില റെയ്ഡുകള്‍ നടത്തിയിരുന്നു. പിന്നീട് ആ കേസ് തന്നെ ഹൈക്കോടതി വിധിയില്‍ അപ്രസക്തമായി. ഈ സാഹചര്യത്തില്‍ പുതിയ. സംഭവ വികാസങ്ങളെ കേന്ദ്ര ഏജന്‍സികള്‍ കരുതലോടെയാണ് നിരീക്ഷിക്കുന്നത്.

ധന്യയുടെ 4 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്കു പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ധന്യ ആഡംബര കാര്‍ അടക്കം 3 വാഹനങ്ങള്‍ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. ഇതെല്ലാം ഇഡിയും പരിശോധിക്കും.

വലപ്പാട്ടു സ്ഥലംവാങ്ങി വീടു നിര്‍മിച്ചു. കാര്‍ പാര്‍ക്കിങ്ങിനു വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ടു രണ്ടുകോടി രൂപയുടെ ദുരൂഹ പണമിടപാടു നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. കമ്പനിയില്‍ അസി. ജനറല്‍ മാനേജര്‍ െടക് ലീഡ് ആയിരുന്നു ധന്യ. 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്നു. കമ്പനിയിലെ വിശ്വസ്തയുമായിരുന്നു. എന്നാല്‍ പെട്ടെന്ന് കഥ മാറി.

കമ്പനിയുടെ ഡിജിറ്റല്‍ പഴ്‌സനല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് 80 ലക്ഷം രൂപ ധന്യ തന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതു സ്ഥാപനം കണ്ടെത്തിയതോടെയാണു വന്‍തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 5 കൊല്ലത്തിനിടെ ധന്യ തന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ കൈമാറ്റം ചെയ്തതായി പരിശോധനയില്‍ സൂചന ലഭിച്ചു. ഇതോടെ കമ്പനി അധികൃതര്‍ വലപ്പാട് പൊലീസിനു രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്. ആഡംബര ജീവിതത്തിനാണ് ധന്യ പണമെല്ലാം ഉപയോഗിച്ചതെന്നാണ് നിഗമനം. ധന്യ ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനായി കുഴല്‍പ്പണ സംഘങ്ങളെ ഉപയോഗിച്ചിട്ടുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്.എട്ട് അക്കൗണ്ടുകളിലേക്കാണ് ധന്യ പണം മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.