- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി സജി ചെറിയാന്റെ അടുത്തയാളായത് ചെങ്ങന്നൂരിൽ ജോലി ചെയ്യുമ്പോൾ; കൈക്കൂലി കൊടുക്കാത്തതിന് അനാഥാലയം പൂട്ടിച്ചു; മന്ത്രിയുടെ പേര് പറഞ്ഞ് തിരുവല്ലയിലും വിലസി; കൈക്കൂലി വാരിക്കൂട്ടിയത് സകലരെയും ഭീഷണിപ്പെടുത്തി: തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിൻ വിജിലൻസ് പിടിയിലായതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ
തിരുവല്ല: നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിനും ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗവും കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ. എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടോ അവിടെയെല്ലാം കൈക്കൂലി വാരിക്കൂട്ടിയ ആളാണ് സെക്രട്ടറി. മന്ത്രി സജി ചെറിയാന്റെ പേര് പറഞ്ഞ് പാർട്ടിക്കാരെയും കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും വിരട്ടി വിളയാടുകയായിരുന്നു ഇയാളുടെ രീതി.
നഗരസഭയിലെ ഖരമാലിന്യ സംസ്കരണത്തിനുള്ള ക്ലീൻ കേരള കമ്പനിയായ ക്രിസ് ഗ്ലോബൽസ് കമ്പനി കരാറുകാരൻ എം. ക്രിസ്റ്റഫറിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇന്നലെ വൈകിട്ട് വിജിലൻസ് പത്തനംതിട്ട യൂണിറ്റ് ഡിവൈ.എസ്പി ഹരി വിദ്യാധരനും സംഘവും നാരായണനെയും ഹസീനയെയും കൈയോടെ പിടികൂടിയത്. 2024 വരെ നഗരസഭയുമായി മാലിന്യ സംസ്കരണത്തിന് കരാർ എടുത്തിട്ടുള്ളയാളാണ് ക്രിസ്റ്റഫർ. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടു ലക്ഷം രൂപയാണ് ഇയാളോട് സെക്രട്ടറി ആവശ്യപ്പെട്ടത്. ഇൻകം ടാക്സിൽ അടയ്ക്കുന്നതിനായി 25,000 രൂപ ഇന്നലെ എത്തിക്കാൻ പറഞ്ഞിരുന്നു. വിജിലൻസിനെ ക്രിസ്റ്റഫർ സമീപിച്ചപ്പോൾ അവർ നൽകിയ മാർക്ക് ചെയ്ത നോട്ട് കൈക്കൂലിയായി കൊടുക്കുകയും പിടി വീഴുകയുമായിരുന്നു. തുടർന്ന് നാരായണന്റെയും ഹസീനയുടെയും വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. അമ്പലപ്പുഴ സദാനന്ദപുരം സ്വദേശിയാണ് നാരായണൻ. മണ്ണടി സ്വദേശിനിയാണ് ഹസീന.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാത്രി വൈകിയാണ് നാരായണനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു വന്നത്. ഈ സമയമത്രയും നാട്ടുകാരും മുൻ കൗൺസിലർമാരും അടക്കമുള്ളവർ പുറത്ത് കാത്തു നിന്നു. വെളിയിലേക്ക് വന്ന സെക്രട്ടറിയെ കൈയേറ്റം ചെയ്യാനും നീക്കം നടന്നു. കൂക്കിവിളികളും പരിഹാസ വാചകങ്ങളുമായിട്ടാണ് ഇവർ എതിരേറ്റത്. ഇത് തിരുവല്ലയാണ്. ചെങ്ങന്നൂരും നെടുമങ്ങാടുമല്ലെന്ന് ഓർക്കണമെന്നും ഇവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
സജി ചെറിയാന്റെ തണലിൽ ചെങ്ങന്നൂരിൽ വിലസി
താൻ മന്ത്രി സജി ചെറിയാന്റെ സ്വന്തം കക്ഷിയാണെന്നായിരുന്നു നാരായണന്റെ ഭീഷണി. ഇത് വെറുതേ പറയുന്നതല്ലെന്ന് ചെങ്ങന്നൂരുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇയാളെ വളർത്തിയതിൽ മന്ത്രിക്ക് കാര്യമായ പങ്കുണ്ടായിരുന്നുവത്രേ. തിരുവല്ലയിൽ ഇയാൾ കാണിച്ചതിന്റെ ഇരട്ടിയാണ് ചെങ്ങന്നൂരിൽ കാണിച്ചത്. കൈക്കൂലി കിട്ടാതെ വന്നാൽ അപേക്ഷകനെ പൂട്ടുക എന്ന പരിപാടി ഇവിടെയും തുടർന്നു. ഒരു അനാഥമന്ദിരം നടത്തിപ്പുകാരനോട് കൈക്കൂലി ചോദിച്ചു. കൊടുക്കാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ പീഡനമായി. ഒടുക്കം അന്തേവാസികളെയും കൂട്ടി സാധനങ്ങൾ എല്ലാമെടുത്ത് രായ്ക്കു രാമാനം നാടുവിടേണ്ട ഗതികേട് നടത്തിപ്പുകാരനുണ്ടായി. എവിടെ ജോലി ചെയ്താലും ഇയാൾക്കൊപ്പം ജീവനക്കാരും പാർട്ടിക്കാരും അടങ്ങുന്ന ഒരു കോക്കസ് ഉണ്ടാകും. ഇവരുടെ പിൻബലത്തിലാണ് ഭരണം. ചെങ്ങന്നൂരിൽ വച്ച് പ്രബലനായി. സിപിഎമ്മുകാരനായതും നാരായണന് തുണയായി.
തിരുവല്ലയെ വിറപ്പിച്ചു, ഒടുവിൽ വീണു...
തിരുവല്ല നഗരത്തിൽ ഉള്ളവർക്കും കൗൺസിലർമാർക്കുമെല്ലാം പേടിസ്വപ്നമായിരുന്നു സെക്രട്ടറി. കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു ഇയാൾ ചുമതലയേറ്റതിന് ശേഷമെന്ന പരാതി ഏറെ നാളായുണ്ടായിരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി ഇയാളുടെ കീഴിൽ ഉണ്ടായി. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കെല്ലാം നിയമസാധുത നൽകി. ചട്ടം പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്തു. എതിർക്കുന്നവരെ ഭീഷണി മുഴക്കിയും നഗരസഭാ ചട്ടം കാട്ടി വിരട്ടിയും ഇയാൾ കൈക്കൂലി വാങ്ങിയെടുത്തുവെന്നും പലർക്കും പരാതിയുണ്ടായിരുന്നു.
നഗരസഭാ ഭരണം കൗൺസിലിൽ നിന്ന് ഹൈജാക്ക് ചെയ്ത് സ്വന്തം കൈപ്പിടിയിൽ ഒതുക്കിയ ആളായിരുന്നു നാരായണൻ സ്റ്റാലിൻ. ഇതിന് ഇയാൾ ഉപയോഗിച്ചത് മന്ത്രി സജി ചെറിയാന്റെ പേരായിരുന്നു. മന്ത്രിയുടെ സ്വന്തം ആളായതിനാൽ തന്നെ ആരും ഒന്നും ചെയ്യാനില്ലെന്നായിരുന്നു വീരവാദം. പരസ്യമായി കൈക്കൂലി ചോദിക്കുന്നത് സെക്രട്ടറി മടിച്ചിരുന്നില്ലെന്ന് മുൻപ് കൊടുത്തവർ പറയുന്നു. ഇത്ര രൂപ നൽകണമെന്ന് മുഖത്ത് നോക്കിപ്പറയും. സ്വയം അജണ്ട നിശ്ചയിച്ചും കൗൺസിൽ എടുക്കാത്ത തീരുമാനങ്ങൾ മിനുട്സിൽ എഴുതിച്ചേർത്തും സെക്രട്ടറി വിലസി. ഇതൊന്നും ഒപ്പിടാൻ നഗരസഭ ചെയർ പേഴ്സൺ ആയിരുന്ന ശാന്തമ്മ വർഗീസ് തയാറായില്ല. ഒടുവിൽ ഇയാളുടെയും സിപിഎമ്മിലെ ഒരു വിഭാഗം കൗൺസിലർമാരുടെയും പീഡനം കാരണം ശാന്തമ്മ രാജി വച്ചു.
തിരുവനന്തപുരത്ത് നടന്ന നഗരസഭാ അധ്യക്ഷരുടെ ചേംബർ യോഗത്തിൽ മുൻ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നാരായണൻ സ്റ്റാലിന്റെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. അത്രയ്ക്ക് രൂക്ഷമായ മാനസിക പീഡനമാണ് അവർക്ക് നേരിടേണ്ടി വന്നത്. സെക്രട്ടറിയുടെ ചട്ടവിരുദ്ധ നടപടികൾക്കെതിരേ ചെയർമാൻ ചേംബർ ഐകകണ്ഠ്യേനെ പ്രമേയം പാസാക്കി. പക്ഷേ, പ്രയോജനം ഒന്നുമുണ്ടായില്ല.
രാജി വച്ചതിന് പിന്നാലെ സെക്രട്ടറിയുടെ അഴിമതിക്കഥകൾ മുഴുവൻ അക്കമിട്ട് നിരത്തി ശാന്തമ്മ വിജിലൻസിന് പരാതിയും നൽകിയിരുന്നു. താലൂക്കാശുപത്രി ജങ്ഷൻ മുതൽ കാവുംഭാഗത്തേക്കുള്ള റോഡിൽ പലയിടത്തും അനധികൃത നിർമ്മാണങ്ങൾ കാണാം. നഗരസഭാ ചട്ടം പാലിക്കാതെയും ടൗൺ പ്ലാനിങ് ചട്ടം ലംഘിച്ചും നിർമ്മിക്കുകയും കൂട്ടിച്ചേർക്കൽ വരുത്തുകയും ചെയ്തതാണ് പല കെട്ടിടങ്ങളും. ഇവയ്ക്കെല്ലാം കൈക്കൂലി വാങ്ങി സെക്രട്ടറി അനുമതി നൽകിയെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. ഒരു ലക്ഷം രൂപയിൽ കുറഞ്ഞ കൈക്കൂലി വാങ്ങാറില്ലായിരുന്നുവത്രേ. ജീവനക്കാരെ ഇടനില നിർത്തിയാണ് പണം കൈപ്പറ്റിയിരുന്നത്. നേരത്തേയും ഇയാൾക്കെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നു. പരാതി നൽകാൻ പലരും മടിച്ചു.
നഗരസഭാ കൗൺസിലർമാരിലേറെയും ഭരണ പരിചയമില്ലാത്ത സ്ത്രീകളാണ്. ഇവരെ കൈയിലെടുത്തായിരുന്നു സെക്രട്ടറിയുടെ തേർവാഴ്ച. വഴി പോലുമില്ലാത്ത സ്ഥലത്തേക്ക് സ്ത്രീകൾക്കുള്ള വെൽനസ് സെന്റർ അനുവദിച്ചത് ഒരു കൗൺസിലർക്ക് വേണ്ടിയായിരുന്നു. പ്രതിമാസം 40,000 രൂപ വാടക ഇനത്തിൽ കൗൺസിലർക്ക് ലഭിക്കും. ഇങ്ങനെയുള്ള സഹായം നൽകിയാണ് കൗൺസിലർമാരെ ഒപ്പം നിർത്തിയത്. തന്റെ ചൊൽപ്പടിയിൽ നിൽക്കുന്ന കൗൺസിലറെ തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ ആക്കാനുള്ള ചരടുവലികളും സെക്രട്ടറി നടത്തിയിരുന്നതായി പറയുന്നു.
സെക്രട്ടറിക്ക് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ജിംനേഷ്യം വീട്ടിലേക്ക് മാറ്റേണ്ടി വന്ന ഗതികേട് ഒരു ചെറുപ്പക്കാരനുണ്ടായി. ഇയാൾക്ക് നോട്ടീസ് നൽകി പീഡനം തുടർന്നപ്പോൾ ഹൈക്കോടതിയെ സമീപിക്കേണ്ടതായും വന്നു. കെട്ടിടം ഉടമകളും വ്യാപാരികളുമാണ് സെക്രട്ടറിയുടെ പീഡനത്തിന് ഏറെയും ഇരയായത്. നിയമത്തിന്റെ പിൻബലത്തോടെ സെക്രട്ടറി പിടിമുറുക്കുമ്പോൾ കൈക്കൂലി കൊടുക്കാൻ വ്യാപാരികൾ നിർബന്ധിതരാവുകയായിരുന്നു. സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വഴിവിട്ട സഹായം ചെയ്തതും വിവാദമായിരുന്നു. മുൻ ചെയർമാൻ ആർ. ജയകുമാറിനെ കള്ളക്കേസിൽ കുടുക്കാൻ നഗരസഭാ ഓഫീസിന് മുന്നിൽ ഇയാൾ പ്ലാൻ ചെയ്ത നാടകം പൊളിയുകയും ചെയ്തു. ജയകുമാർ കാറിടിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പരാതി നൽകാൻ വേണ്ടിയായിരുന്നു. സി.സി.ടി.വി കാമറയ്ക്ക് മുന്നിൽ വച്ച് തന്റെ അനുയായികളെയും കൂട്ടി നടത്തിയ നാടകം പാളിപ്പോവുകയും ചെയ്തു.
സെക്രട്ടറിയെ മാറ്റാൻ കൗൺസിൽ തീരുമാനമെടുത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. കൗൺസിലർമാർ നേരിട്ട് പോയി പരാതി പറയുകയായിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. സിപിഎമ്മുകാരനായ തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇയാൾ കൗൺസിലർമാർക്ക് മുന്നിൽ വീരവാദം മുഴക്കിയെന്നും പറയുന്നു.
മാലിന്യ നിർമ്മാജനത്തിനുള്ള കേന്ദ്രപദ്ധതി നടപ്പാക്കാൻ എൻ.സി.പി ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ജിജി വട്ടശേരിയുടെ സ്ഥലം കണ്ടെത്തിയതിന് പിന്നിലും അഴിമതി ആരോപണം ഉയർന്നിരുന്നു. കോടികളുടെ അഴിമതി ഈ ഇടപാടിൽ നടക്കാൻ പോകുന്നുവെന്ന് പരാതി വന്നെങ്കിലും സെക്രട്ടറി ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോയി. കൗൺസിലിനെ അറിയിക്കാതെ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സെക്രട്ടറി എടുത്തത് സംബന്ധിച്ച് മുൻ ചെയർപേഴ്സൺ വിജിലൻസിന് നൽകിയ പരാതിയിൽ എടുത്തു പറഞ്ഞിരുന്നു. മറ്റുള്ളവരോട് മോശമായി പെരുമാറിയിരുന്ന സെക്രട്ടറി പക്ഷേ, ജീവനക്കാരോട് വളരെയധികം സ്നേഹം പ്രകടിപ്പിച്ചു. ജീവനക്കാർക്ക് സെക്രട്ടറിയെ സംബന്ധിച്ച് ഒരു പരാതിയുമുണ്ടായിരുന്നില്ല എന്നുള്ളതാണ് ഏറെ രസകരം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്