- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഹിര്‍ അഹമ്മദ് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു; മാതാവിന്റെ പരാതിയിലെ അന്വേഷണത്തില്‍ പുറത്തുവന്നത് വൈസ് പ്രിന്‍സിപ്പലിന് അധ്യാപന യോഗ്യത ഇല്ലെന്ന വിവരം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും ബിനു അസീസിനെ സസ്പെന്റ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്
മിഹിര്‍ അഹമ്മദ് മാനസിക പീഡനം നേരിട്ടത് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും
കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം മുറുകവേ മിഹിറിന്റെ മാതാവ് ആരോപണം ഉന്നയിച്ച ജെംസ് മോഡേണ്‍ അക്കാദമി സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സസ്പെന്റ് ചെയ്ത് മാനേജ്മെന്റ്. മിഹിര്‍ മുന്‍പ് പഠിച്ച സ്കൂളാണ് ഇന്‍ഫോപാര്‍ക്ക് ജെംസ് സ്കൂള്‍. ഈ സ്കൂളില്‍ വെച്ചു മിഹിര്‍ കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന പരാതി മാതാവ് ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈസ് പ്രിന്‍സിപ്പലിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്കൂള്‍ മാനേജ്മെന്റ് ബിനു അസീസിനെ സസ്പെന്റ് ചെയ്തത്.
മിഹിറിനെ പീഡിപ്പിച്ച വൈസ് പ്രിന്‍സിപ്പലിന് മതിയായ യോഗ്യതയില്ലെന്ന് വിവരം നേരത്തെ മറുനാടന്‍ മലയാളി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബിനു എംബിഎ പഠിച്ച ആളാണെങ്കിലും മതിയായ അധ്യാപന യോഗ്യത ഉണ്ടായിരുന്നില്ല. സ്കൂളിലെ വൈസ് പ്രിന്സിപ്പളാകാനുള്ള യോഗ്യതയും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നാണ് മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം ചേര്‍ന്ന് സ്കൂള്‍ അധികൃതര്‍ ബിനു അസീസിനെ സസ്പെന്റ് ചെയ്തത്.
ഇന്ന് ചേര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് യോഗത്തില്‍ അധ്യാപന യോഗ്യത ഇല്ലാത്തയാളാണ് ബിനുവെന്ന് വ്യക്തമായി. ഇതോടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്കൂളിലെ കുട്ടികളുടെ സുരക്ഷിതമായ അന്തരീക്ഷത്തെ കരുതിയാണ് അടിയന്തര നടപടി സ്കൂള്‍ അധികൃതര്‍ കൈക്കൊണ്ടത്. മിഹിന്റെ മാതാവ് പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ബിനു അസീസിനെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ജനുവരി 31ന് നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് ശേഷം, പോലീസ് ബിനുവിനെ ചോദ്യം ചെയ്യുകയുമുണ്ടായി. കേസന്വേഷണം നടത്തുന്ന ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ എ എല്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വൈസ് പ്രിന്‍സിപ്പലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ബിനു അസീസിന് അധ്യാപന യോഗ്യതകള്‍ ഇല്ലെന്നും വ്യക്തമായി.
മുന്‍പ് പഠിച്ച സ്കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് അമ്മ മുഖ്യമന്ത്രിക്കടക്കം നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിഹിര്‍ മുന്‍പ് പഠിച്ച സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ എംബിഎക്കാരനാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ഇദ്ദേഹം സ്കൂള്‍ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നതിനൊന്നും വ്യക്തമായ ഉത്തരം പൊലീസിന് ലഭിച്ചിട്ടില്ല.
ജെംസ് സ്കൂളില്‍ പഠിക്കവേ ഒരു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മിഹിറിനെ ഏഴു ദിവസം സസ്പെന്റ് ചെയ്തിരുന്നു. ഈ സസ്പെന്ഷന് ബിനു ഇടപെട്ട് നീട്ടുകയാണ് ഉണ്ടായത്. കൂടാതെ പരീക്ഷ എഴുതാന്‍ ഒറ്റക്ക് ഒരു ക്ലാസിലാണ് ഇരുത്തിയത്. ടോയ്ലറ്റില് പോകാന്‍ പോലും അനുവദിച്ചില്ലെന്നും മാതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെംസ് സ്കൂളിലേക്കും അന്വേഷണം എത്തിയത്.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് താമസ സ്ഥലത്തെ ഫ്ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്.
മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്കൂള്‍ ബസില്‍വെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു.
ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്ലറ്റില് നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാര്‍ത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു. മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം മിഹിറിന്റെ മരണത്തിന് പിന്നാലെ സഹപാഠികള്‍ നിര്‍മ്മിച്ച ചാറ്റുകള്‍ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. റാഗ് ചെയ്തുവെന്ന് പറയുന്ന വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും ആരെന്നതില്‍ നിലവില്‍ പൊലീസിന് സൂചനകളില്ല. സ്കൂളിലെ ശുചിമുറിയില്‍ എത്തിച്ച് ഇരുവരും മിഹിറിനെ ഉപദ്രവിച്ചു എന്നും പരാതിയിലുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ ശുചിമുറിയില്‍ പോകുമോ എന്നതിലും സംശയങ്ങളുണ്ട്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്റെ നിഗമനം.
അമ്മയുടെ പരാതി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മിഹിറിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സിനിമാ താരങ്ങളായ പൃഥ്വിരാജ്, സാമന്ത അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചു. എസ്എഫ്ഐ, കെഎസ്യു അടക്കമുള്ള സംഘടനകളും വിഷയത്തില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് അംഗങ്ങളും ശനിയാഴ്ച തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന പൊലീസ് സംഘത്തലവനെ കണ്ട് ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.