- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് സഖാക്കളെ പോലും കിട്ടാനില്ലേ? മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആളെ കൂട്ടാൻ ഉത്തരവുമായി കൊല്ലം മേയർ; അങ്കണവാടി വർക്കർമാരും സൂപ്പർവൈസർമാരും പങ്കെടുക്കണമെന്ന് കർശന നിർദ്ദേശം നൽകി പ്രസന്ന ഏണസ്റ്റ്; എതിർത്താൽ ജോലി പോകുമെന്ന് ഭയത്തിൽ ജീവനക്കാർ
കൊല്ലം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിർബന്ധമായി പങ്കെടുക്കാൻ അങ്കണവാടി ജീവനക്കാർക്ക് കോർപ്പറേഷൻ മേയർ ഉത്തരവ് നൽകിയതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു. കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റാണ് ഉത്തരവിറക്കിയിരിക്കുന്നത്. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ഛയത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് അങ്കണവാടി വർക്കർമാരും സൂപ്പർവൈസർമാരും പങ്കെടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. 11.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനായി രാവിലെ 10.30 ന് തന്നെ ആശ്രാമം മൈതാനത്ത് എത്തിച്ചേരണമെന്നും മേയർ സി.ഡി.പി.ഒയ്ക്ക് അയച്ച ഉത്തരവിൽ പറയുന്നു.
തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചടങ്ങിൽ എന്തിനാണ് നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ പരസ്യമായി അവർക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഭയമാണ്. എതിർത്ത് സംസാരിച്ചാൽ ജോലി പോകുമോ എന്ന ഭയമാണ് ഇവർക്കുള്ളത്. അതിനാൽ തന്നെ താൽപ്പര്യമില്ലാതെയാണ് ജീവനക്കാർ പങ്കെടുക്കുന്നത്. രണ്ടാം തീയതിയാണ് മേയർ കത്തയച്ചിരിക്കുന്നത്. ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയ കാര്യം ജീവനക്കാരല്ലാതെ മറ്റാരും അറിയരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ അതൃപ്തിയുള്ള ചിലർ ഇക്കാര്യം മറുനാടനെ അറിയിക്കുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാനായി അങ്കണവാടി ജീവനക്കാരെയും തൊഴിലുറപ്പുകാരെയും നിർബന്ധിതമായി പങ്കെടുപ്പിക്കുന്നു എന്ന ആരോപണങ്ങൾക്ക് തെളിവായിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നവോഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കർ ഭൂമിയിൽ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11.30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
ഒരു ലക്ഷം അടിയോളം വിസ്തീർണത്തിൽ നിർമ്മിച്ച സമുച്ചയത്തിൽ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ വി തീയേറ്റർ, ബ്ലാക്ക് ബോക്‌സ് തീയറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട് ഗ്യാലറി, ക്ലാസ് മുറികൾ, ശില്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ അങ്കണവാടി ജീവനക്കാരെ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതിൽ ശക്തമായി പ്രതിഷേധം അറിയിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളെ കിട്ടാത്തതിനാലാണ് തൊഴിലുറപ്പു ജീവനക്കാരെയും അങ്കണവാടി ജീവനക്കാരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്നതെന്നും വിഷ്ണു സുനിൽ പരിഹസിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.