തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുമ്പോള്‍ നേതൃത്വത്തെ കുഴപ്പിക്കുന്നത് സിറ്റിംഗ് സീറ്റുകളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ 'ക്യാപ്റ്റനായി' മുന്നണി പോരാട്ടം നയിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രത്യേകിച്ചും ബേപ്പൂരിലും തിരുവനന്തപുരത്തും പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ നേതൃത്വത്തിന് തലവേദനയാകുന്നു.

മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരില്‍ വീണ്ടും ജനവിധി തേടണമോ എന്ന കാര്യത്തിലാണ് പ്രധാന ചര്‍ച്ച. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പി.വി. അന്‍വര്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം കടുക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ വി.കെ.സി. മമ്മദ് കോയ മാറിനിന്നാണ് റിയാസിന് വഴിമാറിക്കൊടുത്തത്. അന്‍വര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ വി.കെ.സി.യെ തന്നെ വീണ്ടും രംഗത്തിറക്കണമെന്ന ആലോചന ഒരു വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.

എന്നാല്‍ റിയാസ് മണ്ഡലം മാറുന്നത് പരാജയഭീതി കൊണ്ടാണെന്ന പ്രചാരണത്തിന് യുഡിഎഫ് ആയുധം നല്‍കുമെന്നത് സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഒരുപക്ഷേ അന്‍വറിനോട് പരാജയപ്പെട്ടാല്‍ അത് റിയാസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചാല്‍ കടകംപള്ളിക്ക് സീറ്റ് നല്‍കേണ്ടി വരും.

എന്നാല്‍ ശബരിമല വിവാദം വീണ്ടും സജീവമാകുന്ന സാഹചര്യത്തില്‍ കടകംപള്ളിയെ മാറ്റിനിര്‍ത്തണമെന്ന വാദവും ശക്തമാണ്. കെ.കെ. ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും അവ്യക്തത തുടരുകയാണ്. കണ്ണൂരില്‍ പി. ജയരാജനും എം.വി. ജയരാജനും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആരെ പരിഗണിക്കണമെന്നത് പാര്‍ട്ടിക്ക് കീറാമുട്ടിയാണ്. ഇതിനിടെ മത്സരിക്കണമെന്ന ആഗ്രഹം ഇ.പി. ജയരാജനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം മുതിര്‍ന്ന നേതാക്കളുടെ വിജയസാധ്യത കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസും ബിജെപിയുമെല്ലാം ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ സിപിഎമ്മിലെ ആശയക്കുഴപ്പം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.