- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎസ്സി എല്‍സ ത്രീ വിഴിഞ്ഞത്ത് നങ്കൂരമിട്ടപ്പോഴേ കപ്പല്‍ മറിഞ്ഞ വശത്തേക്ക് ചരിവ്; ആ സമയത്ത് ബര്‍ത്തില്‍ ഉണ്ടായിരുന്ന മറ്റുരണ്ടു ഫീഡര്‍ കപ്പലുകള്‍ക്കും ചരിവില്ല; തെളിവായി അപകടത്തിന് മുമ്പെടുത്ത വീഡിയോ പുറത്ത്; കാലാവധി കഴിഞ്ഞ എല്‍സ ത്രീയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിലും സംശയം; കപ്പല്‍ മുങ്ങിയതില്‍ ദുരൂഹതയേറുന്നു
എംഎസ്സി എല്‍സ ത്രീ വിഴിഞ്ഞത്ത് നങ്കൂരമിട്ടപ്പോഴേ കപ്പല്‍ മറിഞ്ഞ വശത്തേക്ക് ചരിവ്
തിരുവനന്തപുരം: കേരള തീരത്തിന് അടുത്ത് മുങ്ങിയ എം എസ് സി എല്‍സ 3 കപ്പലിന് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കെ തന്നെ ഒരു വശത്തേക്ക് ചരിവ് ഉണ്ടായിരുന്നതായി വൃക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൂം ഡെന്‍സിറ്റി എന്ന ചാനല്‍ അന്ന് എടുത്ത വീഡിയോയില്‍( അപകടത്തിന് മുമ്പെടുത്തത്) നങ്കൂരമിട്ടിരിക്കുന്ന മൂന്നു ഫീഡര്‍ കപ്പലുകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മൂന്നുഫീഡര്‍ കപ്പലുകളാണ് ആ സമയത്ത് ബര്‍ത്തില്‍ ഉണ്ടായിരുന്നത്. ഒന്നാമത്തെ ബര്‍ത്തില്‍ എല്‍സ 3 ആയിരുന്നു. മറ്റു രണ്ടുകപ്പലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍സ ത്രീക്ക് ഒരുചരിവ് ഉണ്ടെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റുബര്‍ത്തുകളില്‍ നങ്കൂരമിട്ടിരിക്കുന്ന എംഎസ്സി ടൈഗര്‍ എഫ്, എ എസ് ആല്‍വ എന്നീ ഫീഡര്‍ കപ്പലുകള്‍ക്ക് ചരിവ് ഇല്ലെന്ന് എടുത്തുപറയുന്നുണ്ട്. ലോഡിങ്ങും അണ്‍ലോഡിങ്ങും ചെയ്യുമ്പോള്‍ ചെറിയ ചരിവ് സാധാരണമാണെന്നും പറയുന്നു.
കണ്ടെയ്‌നറിന്റെ ഭാരവും, അടുത്ത തുറമുഖത്ത് ഇറങ്ങേണ്ട കണ്ടെയ്‌നറുകളുടെ ഭാരവും ഒക്കെ കണക്കിലടുത്ത് കപ്പലിന്റെ ഏതൊക്കെ ഭാഗത്ത് കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്യണമെന്നും കപ്പലിന്റെ സ്റ്റബിലിറ്റി നിലനിര്‍ത്തുന്നതും ബ്രിഡ്ജിലെ കംപ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. പിന്നീട് ആവശ്യമെങ്കില്‍ സ്റ്റെബിലിറ്റി ഉറപ്പിക്കാന്‍ കപ്പലില്‍ ബല്ലാസ്റ്റ് വാട്ടറും നിറയ്ക്കും.
എല്‍സ ത്രീയുടെ മുങ്ങലിലെ ദുരൂഹത
28 വര്‍ഷം പഴക്കമുള്ളതാണ് എംഎസ്‌സി എല്‍സ ത്രീ കപ്പല്‍. ലൈബീരിയയുടെ ഈ കപ്പലിന്റെ മൊത്തം നീളം 183.91 മീറ്ററും വീതി 25.3 മീറ്ററുമാണ്. 1997-ല്‍ നിര്‍മ്മിച്ചതാണ് ഈ കപ്പല്‍ എന്നാണ് സൂചന. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്.
ഏകദേശം ആറ് മാസം മുമ്പ് കപ്പല്‍ ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമായതാണ്. ഈ മാസം ഒരു എംഎസ്സി കണ്ടെയ്നര്‍ കപ്പല്‍ അപകടത്തില്‍പ്പെടുന്നത് ഇത് രണ്ടാം തവണയാണ്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് എംഎസ്‌സി എന്ന ബ്രാന്‍ഡിലെ കപ്പലുകള്‍ നിര്‍മിക്കുന്നത്. 1970-ല്‍ ഇറ്റലിയില്‍ സ്ഥാപിച്ച ഈ ഷിപ്പിംഗ് ലൈന്‍ 1978 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയാണിത്. എംഎസ്‌സി എല്‍സ ത്രീയുടെ നിര്‍മ്മാണത്തിന് 400 കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 28 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ കാലാവധി കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായെന്നും പറയുന്നു.
ഈ കപ്പല്‍ ഡ്രൈ ഡോക്ക് ചെയ്യാനും അടുത്ത ആഴ്ച മുതല്‍ പുതിയ ഒരു കപ്പല്‍ കൊണ്ടുവരുവാനും ഷിപ്പിങ് കമ്പനി തീരുമാനിച്ചിരുന്നെന്നും ആ സാഹചര്യത്തില്‍ കപ്പല്‍ മുങ്ങിയത് ദുരൂഹത ഉളവാക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കപ്പലിന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ കമ്പനിക്ക് നഷ്ടം വരാനിടയില്ല. കപ്പലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും സംശയങ്ങള്‍ ഉയരുന്നു. കപ്പല്‍ പുറപ്പെടുന്നതിനു മുന്‍പ് മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് പരിശോധിച്ച് ഫിറ്റ്്‌നസ് ഉറപ്പുവരുത്തിയോ എന്നും അറിയേണ്ടതുണ്ട്. 26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പല്‍ 12 മണിക്കൂറിനകം മുങ്ങിയതും കപ്പല്‍ മുക്കിയതാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കപ്പല്‍ മുങ്ങിയ സംഭവത്തില്‍ പ്രതികൂല കാലാവസ്ഥയെയും പഴിക്കുന്നുണ്ട്. എന്നിരുന്നാലും കപ്പല്‍ പുറപ്പെടുമ്പോഴേ ചരിവുണ്ടായിരുന്നു എന്ന വസ്തുത പുറത്തുവന്നതോടെ സാങ്കേതിക തികവ് ഉറപ്പുവരുത്തുന്നതിലെ കപ്പല്‍ കമ്പനിയുടെ വീഴ്ചയെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നു.