ലണ്ടൻ: ബുധനാഴ്ച 'ദി ടൈംസ്'പുറത്തു വിട്ട വാർത്താ ബോംബ് ഇന്നലെ മലയാളി സമൂഹത്തിൽ എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിയ അനേകായിരങ്ങളുടെ സ്വപ്നത്തിലേക്കാണ് തീ കോരിയിട്ടത്. എന്നാൽ ഭയപ്പെടും പോലെ ആശങ്കപ്പെടാനില്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നൽകുന്ന സൂചന.

ബ്രിട്ടനിൽ ഒരു നിയമം പ്രാവർത്തികമാക്കുമ്പോൾ തീർച്ചയായും അതിനു മുൻകാല പ്രാബല്യം നൽകാനുള്ള സാധ്യത തീരെ കുറവാണു എന്നത് തന്നെ. മാത്രമല്ല യൂണിവേഴ്‌സിറ്റിയും വിദ്യാർത്ഥികളും തമ്മിൽ ഉള്ള കരാറിലും രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി സ്റ്റേ ബാക്ക് വ്യക്തമായി പറയുന്നതിനാൽ നിലവിൽ ഉള്ള ഒരു വിദ്യാർത്ഥിയെ പോലും സർക്കാർ ഇപ്പോൾ നിർദ്ദേശത്തിൽ ഉള്ള നിയമം നടപ്പാക്കിയാലും ബാധിക്കാനിടയില്ല എന്നാണ് സൂചന. നിലവിൽ പോസ്റ്റ് സ്റ്റഡിക്കു അപേക്ഷിക്കാൻ ഉള്ളവർ കാലതാമസം കൂടാതെ അത് ചെയ്യുന്നതാകും പ്രായോഗിക ബുദ്ധി.

അതേസമയം അടുത്ത സെപ്റ്റംബറിലെയും ജനുവരിയിലെയും പ്രവേശന സമയം ലക്ഷ്യമിട്ടു ഒരുക്കങ്ങൾ നടത്തുന്ന കേരളത്തിൽ ഉള്ള വിദ്യാർത്ഥികൾ ന്യായമായും ആശങ്കക്കപ്പെടണം. കാരണം നിയമം സർക്കാർ അംഗീകരിച്ചാൽ പിറ്റേന്ന് മുതൽ നടപ്പാക്കാൻ സാധിക്കും വിധമാണ് ബ്രിട്ടനിലെ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ രണ്ടു വർഷം കൂടി യുകെയിൽ നിന്ന് പഠിക്കാൻ ചെലവാക്കിയ കാശ് എന്ത് പണിയും ചെയ്തു തിരികെ പിടിക്കാൻ കഴിയും എന്ന് ചിന്തിക്കുന്നവർ പോസ്റ്റ് സ്റ്റഡി കാലാവധി വെട്ടിക്കുറച്ചാൽ യുകെയിലേക്കു വരാനുള്ള മോഹം ഉപേക്ഷിക്കുന്നത് തന്നെയാകും നല്ലത്. കാരണം ആറുമാസം സമയം കൊണ്ട് ഒരു മാജിക്കും നടത്താൻ സാധിക്കില്ല എന്നത് തന്നെ.

അതിനിടെ യുകെയിലേക്ക് ഒരു സറ്റുഡന്റ് വിസ സമ്പാദിക്കാനായാൽ കുടുംബ സമേതം ചേക്കേറാം എന്ന പ്രതീക്ഷയും അസ്തമയ്ക്കുകയാണ്. ഈ അവസരം ഇനി മുതൽ രണ്ടു വർഷം പഠന സമയമുള്ള പോസ്റ്റ് ഗ്രാജേഷൻ കോഴ്സ്. ഗവേഷണം നടത്താൻ എത്തുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമായി വെട്ടിച്ചുരുക്കപ്പെടണം എന്ന നിർദ്ദേശവും സ്യുവെല്ലയുടെ മേശപ്പുറത്തു എത്തിയിട്ടുണ്ട്. ഇതിലൂടെ പതിനായിരക്കണക്കിന് ഡിപെൻഡന്റ് വിസ എന്നത് ആയിരങ്ങളിലേക്കു ഒതുക്കാനാകും എന്നതാണ് സർക്കാരിന് മുന്നിൽ എത്തിയ നിർദ്ദേശം. ഇത് നടപ്പാക്കപ്പെട്ടാൽ കേരളത്തിൽ നിന്നും വരുന്നവരുടെ എണ്ണം പത്തിൽ ഒന്നായി പോലും കുറയാനിടയുണ്ട്. കാരണം ഇപ്പോൾ ഗ്രാജുഷേൻ കോഴ്‌സുകൾ തേടിയാണ് മിക്ക പങ്കു വിദ്യാർത്ഥികളും വന്നുകൊണ്ടിരിക്കുന്നത്. പഠിക്കാൻ എളുപ്പമുള്ള കോഴ്‌സുകളും കുറഞ്ഞ ഫീസും ആണ് ഇതിലേക്കുള്ള ആകർഷണം.

പഠിച്ചു കഴിഞ്ഞാൽ ഉള്ള തൊഴിൽ സാധ്യത ആരുടേയും പ്രശ്‌നമേയല്ല. കാരണം എങ്ങനെയും യുകെയിൽ എത്തി ഏറ്റവും വേഗത്തിൽ കെയർ ഹോമുകളിൽ വിസ കണ്ടെത്തുക എന്നതാണ് സ്റ്റുഡന്റ് ആയി വരുന്നവരിൽ കുറേപ്പേരുടെ ലക്ഷ്യം. ഇതൊക്കെ കൃത്യമായി സർക്കാരിന് മുന്നിൽ എത്തിയതോടെയാണ് കോഴ്‌സിന്റെ മെറിറ്റ് നോക്കി കുടുംബത്തെ കൂടെ കൊണ്ടുവരാനുള്ള സൗജന്യം തീർച്ചപ്പെടുത്താനുള്ള നിർദ്ദേശവും പരിഗണിക്കപ്പെടുന്നത്. വിദേശ വിദ്യാർത്ഥികൾ യുകെ യൂണിവേഴ്‌സിറ്റിയുടെ വരുമാന മാർഗം ആണെന്നതുകൊണ്ട് കയറൂരി വിട്ട സ്റ്റുഡന്റ് വിസ കുടിയേറ്റ നിയന്ത്ര്ണ നടപടികളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റികളുടെ എതിർപ്പ് മാനിക്കാതെ കനത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.

സ്റുഡന്റ് എന്ന പേരിൽ വിസ സമ്പാദിച്ച ശേഷം കുടുംബത്തെ കൂടി അതിവേഗം യുകെയിൽ എത്തിക്കുന്ന എഴുന്നെള്ളത്തിനു കൂച്ചുവിലങ്ങു ഇട്ടേ മതിയാകൂ എന്ന് നൈജീരിയൻ കുടിയേറ്റ തള്ളൽ ഉണ്ടായപ്പോഴേ ബ്രിട്ടണിലെ ഹോം ഓഫിസ് നിർദ്ദേശം നൽകിയതാണ്. ആ സാധ്യതയിലേക്കു മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടി ഇത്രവേഗം എത്തിച്ചേരുമെന്ന് ആരും കരുതിയതുമല്ല. എന്നാൽ മുൻപ് ഇതിനുള്ള സാധ്യത പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നതുമാണ്.

അതേസമയം മാധ്യമങ്ങൾ വാർത്ത ചോർത്തിയ സാഹചര്യത്തിൽ സർക്കാറിനു മുന്നിൽ ഉള്ള നിർദ്ദേശത്തെ കുറിച്ച് പ്രതികരണം തേടി ഹോം ഓഫിസിനു മുന്നിലും മാധ്യമങ്ങൾ എത്തി. എന്നാൽ നിശബ്ദതയാണ് സ്യുവെല്ല ബ്രെവർമാന്റെ ഓഫിസ് മറുപടിയായി സ്വീകരിച്ച നടപടി. അതെ സമയം പോയിന്റ് ബേസ്ഡ് സിസ്റ്റം അടക്കമുള്ള നടപടികൾ സ്വീകരിച്ചത് രാജ്യത്തിന് മികവുള്ള വിദ്യാർത്ഥികളെ ലഭിക്കണം എന്ന ആഗ്രഹത്തോടെയാണെന്നു സർക്കാർ വക്താവ് പ്രതികരിച്ചു. ആരെങ്കിലും എവിടെ നിന്നനെകിലും വന്നു പഠിച്ചു പോകുക എന്നത് സർക്കാരിന്റെ നയവുമായി കൂട്ടിയിണങ്ങുന്നതല്ല എന്നായിരുന്നു പ്രതികരണം.

യുകെ യൂണിവേഴ്‌സിറ്റികൾ ലോക നിലവാരത്തിൽ മത്സരിക്കുന്നത് ആണെന്നും ആ നിലവാരം ഇടിച്ചു കളയാൻ ആഗ്രഹികുന്നിലെന്നും സർക്കാർ വക്താവ് തുടർന്ന്. വിദേശ വിദ്യാർത്ഥികൾ ആധിപത്യം സ്ഥാപിച്ച പല യൂണിവേഴ്സിറ്റികളിലും വിദ്യാർത്ഥികൾ ക്‌ളാസുകളിൽ എത്താതെ ജോലി തേടി നടന്ന സാഹചര്യത്തിൽ കോഴ്‌സുകൾ പിൻവലിക്കേണ്ടി വന്ന സാഹചര്യം പോലും സർക്കാർ ശ്രദ്ധയിൽ എത്തിയിരുന്നു. ഇതാണ് സർവകലാശാലയുടെ നിലവാരത്തകർച്ച അനുവദിക്കാനാകില്ല എന്ന കടുത്ത തീരുമാനം എടുക്കാൻ പ്രേരകം ആയതു എന്നും വിലയിരുത്തപ്പെടുന്നു.