ലണ്ടൻ: തട്ടിപ്പുകാരനായ ആ കേംബ്രിഡ്ജ് മലയാളി ആരായിരുന്നു? ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയ കാലത്ത് ഒരു പാവപ്പെട്ട യുവാവിനെ യുകെ വിസ നൽകാമെന്ന് പറഞ്ഞു പറ്റിച്ച മലയാളി യുവാവ് ഇപ്പോഴും യുകെയിൽ ഉണ്ടെങ്കിൽ ഇന്ന് ഈ വാർത്ത കണ്ടാൽ മാത്രമേ അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ ആത്മാവ് അൽപമെങ്കിലും ആശ്വസിക്കൂ. കാരണം വഞ്ചിക്കപ്പെട്ട യുവാവിന്റെ ഹൃദയം തകർന്നുള്ള നിലവിളി അത്രമേൽ ഉമ്മൻ ചാണ്ടിയെയും വേദനിപ്പിച്ചിരുന്നു. ഒരു പേരും ഫോൺ നമ്പറും മാത്രം കയ്യിൽ വച്ച് അദ്ദേഹം സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ച് തിരഞ്ഞതാണ്, പക്ഷെ ആളെ കണ്ടുകിട്ടിയില്ല. അങ്ങനെയാണ് യുകെയിൽ നിന്നും എത്തുന്ന മലയാളികളോട് അദ്ദേഹം ഈ തട്ടിപ്പുകാരനെ കുറിച്ച് ചോദിക്കാൻ തുടങ്ങിയത്.

അമ്മ മരിച്ചതിനെ തുടർന്ന് നാട്ടിൽ എത്തിയ തന്നോട് പാതിരാവിൽ രണ്ടു മണിയോടെ കണ്ണൂരിലെ ചടങ്ങിൽ നിന്നും പാഞ്ഞെത്തിയ അന്നത്തെ മുഖ്യമന്ത്രി മരണകാര്യങ്ങൾ ഒക്കെ ചോദിച്ച ശേഷം കാര്യമായി പറഞ്ഞത് കേംബ്രിഡ്ജിൽ ഉള്ള മലയാളി തട്ടിപ്പുകാരനെ കുറിച്ചാണ് എന്ന് ഇന്നലെ ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ മുഖ്യ പ്രഭാഷണം നടത്തവേ അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന തന്റെ പിതൃ സഹോദരൻ അടക്കം ഉള്ളവർ ചേർന്ന് നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് മോൻസി എബ്രഹാം വാക്കുകളിൽ വരച്ചിട്ടത്. ഒരു പേരും ഫോൺ നമ്പറും മാത്രം കയ്യിൽ വച്ച് യുകെയിൽ തട്ടിപ്പുകാരനായ ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല എന്ന നിസ്സഹായത താൻ വ്യക്തമാക്കിയതായും മോൻസി തുടർന്നു.

എങ്കിലും സഹായം തേടി വന്ന ഒരാളെ സഹായിക്കാൻ കഴിയാതെ പോയതിന്റെ വേദന ഉമ്മൻ ചാണ്ടിയുടെ കണ്ണുകളിൽ നിറഞ്ഞിരുന്നു എന്നാണ് മുൻപ് ഒരു നൂറു വട്ടത്തിൽ എങ്കിലും കുറയാത്ത തരത്തിൽ അദ്ദേഹത്തെ കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ള മോൻസിയെ ഇപ്പോൾ വേദനിപ്പിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസം നിസാരമായ ഒരു സഹായം ചോദിച്ചെത്തിയ ആളോട് ആദ്യം നോ പറയേണ്ടി വന്നെകിലും പൊടുന്നനെ ഉമ്മൻ ചാണ്ടി ചെയ്ത കാര്യങ്ങൾ ഓർത്തപ്പോൾ ഓടിപ്പോയി ക്ഷമാപണത്തോടെ സഹായിക്കാൻ കഴിഞ്ഞതുമൊക്കെ തന്നെ മാത്രമല്ല പലരെയും ഇത്തരത്തിൽ മാറ്റിയെടുക്കാൻ ഇനിയുള്ള കാലം അദ്ദേഹത്തിന്റെ ആത്മാവിന് കഴിയുമെന്നും മോൻസി തുടർന്നു.

കവൻട്രി മലയാളി സൗഹൃദ വേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സ്ത്രീകളും കുട്ടികളും ഒക്കെ അടക്കമുള്ളവർ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയ്യാറായി എന്നതും ശ്രദ്ധേയം. അടുപ്പമുള്ള നാട്ടുകാർക്ക് അകലെയുള്ള യുകെയിൽ ഇരുന്നും ഇത്തരത്തിൽ ഒരു അന്ത്യാഭിവാദം അർപ്പിക്കാൻ അവസരം ലഭിച്ചതിൽ ഹൃദയാഞ്ജലികൾ അർപ്പിച്ചാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം നെഞ്ചിൽ ചേർത്ത് വച്ച് ഓരോരുത്തരും ചടങ്ങിൽ പങ്കാളികളായത്. കവൻട്രി കേരള സ്‌കൂളിലെ മലയാളം അദ്ധ്യാപിക ഷിജി ജോഷി തോമസ് എഴുതി തയ്യാറാക്കിയ കവിത ഷൈനി മോഹനൻ ഇടറിയ ശബ്ദത്തോടെ ചൊല്ലിത്തീർത്തത് സദസിനെ ഒന്നടക്കം ഈറനണിയിക്കാൻ കാരണമായി. ഉമ്മൻ ചാണ്ടി എന്ന അത്ഭുത മനുഷ്യനെ ഓർമ്മിക്കാൻ ഒത്തുകൂടിയ സദസിൽ പോലും കണ്ണീർ വീണു നനയുന്ന മഹാശക്തിയായി മാറിയിരിക്കുകയാണ് ആ പേരെന്ന് കൂടിയാണ് ഇത്തരം സംഭവങ്ങൾ തുറന്നു കാട്ടുന്നത്.

ലോകത്ത് ഇനിയും ഇത്തരം നന്മകൾ നിലനിൽക്കുകയും അത് മാലോകരോട് വിളിച്ചു പറയാൻ ആരെങ്കിലും ഒക്കെ വേണമെന്നാണ് മുഖ്യ സംഘാടകരിൽ ഒരാളായ മാധ്യമ പ്രവർത്തകൻ കെ ആർ ഷൈജുമോൻ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചത്. ഇത്തരം സാംസ്‌കാരിക സദസുകളുടെ അഭാവം യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിൽ വലിയ കുറവായി മാറുക ആണെന്നും ഇനിയെങ്കിലും പ്രാദേശിക മലയാളി സംഘടനകൾ പതിവ് ചട്ടക്കൂടിൽ നിന്നും പുറത്തു കടന്നു സാമൂഹ്യ, സാംസ്‌കാരിക സംവാദങ്ങൾക്കും ഒത്തു കൂടലിനും ഒക്കെ വേദി ഒരുക്കണമെന്നു കവൻട്രിയിൽ മുൻപ് നടന്ന ഓ എൻ വി അനുസ്മരണ ചടങ്ങായ കാവ്യാഞ്ജലി. കലാഭവൻ മണിക്ക് ആദരവർപ്പിച്ചു നടന്ന ഓർമ്മകളിലെ മണിനാദം എന്ന പരിപാടികളൊക്കെ ഓർത്തെടുത്തു ചൂണ്ടിക്കാട്ടി.

തുടർന്ന് സംസാരിച്ച മോൻസി തോമസ് താൻ ഒരു ഇടതുപക്ഷ ചിന്താഗതി ഉള്ള ആൾ ആയിട്ടുപോലും ഉമ്മൻ ചാണ്ടി തന്നിൽ സ്വാധീനം ചെലുത്തിയെന്നാണ് തുറന്നു പറഞ്ഞത്. ഇത്തരം മനുഷ്യരൊക്കെ ലോകത്തിൽ ഓരോ കാലഘട്ടത്തിൽ അപൂർവ്വമായേ നമുക്കൊപ്പം ഉണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, തുടർന്ന് സംസാരിച്ച ഡോ. ജിനു കുര്യാക്കോസ് കുഞ്ഞൂഞ്ഞേ എന്ന വിളി മാത്രം മതിയാകും ആ മനുഷ്യനെ നാട് എങ്ങനെ ആയിരുന്നു സ്നേഹിച്ചതെന്നു മനസിലാക്കാൻ എന്ന് പറഞ്ഞതിലും ഒരായിരം കാര്യങ്ങൾ ഒന്നിച്ചു ചേർന്നിരുന്നു.

വെറും രണ്ടര കിലോമീറ്റർ ദൂരത്തിൽ താമസിച്ചിരുന്ന താനൊക്കെ ഉമ്മൻ ചാണ്ടിയുടെ സേവന പടയിൽ അംഗമായിരുന്നു എന്നാണ് സുധീർ വെളിപ്പെടുത്തിയത്. എല്ലാ മാസവും സ്ഥിരമായി കാൻസർ രോഗികളെ സഹായിച്ചിരുന്ന ഉമ്മൻ ചാണ്ടി മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളുടെ ബിൽ വലിയൊരു തുകയായി അടച്ചിരുന്നതൊക്കെ മരണശേഷം മാത്രം കേൾക്കാനിടയായ കാര്യങ്ങളാണ്, ജീവിച്ചിരുന്നപ്പോൾ ഇതൊന്നും പറഞ്ഞു പാടി നടക്കാൻ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ല എന്ന് കൂടി സുധീർ പറയുമ്പോൾ ആരായിരുന്നു, എന്തായിരുന്നു ഉമ്മൻ ചാണ്ടി എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി അടർന്നു വീഴുക ആയിരുന്നു.

മരണ വാർത്തയറിഞ്ഞു നാലു ദിവസമായി ടെലിവിഷൻ ദൃശ്യങ്ങളിൽ കരഞ്ഞു തീരുക ആയിരുന്നു എന്നാണ് ഉമ്മൻ ചാണ്ടിയുടെ വീടിനു വിളിപ്പാടകലെ മാത്രം താമസിച്ചിരുന്ന സൂസന് പറയാനുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ അയർലണ്ടിൽ കഴിയുന്ന സുഹൃത്തായ നഴ്സ് ഒരിക്കലും ആ ജോലി ചെയ്യാൻ ഉണ്ടാകുമായിരുന്നില്ല എന്ന നേരനുഭവമാണ് ഓക്സ്ഫോർഡ്ഷെയറിൽ നിന്നും പങ്കെടുക്കാൻ എത്തിയ ജിഷാകുമാരി വ്യക്തമാക്കിയത്.

എന്നാൽ നാട്ടിൽ തന്റെയൊക്കെ ചെവിയിൽ എത്തിയിരുന്ന കാര്യം ദൈവത്തോട് പറയും മുൻപ് പരാതികൾ ഉമ്മൻ ചാണ്ടിയോട് പറയുക എന്നായിരുന്നു എന്ന് അടൂർകാരനായ ജോൺ പറഞ്ഞപ്പോൾ സദസ് കാതുകൂർപ്പിക്കുക ആയിരുന്നു കാരണം ദൈവത്തെ പോലെ പരാതികൾക്കും സങ്കടങ്ങൾക്കും ചെവി നൽകുവാൻ ഒരു മനുഷ്യൻ ഉള്ളപ്പോൾ എന്തിനാണ് ദൈവത്തെ ശല്യപ്പെടുത്തുന്നത് എന്നായിരുന്നത്രെ നാട്ടുകാർ ചോദിച്ചിരുന്നത്. ഈ വാക്കുകൾ അക്ഷരം പ്രതി ശരിവയ്ക്കുന്ന ജനസഞ്ചയമാണ് രണ്ടു നാളിലേക്കു രാപ്പകൽ ഭേദം ഇല്ലാതെ നടന്നു നീങ്ങിയ വൻവിലാപ യാത്ര തെളിയിച്ചതും.

മാസങ്ങളായി മുടങ്ങി കിടന്ന കാര്യം യുകെയിൽ നിന്നും എത്തി നാട്ടിൽ പോയി ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ഒരാഴ്ച കൊണ്ട് പരിഹാരമായി കാര്യമാണ് ജോയ് പോൾ വിശദീകരിച്ചത്. ചാലക്കുടിക്കാരൻ ആയ ജോഷി പറഞ്ഞപ്പോൾ അതിൽ അൽപം രാഷ്ട്രീയവും കടന്നു വന്ന് അക്കാലത്തു നടന്ന രാഷ്ട്രീയ പക പോക്കൽ കൊലകളിൽ കോൺഗ്രസ് എതിരാളികളോട് പകയോടെ തിരിച്ചടിക്കാതിരുന്നതിൽ ഉമ്മൻ ചാണ്ടിയുടെ റോൾ ഏറെ വലുതായിരുന്നു എന്നാണ് ജോഷി സൂചിപ്പിച്ചത്. തൃശൂരിൽ ഒക്കെ ഉണ്ടായ സംഭവങ്ങളിൽ കരുണാകരൻ പ്രഭവ ഭാവത്തോടെ നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം കാര്യങ്ങൾ ലഘൂകരിക്കപ്പെടാൻ ഇടയാക്കിയ ഒന്നിലേറെ സംഭവങ്ങൾക്ക് ജോഷി ദൃക്‌സാക്ഷിയുമാണ്.

ഇത്തരത്തിൽ ഓരോരുത്തരും ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ വാക്കുകളിൽ വരച്ചിടുമ്പോൾ യുകെയിൽ തന്നെ നടന്നുകൊണ്ടിരിക്കുന്ന അനേകം അനുസ്മരണ ചടങ്ങുകളിൽ ഏറെ ധന്യത നിറഞ്ഞ ഒന്നായി മാറുകയാണ് കവൻട്രിയിൽ നടന്ന ഓർമ്മകളിലെ ഓ സി എന്ന അനുസ്മരണ ചടങ്ങ്. ക്രോയ്ഡോണിലും സ്റ്റോക് ഓൺ ട്രെന്റിലും കെന്റിലെ ടെൺവെൽസ് ബ്രിജിലും ഒക്കെ നടന്ന ചടങ്ങുകൾക്ക് ശേഷം ഇന്നലെ കവൻട്രിയിലും മാഞ്ചസ്റ്ററിലും ഷെഫീൽഡിലും കൂടുതൽ സുസംഘടിതമായ ചടങ്ങുകളാണ് കാണാനായത്.

ഇന്ന് ഈസ്റ്റ് ഹാം, വാറ്റ് ഫോർഡ്, ലിവർപൂൾ എന്നിവിടങ്ങളിലും ഉമ്മൻ ചാണ്ടി അനുസ്മരണം നടക്കാനിരിക്കെ യുകെയിൽ ആദ്യമായാണ് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് ഇത്രയും പൗര സമൂഹത്തിന്റെ അംഗീകാരം പിടിച്ചെടുക്കാൻ കഴിയുന്നത് എന്നതും ശ്രദ്ധേയമാണ്. മറ്റു പലയിടത്തും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്ന ആവശ്യം ഉന്നയിച്ചപ്പോൾ മറ്റൊരു രാഷ്ട്രീയ നേതാവ് അടുത്തിടെ മരിച്ചപ്പോൾ ചെയ്തില്ലല്ലോയെന്ന സങ്കുചിത മനോഭാവത്തോടെയുള്ള ചോദ്യവും പ്രാദേശിക സംഘാടകർക്ക് കേൾക്കേണ്ടി വന്നത് യുകെ മലയാളി സമൂഹം തുറന്ന മനസോടെ കാര്യങ്ങൾ കാണാൻ ഇനിയും പ്രാപ്തമല്ലേ എന്ന ആശങ്ക കൂടിയാണ് ഉയർത്തുന്നത്.

കവൻട്രിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിക്കപ്പെട്ട ഷിജി ജോഷി എഴുതിയ നേരിന്റെ കഥ എന്ന ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള വരികളുടെ പൂർണ രൂപം ചുവടെ;

നേരിന്റെ കഥ

ഒരു ജനതയുടെ സ്പന്ദനംഅറിഞ്ഞ്
കേരളമാകും തോണിയുടെ
അമരക്കാരനായി അമരത്തിരുന്ന് കേരള പടയെ
നയിച്ച പടനായകൻ l
നാടിന്റെ മക്കൾക്ക് അപ്പൂപ്പനായി,
അപ്പനായി അമ്മാവനായി
സോദര തുല്യനായി
ആരോടും പരിഭവം ലവലേശവുമില്ല'
ശത്രുക്കൾക്ക് പോലും ആവേശം ചൊരിഞ്ഞുഹq
പുതുപ്പള്ളിയുടെ കുഞ്ഞുഞ്ഞ്??
കേരളത്തിന്റെ സ്വന്തം ചാണ്ടിസാർ
തിരികെ വരാത്ത ലോകത്തിൽ
ക്രിസ്തുവിന്റെ ഭാവങ്ങൾ പേറി' '
ഈ ജന്മം ഇവിടെ മണ്ണിൽ ഉപേക്ഷിച്ച്,
ഇനി തിരികെ മടങ്ങി വരാത്ത ലോകം തേടി
ആരാരും അറിയാതെ പോയ മനസ്സിന്റെ തേങ്ങൾ
കാലം ആകും യൗവനികയ്ക്കുള്ളിൽ
മറഞ്ഞതിൻ ശേഷം
മറനീക്കി വന്ന സത്യങ്ങൾക്ക്
നീതി എന്നു ചൊല്ലുവാൻ
ലജ്ഞ നിനക്കില്ലേ പ്രബുദ്ധ കേരളമെ?
കണ്ടിട്ടും കണ്ടില്ല എന്ന് നടനമാടിയ
കേരള രാഷ്ട്രിയമെ
നിങ്ങൾ വെറും നോക്കികുത്തികൾ
മൂടുപടം ആകും പുതപ്പ് മാറ്റി എറിയു
മനുഷ്യന്റെ രൂപം മാത്രം പോരാ-
അത് കർമ്മത്തിൽ തന്നെ കാണിക്കണം
പിലാതോസിന്റെ മുൻപിൻ
നിർമേഷനായി നിന്ന യേശുവിനെയാണ് ദർശിച്ചത്,
എന്റെ മാനതാരിൽ ഓർമയിൽ
രോമം കത്രിക്കുന്ന കുഞ്ഞാട് പോൽ
മിണ്ടാതിരുന്നില്ലേ എന്നും
പാഠങ്ങൾ എത്ര പഠിച്ചാലും
കിട്ടാത്ത അറിവിന്റെ നേരിന്റെ നായകൻ
കാലം പിന്നെയും ആവർത്തിക്കും
എന്നെയും നിന്നെയും
വെറുതെ വിടുമോ?
മരണം വരെ കാത്തിരുന്നു
ശ്രീ ഉമ്മൻ ചാണ്ടി ആരെന്നറിയാൻ.
ഇതൊരു തിരിച്ചറിവാണ്
കാലം നമ്മോട് പറയുന്ന
നേരിന്റെ കഥ.
ഇന്നിയും ഒരു ജന്മം ഉണ്ടെങ്കിൽ
തിരികെ വരണം
ഞങ്ങൾ തലമുറകൾക്ക്
മാപ്പ് നല്ലി കേരള പടയെ നയിക്കാൻ.

ഷിജി തോമസ് കവൻട്രി