- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതാബ്ദി വര്‍ഷത്തില്‍ പിടിച്ച തിരുവനന്തപുരത്ത് ആര്‍ എസ് എസുകാരന്‍ തന്നെ മേയറാകണമെന്ന് നിലപാട് എടുത്ത് നാഗ്പൂര്‍ നേതൃത്വം; ആര്‍ എസ് എസ് പറഞ്ഞത് അനുസരിച്ച് മോദിയും അമിത് ഷായും തീരുമാനം എടുത്തു; വിവി രാജേഷിനെ മേയറാക്കുന്നത് പരിവാര്‍ ഇടപെടല്‍
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി വിവി രാജേഷിനെ നിയോഗിച്ചത് നാഗ്പൂരിലെ ആര്‍ എസ് എസ് നേതൃത്വം. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ഇത് ബിജെപിയുടെ ദേശീയ നേതൃത്വം അംഗീകരിച്ചു. ആര്‍ എസ് എസ് പാരമ്പര്യമുള്ളയാള്‍ മേയറാകാതിരിക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന് ആര്‍ എസ് എസ് നിലപാട് എടുത്തു.
ബിജെപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് അതുള്‍ക്കൊണ്ടു. ബിജെപിയുടെ അടുത്ത ദേശീയ പ്രസിഡന്റാകുമെന്ന് കരുതുന്ന നിതിന്‍ നബിനടക്കം ഇതിനെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍ എസ് എസുകാരന്‍ തന്നെ വരണമെന്ന അഭിപ്രായമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിനെ അംഗീകരിച്ചു. അങ്ങനെ വിവി രാജേഷ് മേയര്‍ പദവിക്ക് തൊട്ടടുത്തെത്തുന്നു. 100 വര്‍ഷം ആര്‍ എസ് എസ് പ്രവര്‍ത്തനം തികയ്ക്കുമ്പോഴാണ് തിരുവനന്തപുരം രാജേഷിലൂടെ സംഘപരിവാര്‍ സ്വന്തമാക്കുന്നത്.
രണ്ടുപതിറ്റാണ്ടായി തിരുവനന്തപുരത്തെ ബിജെപിയുടെ മുഖമായ വി.വി. രാജേഷ്, ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എബിവിപി, യുവമോര്‍ച്ച, ബിജെപി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂജപ്പുരയില്‍നിന്ന് വിജയിച്ച അദ്ദേഹം, ഈ വര്‍ഷം കൊടുങ്ങാനൂരില്‍നിന്നാണ് ജയിച്ചത്.
മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയമാണ് രാജേഷിന് നറുക്കു വീഴാന്‍ കാരണമായത്. മറ്റു മുന്നണികളില്‍നിന്ന് കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട് എത്തിയിരിക്കുന്ന സാഹചര്യത്തില്‍ അവരെ നേരിടാന്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ തന്നെ മേയറായി എത്തണമെന്ന പൊതുഅഭിപ്രായമാണ് ബിജെപിയില്‍ ഉയര്‍ന്നത്. ആര്‍എസ്എസിന്റെ പിന്തുണയും രാജേഷിന് അനുകൂലമായി.
ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കോര്‍പറേഷനില്‍ അഴിമതി ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് രാജേഷിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു.




