- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി 'വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ്' എന്ന് പറഞ്ഞ് അറസ്റ്റ്! ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരനെ നിരീക്ഷിച്ചത് നാലു മാസം; മൂവാറ്റുപുഴയിലേത് എന്‍സിബി-തീവ്രവാദ വിരുദ്ധ സേന സംയുക്ത ഓപ്പറേഷന്‍; 'മെലണ്‍' എന്ന ഓപ്പറേഷന്‍ തണ്ണിമത്തന്റെ വിജയ കഥ
കൊച്ചി: മലയാളി നിയന്ത്രിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കു മരുന്ന് ശൃഖലയായ 'കെറ്റാമെലോണ്‍'നെ തകര്‍ത്തത് എന്‍സിബിയും (നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ), എടിഎസും(ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനില്‍. മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ എന്ന 35 വയസ്സുകാരനാണ് ഡാര്‍ക്ക് നെറ്റ് മയക്കു മരുന്ന് ശൃഖലയായ 'കെറ്റാമെലോണ്‍' നിയന്ത്രിച്ചിരുന്നത്. ഇയാളുടെ സഹായിയെയും കസ്റ്റഡിയിലെടുത്തു. ഇനിയും ആളുകളെ അന്വേഷകര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഡിസണിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കാത്തത്.
നാലു മാസമായി എന്‍സിബിയും എടിഎസും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവില്‍ 'മെലണ്‍' എന്ന ഓപ്പറേഷനിലൂടെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും രണ്ടര കിലോ ഭാരമുള്ള ഒരു പാര്‍സല്‍ എഡിസണ് വരുന്നുണ്ട് എന്ന് രഹസ്യമായി മനസ്സിലാക്കിയ ശേഷം എന്‍സിബിയും എടിഎസും മൂവാറ്റുപുഴയിലെ വീട്ടിലെത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി 'വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ്' എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മെലണ്‍ എന്നാല്‍ തണ്ണിമത്തന്‍ എന്നാണ് അര്‍ത്ഥം. എല്ലാ അര്‍ത്ഥത്തിലും ഈ ഓപ്പറേഷന്‍ വന്‍ വിജയമായി. ഇരുചെവി അറിയാതെയായിരുന്നു അന്വേഷകരുടെ നീക്കങ്ങള്‍.
ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 1,127 എല്‍.എസ്.ഡി സ്റ്റാംപുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന 'കെറ്റാമെലന്‍' എന്ന ലഹരിമരുന്ന് കാര്‍ട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍.എസ്.ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്‌മെന്റുകളാണ് ഡാര്‍ക്നെറ്റ് വഴി 'കെറ്റാമെലന്‍' സംഘം വില്‍പന നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഡെല്‍ഹിവെറി, ഇന്‍ഡ്യാ പോസ്റ്റ് തുടങ്ങിയവ വഴിയാണ് ഇയാള്‍ക്ക് പാര്‍സലുകള്‍ വന്നിരുന്നത്. വരുന്ന പാര്‍സലിലെ മയക്കു മരുന്നുകള്‍ ഉടന്‍ തന്നെ പോസ്റ്റ് ഓഫീസ് വഴി ബംഗളൂരു, മധ്യപ്രദേശ്, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും, ഇന്ത്യക്ക് പുറത്ത് യു.കെ, ആസ്ട്രേലിയ എന്നിവടങ്ങളിലേക്കുമാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ വിറ്റഴിച്ചിരുന്നത്.
ഡാര്‍ക്നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍.സി.ബി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എല്‍.എസ്.ഡി വില്‍പനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വെണ്ടര്‍ ഗുംഗ ദിനി'ല്‍ നിന്നാണ് 'കെറ്റാമെലന്‍' കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.