- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാഴ്ച മുൻപ് ഋഷി സുനക് പ്രഖ്യാപിച്ച മൂന്നിന പരിപാടിക്ക് പണം കണ്ടെത്താൻ കണ്ണ് വയ്ക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരിൽ; യുകെ വിസ വേണ്ടവർക്ക് കണ്ണിൽ പൊന്നീച്ച പറക്കുന്ന വിധം ഫീസുകൾ കൂട്ടാൻ തീരുമാനം; പണം ഉണ്ടാക്കാൻ ഉള്ള ബ്രിട്ടന്റെ ശ്രമം മലയാളികൾക്ക് തിരിച്ചടി
ലണ്ടൻ: തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് നീങ്ങുന്ന ബ്രിട്ടീഷ് സർക്കാരിന് കൂടുതൽ ജനകീയമാകണം. ജനപ്രിയ പദ്ധതികൾ അവതരിപ്പിക്കണം. ജനങ്ങൾ ഇഷ്ടപെടുന്ന, നീണ്ട കാലമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പാക്കി തുടങ്ങണം. ഇതിനെല്ലാം പണവും വേണം. എന്നാൽ പരിധി വിട്ട് കടമെടുക്കാനുമാകില്ല . ഈ ചിന്തയിൽ വേഗത്തിൽ പണമെത്തും എന്ന് കരുതി ഇന്നലെ പ്രഖ്യാപിച്ച കുടിയേറ്റ വിരുദ്ധ നടപടികൾ മലയാളികൾ ഉൾപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് തിരിച്ചടിയാവുകയാണ്.
കുടിയേറ്റ നിരക്ക് സകല കണക്കും തെറ്റിച്ചു ലക്ഷക്കണക്കിന് ആയി ഉയർന്നപ്പോൾ ഇങ്ങനെ വരുന്നവരുടെ പോക്കറ്റ് അടിക്കുക എന്ന തികച്ചും എളുപ്പമുള്ള വഴിയാണ് ഋഷി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ വിസ ഫീസും ഹെൽത്ത് സർചാർജും കുത്തനെ ഉയർത്തുമ്പോൾ ആരും പ്രതിഷേധവും ആയി എത്തില്ല. അപേക്ഷകരിൽ നല്ല പങ്കും എങ്ങനെയും പണം കണ്ടെത്തി ഇതൊക്കെ ചെയ്യും എന്നുറപ്പുള്ള സർക്കാരിന് കുറച്ചു പണവും അധ്വാനം ഇല്ലാതെ കിട്ടുകയും ചെയ്യും. ഉടൻ നടപ്പിലാവുന്ന ഫീസ് വർധനയും സർചാര്ജും വിലയിരുത്തുമ്പോൾ കണ്ടെത്താനാകുന്ന കാരണങ്ങൾ ഇങ്ങനെയൊക്കെയാണ്.
ഉറച്ച നിലപാടോടെ ഋഷിയും കൂട്ടരും
രണ്ടാഴ്ച മുൻപ് കെന്റിൽ പ്രധാനമന്ത്രിക്കൊപ്പം എന്ന പരിപാടിയിൽ ഋഷി സുനക് ഉറച്ച ശബ്ദത്തിൽ പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ''അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് തനിക്ക് പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം മെച്ചപ്പെടുത്തണം, ഊർജ്ജ വില നിലയ്ക്ക് നിർത്തണം, ഭക്ഷണ സാധന വില കുറച്ചു കൊണ്ട് വരണം. ഈ മൂന്നു കാര്യത്തിൽ മാത്രമാണ് സർക്കാർ അതീവ ശ്രദ്ധ നൽകുന്നത്.'' ഋഷിയുടെ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിൽ ഉള്ള പ്രഖ്യാപനങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ ബ്രിട്ടനിൽ കാണാനായത്. പൊതു മേഖല ജീവനക്കാരുടെ ശമ്പള കാര്യത്തിൽ കഴിഞ്ഞ ദിവസം വർധന പ്രഖ്യാപിച്ചതും ഊർജ വിലയിൽ നിരക്ക് വർധനക്ക് പരിധി നിശ്ചയിച്ചതും ഋഷിയുടെ വാക്കുകൾ വെറുതെയായില്ല എന്ന സൂചനയാണ് നൽകുന്നത്.
അവശേഷിക്കുന്ന ഭക്ഷണ സാധന വില കുറയാൻ നാണയപ്പെരുപ്പം കുറയുന്നത് വരെ കാത്തിരിക്കണം എങ്കിലും പെട്രോൾ, ഡീസൽ ഇന്ധന വില കുറഞ്ഞു തുടങ്ങിയത് സാവധാനം ഭക്ഷണ സാധന വിലയിലും നേരിയ നിലയിൽ എങ്കിലും പ്രതിഫലിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അതുവഴി മൊത്തത്തിൽ ഒരു ഫീൽഗുഡ് ഫാക്ടർ സൃഷ്ടിക്കാനായാൽ സ്വന്തം പാർട്ടിയിലെ എംപിമാരുടെ എതിർപ്പിനെ ഒരു പരിധി വരെ നേരിടാൻ ഋഷിക്കാകും എന്നാണ് പൊതുവിലയിരുത്തൽ. ഇതോടെ ധൈര്യസമേതം വമ്പൻ പദ്ധതികളും പാക്കേജുകളും പ്രഖ്യാപിച്ച് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ നേരിടാനാകും എന്നാണ് പൊതുവിലയിരുത്തൽ. ഇതിനൊക്കെയായി കൈനിറയെ പണവും വേണം. അതിനായി ബ്രിട്ടൻ തേടി വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ എന്നിവരെ പരമാവധി പിഴിയുക എന്ന നയമാണ് ഇന്നലെ സർക്കാർ പുറത്തു വിട്ടത്.
എളുപ്പവഴിയിൽ ചെന്നെത്തിയത് കുടിയേറ്റക്കാരിൽ
പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർധനയ്ക്ക് ബ്രിട്ടീഷ് സർക്കാർ കണ്ടെത്തിയ വഴികളിൽ ഒന്നാണ് കുടിയേറ്റക്കാരായി എത്താൻ ശ്രമിക്കുന്നവരിൽ നിന്നും കൂടുതൽ പണം കണ്ടെത്തുക എന്നത്. അതിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ എത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകൾക്ക് ഈ നിരക്ക് വർധന താങ്ങാനാകും എന്നാണ് ബ്രിട്ടന്റെ വിലയിരുത്തൽ. അതേസമയം നിരക്ക് വർധന നാമമാത്രം ആകില്ല എന്ന സൂചന മാത്രമേ ഹോം ഓഫിസിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നുള്ളൂ. അതിനർത്ഥം വമ്പൻ വർധന തന്നെയാകും സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്നത് എന്നാണ്.
കഴിഞ്ഞ കുറേക്കാലമായി ജോലി തേടി എത്തുന്ന ആരോഗ്യപ്രവർത്തകരും മറ്റും സർചാർജ്ജ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഓൺലൈൻ പരാതികളുമായി സർക്കാരിനെ സമീപിച്ച സാഹചര്യത്തിൽ തന്നെയാണ് തിരിച്ചടി ആയി മാറുന്ന ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. കുടിയേറ്റ സൗഹൃദമായിരുന്ന പല സർക്കാർ നിലപാടുകളും കുടിയേറ്റ വിരുദ്ധമായി നീങ്ങുന്നുവെന്ന സൂചന കൂടിയാണ് ഇപ്പോൾ തുടർച്ചയായി ലഭിക്കുന്നത്. പണം കണ്ടെത്തുക എന്നതാണ് കാരണമായി പറയുന്നത് എങ്കിലും തദ്ദേശീയ വോട്ടർമാരുടെ ഇഷ്ടം പിടിച്ചെടുക്കുക എന്ന തന്ത്രവും ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് വ്യക്തം.
കടമെടുക്കലും നികുതി കൂട്ടലും പറ്റാതായപ്പോൾ കണ്ടെത്തിയ എളുപ്പ വഴി
അദ്ധ്യാപകർ, പൊലീസ്, ജൂനിയർ ഡോക്ടർമാർ എന്നിവരുടെയൊക്കെ ശമ്പളം വർധിപ്പിക്കാൻ സർക്കാരിന് പണം ആവശ്യമാണ്. ഇത് എത്രയും വേഗം നടപ്പാക്കണമെന്ന് ഇൻഡിപെൻഡന്റ് റിവ്യൂ കമ്മിറ്റി നിർദ്ദേശം ഋഷിയിൽ കനത്ത സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. അതിനാൽ മാറ്റി വയ്ക്കാനും സാധിക്കില്ല. ഈ പ്രത്യേക സാഹചര്യത്തിൽ കൂടിയാണ് ശമ്പള വർധന അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നത്. സർക്കാർ തീരുമാനം അറിഞ്ഞ അദ്ധ്യാപകർ സമരം ഉപേക്ഷിക്കാനുള്ള പാതയിലാണ്. എന്നാൽ ജൂനിയർ ഡോക്ടർമാർ ഇപ്പോഴും സമരവഴിയിലും. അഞ്ചു മുതൽ ഏഴു ശതമാനം ശമ്പള വർധനയാണ് പരിഗണനയിൽ.
ഇതിനായി കടം എടുക്കുക എന്നത് മുൻ ധന സെക്രട്ടറി കൂടിയായ ഋഷിക്ക് ആലോചിക്കാൻ കഴിയുന്ന കാര്യവും ആയിരുന്നില്ല. കടമെടുപ്പ് കൂടിയാൽ വീണ്ടും നാണയപ്പെരുപ്പം ഉണ്ടാകും എന്ന വാദക്കാരനാണ് ഋഷി. കടമെടുക്കാൻ ആലോചിച്ചതിനു കൂടിയാണ് മുൻഗാമി ലിസ് ട്രേസിനെ ഭരണകക്ഷി തന്നെ വലിച്ചു താഴെ ഇട്ടതെന്നും ഋഷിക്കറിയാം. ജനത്തിന് മേൽ അധിക നികുതി അടിച്ചേൽപ്പിക്കുക എന്നതും തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ആലോചിക്കാനാകില്ല.
ഇപ്പോൾ തന്നെ അഗ്നിപർവതം കണക്കെയാണ് ചെലവുകളുടെ കാര്യത്തിൽ പല കുടുംബങ്ങളും. ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരെ സന്തോഷിപ്പിക്കാൻ കുടിയേറ്റക്കാരെ പിഴിയുക എന്ന കുറുക്കു വഴിയാണ് ഋഷി തിരഞ്ഞെടുത്തത്. അനേകായിരം പൗണ്ട് മുടക്കി കുടിയേറ്റത്തിനു തയ്യാറാകുന്നവർ അതിൽ ഒരു വിഹിതം സർക്കാരിലേക്ക് അധികമായി നൽകുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് മന്ത്രിസഭയിൽ ഋഷിയും സുവേലയും പങ്കുവച്ചതും എംപിമാർ അതിന് അംഗീകാരം നൽകിയതും. ഒരു ബില്യണിൽ അധികം വരുന്ന പൗണ്ട് ഈ വർധന വഴി കണ്ടെത്താനാകും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നതും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.