നീലേശ്വരം: ഞായറാഴ്ച്ചയാണ് തുലാം മാസത്തിലെ പത്താം തീയ്യതി. അന്നാണ് വടക്കന്‍ കേരളത്തിലെ പത്താമുദയത്തിന് ഈ വര്‍ഷത്തെ തെയ്യക്കാലത്തിന് തുടക്കം കുറിച്ചത്. തെയ്യം സീസണിലെ ആദ്യത്തെ പ്രധാന കളിയാട്ടം ആയതിനാല്‍ തന്നെ ക്ഷേത്രത്തിലെ പ്രധാന ആരാധനമൂര്‍ത്തിയായ മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റവും തെയ്യവും കാണാന്‍ ആയിരങ്ങളാണ് നീലേശ്വരം തെരു അഞ്ഞുറ്റമ്പലം വീരര്‍കാവില്‍ എത്താറുള്ളത്. രാത്രിയിലെ തെയ്യത്തിന്റെ തോറ്റത്തിനും രാവിലെ തെയ്യത്തിനും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

ഉഗ്രരൂപിണിയായ തെയ്യത്തിന്റെ ചടങ്ങുകള്‍ ഏവരിലും ആവേശം വിതയ്ക്കുന്നതാണ്. അതിനാലാണ് ഈ തെയ്യം സമയത്ത് തിരക്കേറുന്നതും. രണ്ട് തന്ത്രി ഗൃഹങ്ങള്‍ തമ്മിലുള്ള പോരിന്റെ കഥയാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം. എടമനയിലെയും ഉളിയത്ത് മനയിലെയും തന്ത്രിമാര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ബലാബലം പ്രയോഗിക്കാന്‍ മന്ത്രശക്തിയില്‍ ഉഗ്രദേവതകളെ ആവാഹിച്ച് പരസ്പരം പോരടിക്കുകയും ചെയ്തു. ഇതില്‍ എടമന തന്ത്രിയോട് യുദ്ധം ചെയ്യാന്‍ ഉളിയത്ത് തന്ത്രി തന്റെ മന്ത്രശക്തിയാല്‍ ദേവിയെ സൃഷ്ടിക്കുകയും എടമനയിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

എന്നാല്‍ മാന്ത്രികനായ എടമന തന്ത്രി ദേവിയെ ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ താഴ്ത്തിയപ്പോള്‍ അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി എന്നാണ് ഐതീഹ്യം. മൂന്ന് ആളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് എഴുന്നേറ്റ എന്നര്‍ത്ഥത്തില്‍ ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്. എടമന തന്ത്രിയാല്‍ ചെമ്പു കുടത്തില്‍ ആവാഹിക്കപ്പെട്ടതിനാല്‍ ചെമ്പ് കുടത്തെ ദേവിയുടെ അരങ്ങില്‍ അനുവദിക്കാറില്ല. കഠിനമായ കോപത്താല്‍ തന്റെ ശക്തി കൊണ്ട് പാതാളത്തില്‍ നിന്ന് ചെമ്പ് കുടത്തെ പിളര്‍ന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൗദ്രതയുള്ളവളാണ്. കോപം മൂത്ത് കണ്ണില്‍ കാണുന്നവരെയൊക്കെ തന്റെ ആയുധങ്ങള്‍ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ പുരാവൃത്തെ ആസ്പദമാക്കിയാണ് തെയ്യം ചൂരല്‍ വടി കൊണ്ട് ആള്‍ക്കുട്ടത്തിന് നേര പാഞ്ഞടുക്കുന്നതും ഭയപ്പെടുത്തുന്നതും.

ഈ കാഴ്ച്ച കാണുന്നതിനായാണ് തോറ്റത്തിനും തെയ്യത്തിനും ക്ഷേത്രത്തില്‍ ഭക്തരെത്തുന്നത്. രാത്രിയെത്ര വൈകിയാലും ഈ ആവേശക്കാഴ്ച്ച കാണാന്‍ സ്ത്രീകളും കുട്ടികളും ഉറക്കമൊഴിഞ്ഞ് വരെ ക്ഷേത്രത്തിലെത്താറുണ്ട്. മൂവായിരത്തോളം പേര്‍ ഇന്നലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് നൂറ്റമ്പതിലേറെപ്പേര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഇവരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു.

അപകടത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചതായി കളക്ടര്‍ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് വെടിക്കെട്ടിന്റെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടവും ആളുകള്‍ നിന്നിരുന്ന സ്ഥലവും തമ്മില്‍ നിയമാനുസൃതമായ അകലം ഉണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും. തിങ്കള്‍ രാത്രി പന്ത്രണ്ടോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു.

തെയ്യക്കാലത്തിന് തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേര്‍ തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ് കൂടതല്‍ പേര്‍ക്കും പരിക്കുണ്ടായത്. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്തതും ആള്‍ക്കൂട്ടത്തിന് അടുത്ത് പടക്കം പൊട്ടിച്ചതുമാണ് ദുരന്തമായി മാറിയത്. പട്ടക്കം പൊട്ടിച്ചതിന് തൊട്ടടുത്തായിരുന്നു പടക്കം ശേഖരിച്ച കെട്ടിടം. ഇതുകൊണ്ടാണ് തീപ്പൊരി അവിടേക്ക് വീണതും ദുരന്തമായി മാറിയതും.