- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുകെ മോഹം മലയാളി വിദ്യാർത്ഥികൾക്ക് മങ്ങുന്നു? ഉയർന്ന ജീവിത ചെലവിൽ വാടകയ്ക്കും ഭക്ഷണത്തിനും നാട്ടിൽ നിന്നും പണം എത്തിക്കേണ്ട സാഹചര്യം; പാർട്ട് ടൈം ജോലികൾ കിട്ടാനും ഇല്ല; അപ്രധാന കോഴ്സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
ലണ്ടൻ: യുകെയിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ ഇടിച്ചു കയറ്റം അവസാനിക്കുന്നതായി സൂചന. കോവിഡിന് ശേഷമുള്ള കേരളത്തിൽ ജീവിക്കാൻ സാധിക്കില്ലെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞ പുതു തലമുറ എത്രയും വേഗത്തിൽ നാട് വിടണം എന്ന ചിന്തയാണ് കഴിഞ്ഞ രണ്ടു വർഷമായി അര ലക്ഷത്തോളം മലയാളി വിദ്യാർത്ഥികൾ തുടർച്ചയായി യുകെയിൽ എത്താൻ കാരണമായത്. അതിനു മുൻപുള്ള വർഷങ്ങളിൽ വെറും ആയിരങ്ങളിൽ നിന്ന വിദ്യാർത്ഥി വിസക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുതിച്ചു കയറ്റം അമ്പരപ്പിക്കുന്നതായിരുന്നു.
ഇതിന്റെ ഫലമായി എവിടെ തിരഞ്ഞാലും ലഭിക്കുമായിരുന്ന പാർട്ട് ടൈം ജോലികൾ കണികാണാൻ പോലും കിട്ടാതായി. വെറുതെ കിടന്ന വീടുകളിൽ പോലും തിങ്ങി ഞെരുങ്ങി വിദ്യാർത്ഥികൾ താമസിക്കാൻ തുടങ്ങി. യുകെയിൽ എത്തുന്ന ആദ്യ ദിവസങ്ങളിൽ താമസിക്കാൻ സ്ഥലം ലഭിക്കാതെ ഹോട്ടൽ മുറികളിൽ അഭയം തേടിയവർ കുറവല്ല. ഏതു നാട്ടിൽ നിന്നും ഉള്ള മലയാളികൾ യുകെയിൽ ഉണ്ടെന്നതിനാൽ പെട്ടെന്ന് പരിചയവും സൗഹൃദവും സ്ഥാപിച്ചു സഹായം തേടാനുള്ള സാധ്യത തുറന്നിട്ടതും എവിടെ നോക്കിയാലും കാണാൻ കഴിയും വിധം മലയാളി വിദ്യാർത്ഥികൾ ഇടിച്ചു കയറിയതാണ്.
യുകെയിലേക്കുള്ള വഴി മുടങ്ങാൻ അനേകം കാരണങ്ങൾ
വാസ്തവത്തിൽ കോവിഡിന് ശേഷം നാട് വിടുക, അത് യുകെ മാത്രം എന്ന ഒരു ട്രെന്റാണ് കഴിഞ്ഞ മൂന്നു വർഷമായി ലക്ഷത്തിലേറെ മലയാളി വിദ്യാർത്ഥികളെ ബ്രിട്ടനിൽ എത്തിച്ചത്. ഇതിലൂടെ സർക്കാർ കണക്കിൽ കുടിയേറ്റ നിരക്ക് ഉദ്ദേശിച്ച ഒരു ലക്ഷത്തിനു പകരം ആറു ലക്ഷത്തിനു മുകളിലേക്ക് ഉയർന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ അടിത്തറ തകർക്കാൻ കാരണമാകും എന്ന വിലയിരുത്തലാണ് മാധ്യമ വാർത്തകൾ ഉയർത്തിയത്. ഒട്ടും വൈകാതെ ഉണർന്നു പ്രവർത്തിക്കാൻ തയ്യാറായത് ഇപ്പോൾ പുറത്തു പോയ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ ആയിരുന്നു.
ആശ്രിത വിസ ഇല്ലാതായതും, കോഴ്സ് പൂർത്തിയാക്കും മുൻപ് വിസ സ്വിച്ച് ചെയ്യാൻ അനുവദിക്കാത്തതും കോഴ്സ് ഫീസ് പൂർണമായും ഒറ്റയടിക്ക് അടയ്ക്കാൻ ആവശ്യപ്പെടുന്നതുമായ ഒട്ടേറെ നിർദ്ദേശങ്ങളാണ് ട്രെന്റിന് ഒപ്പം ചാടിയിറങ്ങിയ പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ യുകെയിലേക്കുള്ള വഴി മുടക്കിയത്. ഇതോടൊപ്പം യുകെയിൽ എത്തിയവർ നാട്ടിലേക്ക് നൽകിയ ഫീഡ് ബാക്കും ട്രെന്റ് തപ്പി ഇറങ്ങിയവരെ പിന്തിരിപ്പിക്കാൻ കാരണമായി. ചെറുപ്പക്കാരുടെ ഭാഷയിൽ പറഞ്ഞാൽ സീൻ മൊത്തം ഡാർക്ക് ആണെന്ന സന്ദേശമാണ് യുകെയിൽ നിന്നും കേരളത്തിലെ ചെറുപ്പകാർക്കിടയിലേക്കു പറന്നിറങ്ങിയത്.
എന്നാൽ യുകെ ഇല്ലെങ്കിൽ മറ്റൊരിടം എന്ന ഭാവത്തിൽ ഇപ്പോൾ മലയാളി ചെറുപ്പകകർ കണ്ണ് വയ്ക്കുന്നത് കാനഡ, ഓസ്ട്രേലിയ, ന്യുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ്. ഉന്നത വിദ്യാഭ്യാസത്തിൽ ആ രാജ്യങ്ങളുടെ റാങ്കിങ് ഒന്നും യുവജനതയ്ക്ക് പ്രശ്നം അല്ല. എങ്ങനെയും കേരളത്തിന് വെളിയിൽ കടക്കണം, അടുത്ത അഞ്ചു വർഷത്തിൽ പത്തു ലക്ഷത്തിൽ അധികം ചെറുപ്പക്കാർ കേരളം വിടും എന്ന ചർച്ചകൾ ഉയരുന്നത് ഈ നവ ട്രെന്റ് വിലയിരുത്തിയിട്ടാണ്. യുകെയിലേക്കുള്ള ട്രെന്റ് റിവേഴ്സ് ഗിയറിലാണ് എന്ന സൂചനയാണ് വിദ്യാർത്ഥി വിസ കൺസൾട്ടൻസികളിൽ നിന്നും ലഭ്യമാകുന്നത്.
തള്ളിക്കയറ്റത്തിൽ എത്തിയത് പല വിഭാഗത്തിൽ പെട്ടവർ
ഈ തള്ളിക്കയറ്റത്തിൽ പല തരത്തിൽ ഉള്ള വിദ്യാർത്ഥികൾ ആണ് യുകെയിൽ എത്തിയത്. ആദ്യ സെമസ്റ്റർ ഫീസ് മാത്രം അടച്ച ശേഷം യൂണിവേഴ്സിറ്റിയിൽ നിന്നും മുങ്ങി പാർട്ട് ടൈം ജോലി ചെയ്യാം എന്ന ധാരണയിൽ വിമാനം കയറിവർ അനേകമാണ്. ഇഷ്ടമില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ കോഴ്സുകളിൽ സീറ്റ് നേടി യുകെയിൽ എത്തി കെയർ ഹോം ജോലിക്കായി വിസ സ്വിച്ചിങ് നടത്താൻ പദ്ധതി ഇട്ടു വന്നവരാണ് മറ്റൊരു കൂട്ടർ.
എല്ലാവരും പോകുന്ന പുറകെ ഞാനും പോകുകയാണ്, രക്ഷപ്പെട്ടാൽ ആകട്ടെ എന്ന മനോഭാവത്തിൽ വന്നവർ മറ്റൊരു വിഭാഗം. വീട്ടിലെ പണം ആവശ്യത്തിൽ അധികം ഉണ്ടെന്ന തിരിച്ചറിവിൽ ഉല്ലസിക്കാൻ പറ്റിയ ഒരിടം തേടി വന്നവരും തീരെ കുറവല്ല. ഇതിനിടയിൽ പഠിക്കുക, മികച്ച ഭാവി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ വിദ്യാർത്ഥികൾ വളരെ ചെറിയൊരു ശതമാനത്തിലേക്ക് ഒതുങ്ങുക ആയിരുന്നു.
ഈ സാഹചര്യത്തിലാണ് പഠിക്കാൻ വരുക എന്ന ലക്ഷ്യത്തോടെ യുകെ യൂണിവേഴ്സിറ്റികൾ നിയന്ത്രിക്കപ്പെടണം എന്ന ചിന്ത യൂണിവേഴ്സിറ്റിക്കകത്തും സർക്കാരിലും രൂപപ്പെട്ടത്. ഇതിന്റെ പരിണത ഫലമാണ് ഇപ്പോൾ പുറത്തു പോയ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ ജനുവരി മുതൽ പഠിക്കാൻ വരുന്നവർക്ക് ഭർത്താവോ ഭാര്യയോ ആയ ആശ്രിതരെയും മക്കളെയും കൂടെ കൊണ്ടുവരാൻ ആകില്ലെന്ന് നിഷ്ക്കർഷിച്ചു നിയമ നിർമ്മാണം നടത്തിയത്.
എന്നാൽ ഗൗരവ പഠനത്തിന് എത്തുന്ന ഗവേഷണ വിദ്യാർത്ഥികൾക്കും മറ്റും ഇക്കാര്യത്തിൽ ഇളവും നൽകി. ഇതിലൂടെ സർക്കാർ വ്യക്തമാക്കിയത് കുടിയേറ്റത്തിനുള്ള കുറുക്കു വഴിയായി വിദ്യാർത്ഥി വിസയെ ദുരുപയോഗം ചെയ്യുന്നത് ആരാണ് എന്ന് തങ്ങൾക്ക് വ്യക്തമായറിയാം എന്ന സന്ദേശം തന്നെയാണ്. സർക്കാർ ഉദ്ദേശിച്ചതിന്റെ പലമടങ്ങു വിദ്യാർത്ഥി വിസക്കാർ എത്തിയതോടെ ആശുപത്രിയിലും സ്കൂളിലും ഒക്കെ ഉണ്ടായ തിക്കും തിരക്കും നാട്ടുകാരെ കൂടി പ്രയാസപ്പെടുത്തി തുടങ്ങിയ സാഹചര്യവും നിയന്ത്രണങ്ങൾക്ക് കാരണമായി.
വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്തെന്ന പേരുദോഷം ഉണ്ടായതു മലയാളികളിലൂടെ
നൈജിരീയയും ഇന്ത്യയുമാണ് സ്റ്റുഡന്റ് വിസയുടെ മറവിൽ ഏറ്റവും അധികം ആശ്രിത വിസ അപേക്ഷകർ എത്തിയ രണ്ടു രാജ്യങ്ങൾ. ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും നല്ല ശതമാനം അപേക്ഷകർ ഉണ്ടായതു കേരളത്തിൽ നിന്നുമാണ് എന്നും വ്യക്തമാണ്. ഇതുസംബന്ധിച്ചു സംസ്ഥാനങ്ങളെ വേർതിരിച്ച കണക്കുകൾ ലഭ്യം അല്ലെങ്കിലും മലയാളികൾക്ക് വേണ്ടി വിസ പ്രോസസിങ് നടത്തിയ സ്ഥാപനങ്ങൾ തന്നെ ഏകദേശ കണക്കുകൾ പുറത്തു വിട്ടിരുന്നു. കൊച്ചിയിലെ ഒരു പ്രമുഖ ഏജൻസി യുകെയിലേക്ക് 5000 വിദ്യാർത്ഥികളുടെ വിസ പ്രോസസിങ് നടത്തിയത് വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.
ഒരു ഇൻ ടേക്കിൽ ആണ് 5000 പേരെ ഒരു ഏജൻസി മാത്രം യുകെയിലേക്ക് അയച്ചത് എന്നതിനാൽ ഒരു വർഷത്തെ പല ഇൻടേക്കിലേക്കുള്ള കണക്കെടുക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് വർഷം തോറും അരലക്ഷം മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ ഏതാനും വർഷമായി എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമാണ്. ഈ വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനത്തിന് ഒപ്പം കുട്ടികൾ അടക്കം കുടുംബം കൂടി വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
താമസിക്കാൻ വീടില്ല, ജീവിത ചെലവിനു ജോലിയില്ല, ഉയർന്ന ഭക്ഷണ ചെലവിനു പോലും പണം ഇല്ലാതായപ്പോൾ ഫുഡ് ബാങ്കുകളെ സ്ഥിരമായി ആശ്രയിക്കാൻ പ്രേരണ ഉണ്ടായതും യുകെയിലേക്കുള്ള തള്ളിക്കയറ്റം എന്ന ഒരൊറ്റ കാരണം കൊണ്ടാണ്. ആളുകളുടെ എണ്ണം കൂടിയപ്പോൾ വീടിനു പല മടങ്ങായി വാടക ഉയർന്നപ്പോൾ പണമുണ്ടാക്കാൻ എന്തും ചെയ്യേണ്ടി വരും എന്ന സാഹചര്യത്തിൽ അകപ്പെട്ടു പോയ വിദ്യാർത്ഥികളും കുറവല്ല.
ചിലരാകട്ടെ വാടക സബ് ഏജന്റ് ആയും കോഴ്സുകളിൽ ക്ലാസ് വർക്ക് ചെയ്തു കൊടുക്കുന്നതിനും മറ്റുമായി മറ്റു വിദ്യാർത്ഥികളെ തക്കം നോക്കി വഞ്ചിക്കാൻ തയ്യാറായതും സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് കൂടിയാണ്. എങ്ങനെയും മുടക്കിയ ലക്ഷങ്ങൾ തിരിച്ചു പിടിക്കണം എന്നത് മാത്രമായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. കാരണം കേരളത്തിൽ ഇരുന്നു കേട്ട യുകെയല്ല തങ്ങൾ നേരിട്ട് കണ്ട യുകെ എന്ന തിരിച്ചറിവും സ്റ്റുഡന്റ് അഡൈ്വസ് ഏജൻസികൾ കമ്മീഷൻ വാങ്ങി നൽകിയ ഉപദേശങ്ങളും തെറ്റായിരുന്നു എന്ന് മിക്ക വിദ്യാർത്ഥികൾക്കും ബോധ്യമായത് യുകെയിൽ എത്തിക്കഴിഞ്ഞ ശേഷമാണ്.
ട്രെന്റ് മാറുന്നു, പഠിക്കാൻ ആഗ്രഹം ഉള്ളവർ വീണ്ടും എത്തിത്തുടങ്ങുന്നു
എന്തിനേറെ പഠിക്കാൻ ഉള്ള കോഴ്സുകൾ പോലും തിരഞ്ഞെടുത്തത് ഏജൻസിയാണ് എന്ന് കേൾക്കേണ്ടി വന്നതും ഉന്നത പഠനത്തെ കുറിച്ച് ഒരു ഗ്രാഹ്യവും ഇല്ലാതെയാണ് ഈ വിദ്യാർത്ഥി ഒഴുക്ക് ഉണ്ടായത് എന്ന് തെളിയിക്കുന്ന വസ്തുതയായി. മറ്റു വഴികൾ ഇല്ലെന്നു വാക്തമായപ്പോൾ മാസം തോറും കേരളത്തിൽ നിന്നും യുകെയിൽ ജീവിക്കാൻ പണം എത്തിക്കേണ്ടി വന്ന വിദ്യാർത്ഥികൾ ആയിരക്കണക്കിനാണ്. ഈ ട്രെന്റ് മാറുകയാണ് എന്ന സൂചനയാണ് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
യുകെ സ്റ്റുഡന്റ് വിസയിൽ എത്തിയാൽ തുടർന്ന് യുകെയിൽ തന്നെ താമസിക്കാം എന്നതൊന്നും ഉറപ്പുള്ള കാര്യം അല്ലെന്നു മനസിലായി തുടങ്ങിയതോടെയാണ് അരലക്ഷത്തിൽ നിന്നും നേരെ താഴേക്ക് പതിനായിരത്തിനു മുകളിൽ എന്ന കംഫർട്ടബിൾ സംഖ്യയിലേക്കു വിദ്യാർത്ഥികളുടെ എണ്ണം ചുരുക്കി എടുക്കും എന്നാണ് വിലയിരുത്തൽ. ജനുവരി ഇൻ ടേക്കിൽ ഇതിനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്. കാരണം ഇപ്പോൾ യുകെ യൂണിവേഴ്സിറ്റികൾ പരിഗണിക്കുന്ന വിദ്യാർത്ഥികളേക്കാൾ മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടാനുള്ളവരുടെ തിരക്കാണ് അന്വേഷണത്തിൽ നിറയുന്നത്.
ഇതോടെ പഠിക്കുക, മികച്ച കരിയറിലേക്ക് ചുവട് വയ്ക്കുക എന്ന ഉദ്ദേശമുള്ള വിദ്യാർത്ഥികളാണ് പുതിയ ഇൻ ടേക്കിൽ എത്തിയവരിൽ കൂടുതലും എന്ന് അനുമാനിക്കേണ്ടി വരും. മുൻ വർഷങ്ങളിൽ വന്നു കോഴ്സ് പാസായ ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് ഇപ്പോൾ രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ കാലത്തു കെയർ ഹോമുകളിലും വെയർ ഹൗസുകളിലും മിനിമം വേതനത്തിൽ ജോലി ചെയ്യുന്നത്. അവരുടെ പ്രൊഫഷണൽ ലൈഫിൽ നിന്നും രണ്ടു വർഷത്തെ എഴുതി തള്ളുക എന്നത് മാത്രമാണ് ഇതിൽ സംഭവിക്കുന്നത്.
എന്നാൽ യുകെ പഠനം എന്ന വഴിയിൽ 20 ലക്ഷത്തിലേറെ കടവുമായി സാധാരണക്കാരുടെ വീടുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. ആ സാഹചര്യത്തിൽ എവിടെ ആണെങ്കിലും രണ്ടു വർഷം ജോലി ചെയ്തു കടം വീട്ടുക എന്ന ഒരൊറ്റ വഴിയേ ഒഴുക്കിനൊപ്പം എത്തിയ വിദ്യാർത്ഥികളുടെ മുന്നിൽ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.