ലണ്ടന്‍: ആദ്യമായി ഒരു യുകെ മലയാളിയെ തേടി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെ ശുപാര്‍ശയില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് എത്തുന്നു. ക്രിമിനല്‍ കേസില്‍ പ്രതികളായ വിദേശ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറപ്പെടുവിക്കുന്നത് ഇപ്പോള്‍ നാട്ടുനടപ്പായിട്ടുണ്ടെങ്കിലും മയക്കുമരുന്നു കേസില്‍ ഒരു മലയാളിയെ യുകെയില്‍ നിന്നും നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് വരുന്നത് ഇതാദ്യമായെന്നു സൂചനയുണ്ട്. കേസില്‍ തന്നെ തേടി കേരളത്തില്‍ നിന്നും പോലീസ് എത്തില്ലെന്ന വിചാരത്തില്‍ കഴിഞ്ഞ എറണാകുളം പറവൂര്‍ ചേന്ദമംഗലം സ്വദേശിയായ സന്ദീപ് സജീവിനെ തേടി ഇനി ബ്രിട്ടീഷ് പോലീസ് തന്നെ എത്തുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.

മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നു രക്ഷപ്പെടാമെന്നു സന്ദീപ് കരുതിയാലും നിലവില്‍ 195 രാജ്യങ്ങളിലെ എയര്‍ പോര്‍ട്ടുകളിലും പ്രവേശന കവാട അതിര്‍ത്തികളിലും ഇന്റര്‍പോളിന്റെ കണ്ണുണ്ടാവുമെന്നു വ്യക്തം. ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് മുങ്ങിയ നൈജില്‍ പോള്‍ എന്ന യുവാവിനെ തിരികെ ബ്രിട്ടനില്‍ എത്തിക്കാന്‍ ഇന്ത്യ തയാറായതിനാല്‍ ഇപ്പോള്‍ സന്ദീപിനെ തേടിയുള്ള ആവശ്യത്തോട് ഉടന്‍ പ്രതികരണം നടത്താന്‍ ബ്രിട്ടന്‍ തയാറാകും എന്നാണ് സൂചന. സന്ദീപിനെ തേടിയുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് ഉടന്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസി അടക്കമുള്ള കേന്ദ്രങ്ങളില്‍ എത്തിക്കും എന്നാണ് കൊച്ചിയില്‍ നിന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ വ്യക്തമാക്കുന്നത്.

സിനിമയെ വെല്ലുന്ന ആസൂത്രണം; ഓര്‍ഡര്‍ മൂവാറ്റുപുഴയില്‍ നിന്നും; സാധനം എത്തുന്നത് യുകെയിലെ ഹള്ളില്‍; തിരികെ മയക്കുമരുന്നു കൊറിയറില്‍ കൊച്ചിയിലേക്ക്

സിനിമയെ വെല്ലുന്ന ആസൂത്രമാണ് യുകെയിലെ ഹള്ളില്‍ നിന്നും സന്ദീപ്, ആസ്‌ട്രേലിയയിലെ കാക്കനാട് സ്വദേശിയായ ഹരികൃഷ്ണന്‍ അജി ജവസ്, മൂവാറ്റുപുഴയിലെ എഡിസണ്‍ എന്നിവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. മൂവാറ്റുപുഴയില്‍ നിന്നും എഡിസണ്‍ ഡാര്‍ക്ക് നെറ്റ് വഴി ഓര്‍ഡര്‍ ചെയുന്ന എല്‍എസ്ഡി സ്റ്റാമ്പുകള്‍ മയക്കുമരുന്നു വിതരണ കേന്ദ്രത്തില്‍ നിന്നും ഹള്ളിലെ സന്ദീപിന്റെ അഡ്രസില്‍ എത്തും. അവിടെ ലോജിസ്റ്റിക് കേന്ദ്രത്തില്‍ ജോലി ചെയുന്ന സന്ദീപ് വൃത്തിയായി പായ്ക്ക് ചെയ്തു തന്റെ ജോലി കേന്ദ്രത്തില്‍ നിന്നും തന്നെ കൊച്ചിയിലേക്ക് സ്പീഡ് പോസ്റ്റില്‍ എത്തിക്കും. കച്ചവടത്തിന്റെ പണം കൈമാറ്റം നടക്കുന്നത് ഓസ്‌ട്രേലിയായില്‍ നിന്നും ഹരികൃഷ്ണന്റെ ചുമതലയാണ് . ക്രിപ്റ്റോ കറന്‍സി വഴിയുള്ള പണം എഡിസന്റെ അകൗണ്ടില്‍ എത്തുമ്പോള്‍ കൂടെയുള്ള സംഘങ്ങള്‍ക്കുമായി വിതരണം ചെയ്യുകയാണ് പതിവ്. നാര്‍ക്കോട്ടിക് ബ്യുറോ കണ്ടെത്തിയ ഒരു കച്ചവടത്തില്‍ തന്നെ 85 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. ഇത്തരത്തില്‍ എത്ര കോടി രൂപയുടെ ഇടപാടുകള്‍ സംഘം നടത്തി എന്ന് യുകെയില്‍ നിന്നും സന്ദീപിനെയും ഓസ്‌ട്രേലിയില്‍ നിന്നും ഹരികൃഷ്ണനെയും കൊച്ചിയില്‍ എത്തിക്കുന്നതിലൂടെയേ പുറത്തു വരൂ.

കേറ്റമെലോണ്‍ അടക്കമുള്ള ലഹരി വില്പനയും വിതരണവും നടത്തിയ സംഘത്തിന് എതിരായ കുറ്റപത്രം നാര്‍ക്കോട്ടിക് ബ്യുറോ കോടതിയില്‍ എത്തിച്ചതോടെയാണ് ഇവര്‍ക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോളിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംഘത്തില്‍ കൊച്ചിയിലുള്ള എഡിസണ്‍, അരുണ്‍ ബാബു, റിസോര്‍ട് നടത്തിപ്പുകാരനായ ഡിയോള്‍ , ഇയാളുടെ ഭാര്യ അഞ്ജു തോമസ് എന്നിവരൊക്കെ എന്‍സിബിയുടെ വലയിലാണിപ്പോള്‍. ഇവര്‍ പല കേസുകളില്‍ പ്രതികളാണ് എന്നും നാര്‍ക്കോട്ടിക് ബ്യുറോ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ചു പഠിച്ചവര്‍ എന്നതാണ് ഇവരെ ബിസിനസ് കണ്ണികള്‍ ആക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും. ഡിയോളും ഭാര്യയും ഓസ്‌ട്രേലിയയിലേക്ക് ഒരു കിലോ കേറ്റാമെലോണ്‍ അയച്ച കേസില്‍ പ്രതികളാണ്.

2021 ല്‍ നടന്ന ഈ സംഭവത്തിന്റെ ചുവട് പിടിച്ചുള്ള അന്വേഷണമാണ് യുകെയില്‍ നിന്നും എല്‍ എസഡി സ്റ്റാമ്പ് കേരളത്തില്‍ എത്തിക്കുന്നത് ഹള്ളില്‍ നിന്നും സന്ദീപാണ് എന്ന വിവരം പുറത്താകുന്നത്. എഡിസന്റെ വീട് റെയ്ഡ് ചെയ്തു എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തപ്പോള്‍ അയാളാണ് സന്ദീപിന്റെ പങ്കാളിത്തവും യുകെ ഉറവിടവും ഒക്കെ വെളിപ്പെടുത്തുന്നത്. യുകെയില്‍ നിന്നും സന്ദീപ് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പോസ്റ്റ് ഓഫിസുകളിലേക്കാണ് പതിവായി മയക്കുമരുന്നു പായ്ക്കറ്റുകള്‍ എത്തിച്ചിരുന്നത്. പായ്ക്കറ്റുകള്‍ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതായിരുന്നു അരുണ്‍ ബാബുവിന്റെ പ്രധാന ജോലി. ക്രിപ്റ്റോ കറന്‍സി വഴി എത്തുന്ന പണം ഹരികൃഷ്ണന്‍ കള്ളപ്പണ ഇടപാടുകളിലൂടെ ഓസ്‌ട്രേലിയായില്‍ നിന്നും യഥാര്‍ത്ഥ പണമാക്കി എഡിസണ് എത്തിക്കുന്നതോടെയാണ് ഈ സംഘത്തിന്റെ ഓപ്പറേഷന്‍ പൂര്‍ണമാകുന്നത്. വിവിധ രാജ്യങ്ങളില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ മാഫിയ പ്രവര്‍ത്തന രീതി വശമാക്കിയ സംഘത്തെ പൊളിച്ചടുക്കാന്‍ എന്‍ സി ബി ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി നടത്തിയ നീക്കങ്ങളാണ് ഈ കേസിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തറിയാന്‍ കാരണമാകുന്നത്.

ഇരകളാക്കിയത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും

കോടികള്‍ കൈമറിഞ്ഞ ഒരു മയക്കുമരുന്നു ശൃംഖലയിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് യുകെയിലെ ഹള്ളില്‍ ഇരുന്നു മയക്കുമരുന്ന് കേരളത്തില്‍ എത്താന്‍ ബുദ്ധി പ്രവര്‍ത്തിപ്പിച്ച സന്ദീപിന്റെ റോള്‍. എറണാകുളത്തെ ഒരു സ്വകാര്യ എഞ്ചിനിയറങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് കോളേജ് പഠന കാലത്തു പരിചയപ്പെട്ട യുവാക്കളും യുവതികളും ചേര്‍ന്നാണ് ഈ മയക്കു മരുന്നു ശൃംഖല മൂവാറ്റുപുഴ കേന്ദ്രമാക്കി വികസിപ്പിച്ചത്. ആദ്യ കാലങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ചെറിയ രീതിയില്‍ മയക്കു മരുന്ന് വില്പന നടത്തിയ സംഘം കോടികള്‍ കൈമാറിയുന്ന സിന്തറ്റിക്ക് ഡ്രഗ്‌സിലേക്ക് കൂടുമാറിയപ്പോഴാണ് ''ഓപ്പറേഷന്‍ ആസ്ഥാനം'' യുകെയിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്. വിതരണത്തിന് എത്തുന്ന പായ്ക്കറ്റുകള്‍ ട്രേസ് ചെയ്യപ്പെടാന്‍ ഉള്ള സാധ്യത വിരളമായതിനാല്‍ ആണ് യുകെയില്‍ നിന്നും സാധനം ഇറക്കുക എന്ന ആശയത്തിലേക്ക് സംഘം എത്തുന്നത്.

ഇതിന്റെ ഭാഗമായാണോ സന്ദീപ് വിസ തരപ്പെടുത്തി യുകെയില്‍ എത്തിയത് എന്നത് പോലും ഇയാളുടെ അറസ്റ്റിനു ശേഷമേ ബോധ്യപ്പെടൂ. എറണാകുളം ജില്ലയിലെ വിവിധ കോളേജുകളും സ്‌കൂളുകളും കേന്ദ്രികരിച്ചാണ് സംഘത്തിന്റെ വില്പന ശൃംഖല പ്രവര്‍ത്തിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ കോടികളുടെ കച്ചവടമാണ് സംഘം നടത്തിയത്. മയക്കുമരുന്നു എത്തിക്കാനും പണം കൈമാറ്റത്തിനും എല്ലാം യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ഉപയോഗിക്കുകയും പണം കൈമാറ്റം ക്രിപ്റ്റോ കറന്‍സി മുഖേനെ ആക്കുകയും ചെയ്തതോടെ അന്വേഷണ സംഘം എളുപ്പത്തില്‍ തങ്ങളെ കീഴടക്കില്ല എന്നായിരുന്നു യുവ എന്‍ജിനിയര്‍മാരുടെ ചിന്ത. പഠിക്കാന്‍ പോയ സമയത്തു മയക്കുമരുന്നില്‍ നടത്തിയ ഗവേഷണമാണ് ഇപ്പോള്‍ ഈ സംഘത്തിന് നീണ്ട കാലം ജയില്‍ വാസം ഒരുക്കാനുള്ള കാരണമായി മാറുന്നത്.

യുകെയില്‍ ഡ്രഗ് പാര്‍ട്ടികള്‍ നടത്തിയോ എന്നതും സന്ദീപിന്റെ അറസ്റ്റിനു ശേഷം വ്യക്തമാകും

കോവിഡിന് ശേഷം യുകെയില്‍ എത്തിയ വിദ്യാര്‍ത്ഥി വിസക്കാരെയും പുതു തലമുറ മലയാളികളെയും ലക്ഷ്യമിട്ട് അഡള്‍ട് ഒണ്‍ലി എന്ന പേരില്‍ 18 വയസ് തികഞ്ഞവര്‍ക്ക് പ്രവേശനമുള്ള പാര്‍ട്ടികളില്‍ തിക്കി കയറിയത് ആയിരകണക്കിന് മലയാളി ചെറുപ്പക്കാരാണ്. കവന്‍ട്രി, സ്റ്റോക് ഓണ്‍ ട്രെന്റ്, വൂസ്റ്റര്‍, ലെസ്റ്റര്‍, തുടങ്ങി ഒട്ടേറെ ഇടങ്ങളിലാണ് ഇത്തരം പാര്‍ട്ടികള്‍ നടന്നത്. അടുത്തകാലത്ത് പരസ്യങ്ങള്‍ വാരി വിതറിയ ഒരു മലയാളി ഹോട്ടലും ഇത്തരം പാര്‍ട്ടികളുടെ സ്പോണ്‍സര്‍മാരായിരുന്നു. ഡിജെ പാര്‍ട്ടികള്‍ എന്ന പേരിട്ടാണ് പാര്‍ട്ടി നടന്നിരുന്നതെങ്കിലും മയക്കു മരുന്നു വിതരണവും അതിലൂടെ കിട്ടുന്ന വമ്പന്‍ ലാഭവും ആയിരുന്നു പതിനായിരക്കണക്കിന് പൗണ്ട് ചിലവ് വരുന്ന പാര്‍ട്ടികളുടെ ലക്ഷ്യം. യുകെയില്‍ വളര്‍ന്ന മലയാളി യുവത്വങ്ങളെ കൂടി ഈ പാര്‍ട്ടി സംഘാടകര്‍ ലക്ഷ്യം വച്ചപ്പോള്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ പാര്‍ട്ടിയുടെ രസം നുകരാന്‍ എഴുന്നത് പതിവായി.

കഴിഞ്ഞ വര്‍ഷം ഈ പാര്‍ട്ടികള്‍ വിപുലപ്പെടുത്താന്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്തകളും പരസ്യങ്ങളും നല്‍കണം എന്ന ആവശ്യവുമായി വൂസ്റ്ററില്‍ നിന്നും രണ്ടാം തലമുറയില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ ഫോണ്‍ ചെയ്യുന്നതോടെയാണ് ഈ പാര്‍ട്ടികളുടെ വ്യാപ്തി അന്ന് മനസിലാക്കാന്‍ സാധിച്ചത്. പരസ്യങ്ങള്‍ക്ക് പണം എത്ര വേണമെങ്കിലും നല്കാന്‍ തയ്യാറാണ് എന്ന വാഗ്ദാനവും ഒപ്പം ഉണ്ടായിരുന്നു. അടുത്തകാലത്ത് സ്റ്റോക് ഓണ്‍ ട്രെന്റില്‍ കച്ചവടം ലക്ഷ്യമിട്ട് എത്തിയ കോഴിക്കോട്ടുകാരനായ യുവാവും തനിക്കും ഈ ബിസിനസില്‍ പങ്കാളിത്തം ഉണ്ടെന്നു ഒരു മടിയും കൂടാതെ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചെറുപ്പക്കാരുടെ വലിയൊരു നിര തന്നെ ഇത്തരം പാര്‍ട്ടികളുടെ സംഘാടകരും പ്രയോജകരും ആയി രംഗത്തുണ്ട് എന്ന വിവരമാണ് വെളിപ്പെട്ടത്. ലഹരി ഒഴുകിയ ഇത്തരം പാര്‍ടികളിലേക്ക് ഇപ്പോള്‍ നാര്‍ക്കോട്ടിക് ബ്യുറോ ബുക്ക് ചെയ്തിരിക്കുന്ന സന്ദീപിനെ പോലെയുള്ള മലയാളി മയക്ക് മരുന്ന് വ്യാപാരികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരവും പിന്നാലെ അറിയാനാകും.

സന്ദീപിനെ പിടികൂടുന്നതിലൂടെ അയാള്‍ യുകെയില്‍ വ്യാപാരം നടത്തിയിരുന്നോ എന്ന വിവരം തേടി ബ്രിട്ടിഷ് മലയാളി വാര്‍ത്ത വിഭാഗം നാര്‍ക്കോട്ടിക് ബ്യുറോയുമായി ബന്ധപെടുകയാണിപ്പോള്‍. ഒരു തലമുറയെ നശിപ്പിക്കുന്ന ബിസിനസ് ആണെന്ന് വ്യക്തമായറിഞ്ഞിട്ടും ഒരു കുറ്റബോധവും കൂടാതെയാണ് പൊടുന്നന്നെ പണം ഉണ്ടാക്കണം എന്ന ചിന്തയില്‍ ഇത്തരം നശീകരണ പ്രവര്‍ത്തനത്തിലേക്ക് മലയാളി ചെറുപ്പക്കാര്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് മുകളില്‍ കഴുകന്‍ കണ്ണുകളോടെ നിയമം ഉണ്ടെന്നത് പണക്കൊഴുപ്പില്‍ മറക്കുന്നതോടെയാണ് സന്ദീപുമാര്‍ കളത്തിലെത്തുന്നത്. ബ്രിട്ടീഷ് മലയാളിയില്‍ വാര്‍ത്തയ്ക്കും പരസ്യത്തിനും വിളിച്ചവരോട് നിങ്ങള്‍ക്ക് മേല്‍ ഒരു കണ്ണുണ്ടാകും എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം പാര്‍ട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതും ഇപ്പോള്‍ യുകെയില്‍ ഉണ്ടായ പ്രധാന മാറ്റമാണ് . സ്റ്റുഡന്റ്റ് വിസയില്‍ എത്തിയവരില്‍ നല്ലപങ്കും മടങ്ങി തുടങ്ങിയതും പുതുതായി സ്റ്റുഡന്റ്് വിസയെ കുറുക്ക് വഴി ആയെടുത്തു യുകെയില്‍ എത്താന്‍ സാധിക്കാത്തതും ഒക്കെ ഡിജെ അഡല്‍റ്റ് പാര്‍ട്ടികളുടെ എണ്ണം കുറയ്ക്കാന്‍ പ്രധാന കാരണമായിട്ടുണ്ട്. മാസത്തില്‍ നാലും അഞ്ചും പാര്‍ട്ടികള്‍ നടന്നിരുന്ന സ്ഥാനത്തു ഇപ്പോള്‍ അപൂര്‍വ്വമായാണ് ഇത്തരം പാര്‍ട്ടികള്‍ നടക്കുന്നത്.

മലയാളി വിദ്യാര്‍ത്ഥിയുടെ മരണം ബ്രിട്ടീഷുകാരന്റെ മയക്കുമരുന്നു താവളത്തില്‍

കേരളത്തില്‍ വച്ച് തന്നെ മയക്ക് മരുന്നു ഉപയോഗിച്ച് ശീലമുള്ള ചെറുപ്പക്കാര്‍ യുകെയില്‍ എത്തിയപ്പോള്‍ അത് തടസമില്ലാതെ ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നു മനസിലാക്കിയാണ് അഡള്‍ട് പാര്‍ട്ടികളില്‍ കൂട്ടമായി ചേക്കേറിയത്. രണ്ടു മാസം മുന്‍പ് കെന്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കോഴിക്കോട്ടുകാരനായ വിദ്യാര്‍ത്ഥി മയക്കു മരുന്നു വിതരണത്തിലെ പ്രധാന കണ്ണി ആയിരുന്നു. എസെക്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇയാളുടെ മരണ വിവരം വസ്തുതകള്‍ വെളിപ്പെടുത്താതെ ഒക്ടോബര്‍ അവസാന വാരം ബ്രിട്ടീഷ് മലയാളിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വലിയ സ്വപ്നങ്ങളും ആയെത്തിയ ഒരു യുവാവ് ആരും ചെന്നെത്തിപ്പെടാന്‍ പാടില്ലാത്ത മേഖലയിലാണ് എത്തിയത് എന്ന വിവരം കുടുംബത്തിന് ആഘാതമായി മാറും എന്നതിനാലാണ് മരണകാരണം പോലും വ്യക്തമാക്കാതെ വാര്‍ത്ത പുറത്തു വിട്ടത്. അയാള്‍ താമസ സ്ഥലം പോലും ഇല്ലാതെ നഗരങ്ങളില്‍ അലയുക ആയിരുന്നു എന്നും തമിഴ്നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും മയക്കു മരുന്നു വിതരണമായിരുന്നു ഈ മലയാളി യുവാവിന്റെ ജോലിയെന്നും ഇയാളെ പരിചയമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സൂചിപ്പിച്ചിരുന്നു.

ഈ യുവാവ് ബ്രിട്ടീഷുകാരനായ മയക്കു മരുന്നു വിതരണക്കാരന്റെ ഒപ്പമായിരുന്നു ഒടുവില്‍ താമസവും. അവസാനം ഈ മലയാളി യുവാവിനെ തൂങ്ങിയ നിലയിലാണ് ബ്രിട്ടീഷുകാരന്റെ താമസ സ്ഥലത്തു കണ്ടെത്തിയത്. അയാളുടെ മരണത്തില്‍ തനിക്കൊന്നും അറിയില്ല എന്ന നിലപാടാണ് ബ്രിട്ടീഷുകാരന്‍ സ്വീകരിച്ചത്. ഒടുവില്‍ യുവാവിന്റെ മൃതദേഹം പോലീസ് വിട്ടു നല്‍കാത്ത സാഹചര്യത്തില്‍ കുടുംബം കേരളത്തില്‍ നിന്നും എംപി മുഖേനെയും സര്‍ക്കാര്‍ സംവിധാനം മുഖേനെയും ഒക്കെ ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്വേഷണത്തിനു സമയം വേണ്ടി വരും എന്ന മറുപടിയാണ് തുടര്‍ച്ചയായി കെന്റ് പോലീസ് നല്കിക്കൊണ്ടിരുന്നത്. മരണത്തില്‍ സംശയം ഉണ്ടെന്ന നിലയില്‍ തന്നെയാണ് ഈ കേസ് കെന്റ് പോലീസ് കൈകാര്യം ചെയ്തതും . ഇപ്പോഴും ഈ കേസിന്റെ വിശദംശങ്ങള്‍ കെന്റ് പോലീസ് പുറത്തു വിട്ടിട്ടില്ല.