- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയില്‍ കൂണു പോലെ സ്പാകള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ അടക്കം പടി വാങ്ങുന്നവര്‍; സന്ദര്‍ശകരില്‍ ഉന്നത ഉദ്യോഗസ്ഥരും പോലീസിന്റെ പടി പ്രചോദനമാക്കി ഗുണ്ടകളും; സ്പാ നടത്തിപ്പുകാരിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് ആരും ചോദിക്കില്ല എന്ന വിശ്വാസത്തില്‍

തിരുവല്ല: മഞ്ഞാടിയില്‍ പട്ടാപ്പകല്‍ സ്പായില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും കസ്റ്റമറെ മര്‍ദിക്കുകയും ചെയ്ത സംഭവം വിവാദമാകുമ്പോള്‍ പോലീസ് പ്രതിക്കൂട്ടില്‍. തിരുവല്ലയിലെ സ്പാകളില്‍ പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന പിരിവു സംബന്ധിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോലീസിന്റെ പിരിവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ഒന്നിന് ഗുണ്ടാസംഘം സ്പായില്‍ കയറി പണം ചോദിക്കുകയും കിട്ടാതെ വന്നപ്പോള്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്. ഗുണ്ടാ നേതാവ് മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടറും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.
പൊലീസിന് മാസപ്പടി നല്‍കിയാണ് മിക്ക സ്പാകളും പ്രവര്‍ത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാസപ്പടി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ പോലീസ് റെയ്ഡ് അടക്കം ഒഴിവാക്കാന്‍ വേണ്ടിയാണു പൊലീസിന് പടി നല്‍കി വരുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരനും വള്ളംകുളം സ്വദേശിയായ ഡിവൈ. എസ് .പി ഓഫീസില്‍ നിന്നുള്ള പോലീസുകാരനും അടക്കം ഇവിടെ നേരിട്ട് ചെന്ന് പിരിവ് നടത്താറുമുണ്ട് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇത് കാരണം ഇവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരും അറിയുന്നുമില്ല. പോലീസുകാര്‍ക്ക് ചില സ്പാകളില്‍ സല്‍ക്കാരവും നല്‍കുന്ന പതിവുണ്ട്.
ഇത്തരം കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ ആണ്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാരനാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുട പിടിക്കുന്നത്. 3 വര്‍ഷം കഴിയുമ്പോള്‍ സാധാരണ പോലീസുകാര്‍ക്ക് മാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചിലര്‍ മാത്രം ഒരേ സ്ഥലത്തു തുടരുകയാണ്. ഇവര്‍ ഈ ബലത്തില്‍ തന്നെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. തിരുവല്ലയിലെ സ്പാമില്‍ ബലാത്സംഗം നടത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടിയും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ക്കു ഈ വിവരം നല്കാതിരുന്നതും ഇത് കൊണ്ട് തന്നെയാണ്. ഭരണപക്ഷത്തെ ഒരു ജില്ലാ നേതാവ് ആണ് ഇതിനു പിന്നില്‍ എന്നാണ് ആരോപണം.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. പോലീസുകാര്‍ക്ക് ബന്ധമുണ്ടെകില്‍ കര്‍ശന നടപടി ഉണ്ടാകും. അത്തരം ആരോപണം ഉയര്‍ന്ന ബിനു എന്ന ഉദ്യോഗസ്ഥനെ അടുത്തിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗുണ്ടകള്‍ക്കെതിരെ ഒരു ദാക്ഷിണ്യവും കാണിക്കാതെ നടപടി തുടരും. സ്പാ ജീവനക്കാരി ആദ്യം പരാതി തന്നിരുന്നില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് അവിടെ ചെന്ന് പരാതി വാങ്ങി കേസ് എടുക്കുക ആയിരുന്നുവെന്നും എസ് പി പറഞ്ഞു. ഉടന്‍ തന്നെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കടുത്തശിക്ഷ കിട്ടുന്ന വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്. തുടരന്വേഷണം തിരുവല്ല ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് എസ് പി അറിയിച്ചു.


