തിരുവനന്തപുരം: സിനിമാ രംഗത്ത് വിലക്ക് വന്നതിന് തൊട്ടു പിന്നാലെയാണ് നടന്‍ തിലകന് സീരിയല്‍ അഭിനയിക്കുന്നതിനും വിലക്ക് എത്തിയത്. 'മറ്റൊരുവള്‍' എന്ന സീരിയലില്‍ നിന്നാണ് തുടര്‍ന്ന് തിലകനെ ഒഴിവാക്കിയത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ'യുടെ നിര്‍ദ്ദേശ പ്രകാരമാണ് തിലകനെ സീരിയലില്‍ നിന്ന് ഒഴിവാക്കിയത് എന്നും വ്യക്തമായിരുന്നു. അമ്മയുടെ വിലക്കുള്ളയാളെ സീരിയലുമായി സഹകരിപ്പിക്കാന്‍ കഴിയില്ലെന്ന് 'ആത്മ' നേതാവ് പൂജപ്പുര രാധാകൃഷ്ണന്‍ നിര്‍മ്മാതാവിനെ അറിച്ചിരുന്നതായി അന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പേഴ്‌സണ്‍ സ്റ്റാഫില്‍ അംഗമാണ് പൂജപ്പുര രാധാകൃഷ്ണന്‍. ഗണേഷിന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ബിയുടെ ജില്ലാ പ്രസിഡന്റും.

'മറ്റൊരുവള്‍' എന്ന സീരിയലിന്റെ ഷൂട്ടിംഗ് കോവളത്ത് നടക്കാനിരിക്കുകയായിരുന്നു. തലേ ദിവസം രാത്രി വൈകി തിലകനെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതായി നിര്‍മ്മാതാവ് അറിയിക്കുകയായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ' ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സീരിയല്‍ നിര്‍മ്മാതാവ് തിലകനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. അന്ന് ഇതെല്ലാം മാധ്യമ വാര്‍ത്തയുമായി. ആ സമയത്ത് സൂര്യ ടി വിയില്‍ പ്രക്ഷേപണം ചെയ്തു വരുന്ന സീരിയലാണ് 'മറ്റൊരുവള്‍'. വാണി വിശ്വനാഥ് മുഖ്യകഥാപാത്രമായിട്ടുള്ള സീരിയലില്‍ പ്രധാന വേഷമായിരുന്നു തിലകന്‍ കൈകാര്യം ചെയ്തിരുന്നത്.

തിലകന്‍ ചേട്ടനാണ് ഒരു പ്രധാന വേഷം ചെയ്യേണ്ടത്. കഥയൊക്കെ ഞാന്‍ പറഞ്ഞ് ചേട്ടന്‍ അഭിനയിക്കാന്‍ ഉഷാറായി നില്‍ക്കുമ്പോഴാണ് തിലകന്‍ ചേട്ടന് അസ്സോസിയേഷന്റെ വിലക്കുള്ള കാര്യം കെ.ബി ഗണേഷ് കുമാര്‍ വിളിച്ചു പറയുന്നത്. ഗണേഷ് ചേട്ടന്‍ സംഘടനയുടെ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായതു കൊണ്ട് നിര്‍ദ്ദേശം അനുസരിക്കാതെ വയ്യ. ഷൂട്ട് തുടങ്ങാന്‍ ഒറ്റ ദിവസമേയുള്ളു. ഞങ്ങള്‍ യൂണിറ്റ് മുഴുവന്‍ കോവളത്ത് തങ്ങുകയാണ്. ഞാന്‍ തിലകന്‍ ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു. ചേട്ടന്‍ എന്നെയും ഗണേഷ് ചേട്ടനെയും അടപടലം തെറി പറഞ്ഞു. ഷൂട്ട് മുടങ്ങുമെന്ന അവസ്ഥയില്‍ അവസാന നിമിഷം എനിക്ക് പിളള ചേട്ടന്റെ കോള്‍ വന്നു. പിന്നീട് ജികെ പിള്ളയാണ് ആ കഥാപാത്രം ചെയ്തത്-മറ്റൊരുവള്‍ എന്ന സീരിയല്‍ സംവിധായകന്‍ തന്നെ ഒരു മാധ്യമത്തോട് കാര്യങ്ങള്‍ മുമ്പ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

സീരിയലില്‍ നിന്നുള്ള വിലക്കിന് തൊട്ടു മുമ്പ് തിലകന്‍ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയും അമ്മയ്‌ക്കെതിരെയും ലേബര്‍ കമ്മീഷണറുടെ മുമ്പാകെ തെളിവ് നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ 'ആത്മ'യുടെ വിലക്ക് തിലകനെ തേടിയെത്തിയത്. 2010 മേയിലായിരുന്നു സീരിയിലില്‍ നിന്നുള്ള വിലക്ക് തിലകനെ തേടിയെത്തിയത്. ഈ വാര്‍ത്ത പല വെബ് സൈറ്റുകളിലും ഇപ്പോഴുമുണ്ട്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ കഥ വീണ്ടും ചര്‍ച്ചകളിലെത്തിക്കുന്നത്.

സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനെതിരെ പ്രതികാര നടപടി. ഈ നടനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടായെന്നും ഹേമാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടുക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ നേര്‍സാക്ഷ്യമാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. 289 പേജുകള്‍ പുറത്തുവന്നതില്‍ സിനിമയിലെ സ്ത്രീ ജീവനക്കാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ശാരീരീക-മാനസിക പീഡനങ്ങളുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമയിലേക്ക് സ്ത്രീകള്‍ കടന്നുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് പലപ്പോഴും തയ്യാറാകേണ്ടി വരുന്നു. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.