- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ വിദ്യാർത്ഥികളുടെ പേരിൽ സർക്കാരിൽ തമ്മിലടി; സ്യുവെല്ല എണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ വിദ്യാർത്ഥി വിസക്കാർക്കു 30 മണിക്കൂർ ജോലിയാക്കി സമ്പദ് രംഗം പച്ചപിടിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്; മാന്ദ്യകാലത്തു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം; ബ്രിട്ടണിലെ ഭരണത്തിലും പ്രശ്‌നങ്ങൾ
ലണ്ടൻ: കഴിഞ്ഞ രണ്ടു ദിവസമായി ദി ടൈംസ് പൊട്ടിച്ചു കൊണ്ടിരിക്കുന്ന വാർത്ത ബോംബിനെ തുടർന്ന് ബ്രിട്ടണിലെ കൺസർവേറ്റിവ് സർക്കാരിലും തമ്മിലടി. വിദേശ വിദ്യാർത്ഥികൾ വഴി ഉയരുന്ന കുടിയേറ്റ കണക്കിൽ പിടിച്ചു വിദ്യാർത്ഥികളുടെ വഴി മുടക്കാൻ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാൻ നടത്തിയ നീക്കം ടൈംസിലെ പാട്രിക് ജാക്ക് എന്ന പത്രപ്രവർത്തകൻ ചോർത്തിയെടുത്ത വാർത്തയാണ് ഇപ്പോൾ ബ്രിട്ടീഷ് സർക്കാരിൽ പോലും കോലാഹലം ഉയർത്തുന്നത്.
ഇക്കാര്യവും പുറത്തു കൊണ്ട് വന്നത് ടൈംസ് തന്നെയാണ് എന്നതും രസകരമാകുന്നു. മലയാളി വിദ്യാർത്ഥികൾ അടക്കം ഉള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ആശങ്കയേക്കാൾ ഉപരി അവർ എത്തിക്കുന്ന പണത്തിലാണ് സ്യുവെല്ലയുടെ എതിരാളികൾ കണ്ണ് വയ്ക്കുന്നത്. മാത്രമല്ല കണക്കിൽ കവിഞ്ഞ വിദ്യാർത്ഥികൾ വന്നത് വഴിയാണ് ബ്രെക്സിറ്റിനെ തുടർന്ന് ചലനമറ്റ ആരോഗ്യ രംഗം, റീറ്റെയ്ൽ എന്നിവയിലേക്ക് ആവശ്യത്തിന് ജീവനക്കാരെ കിട്ടിയതെന്നതും മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അനുവദിക്കുന്ന 20 മണിക്കൂർ ജോലി 30 മണിക്കൂറാക്കി ഉയർത്തുന്ന കാര്യമാണ് സർക്കാർ പരിഗണിക്കേണ്ടതെന്നും പ്രധാനന്ത്രി ഋഷി സുനാക്കിനെ ഉപദേശിച്ചിരിക്കുകയാണ് ഒരു വിഭാഗം എംപിമാരും മന്ത്രിമാരും. ഇതോടെ പാർട്ടിയിലും സർക്കാരിലും വിദേശ വിദ്യാർത്ഥികളുടെ പേരിൽ ഒരു തമ്മിലടിക്കു കളം ഒരുങ്ങുകയാണ്. വിദേശ വിദ്യാർത്ഥികളെ സംബന്ധിച്ച ഏതു പ്രതികൂല തീരുമാനവും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നൽകുമെന്ന് യൂണിവേഴ്സിറ്റികളുടെ ഫോറമായ യൂനിവേഴ്‌സിറ്റി യുകെയും മുന്നറിയിപ്പ് നൽകുന്നു.
ഇവരുടെ കണക്ക് പ്രകാരം 29.5 ബില്യൺ പൗണ്ടാണ് വിദേശ വിദ്യാർത്ഥികൾ യുകെയ്ക്കു നൽകിയിരിക്കുന്നത്. ഈ വരുമാനം ഒറ്റയടിക്ക് ഇല്ലാതാകുന്ന തീരുമാനം എടുക്കാൻ സർക്കാർ തയാറാകരുത് എന്നാണ് യൂണിവേഴ്‌സിറ്റികളുടെ ആവശ്യവും. ഇതോടെ രണ്ടു കൂട്ടർക്കും ഇടയിൽ സമവായം കണ്ടെത്താനുള്ള ഫോർമുല തേടുകയാണ് പ്രധാനമന്ത്രി ഋഷി സുനക്ക്.
വിദ്യാർത്ഥികൾ ആയി എത്തുന്നവർക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ അവസരം നൽകിയാൽ ഇപ്പോഴുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ഒരു പരിധി വരെ സഹായകമാകും എന്നാണ് സർക്കാരിന് മുന്നിലെത്തിയിരിക്കുന്ന ശുപാർശ. കോവിഡിന് ശേഷം ഫ്രന്റ് ലൈൻ ജീവനക്കാർ എന്നറിയപ്പെടുന്ന വിഭാഗത്തിൽ ജോലിക്ക് മടങ്ങിയെത്താൻ ബ്രിട്ടീഷ്‌കാർ താല്പര്യമില്ലായ്മ കാട്ടി തുടങ്ങിയതോടെയാണ് ജീവനക്കാരുടെ ക്ഷാമം കടുത്തത്. ബ്രിട്ടനിൽ എത്തിയ 6.80 ലക്ഷം വിദേശ വിദ്യാർത്ഥികളിൽ നല്ല ശതമാനവും നിയമം അനുവദിച്ചാൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ തയാറുള്ളവരാണ്. ഇത് രണ്ടു വിഭാഗത്തിനും ഗുണമായി മാറുകയും ചെയ്യും.
അതേസമയം ഇക്കാര്യം ചർച്ചക്ക് എടുക്കുന്നത് പോലും ഹോം സെക്രട്ടറി സ്യുവേലയെ അനുകൂലിക്കുന്ന വിഭാഗം എതിർക്കുകയാണ്. ഇതുവഴി കൂടുതൽ വിദ്യാർത്ഥികൾ വന്നെത്താൻ മാത്രമേ കരണമാകൂ എന്നാണ് അവരുടെ നിലപാട്. പിടിവിട്ടു പായുന്ന കുടിയേറ്റം നിയന്ത്രിച്ചു നിർത്താൻ വഴികൾ ആലോചിക്കേണ്ട സമയത്തു അതിനു തുരങ്കം വയ്ക്കുന്ന കാര്യം ആലോചിക്കാനേ പാടില്ല എന്നാണ് ഇവർ ഋഷിയിൽ ചെലുത്തുന്ന സമ്മർദം. അതേസമയം സമ്പദ് വ്യവസ്ഥ മുന്നോട്ടു നീക്കാൻ താൻ എന്തും ചെയ്യും എന്ന വാഗ്ദാനം എങ്ങനെ നിറവേറ്റും എന്ന ചിന്തയിൽ തല പുകയ്ക്കുന്ന ഋഷി വിദ്യാർത്ഥികളുടെ കാര്യത്തിൽ അനുകൂല നിലപാടിൽ നിന്നേക്കും എന്നാണ് സ്യുവെല്ലയുടെ പ്ലാനിനെ എതിർക്കുന്നവർ ചിന്തിക്കുന്നത്.
കോവിഡിന് ശേഷം ഏകദേശം 90 ലക്ഷം പേരെങ്കിലും ജോലി ചെയ്യാൻ മടിയുള്ളവരുടെ കൂട്ടത്തിലേക്കു മാറിയതായാണ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡ് നേതൃത്വം നൽകിയ ടീം കണ്ടെത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെട്ടവർ ജോലി സമയം വെട്ടിക്കുറച്ചും ജോലിക്കു പോകാതെയും ഇരിക്കുന്ന സാഹചര്യത്തിൽ ഇവരെ മടക്കി എത്തിക്കുക എന്നതാണ് വെല്ലുവിളി. ഈ സാധ്യത വിദ്യാർത്ഥി വിസക്കാർക്കു മുന്നിൽ തുറന്നിട്ടാൽ അവർ അത് പ്രയോജനപ്പെടുത്തുമെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമായി മാറും എന്നുമാണ് വിലയിരുത്തൽ. ഈ നിർദ്ദേശം അതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് എന്നും ടൈംസ് എടുത്തു പറയുന്നു. എങ്ങനെയാണു സ്റ്റുഡന്റ് വിസക്കാർക്കു ധാരാളം സമയം ജോലി നൽകിയാൽ അത് സമ്പദ് ഘടനയ്ക്ക് ഗുണമായി മാറുകയെന്ന ചോദ്യം ഇതിനകം തന്നെ സ്‌ട്രൈഡിനെ തേടി എത്തിക്കഴിഞ്ഞു.
എന്നാൽ ജീവിത ചെലവിൽ പ്രയാസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാനാകും എന്ന വാദം മാത്രമാണ് യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നും സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്നത്. ഈ വാദത്തിന്റെ മുനയൊടിക്കാൻ ആവശ്യത്തിന് പണം അക്കൗണ്ടിൽ കാണിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോം ഓഫീസ് വിസ നൽകിയിരിക്കുന്നത് എന്നാണ് സ്യുവേലയുടെ മറുവാദം. ഈ പണം ബ്രിട്ടനിൽ പ്രയാസം ഉണ്ടാകുമ്പോൾ ഉപയോഗിക്കാനാണ് ഓരോ വിദ്യാർത്ഥിയോടും വിസ നടപടികളുടെ ഭാഗമായി അക്കൗണ്ടിൽ ഉണ്ടാകണമെന്ന് ഹോം ഓഫിസ് നിഷ്‌കർഷിക്കുന്നതും. യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ ജീവിത ഭാരം മാറ്റാൻ സർക്കാരിന് മുന്നിൽ കനിവ് തേടി എത്തുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശം വളരെക്കാലമായി പിന്തുടരുന്നെതെന്നും ഹോം ഓഫിസ് വക്താക്കൾ വാദിക്കുന്നു. സ്റുഡന്റ്റ് വിസക്കാർ യുകെയിലെത്തി ഫുഡ് ബാങ്കിനെയും മറ്റും ആശ്രയിക്കുന്ന സാഹചര്യം മാധ്യമ വാർത്തകളിൽ എത്തിയതിനെ തുടർന്നാണ് അതിന്റെ ആവശ്യം പോലും എന്ന വാദവുമായി എത്താൻ ഹോം ഓഫിസിനെ പ്രേരിപ്പിക്കുന്നത്.
മാത്രമല്ല പരിധി വിട്ടു ജോലി ചെയ്യാൻ അനുവദിച്ചാൽ പഠിക്കാൻ സമയം എവിടെ എന്ന ചോദ്യവും ഇതിനകം വൈസ് ചാൻസലർമാരെ തേടി സർക്കാരിൽ നിന്നും എത്തിക്കഴിഞ്ഞു. ജോലി ചെയ്യുവാനായി വിദ്യാർത്ഥി വിസയല്ല പരിഹാരമായി സർക്കാർ ഉയർത്തിക്കാട്ടേണ്ടതെന്നും ഹോം ഓഫിസ് അഭിപ്രായം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം 11 ലക്ഷം കുടിയേറ്റക്കാർ യുകെയിൽ എത്തിയതായി കണക്കുകൾ പറയുമ്പോൾ ഇതിൽ ഏറ്റവും വേഗത്തിൽ മാറ്റിനിർത്താൻ സാധിക്കുന്നത് സ്റ്റുഡന്റ് വിസക്കാരെയാണ് എന്ന് സ്യുവെല്ല വിഭാഗം കരുതുന്നു. അതിനാൽ ഏതു തരം തീരുമാനം എടുക്കുമ്പോഴും രാജ്യത്തിന്റെ ദീർഘകാല ഭാവിയെ കരുതി ആയിരിക്കണം എന്ന വാദവും പരിഗണിക്കാതിരിക്കാൻ സർക്കാരിനാകില്ല.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.