തിരുവനന്തപുരം: സംസ്ഥാനത്തു വരാനിരിക്കുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി. ഖജനാവ് കാലിയായതോടെ കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാന്‍ സാധ്യത. ഓണത്തിനു ശമ്പളവും പെന്‍ഷനും നല്‍കാനായി മാത്രം ചൊവ്വാഴ്ച മൂവായിരം കോടിരൂപ കടമെടുക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസശമ്പളം ബോണസായി നല്‍കില്ല.

മാസങ്ങളായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. ഖജനാവ് കാലിയായതോടെ ഓണശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടി 3000 കോടിരൂപ കടമെടുക്കും. ഈ മാസത്തെ മൂന്നാമത്തെ കടമെടുപ്പാണിത്. ഓഗസ്ത് ഒന്നിന് 1000 കോടിരൂഎ, 19 ന് 2000 കോടിരൂപ, ഇനി ചൊവ്വാഴ്ച 3000 കോടിരൂപ എന്നിങ്ങനെയാണ് ഈ മാസത്തെ കടമെടുപ്പ് കണക്കുകള്‍. ഓഗസ്റ്റില്‍ മാത്രം 6000 കോടിരൂപ കടമെടുത്തു. 26 ന് 3000 കോടിരൂപ കടമെടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് 23000 കോടി രൂപയായി. ഏപ്രില്‍ 3000 കോടിരൂപ, മെയ് 4000 കോടിരൂപ, ജൂണ്‍ 5000 കോടിരൂപ, ജൂലൈ 5000 കോടിരൂപ, ഓഗസ്റ്റ് 6000 കോടിരൂപ എന്നിങ്ങനെയാണ് ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പുകള്‍.

ഡിസംബര്‍ വരെ 29529 കോടിരൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 23000 കോടി രൂപയും കടമെടുത്തതോടെ ഡിസംബര്‍ വരെ കടമെടുക്കാന്‍ ശേഷിക്കുന്നത് 6529 കോടി രൂപ മാത്രമാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ നാലുമാസങ്ങള്‍ കടക്കാന്‍ കടമെടുക്കാന്‍ മുന്നില്‍ ഉള്ളത് 6529 കോടിരൂപ മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങാനാണ് സാധ്യത. ഖജനാവ് കാലിയായതോടെ കടുത്ത ട്രഷറി നിയന്ത്രണം ഈ മാസം 19 മുതല്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഏര്‍പ്പെടുത്തിയിരുന്നു. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേല്‍ തുകയുടെ ബില്ലുകള്‍ പാസാകണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി ലഭിച്ചത് 4,000 രൂപ മാത്രമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രമാണ് ഈ തുക ലഭിച്ചത്. 37,129 രൂപയോ അതില്‍ കുറവോ ആകെ വേതനമുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം 4,000 രൂപ ബോണസായി ലഭിച്ചത്. ഇതില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് 2,750 രൂപ പ്രത്യേക ഉത്സവബത്തയായി നല്‍കി. കൂടാതെ, പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണ് ഉത്സവബത്തയായി അനുവദിച്ചത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഉന്നയിച്ചിരുന്നെങ്കിലും ധനവകുപ്പ് ആവശ്യം പരിഗണിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 20,000 രൂപയായിരുന്ന ഓണം അഡ്വാന്‍സ് ഈ വര്‍ഷം 25,000 രൂപയായി ഉയര്‍ത്തിയേക്കുമെന്നും സൂചനകളുണ്ട്. ഈ തുക അഞ്ചുതവണകളായി തിരിച്ചടയ്‌ക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസില്‍ ചെറിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന.