- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് എം വി ഗോവിന്ദൻ; അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് പിണറായി; മട്ടന്നൂർ നഗരസഭയിലെ വീഴ്ച തളിപ്പറമ്പിൽ വോട്ടു കുറിക്കുമെന്ന ആശങ്ക സജീവം; തന്റെയും കോടിയേരിയുടെയും പാരമ്പര്യം പിന്തുടരാനും നിർദ്ദേശം; സി പി എമ്മിലെ രണ്ടാമൻ പൊളിറ്റ് ബ്യൂറോയിലെ ക്ഷണിതാവാകും; ഗോവിന്ദന് ഇരട്ടപദവി കിട്ടിയേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വിഗോവിന്ദൻ മാസ്റ്റർ തൽക്കാലം നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് സി പി എമ്മിൽ പൊതുധാരണ രൂപപ്പെട്ടു. നാളെ ചേരുന്ന ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഒപ്പം എം എൽ എ സ്ഥാനം സംബന്ധിച്ച കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകും. മന്ത്രി സ്ഥാനത്തിനൊപ്പം എം എൽ എ സ്ഥാനവും രാജിവെയ്ക്കണമെന്ന നിലപാടിലാണ് എം വി ഗോവിന്ദൻ. എന്നാൽ അതിന്റെ ആവിശ്യമുണ്ടോ എന്ന് സംശയങ്ങൾക്കിട നല്കാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ഇനി സെക്രട്ടറിയേറ്റിലെ പൊതു നിലപാടാകും നിർണ്ണായകം.
തന്റെയും കോടിയേരിയുടെയും പാരമ്പര്യം പിന്തുടരനാണ് മുഖ്യൻ നിർദ്ദശിച്ചത്. 1998 ഒക്ടോബറിൽ വൈദ്യുതി മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായപ്പോൾ 2001ൽ കാലാവധി അവസാനിക്കും വരെ എംഎൽഎ സ്ഥാനം വഹിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണൻ 2015 ഫെബ്രുവരിയിൽ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. കാലാവധി തീരും വരെ അദ്ദേഹവും തുടർന്നു.ഈ സാഹചര്യത്തിൽ എം വിഗോവിന്ദനും രാജിവെക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ. .തളിപ്പറമ്പിൽ ഉടനടി ഒരു ഉപതെരെഞ്ഞടുപ്പ് നടക്കുന്നതിനോടു മുഖ്യമന്ത്രിക്ക് യോജിപ്പില്ല. അടുത്തിടെ മട്ടന്നൂർ നഗരസഭയിൽ നടന്ന തെരെഞ്ഞടുപ്പിൽ പാർട്ടിക്ക് ഭരണം കിട്ടിയെങ്കിലും യു ഡി എഫ് ഉണ്ടാക്കിയ അപ്രതീക്ഷിത നേട്ടത്തെ സി പി എം നേതാക്കൾ ചെറുതായി കാണുന്നില്ല. അതു കൊണ്ടു തന്നെ ഒരു ഉപ തെരഞ്ഞടുപ്പിനെ മുഖ്യമന്ത്രി ഭയക്കുന്നുണ്ട്.
കാൽ നൂറ്റാണ്ടായി ഇടതുമൂന്നണി ഭരണം തുടരുന്ന മട്ടന്നൂർ നഗരസഭയിൽ ഇടതു പക്ഷം ഭരണം പിടിച്ചെങ്കിലും യുഡിഎഫ് ക്യാമ്പിലാണ് ആഘോഷം നടന്നത്. അതിന്റെ കാരണം, അത്ര ചെറുതല്ലെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് അത് ഇരട്ടിയാക്കി. 2012-ലെ യുഡിഎഫ് പ്രതാപം മട്ടന്നൂർ നഗരസഭയിൽ തിരിച്ചത്തിക്കാൻ അവർക്ക് സാധിച്ചുവെന്ന് ചുരുക്കം. യുഡിഎഫിന്റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകുന്ന കാര്യം. എന്നാൽ യുഡിഎഫ് വാർഡ് ആയ കയനി പിടിച്ചെടുത്തതാകട്ടെ വെറും 4 വോട്ടിനാണ്. ഇതെല്ലാം വലിയ ആത്മവിശ്വാസമാണ് യുഡിഎഫിന് നൽകുന്നത്.
2012 ൽ 14 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിനെ 2017ൽ നിലംപരിശാക്കിയാണ് മട്ടന്നൂരിൽ ഇടതു മുന്നണി വൻ വിജയം നേടിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ചു പിടിച്ചുവെന്നത് കണ്ണൂരിലെ പാർട്ടിയിൽ ഉണ്ടാക്കിയരിക്കുന്ന ഞെട്ടൽ ചെറുതല്ല. മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ഷൈലജയുടെ തലയിൽ മട്ടന്നൂർ വിഷയം കെട്ടിവെച്ച് തടി തപ്പാനാണ് പ്രധാന നേതാക്കളുടെ ശ്രമം. അതേ സമയം എം വി ഗോവിന്ദന്റെ ആവിശ്യം അടക്കമുള്ള കാര്യങ്ങൾ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ഓണത്തിനു മുൻപു തന്നെ മന്ത്രിസ്ഥാനം രാജിവെക്കാനാണ് സാധ്യത.
പാർട്ടി സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്. പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനത്തെ സെക്രട്ടറി പി.ബി യിൽ വരണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളത്തിലെ പാർട്ടിയിലെ രണ്ടാമനായി അപ്രതീക്ഷിത ഉയർച്ച ഉണ്ടായ എം വി ഗോവിന്ദൻ മാസ്റ്റർ ഒന്നാമനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 13നു പരിഗണിക്കുന്നുണ്ട്..
മുഖ്യമന്ത്രി പിണറായി വിജയൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ 2018 ജനുവരിയിൽ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 30 തവണയെങ്കിലും കേസ് ലിസ്റ്റ് ചെയ്തു മാറിപ്പോയെന്നാണ് ഹർജിക്കാർ പറയുന്നത്. പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ, വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചിരുന്നു. ഈ കേസിലെ വിധി പിണറായിക്ക് നിർണ്ണായകമാണ്.
ഈ കേസ് പരിഗണിക്കവെ കോടതിയിൽ നിന്നും മുഖ്യമന്ത്രിക്ക് എതിരായി എന്തെങ്കിലും പരാമർശം ഉണ്ടായലോ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസിൽ വിധി വന്നാലോ സിപി എമ്മിന് രണ്ടാമതൊരാലോചന വേണ്ടി വരും. ലോകായുക്തയെ മൂക്ക് കയറിടുന്ന ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവർണ ഒപ്പിടാത്തിടത്തോളം കാലം നിയമഭേദഗതി ഉണ്ടായില്ലെന്ന് തന്നെ കണക്കാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നിയമസഭയിൽ ഉണ്ടെങ്കിൽ സ്വാഭാവികമായും എം വി ഗോവിന്ദൻ മാസ്റ്ററെ മുഖ്യമന്ത്രി ആക്കേണ്ടതായി വരും. ഗോവിന്ദൻ മാസ്റ്റർ നിയമസഭാ അംഗമല്ലെങ്കിൽ കെ കെ ഷൈലജ ടീച്ചറെ പരിഗണിക്കേണ്ടതായി വരും.
അതു കൊണ്ട് തന്നെ ഗോവിന്ദൻ മാസ്റ്റർ നിയമസഭ അംഗമായി തുടരുക എന്നത് മുഖ്യന്റെ കൂടി ആവിശ്യമാണ്. കോടിയേരി ബാലകൃഷ്ണനെപ്പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് എം വി ഗോവിന്ദൻ. ലോങ്ജംപും ഹൈജംപും ഇഷ്ടപ്പെടുന്ന എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കുതിച്ചെത്തിയത് അപ്രതീക്ഷിതമായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോൾ പാർട്ടിയുടെ അമരത്ത് രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനെ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് നിയോഗിക്കാൻ കേന്ദ്രനേതൃത്വത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എം. എ ബേബി ,എ വിജയരാഘവൻ , എ.കെ. ബാലൻ എന്നിവരുടെ പേരുകൾക്ക് ചർച്ചകളിൽ മുൻതൂക്കം ലഭിക്കുന്നതിനിടെയായിരുന്നു എം വി ഗോവിന്ദനെ തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.
പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായ എം വിഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടു മുൻപെഴുതിയ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ എന്ന പുസ്തകം ഇന്നും കേരളത്തിൽ യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്.പാർട്ടി സ്വത്വ വിവാദത്തിൽപെട്ടപ്പോഴും, പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തി മാവോവാദ വിവാദത്തിൽപെട്ടപ്പോഴും പുസ്തകങ്ങളിലൂടെ എം വിഗോവിന്ദൻ രക്ഷയ്ക്കെത്തിയിരുന്നു. 1953 ഏപ്രിൽ 23 കണ്ണൂരിലെ മൊറാഴയിലാണ് ജനനം.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ തുടക്കംമുതൽ സജീവം. ഡി.ഐ.എഫ്.ഐ ആദ്യ സംസ്ഥാന പ്രസിഡന്റ ്.1970 ൽ പാർട്ടി അംഗം. 91 ൽ സംസ്ഥാന സമിതി അംഗം.2006 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്.96 ലും 2001 ലും തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നിയമഭാംഗമായി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു. ചെറുപ്പകാലത്തെ കായികമേഖലയോടും അദ്ധ്യാപന മേഖലയോടും ഏറെ ഇഷ്ടം. ലോങ് ജംപും ഹൈജംപുമായിരുന്നു ഇഷ്ട ഇനങ്ങൾ.കോഴിക്കോട്ട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ഡിപ്ലോമ കോഴ്സിനു പഠിക്കുന്ന കാലത്തു സംസ്ഥാന ചാംപ്യൻഷിപ്പിൽ ലോങ് ജംപിൽ മൂന്നാം സ്ഥാനക്കാരനായിട്ടുണ്ട്.
1971 ൽ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി.1975 ൽ അടിയന്തരാവസ്ഥ്ക്കാലത്ത് രണ്ടുമാസം തടവിലായി. ജോലിയിൽ തുടരനായില്ല. ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായിരുന്ന പി.കെ.ശ്യാമളയുമായുള്ള വിവാഹം 1985 ഓഗസ്റ്റിൽ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയതു പാച്ചേനി കുഞ്ഞിരാമനും പ്രവർത്തനത്തിൽ കൂട്ട് ഇ.പി.ജയരാജനുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ