പത്തനംതിട്ട: പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച് പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്എച്ച്ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ. എം.സി റോഡ് മൂന്നു മണിക്കൂര്‍ നിശ്ചലമായി. ഗതാഗതം വഴി തിരിച്ചു വിടാന്‍ പോലും കഴിയാതെ പോലീസ് പെട്ടു. വെട്ടിലായത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്.

പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം വിജയിക്കില്ലെന്ന മട്ടിലാണ് പന്തളം എസ്.എച്ച്.ഓ ടി.ഡി. പ്രജിഷ് റിപ്പോര്‍ട്ട് നല്‍കിയത്. 1500 പേരില്‍ കൂടുതല്‍ കാണില്ലെന്നായിരുന്നു പ്രജീഷ് മേലുദ്യോഗസ്ഥരെ അറിയിച്ചത്. അടൂര്‍ ഡിവൈ.എസ്.പി 3000 പേര്‍ വരുമെന്ന് റിപ്പോര്‍ട്ട് കൊടുത്തു. ഫീല്‍ഡില്‍ സഞ്ചരിക്കുന്ന സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച്, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് ഇരട്ടിയാക്കി റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം 200 പോലീസുകാരെയാണ് സംഗമം നടന്ന കുളനട ശ്രീവല്‍സം ഗ്രൗണ്ടില്‍ നിയോഗിച്ചത്.

ഇരുപതിനായിരത്തോളം പേരാണ് സംഗമത്തിന് എത്തിയത്. അത്രയും പേരെ ആ ഗ്രൗണ്ട് ഉള്‍ക്കൊള്ളുമായിരുന്നു. എന്നാല്‍, സംഘാടകര്‍ പോലും ഇത്രയും ആളെ പ്രതീക്ഷിച്ചില്ല. ഗ്രൗണ്ടിന്റെ പകുതിയ്ക്ക് വച്ചാണ് സ്റ്റേജ് തയാറാക്കിയത്. ഇതോടെ മൂന്നോളം ജില്ലകളില്‍ നിന്ന് വന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടക്കം റോഡ് വരെ നിരന്നു. വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഒന്നും നിശ്ചയിച്ചിരുന്നില്ല. ഇത്രയും ആള്‍ക്കാര്‍ കൂടുമെന്ന് കണ്ട് ഗതാഗതം വഴി തിരിച്ചു വിടാനും കഴിഞ്ഞില്ല. എത്ര പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ കൃത്യമായി രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതുമില്ല.

രാവിലെ പന്തളം നാനാക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഹാള്‍ നിറഞ്ഞു കവിഞ്ഞ് ആളുണ്ടായിരുന്നു. ഇതു കണ്ടിട്ടു പോലും വൈകിട്ട് നടക്കുന്ന സംഗമത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പന്തളം എസ്എച്ച്ഓയ്ക്കോ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കോ മനസിലായില്ല. രണ്ടാഴ്ച മുന്‍പ് കോന്നിയില്‍ നടന്ന കരിയാട്ടത്തില്‍ വേടന്റെ പരിപാടിക്ക് ഗതാഗതം തിരിച്ചു വിട്ട് നടത്തിയ ക്രമീകരണം പോലും ചെയ്യാന്‍ പോലീസിന് ആയില്ല.

ഇരുപതിനായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടി മുന്‍കൂട്ടി അറിയാന്‍ പറ്റാത്ത രഹസ്യാന്വേഷണ വിഭാഗങ്ങളും നേതൃത്വം കൊടുക്കുന്ന ജില്ലാ പോലീസ് മേധാവിയും വീഴ്ച വരുത്തിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. പമ്പയില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്ക് ആളില്ലാതിരിക്കുകയും വേണ്ടത്ര പ്രചാരണമില്ലാതെ നടന്ന പന്തളം പരിപാടിക്ക് വന്‍ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തത് സര്‍ക്കാരിന് വലിയ നാണക്കേട് സൃഷ്ടിച്ചു. അതിനിടെയാണ് എം.സി റോഡില്‍ മൂന്നു മണിക്കുറോളം ഗതാഗതം തടസപ്പെട്ടത്. പന്തളം എസ്.എച്ച്.ഓയ്ക്കെതിരേ നടപടി വരുമെന്നാണ് സൂചന.