തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കാരണം മോഹന്‍ലാലും ബാല്യകാല സുഹൃത്ത് സുരേഷ് കുമാറും വീണ്ടും അടുത്തു! സിനിമ കൊണ്ടുണ്ടായ നേട്ടമായാണ് ഇതിനെ മോളിവുഡ് വിലയിരുത്തുന്നത്. സുരേഷ് കുമാറിനെ അപമാനിച്ച് ആന്റണി പെരുമ്പാവൂര്‍ ഇട്ട പോസ്റ്റും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പിന്നീട് ഈ പോസ്റ്റ് ആന്റണി പിന്‍വലിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ കടുത്ത നിലപാട് കാരണമായിരുന്നു ഇത്. എമ്പുരാനെതിരെ സംഘപരിവാര്‍ അതിശക്തമായ നിലപാട് എടുത്തതോടെ സുരേഷ് കുമാറിനെ അടുപ്പിക്കേണ്ടത് ആന്റണി പെരുമ്പാവൂരിന്റെ അനിവാര്യതയായി മാറി. സുരേഷ് കുമാറിനെ അന്റണി ഫോണില്‍ വിളിച്ചു. ആത്മ സുഹൃത്തായ സുരേഷ് കുമാറിനെ മോഹന്‍ലാലും നേരിട്ട് വിളിച്ചു. ഇതോടെ സുരേഷ് കുമാറും മോഹന്‍ലാലിന്റെ ടീമുമായുള്ള എല്ലാ പ്രശ്‌നങ്ങളും തീരുകയാണ്. ആര്‍ എസ് എസും ബിജെപിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് സുരേഷ് കുമാര്‍. പിപി മുകുന്ദന്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ മുതല്‍ പരിവാര്‍ പ്രസ്ഥാനങ്ങളുമായാണ് സുരേഷ് കുമാര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. ആര്‍ എസ് എസ് ചാനലായ ജനം ടിവിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് സുരേഷ് കുമാര്‍. അന്നും ഇന്നും എല്ലാ അര്‍ത്ഥത്തിലും പരിവാറുകാരന്‍. അതുകൊണ്ട് തന്നെ ആര്‍ എസ് എസിന്റെ ഭാഗത്തു നിന്നുണ്ടായ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ സുരേഷ് കുമാറിലൂടെ സാധിക്കുമെന്ന വിലയിരുത്തല്‍ മോഹന്‍ലാലിനുണ്ട്. സുരേഷ് കുമാറിനെ ആന്റണി പെരുമ്പാവൂര്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്ത് 'എല്ലാം ഓകെ അല്ലേ അണ്ണാ' എന്നായിരുന്നു പൃഥ്വിരാജ് കമന്റ് ചെയ്തത്. ഇതടക്കം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ എല്ലാം ഒകെയാക്കാന്‍ മോഹന്‍ലാലിനൊപ്പം സുരേഷ് കുമാര്‍ ചേര്‍ന്ന് നില്‍ക്കും. സിനിമയെ സിനിമയായി കാണാണമെന്ന സന്ദേശത്തിനൊപ്പം വേദനപ്പിക്കുന്ന സീനുകള്‍ ഒഴിവാക്കാനും നിര്‍മ്മതാക്കള്‍ തയ്യാറായിട്ടുണ്ട്. എമ്പുരാനെ വീണ്ടും നേര്‍ വഴിക്ക് എത്തിക്കാനുള്ള ചര്‍ച്ചകളില്‍ സുരേഷ് കുമാറും പ്രധാന പങ്കുവഹിക്കും. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ അടക്കം ഇതില്‍ പങ്കാളിയാക്കാനാണ് നീക്കം.


നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ 'എമ്പുരാന്റെ' ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചത്. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ സുരേഷ് കുമാര്‍ പെട്ടുപോയതാണോയെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നത തുറന്നുകാട്ടുന്നതാണ് കുറിപ്പെന്ന അപ്പോള്‍ വ്യാഖ്യാനമുണ്ടായി. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അജു വര്‍ഗീസുമടക്കം പിന്തുണച്ചതോടെ മലയാള സിനിമാ മേഖലതന്നെ രണ്ടുതട്ടിലായി. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. പിന്നാലെ ആന്റണിയെ തള്ളി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാര്‍ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്ന് അവര്‍ വിശദീകരിച്ചു. സംഘടനയില്‍ ഭിന്നിപ്പില്ലെന്ന് സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവകാശപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ആന്റണിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. ഇതിനിടെ മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകളുമായി കരാറൊപ്പിടുന്നതിന് മുമ്പ് ചേംബറിന്റെ അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഫിയോക് അടക്കമുള്ള സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് മാര്‍ച്ച് 27-ന് ഇറങ്ങുന്ന എമ്പുരാനെ ലക്ഷ്യമിട്ടാണെന്ന് വ്യാഖ്യാനമുണ്ടായി. ഇതിനെല്ലാം പിന്നാലെയാണ് ആന്റണി സംഘടനകള്‍ക്ക് വഴങ്ങി പോസ്റ്റ് പിന്‍വലിച്ചത്. അതിന് ശേഷം റിലീസായ എമ്പുരാന്‍ ആന്റണിയുടെ പ്രതീക്ഷകളെ എല്ലാം തെറ്റിച്ച് വിവാദമായി മാറി. കേരളത്തിന് പുറത്തുള്ള സിനിമാ വിപണിയില്‍ ചലനമുണ്ടാകണമെങ്കില്‍ ആര്‍ എസ് എസ് പിന്തുണ അനിവാര്യതയുമാണ്. ഈ സാഹചര്യത്തിലാണ് സുരേഷ് കുമാറിനെ ആന്റണി അഭയം പ്രാപിക്കുന്നത്.

ആര്‍എസ് എസിന്റെ ദേശീയ മുഖമാസികയായ ഓര്‍ഗൈനസറിലെ ലേഖനം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കടന്നാക്രമിക്കുന്നതാണ്. അതിനിടെ സിനിമ ആര്‍ക്കെങ്കിലും വേദനയായിട്ടുണ്ടെങ്കില്‍ തിരുത്തലുണ്ടാകുമെന്ന സൂചന നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍ നല്‍കി കഴിഞ്ഞു. എമ്പുരാന്‍ എന്ന സിനിമ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സിനിമ കാണുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്താന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. 'എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാറ്റം വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് എനിക്കറിയില്ല. കാരണം ഒരുപാട് തിയറ്ററുകളില്‍ സിനിമ കളിക്കുന്നുണ്ട്. ഒരു തിയറ്ററില്‍ മാറ്റണമെങ്കില്‍ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളില്‍ ഓടുന്ന സിനിമയില്‍ മാറ്റം വരുത്താന്‍ അത്രത്തോളം പണം മുടക്കേണ്ടി വരും. ഏകദേശം നാല്‍പ്പത് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടല്‍. പരമാവധി ചെയ്യാന്‍ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മള്‍ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ. സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണ് കാണുന്നത്.' ഗോപാലന്‍ പറയുന്നു. ഇത്തരമൊരു നിലപാടിലേക്ക് എമ്പുരാന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത് വിമര്‍ശനങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞാണെന്ന വിലയിരുത്തലുണ്ട്.

നാള്‍ക്ക് മുന്‍പാണ് മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട് സുരേഷ് കുമാര്‍ രംഗത്തെത്തിയത് . തുടര്‍ന്നാണ് അതിനെതിരെ ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ഇടുകയും അത് വിവാദമാകുകയും ചെയ്തുത്. അന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇന്ന് അര്‍ത്ഥവത്തായിരിക്കുകയാണെന്ന തരത്തില്‍ ആര്‍ എസ് എസ് മുഖപത്രമായ ജന്മഭൂമി വാര്‍ത്തയും ഇപ്പോള്‍ നല്‍കുന്നു. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങള്‍ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആര്‍ക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പറയില്ല. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി. ആന്റണിയുടെ പിന്നില്‍ നിന്ന് ചിലര്‍ കളിക്കുകയാണ്. ചില താരങ്ങളാണത്. അവര്‍ മുന്നില്‍ വരട്ടെ, അപ്പോള്‍ സംസാരിക്കാം. അവര്‍ എന്തിനാണ് പിന്നില്‍ ഒളിച്ചു നില്‍ക്കുന്നത്. അവരെയൊക്കെ ബാധിക്കുന്നത് തന്നെയാണ് കാരണം എന്നാണ് അന്ന് സുരേഷ് കുമാര്‍ പറഞ്ഞത് . ഇന്ന് ആ വാക്കുകള്‍ക്ക് പിന്നിലെ സത്യം തേടുകയാണ് സിനിമാ പ്രേക്ഷകര്‍ എന്നാണ് ജന്മഭൂമി പറയുന്നത്. ആന്റണിയെ പോലെയുള്ളവരെ മറയാക്കി എമ്പുരാനില്‍ സ്വന്തം ഇഷ്ടങ്ങള്‍ തിരുകി കയറ്റിയവരുമുണ്ടാകാമെന്നും അത്തരക്കാര്‍ മലയാള സിനിമയെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും സൂചനയുണ്ടെന്നും വാര്‍ത്ത വിശദീകരിക്കുന്നു. അതായത് മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും സുരേഷ് കുമാര്‍ സഹായിക്കും. മറ്റേ ലോബിയെ തകര്‍ക്കുകയും ചെയ്യും.