- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂപയ്ക്കെതിരെ പൗണ്ടിന്റെ കുതിച്ചു ചാട്ടം; യുകെയിലേക്ക് വന്നത് വെറുതെയായില്ല എന്ന ആശ്വാസത്തില്‍ പുത്തന്‍ കുടിയേറ്റ മലയാളികള്‍
ലണ്ടന്‍: യുകെ മലയാളികള്‍ക്ക് അപ്രതീക്ഷിത ഞെട്ടല്‍ നല്‍കി പൗണ്ടിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ച തുടക്കത്തില്‍ നിന്നും ആഴ്ചയവസാനം ആയപ്പോഴേക്കും രണ്ടു രൂപയാണ് ഒരു പൗണ്ടില്‍ അധികമായി കൂടിയത്. കഴിഞ്ഞ ദിവസം ബെഞ്ച് മാര്‍ക്ക് സംഖ്യയായ 110 പിന്നിട്ടും രൂപ താഴേക്ക് വീഴുകയാണ്. എന്നാല്‍ ഓണക്കാലം അടുത്ത് വന്നപ്പോള്‍ പൗണ്ട് നടത്തിയ കുതിപ്പ് ഓരോ യുകെ മലയാളികളെയും ആഹ്ലാദിപ്പിക്കുകയാണ്. സാധാരണ നാട്ടിലേക്ക് പണം അയക്കാത്തവര്‍ പോലും ഇത്തവണ നാട്ടിലെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒക്കെ ഓണക്കോടി നല്‍കാനുള്ള സാധ്യത […]
ലണ്ടന്‍: യുകെ മലയാളികള്‍ക്ക് അപ്രതീക്ഷിത ഞെട്ടല്‍ നല്‍കി പൗണ്ടിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ച തുടക്കത്തില്‍ നിന്നും ആഴ്ചയവസാനം ആയപ്പോഴേക്കും രണ്ടു രൂപയാണ് ഒരു പൗണ്ടില്‍ അധികമായി കൂടിയത്. കഴിഞ്ഞ ദിവസം ബെഞ്ച് മാര്‍ക്ക് സംഖ്യയായ 110 പിന്നിട്ടും രൂപ താഴേക്ക് വീഴുകയാണ്. എന്നാല്‍ ഓണക്കാലം അടുത്ത് വന്നപ്പോള്‍ പൗണ്ട് നടത്തിയ കുതിപ്പ് ഓരോ യുകെ മലയാളികളെയും ആഹ്ലാദിപ്പിക്കുകയാണ്. സാധാരണ നാട്ടിലേക്ക് പണം അയക്കാത്തവര്‍ പോലും ഇത്തവണ നാട്ടിലെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒക്കെ ഓണക്കോടി നല്‍കാനുള്ള സാധ്യത പൗണ്ടിന്റെ വിലക്കയറ്റം ഉറപ്പാക്കുകയാണ്.
ഇത് തിരിച്ചറിഞ്ഞ് ഓണ്‍ലൈന്‍ വില്‍പന ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി യുകെക്കാരെ ലക്ഷ്യമിട്ടു പരസ്യം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങളില്‍ തട്ടിപ്പുകാരും ഉണ്ടെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഇത്തരം പരസ്യക്കാരെ നിയന്ത്രിക്കേണ്ട സാഹചര്യമാണ് എന്ന് അടുത്തിടെ തട്ടിപ്പുകള്‍ക്ക് ഇരകളായ യുകെ മലയാളികള്‍ ബ്രിട്ടീഷ് മലയാളിയെ അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ വില്‍പനക്കാര്‍ സജീവമായി, പണം അയച്ചാല്‍ കിട്ടുന്നില്ലെന്നും പരാതി
ഇപ്പോള്‍ വസ്ത്ര വ്യാപാര പരസ്യക്കാര്‍ക്കൊപ്പം ഏറെക്കാലമായി ബിസിനസ് മോശമായിരുന്ന പണം കൈമാറ്റ ഓണ്‍ലൈന്‍ സ്ഥാപനങ്ങളും ഇപ്പോള്‍ സജീവമായിട്ടുണ്ട്. പൗണ്ടിന് വില കൂടിയതോടെ യുകെ മലയാളികള്‍ക്ക് സൗജന്യമായി നാട്ടിലേക്ക് പണം അയക്കാന്‍ മുത്തൂറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റുമായി ബന്ധപെട്ടു പ്രഖ്യാപിച്ച ഈ ഓഫര്‍ തുടരുകയാണ്. റഫറന്‍സായി ബ്രിട്ടീഷ് മലയാളിയെ ഉപയോഗിക്കണമെന്നും മുത്തൂറ്റ് അറിയിച്ചിട്ടുണ്ട്.
യുകെ മലയാളികള്‍ക്ക് വേണ്ടി രണ്ടു പതിറ്റാണ്ടായി സേവനം നടത്തുന്ന പണമിടപാട് സ്ഥാപനമാണ് മുത്തൂറ്റ്. ഇവരുടെ പാത പിന്തുടര്‍ന്ന് എത്തിയ സമാന സ്വഭാവമുള്ള സ്ഥാപനം വഴി പണം അയച്ചെങ്കിലും ഒരാഴ്ചയായി നാട്ടില്‍ പണം ലഭിച്ചിട്ടില്ലെന്നാണ് നോര്‍ത്താംപ്ടണ്‍ മലയാളിയായ ഷിനോയ് കുര്യന്‍ പരാതിപ്പെടുന്നത്. ഇദ്ദേഹം പണം അയച്ച സ്ഥാപനത്തെ ബന്ധപ്പെടുമ്പോള്‍ പണം തങ്ങള്‍ ട്രാക്ക് ചെയ്യുകയാണെന്നും പണം അയച്ച ആള്‍ക്കും അതാകാമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ ട്രാക്ക് ചെയ്യാനല്ല താന്‍ പണം നല്‍കിയതെന്നും ആവശ്യക്കാര്‍ക്ക് അത്യാവശ്യ സമയത്ത് അത് ലഭിക്കാന്‍ ആണെന്നും ഷിനോയ് വ്യക്തമാക്കുമ്പോള്‍ പണം കൈപ്പറ്റിയ സ്ഥാപനത്തിന് കൃത്യമായ മറുപടിയുമില്ല.
അത്യപൂര്‍വ പ്രകടനം, വെള്ളിയാഴ്ച പൗണ്ട് നിലയുറപ്പിച്ചത് 110.19 എന്ന നിലയില്‍
അടുത്തകാലത്തൊന്നും കാണാത്തവിധം പൗണ്ട് രൂപയ്ക്കെതിരെ കുതിപ്പ് തുടരുകയാണ്. രണ്ടു ദിവസം മുന്‍പ് വെള്ളിയാഴ്ച നടന്ന കച്ചവടത്തില്‍ പൗണ്ട് രൂപയ്ക്കെതിരെ നേടിയത് 110.19 എന്ന അത്യപൂര്‍വ വിലയാണ്. പൗണ്ടിന്റെ വിലക്കയറ്റം യുകെയില്‍ ഉള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്നും യുകെയിലേക്ക് പണം എത്തിക്കേണ്ട ആവശ്യം ഉള്ളവര്‍ നിരാശപ്പെടുകയാണ്. പ്രധാനമായും യുകെയിലേക്ക് വരാനുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് തിരിച്ചടി ഉണ്ടായത്. യൂണിവേഴ്‌സിറ്റി ഫീസ് നല്‍കേണ്ടി വരുമ്പോള്‍ കനത്ത മാര്‍ജിനില്‍ ഉള്ള പണ നഷ്ടമാണ് സംഭവിക്കുക. കേരളത്തില്‍ നിന്നും ഉള്ള സാധനം വാങ്ങുന്ന കയറ്റുമതിക്കാര്‍ക്കും ഇപ്പോള്‍ ലാഭകാലമാണ്. മുന്‍പ് ഒരു ലക്ഷം രൂപയുടെ സാധനം വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ പതിനായിരം രൂപയ്ക്ക് കൂടി അധികമായി സാധനം ലഭിക്കും എന്ന സാഹചര്യമാണ് പൗണ്ടിന്റെ ഉയര്‍ച്ച സൃഷ്ടിച്ചിരിക്കുന്നത്.
ഒരു കുപ്പി സ്‌കോച്ചുമായി പോരേ, സ്നേഹസമ്മാനത്തിന് ആവശ്യക്കാരേറെ
സ്‌കോച്ച് വിസ്‌കി അടക്കമുള്ള യുകെ നിര്‍മിത വസ്തുക്കള്‍ ലഭിക്കാന്‍ ഇന്ത്യക്കാര്‍ ഇനി കൂടുതല്‍ പണം മുടക്കണം എന്നതും പൗണ്ടിന്റെ വില കൂടിയത് തിരിച്ചടിയുണ്ടാക്കിയ മേഖലയായി മാറുന്നു. പ്രതിവര്‍ഷം 150 മില്യണ്‍ പൗണ്ടിന്റെ ബ്രിട്ടീഷ് സ്‌കോച്ച് മദ്യമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ യുകെയില്‍ നിന്നും കേരളം കാണാന്‍ എത്തുന്നവരോട് സ്‌കോച്ച് സമ്മാനമായി ലഭിക്കണമെന്ന ആവശ്യവും കൂടും.
സെലിബ്രിറ്റികള്‍ക്കും മറ്റും സമ്മാനമായി ഇപ്പോള്‍ സ്‌കോച്ച് നല്‍കിയാല്‍ സന്തോഷം കൂടുന്നത് ആ ചിരിയില്‍ നിന്നും മനസിലാക്കാമെന്ന് അടുത്തിടെ കേരളം കണ്ടു മടങ്ങിയ യുകെ മലയാളി പാതി കളിയായും കാര്യമായും പറഞ്ഞതും ഈ സാഹചര്യത്തിലാകാം. കേരളത്തില്‍ മദ്യ ഉപയോഗം വര്‍ധിച്ചതിനൊപ്പം വിദേശത്തു നിന്നും ഉള്ള ഗുണമേന്മ കൂടിയ മദ്യം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. അതിനാല്‍ മറ്റൊരു സമ്മാനവും ലഭിച്ചില്ലെങ്കിലും വിലകൂടിയ മദ്യവുമായി മാത്രം കാണാന്‍ എത്തിയാല്‍ മതിയെന്ന് സ്നേഹത്തോടെ പറയുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്.
പൗണ്ട് കുതിക്കുന്നത് അസാധാരണ വേഗത്തില്‍, ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപകര്‍ മടിച്ചു നില്‍ക്കുന്നതും സ്വര്‍ണത്തിനു ഗ്ലോബല്‍ വിപണിയില്‍ വില കുതിക്കുന്നതും കാരണങ്ങളില്‍ ചിലത് മാത്രം
ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ ബ്രിട്ടന് മുകളില്‍ കയറി എന്നൊക്കെ വലിയ തലക്കെട്ടുകള്‍ വായിച്ചു പോയ യുകെ മലയാളികള്‍ക്ക് പൗണ്ടിന്റെ ഇപ്പോള്‍ നടക്കുന്ന ശക്തി പ്രകടനം ഏറെ അമ്പരപ്പ് സൃഷ്ടിക്കാന്‍ കാരണമാകുന്നതാണ്. എന്നാല്‍ ആഗോള സമ്പദ് ഘടനയില്‍ ഇനിയുള്ള കാലം ഒരു രാജ്യത്തിനും സ്വന്തം പെര്‍ഫോമന്‍സ് മാത്രം കൈമുതലാക്കി അന്താരാഷ്ട്ര നാണയ വിപണിയില്‍ കരുത്തു തെളിയിക്കാനാകില്ല എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഇപ്പോള്‍ പൗണ്ടും രൂപയും തമ്മില്‍ നടക്കുന്ന മല്‍പ്പിടുത്തം. മുന്‍ കാലങ്ങളില്‍ രാഷ്ട്രീയമായ കാരണങ്ങളാണ് മുഖ്യമായും സാമ്പത്തിക ചലനങ്ങളെ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങളാണ് സാമ്പത്തിക വിപണിയില്‍ സ്വാധീന ഘടകങ്ങളായി മാറുന്നത്.
ഇപ്പോള്‍ ഉണ്ടായ അസാധാരണ സാഹചര്യത്തിന് ഇന്ത്യയില്‍ അടുത്തിടെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ മങ്ങിയ പ്രകടനവും കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നതും വിദേശ നിക്ഷേപകരെ മടുപ്പിലാക്കിയത് മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണത്തിനുണ്ടായ വലിയ വിലക്കയറ്റവും അടക്കമുള്ള കാര്യങ്ങള്‍ രൂപയ്ക്കു തിരിച്ചടിയായി മാറുകയാണ്. ആഭ്യന്തര വിപണയില്‍ രൂപയ്ക്ക് കാര്യമായ വെല്ലുവിളി ഇല്ലാതിരുന്നിട്ടു പോലും അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വലിയ തോതില്‍ രൂപയെ സ്വാധീനിയ്ക്കുകയാണ് എന്ന് വ്യക്തമാണ്.
ഇന്ത്യയുടെ ഇറക്കുമതിയില്‍ ക്രൂഡ് പെട്രോളിയവും സ്വര്‍ണവും വലിയ തോതില്‍ ഡോളറിനെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ ഈ രണ്ടു ഉത്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോള്‍ രൂപ ക്ഷീണിക്കുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ പെട്രോളിയത്തിനും സ്വര്‍ണത്തിനും ഉടന്‍ വിലക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ വിരളവുമാണ്. പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യവും ഇസ്രയേലും ഇറാനും കൊമ്പു കോര്‍ക്കാനും യുദ്ധ ഭീക്ഷണി അന്തരീക്ഷത്തില്‍ തങ്ങുന്നതും ഒക്കെ അന്താരഷ്ട്ര നാണയ വിപണയില്‍ അപ്രതീക്ഷത വീഴ്ചകള്‍ക്ക് വഴി ഒരുക്കാനും കാരണമാകും. ഇതിലൊക്കെ രൂപയ്ക്കുണ്ടാകുന്ന പ്രഹരവും വലുതായിരിക്കും എന്നാണ് ഇപ്പോഴത്തെ വില തെളിയിക്കുന്നതും.