- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനികരെ വെടിവെച്ച 'മൃഗം' വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ്; ഭീകരാക്രമണം ഉണ്ടായത് വൈറ്റ് ഹൗസിന് 800 അടി മാത്രം അകലെ ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപം; അമേരിക്കയെ ഞെട്ടിച്ച് അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം; അഫ്ഗാനി പിടിയില്‍; രണ്ടു സൈനികര്‍ക്ക് പരിക്ക്; വൈറ്റ് ഹൗസ് അടച്ചിട്ടു
വാഷിങ്ടന്‍: അമേരിക്കയെ ഞെട്ടിച്ച് അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ 2 സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. നാഷനല്‍ ഗാര്‍ഡ്‌സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിര്‍ജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അഫ്ഗാന്‍ സ്വദേശിയാണ് അറസ്റ്റിലായത് എന്നാണ് സൂചന.
ഇയാള്‍ക്കും പരുക്കുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്‌ലോറിഡയില്‍ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബ്ബിലായിരുന്നു അക്രമ സമയം. വൈറ്റ് ഹൗസിന് 800 അടി മാത്രം അകലെ ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണം ആണെന്ന വിലയിരുത്തലുണ്ടാകുമ്പോഴും യുഎസ് പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം ഭീകര സ്വഭാവമുള്ളതാണോ എന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചുപൂട്ടി.
തലയ്ക്ക് വെടിയേറ്റ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സ്ഥിരീകരിച്ചു. അഫ്ഗാന്‍ പൗരനായ ഒരു യുവാവിനെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി ആദ്യം സൈനികര്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പ്രസ്താവന തിരുത്തി ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
സൈനികരെ വെടിവെച്ച 'മൃഗം' വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നിലത്ത് കിടക്കുന്ന സൈനികന് സീക്രട്ട് സര്‍വീസ് ഏജന്റ് പ്രഥമശുശ്രൂഷ നല്‍കുന്നത് കാണാം. ഒരു ദേശീയ ഗാര്‍ഡ് സൈനികനെ നാഷണല്‍ മാളില്‍ ഇറക്കിയ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. എഫ്ബിഐ, എടിഎഫ്, സീക്രട്ട് സര്‍വീസ് തുടങ്ങിയ ഏജന്‍സികള്‍ സ്ഥലത്ത് നിലയുറപ്പിച്ചു.
വാഷിങ്ടണ്‍ ഡിസിയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാനുള്ള വാഗ്ദാനത്തിന്റെ ഭാഗമായി ട്രംപ് ഓഗസ്റ്റ് മുതല്‍ 2,300 നാഷണല്‍ ഗാര്‍ഡ് സൈനികരെ ഡിസിയില്‍ വിന്യസിച്ചിരുന്നു. ഈ വെടിവെപ്പിന് പിന്നാലെ 500 സൈനികരെ കൂടി വിന്യസിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. സംഭവം കൂടുതല്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുകയും ദേശീയ സുരക്ഷാ ഏജന്‍സികളുടെ വിശദമായ അന്വേഷണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.




