ശശിയെ മാറ്റാതെ എങ്ങനെ മുമ്പോട്ട് പോകാനാകുമെന്ന് ഗോവിന്ദന് സംശയം; പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ധിക്കാരവും അഹങ്കാരവും ചര്‍ച്ചകളില്‍; പിണറായി വെട്ടില്‍
കണ്ണൂര്‍: പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി ശശിയെ മാറ്റണമെന്ന നിലപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ഗോവിന്ദന് ആവശ്യപ്പെട്ടതായാണ് സൂചന. ശശിക്കെതിരേയും ഗുരുതര ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ശശിയേയും മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. അന്വേഷണ സാഹചര്യത്തില്‍ പോലീസിനെ നിയന്ത്രിക്കുന്ന പൊളിട്ടിക്കല്‍ സെക്രട്ടറിയെന്ന പദവിയില്‍ ശശി ഇരിക്കുന്നത് അന്വേഷണത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനത്തിന് […]
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍: പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി ശശിയെ മാറ്റണമെന്ന നിലപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ഗോവിന്ദന് ആവശ്യപ്പെട്ടതായാണ് സൂചന. ശശിക്കെതിരേയും ഗുരുതര ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ശശിയേയും മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.
അന്വേഷണ സാഹചര്യത്തില്‍ പോലീസിനെ നിയന്ത്രിക്കുന്ന പൊളിട്ടിക്കല്‍ സെക്രട്ടറിയെന്ന പദവിയില്‍ ശശി ഇരിക്കുന്നത് അന്വേഷണത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമാകും. അതുകൊണ്ട് ശശിയേയും മാറ്റിയുള്ള അന്വേഷണം അനിവാര്യമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി. എന്നാല്‍ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുമോ എന്ന് അറിയില്ല. ശശിയെ നിയമിച്ചത് സിപിഎം സംസ്ഥാന സമിതിയാണ്. അതുകൊണ്ട് തന്നെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെ ശശിയെ മാറ്റുമെന്ന ചോദ്യവും സജീവമാണ്. അതിനിടെ ശശിയുടെ ധിക്കാരവും അഹങ്കാരവും സഹിക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് നില്ക്കുന്ന കാരാട്ട് റസാഖും ആരോപിച്ചിട്ടുണ്ട്.
അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്ന് സുജിത് ദാസിനെ സസ്പെന്റ് ചെയ്തു. അജിത് കുമാറിന് ക്രമസമാധാന ചുമതലയും പോകും. ഈ സാഹചര്യത്തില്‍ ശശിക്കെതിരേയും നടപടി വേണമെന്നതാണ് ഗോവിന്ദന്റെ നിലപാട്. എല്ലാ വിഷയത്തിലും പാര്‍ട്ടിയും സര്‍ക്കാരും അന്വേഷണം നടത്തുമെന്ന് ഗോവിന്ദന് അറിയിച്ചിരുന്നു. അന്‍വറിന്റെ ആരോപണത്തെ തള്ളുകയും ചെയ്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണത്തേയും സിപിഎം സെക്രട്ടറി ഗൗരവത്തോടെ എടുക്കുന്നുവെന്നതാണ് വസ്തുത. അതിവേഗ തെറ്റു തിരത്തലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അനിവാര്യതയാണെന്ന നിലപാടിലാണ് എംവി ഗോവിന്ദന്. പാര്‍ട്ടി സമ്മേളന കാലത്തെ വിവാദങ്ങള്‍ അണികള്‍ക്കും നേതാക്കള്‍ക്കുമെല്ലാം ആശങ്കയും പ്രതിസന്ധിയുമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചു കുലുക്കിയാണ് സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി.അന്‍വറിന്റെ ആരോപണ ബോംബ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്.അജിത് കുമാര്‍ കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കൊടുംക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിക്കുകയാണെന്നാണ് മറ്റൊരാരോപണം. പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസ് കരിപ്പൂരിലെ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നുവെന്നും ആരോപിച്ചു. ഇതില്‍ ശശി ഒഴികെയുള്ളവര്‍ക്കെതിരെ നടപടി വരുമെന്ന് ഉറപ്പാണ്. അതു പോരെന്നാണ് സിപിഎം സെക്രട്ടറിയുടെ നിലപാട്.
മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങിയിട്ടുണ്ട്. പി.ശശിയും അജിത് കുമാറും ഉള്‍പ്പെട്ട ഉപജാപക സംഘം മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരി വയ്ക്കുന്നതാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍.ശനിയാഴ്ച മലപ്പുറം എസ്.പിക്കെതിരെ അദ്ദേഹത്തിന്റെ ഓഫീസിനുമുന്നില്‍ സമരം നടത്തിയ അന്‍വറിനെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തി വിലക്കിയിരുന്നു.അതു വകവയ്ക്കാതെയാണ് ഇന്നലെ ആരോപണം കടുപ്പിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മലബാറില്‍ ഒതുങ്ങിയ എ.ഡി.ജി.പി എം.ആര്.അജിത് കുമാറിന്റെ ദശ തെളിഞ്ഞത് രണ്ടാം സര്‍ക്കാരില്‍ പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുക്കാന്‍ ഏറ്റെടുത്തതോടെയാണെന്ന് പറയുന്നു.അജിത് കുമാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായി.ഡി.ജി.പി ദര്‍വേഷ് സാഹിബിനെ മറികടന്നുള്ള ഇടപെടലുകളാണ് പൊലീസില്‍ അജിത് കുമാര്‍ നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. ഇരുവരും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തു. ഇതിനിടെയാണ് അന്‍വര്‍ വിവാദ വെളിപ്പെടുത്തലുമായി എത്തിയത്.
മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ പി. ശശി വീഴ്ച വരുത്തിയെന്നും മന്ത്രിമാരുടെയടക്കം ഫോണുകള്‍ അജിത് കുമാര്‍ ചോര്‍ത്തുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. പി. ശശി ഇങ്ങനെ മുന്നോട്ട് പോയാല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രിയെ ഈ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ലെന്നും അന്‍വര്‍ പറയുന്നു. എം.ആര്.അജിത് കുമാറിന്റെ പ്രവര്‍ത്തനം ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ്. സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ക്രൈം കണ്ടുപിടിക്കാനല്ലെന്നും മന്ത്രിമാരുടെയും നേതാക്കളുടെയും കോളുകള്‍ ചോര്‍ത്താനാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
വന്‍ അഴിമതിയാണ് അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. അജിത്കുമാറിനെ വിശ്വസിച്ച് സര്‍ക്കാര്‍ പലകാര്യങ്ങളും ഏല്‍പ്പിച്ചുവെന്നും അതെല്ലാം തകിടം മറിച്ചുവെന്നും അന്‍വര്‍ പറയുന്നു. പൊലീസിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടാനാണ് പത്തനംതിട്ട എസ്പിയുടെ ഫോണ്‍ ചോര്‍ത്തിയത്. ഗതികേട് കൊണ്ടാണ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായി ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും അതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.