ലണ്ടൻ: ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റായുടെയും ലണ്ടൻ ഓഫീസുകളിൽ ഭീമൻ ശമ്പളത്തിൽ ജോലിക്കെത്തിയ യുവ മലയാളി എഞ്ചിനീയർമാരിൽ നല്ല പങ്കിന്റെയും ജോലി തെറിച്ചു. കഴിഞ്ഞ വർഷം കേരളത്തിലെ പ്രമുഖ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ യുവ എഞ്ചിനീയർമാരെ തേടിയാണ് വിധിയുടെ ക്രൂരത ജോലി നഷ്ടത്തിന്റെ രൂപത്തിൽ പിടിമുറുക്കിയത്. പേര് വെളിപ്പെടുത്തരുത് എന്ന അപേക്ഷയോടെയാണ് മുന്നിൽ മറ്റു വഴികൾ ഇല്ലെന്ന് ഈ ചെറുപ്പക്കാർ പങ്കിടുന്ന പ്രധാന കാര്യം.

കാരണം വമ്പൻ ശമ്പളത്തിൽ ജോലി നേടിയ ഇവരെ സാധാരണ ജോലിക്കെടുക്കാൻ ചെറുകിട കമ്പനികൾ തയ്യാറല്ല. വർക്ക് വിസയിൽ എത്തിയ ഇവർക്കാകട്ടെ നിലവിലെ ജോലി നഷ്ടമായ സാഹചര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ നാട് വിടണം. നാട്ടിലും വീട്ടിലും വലിയ ജോലി ലഭിച്ചെന്ന സന്തോഷം പങ്കിട്ട് വന്ന ചെറുപ്പക്കാർക്ക് തിരികെ നാട്ടിൽ ചെല്ലാനും പറ്റാത്ത സാഹചര്യം.

നാട്ടിലെ മികച്ച ജോലി നഷ്ടപ്പെടുത്തി വന്നവർ തിരികെ നാട്ടിൽ ചെല്ലാനാകാത്ത പ്രയാസത്തിൽ

ഇൻഫോപാർക്കിലെയും പ്രമുഖ ഇന്ത്യൻ ബ്രാൻഡ് കമ്പനികളിലെയും ജോലി വേണ്ടെന്നു വച്ചാണ് ലണ്ടനിൽ നിന്നും ലഭിച്ച മോഹ ഓഫറിന്റെ പിന്നാലെ ഇവരെല്ലാം എത്തിയത്. പ്രതിവർഷം 50 ലക്ഷം രൂപയ്ക്കു മുകളിൽ ശമ്പളം ഉള്ള ജോലികൾ, അതും സ്വപ്ന തുല്യമായ ബ്രാൻഡ് ഓഫിസുകളിൽ ലഭിക്കുമ്പോൾ ആരും ബ്രിട്ടനിലെ മാന്ദ്യ കാലത്തെ കുറിച്ച് ഓർക്കില്ല.

അഥവാ മാന്ദ്യത്തിൽ തങ്ങളുടെ ജോലിയാകും ആദ്യം തെറിക്കുക എന്നതൊന്നും നാട്ടിൽ നിൽക്കുമ്പോൾ ആലോചിക്കാനുമാകില്ല. അതിനാൽ വിധി കാട്ടിയ ക്രൂരത കയ്യും നീട്ടി സ്വീകരിക്കുക എന്നത് മാത്രമാണ് ഈ ചെറുപ്പക്കാരുടെ മുന്നിലുള്ള വഴി. ലണ്ടനിലെ പോഷ് കേന്ദ്രങ്ങളിൽ പ്രതിമാസം 1500 പൗണ്ടിന് മുകളിൽ വാടക ഉള്ള റൂമുകളിൽ കഴിഞ്ഞവർ ജോലി പോയതോടെ ഏറ്റവും വേഗത്തിൽ വീട് ഒഴിയാനുള്ള ശ്രമത്തിലാണ്. കോൺട്രാക്ട് ലംഘിച്ചു എന്ന പേരിൽ ഇവർ നൽകിയ അഡ്വാൻസ് തുക പോലും നഷ്ടമാകുന്ന സാഹചര്യമാണ്.

കല്യാണം മുടങ്ങുമോ എന്ന് ഭയക്കുന്നവരും ജോലി പോയവരുടെ കൂട്ടത്തിൽ

തൽക്കാലം ബാംഗ്ലൂരിലേക്ക് സഹപാഠികളുടെ അടുത്തേക്ക് മടങ്ങി അവിടെ മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമാമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരു വർഷത്തിനകം നാട്ടിൽ എത്തി പറഞ്ഞുറപ്പിച്ച വിവാഹം നടത്തേണ്ട രണ്ടു പേരുമുണ്ട്. ലണ്ടനിൽ ലഭിച്ച ജോലിയുടെ കൂടി ആകർഷണത്തിൽ വന്ന കല്യാണം പോലും നടക്കുമോ അതോ മുടങ്ങുമോ എന്ന് പോലും പറയാനാകാത്ത സാഹചര്യമാണ് എന്നതും ഇവരെ കൂടുതൽ വിഷമിപ്പിക്കുന്നു.

കോർപ്പറേറ്റ് മാനേജർ, ക്രീയേറ്റീവ് ഡയറക്ടർ, പ്രോഡക്റ്റ് മാനേജ്‌മെന്റ്, ടാലെന്റ് മാനേജ്‌മെന്റ് തുടങ്ങിയ സ്വപ്ന തുല്യ പദവികളിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചവരാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അത് കയ്യിൽ നിന്നും ചോർന്നൊലിക്കുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത്. പുതുതായി എത്തിയവർ എന്ന നിലയിൽ കാര്യമായ ബാധ്യതകൾ കൂടാതെയാണ് ഗൂഗിളും മെറ്റായും യുവ പ്രൊഫഷനുകളെ ഒഴിവാക്കുന്നത്. പലരും പ്രൊബേഷൻ പീരിയഡിൽ തന്നെയാണ് പുറത്തായതും.

ടെസ്‌കോയിൽ കൂട്ട പിരിച്ചുവിടൽ

വരും ദിവസങ്ങളിൽ ടെസ്‌കോയുടെ ദെലി കൗണ്ടറുകൾ പൂട്ടുന്നതിനൊപ്പം മാനേജർ പദവിയിൽ ജോലി ചെയ്ത മുഴുവൻ പേരോടും ഫ്ലോറിൽ ടീം ലീഡർ ആയി ജോലി ചെയ്യാൻ തയ്യാറായിക്കോളൂ എന്ന കത്തുകൾ വരും ദിവസങ്ങളിൽ വരാനായിരിക്കുകയാണ് എന്ന വിവരം കൂടി ചേർത്ത് വച്ച് വേണം മലയാളി യുവ പ്രൊഫഷണലുകൾക്ക് നേരിടേണ്ടി വന്ന വിധിയെ വിലയിരുത്തുവാൻ. ഇങ്ങനെ ജോലി നഷ്ടമാകുന്ന നൂറുകണക്കിന് ടെസ്‌കോ മാനേജർമാർ കഴിഞ്ഞ ദിവസ ങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദത്തോടെയാണ് ജോലിക്കെത്തിയത് എന്ന് ടെസ്‌കോ ജീവനക്കാരായ മലയാളികൾ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. യുകെയിൽ കടുത്ത സാമ്പത്തിക മാന്ദ്യം റിപ്പോർട്ട് ചെയ്യുന്നതിനാൽ മികച്ച പദവിയിൽ ഉള്ള ഒരു ജോലിയും ഇപ്പോൾ സുരക്ഷിതം അല്ലെന്നാണ് സൂചന.

പിരിച്ചു വിടൽ ലോകമെങ്ങും ട്രെന്റാകുന്നു

യുകെയിൽ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും ടെക്ക് ഭീമന്മാർ പിരിച്ചു വിടൽ തകൃതിയായി നടത്തുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം 91 കമ്പനികളിൽ നിന്നായി 24,151 ജീവനക്കാർക്ക് പുറത്തു പോകേണ്ടി വന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതിൽ മികച്ച ശമ്പളം നേടിയ മാനേജർ പദവിയിൽ ഉള്ളവർ വരെ ഉൾപ്പെടുന്നുമുണ്ട്. ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയത് ഗൂഗിളാണ്. ഇവിടെ 12,000 പേർക്കാണ് തൊഴിൽ നഷ്ടം. കമ്പനിക്കു പ്രതീക്ഷിച്ച വളർച്ച വേഗം ഇല്ലെന്നാണ് ഇപ്പോൾ ഗൂഗിൾ പറയുന്ന ന്യായം.

മൈക്രോസോഫ്റ്റിലും ആമസോണിലും സമാനമായ തരത്തിൽ തന്നെ പിരിച്ചു വിടൽ നടക്കുന്നു. പതിനായിരത്തോളം പേരെയാണ് മൈക്രോസോഫ്റ്റ് വേണ്ടെന്നു വച്ചത്. മെറ്റായും 11,000 ജീവനക്കാരെ ലോകമൊട്ടാകെ ഒഴിവാക്കി. പരസ്യത്തിന്റെ കാര്യത്തിൽ മെറ്റാ വൻ ഇടിവാണ് നേരിടുന്നത് എന്ന് സുക്കർബർഗ് തന്നെ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കിയ ട്വിറ്റർ ഒടുവിൽ ഇപ്പോൾ സ്ഥാപനം തന്നെ നിലനിൽക്കുമോ എന്ന ഭീഷണിയാണ് ഉയർത്തുന്നത്.

മറ്റൊരു ടെക്ക് ഭീമനായ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഫോണുകൾ വമ്പൻ വിൽപന തകർച്ച നേരിടുന്നു എന്ന വാർത്തയ്‌ക്കൊപ്പമാണ് അനേകം പേരുടെ ജോലിയും നഷ്ടമാകും എന്ന വാർത്തയെ നേരിടുന്നത്. സ്നാപ്പ് ചാറ്റും ഇന്ത്യൻ കമ്പനിയായ ബൈജൂസും ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. ചെലവ് ചുരുക്കൽ ന്യായീകരണമാണ് ഏവരും ഒറ്റ സ്വരത്തിൽ പറയുന്നത്. എന്നാൽ പ്രതീക്ഷിച്ച വളർച്ചയിലേക്ക് നടന്നു കയറാൻ ആർക്കും കഴിയുന്നില്ല എന്നതും സത്യമാണ്.

കോവിഡാനന്തര ലോകത്ത് ഇനിയെല്ലാം ഓൺലൈൻ ലോകം കീഴടക്കും എന്ന ചിന്തയ്ക്കു ബദൽ രൂപമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഓൺലൈനിൽ ഇടപാടുകൾ ഞെട്ടിക്കും വേഗത്തിലാണ് കുറയുന്നത്. ഭാവി ഓൺലൈനിൽ ആണെന്ന് സ്വപനം കണ്ടു അതിനായി മുതൽ മുടക്കിയ കമ്പനികളൊക്കെ പ്രതിസന്ധി നേരിടുകയാണ്. ഓൺലൈൻ കച്ചവടം പിടിക്കാൻ നിയമിച്ച അധിക ജീവനക്കാരൊക്കെ ഇപ്പോൾ എല്ലാ കമ്പനികൾക്കും ബാധ്യതയായി മാറുകയാണ്.

ഓൺ ലൈൻ സാധ്യത പ്രയോജനപ്പെടുത്താം എന്ന് മോഹിച്ച് അനേകം കമ്പനികൾ രംഗത്ത് വന്നത് മറ്റൊരു കാരണമായി.വമ്പന്മാരെ ആശ്രയിക്കാതെയും കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാം എന്നതാണ് സാഹചര്യം. വർക് ഫ്രം ഹോം സമ്പ്രദായം വന്നതോടെ പ്രൊഡക്ടിവിറ്റി സാരമായി പലരെയും ബാധിച്ചു എന്നതും മറ്റൊരു കാരണം.

ടെക് ലോകത്തെ ആഗോള തകർച്ച ഇന്ത്യയ്ക്ക് നേട്ടമാകുമോ കോട്ടമാകുമോ എന്നതാണ് ഇപ്പോൾ യുവ പ്രൊഫഷണലുകൾ കൂടുതലായി ശ്രദ്ധിക്കുന്നത്. എത്ര മികച്ച ഓഫർ ലഭിച്ചാലും സാമ്പത്തിക മുരടിപ്പിൽ നിൽക്കുന്ന വിദേശ ജോലിയെക്കാൾ സുരക്ഷിതം സാമ്പത്തിക വളർച്ചയിൽ സ്ഥിരത കാട്ടുന്ന ഇന്ത്യൻ കമ്പനികളിലെ ''നാടൻ'' ജോലി തന്നെയാണ് മെച്ചം എന്നൊരു ചിന്തയും ചെറുപ്പക്കാരിൽ പടരുന്നുണ്ട്.