- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റില്ല; കുട്ടികളെ റെഫർ ചെയ്യുന്നത് മെഡിക്കൽ കോളേജിലേക്ക്; പരിശോധന തീയതി നീളുന്നതിനാൽ കുട്ടികളുടെ സർട്ടിഫിക്കറ്റ് വൈകുമെന്ന് ആശങ്ക; സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് ആവശ്യം; സൈക്കോളജിസ്റ് പ്രസവ അവധിക്ക് പോയിട്ട് ഒരു മാസത്തിലേറെ; താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുമെന്ന് ആശുപത്രി അധികൃതർ
തൃശൂർ: തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ് ഇല്ലാത്തതിനാൽ വലഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾ. ആശുപത്രിയിൽ ആകെയുള്ള സൈക്കോളജിസ്റ് ഗർഭകാല അവധിക്ക് പോയിരിക്കുന്നതിനാൽ കുട്ടികളുടെ പരിശോധനകൾക്കും മറ്റുമായി ആശുപത്രിയിലെത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണുള്ളത്. ഓട്ടിസം പോലുള്ള വൈകല്യങ്ങൾ ഉള്ള കുട്ടികളുടെ ഐ.ക്യു ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ പോലും അനുവദിക്കുകയുള്ളു. എന്നാൽ കുട്ടികളുടെ പരിശോധനയ്ക്കായി അടുത്ത വർഷത്തേക്കാണ് തീയതി ലഭിക്കുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
വിഷയത്തിൽ സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രയുടെയും ഇടപെടൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അടുത്തിടെയാണ് തൃശൂർ സർക്കാർ മെന്റൽ ഹെൽത്ത് ആശുപത്രിയിലെ സൈക്കോളജിസ്റ്റിന് സ്ഥലം മാറ്റം ലഭിച്ചത്. പിന്നീട് വന്ന സൈക്കോളജിസ്റ് ഗർഭകാല അവധിക്കു പോയി. കൗൺസിലിംഗ് നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നൽകേണ്ടത് സൈക്കോളജിസ്റ്റുകളാണ്. ഈ സൈക്കോളജിസ്റ്റാണ് ഇപ്പോൾ അവധിയിൽ പോയിരിക്കുന്നത്. നിലവിൽ ആശുപത്രിയിലെത്തുന്ന കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് അയക്കുന്നത്. എന്നാൽ അടുത്ത വർഷത്തേക്കാണ് കുട്ടിയെ പരിശോധിക്കാനുള്ള തീയതി ലഭിക്കുന്നത്. ഇത് പല ബോർഡുകളുടെ കീഴിൽ പഠിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ തുടർന്ന് പഠനത്തെ പോലും ബാധിക്കുമെന്നാണ് സൂചന.
സിബിഎസ്ഇ സിലബസിലെ കുട്ടികൾക്ക് ഇംഗ്ളീഷ് ഒഴികെ ഏതെങ്കിലും വിഷയങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ പകരം മറ്റേതെങ്കിലും വിഷയം തെരഞ്ഞെടുക്കുന്നത് അനുവദനീയമാണ്. അതായത് കണക്കിൽ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാൽ പകരം സംഗീതം, പെയിന്റിംഗ്, ഡ്രോയിംഗ് അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാം. എസ്എസ്എൽസി, ഐ.സി.എസ്.ഐ ബോർഡുകളുടെ കീഴിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതേണ്ടത്. ഇതിനായി ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കി വേണം പരീക്ഷകൾക്കുൾപ്പെടെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
സ്ക്രൈബിനായി അപേക്ഷിക്കുന്ന കുട്ടികൾക്ക് മെഡിക്കൽ ബോർഡിന്റെ കൂടി സർട്ടിഫിക്കറ്റ് വേണ്ടി വരും. അതിനാൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ കുട്ടികളുമായി എത്തിയാൽ ടെസ്റ്റ് നടത്താൻ ആശുപത്രിയിൽ സൈക്കോളജിസ്റ്റില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഒരു വർഷത്തിന് ശേഷമാണ് ടെസ്റ്റിനായുള്ള തീയതി ലഭിക്കുന്നത്. എന്നാൽ ഓട്ടിസം അടക്കം ബാധിതായുള്ള കുട്ടികൾക്ക് പരീക്ഷകൾക്കായി സ്ക്രൈബിനെ അനുവദിക്കുന്നതിന് പോലും സൈക്കോളജിസ്റ് പരിശോധന നടത്തിയ ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ പ്രശ്നം ആശുപത്രിയിലെ സൈക്കോളജി ഡിപ്പാർട്മെന്റിനെ അറിയിച്ചിരുന്നെങ്കിലും അവർ കൈമലർത്തുകയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്.
അവധിക്ക് പോയ സൈക്കോളജിസ്റ്റിന് പകരം നിയമനം നടത്തിയിട്ടില്ല. ഇതാണ് നിലവിലെ സാഹചര്യങ്ങൾക്ക് കാരണമായത്. തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും മാതാപിതാക്കൾ കുട്ടികളുമായി ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ സൈക്കോളജിസ്റ് ഇല്ലാത്തതിനാൽ ഇവർക്ക് മറ്റൊരു തീയതി നൽകി പറഞ്ഞയയ്ക്കുകയാണ്. മടങ്ങി പോകുന്നവരിൽ ഈ വർഷം പരീക്ഷ എഴുതാൻ തയ്യാറെടുക്കന്നവരുമുണ്ട്. പത്താം ക്ലാസിലേക്ക് പരീക്ഷയെഴുതേണ്ട കുട്ടിക്ക് ഒൻപതാം ക്ലാസ് കഴിയുമ്പോൾ തന്നെ രേഖകൾ സമർപ്പിച്ചാൽ മാത്രമേ കാലതാമസം ഇല്ലാതെ നടപടികൾ പൂർത്തിയാവുകയുള്ളു. എന്നാൽ കുട്ടികൾക്ക് യഥാസമയം സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ പരീക്ഷ എഴുതാൻ കഴിയുമോയെന്ന ആശങ്കയിലാണ് മാതാപിതാക്കൾ.
അതേസമയം, അവധിക്ക് പോയ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് പകരം നിയമനത്തിനായി ഇന്റർവ്യൂ തീരുമാനിച്ചിട്ടുണ്ടെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. നാളെ നടത്താനിരുന്ന ഇന്റർവ്യൂ 16ലേക്ക് മാറിയിട്ടുണ്ടെന്നാണ് സൂചന. മുൻപും നാല് മാസത്തോളം കാത്തിരിക്കുമ്പോളാണ് പരിശോധനകൾക്കായുള്ള തീയതി ലഭിച്ചിരുന്നത്. ഐക്യു ടെസ്റ്റ് വളരെ സമയം എടുത്താണ് ചെയ്യുന്നത്. നാല് മണിക്കൂറോളം ഒരു കുട്ടിയുടെ ഐക്യു ടെസ്റ്റിനായി ചെലവഴിക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ നാല് ക്ലിനിക്കൽ സൈക്കോളജിസ്റ്റുള്ളപ്പോൾ തൃശൂർ ജില്ലയിൽ ആകെ ഒരാൾ മാത്രമാണുള്ളത്. ഇതൊരു പ്രതിസന്ധിയാണ്. ഒരു മാസത്തോളമായി സൈക്കോളജിസ്റ് അവധിയിലാനിന്നും ആശുപത്രി അതികൃതർ പറയുന്നു.
മുൻപ് സ്ഥലം മാറി പോയ സൈക്കോളജിസ്റിനെ ഒരു മാസത്തേക്ക് നിയമിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് സർക്കാരിൽ നിന്നുള്ള ഉത്തരവ് വരണം. ഒരു ദിവസം നാലോളം കുട്ടികൾക്ക് മാത്രമാണ് പരിശോധന നടത്താൻ കഴിയുക. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ എത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.