മലപ്പുറം: തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർഫ്രണ്ടിനെ നിരോധിക്കും മുമ്പെ പോപ്പുലർഫ്രണ്ടിന്റെ രഹസ്യങ്ങളും നീക്കങ്ങളും മനസ്സിലാക്കാൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തന്ത്രപരമായ നീക്കം നടത്തി. അന്വേഷണ ഏജൻസികൾ സംഘടനാ രഹസ്യങ്ങൾ ചോർത്തിനൽകുന്നവർക്കു പരിതോഷികവും ഓഫർ ചെയ്തതോടൊപ്പം തന്നെ ചാരന്മാരെ സംഘടനയിൽ കയറ്റാനും ശ്രമിച്ചു.

മലയാളി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേഷംമാറിയും, മുസ്ലിംനാമധാരികളായും മലപ്പുറത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ വർഷങ്ങളോളം തമ്പടിച്ചു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഉദ്യോഗസ്ഥരാണ് പോപ്പുലർഫ്രണ്ടിന്റെ രഹസ്യയോഗങ്ങളെ കുറിച്ചും, ഇവരുടെ പദ്ധതികളെ കുറിച്ചും, പഠന ക്ലാസുകളെ കുറിച്ചും വിവരങ്ങൾ അറിയിക്കുന്നവർക്കു പാരിതോഷികം ഓഫർചെയ്തിരുന്നത്.

ഇത്തരത്തിൽ സാധ്യതയുള്ള പ്രവർത്തകരെ കണ്ടെത്താൻ പ്രദേശത്തെ ചില പ്രമുഖരുടെ സഹായവും തേടി. ഇവർ വഴി മലപ്പുറത്തെ ചില പോപ്പുലർഫ്രണ്ട് പ്രവർത്തകരെ രഹസ്യാന്വേഷണ വിഭാഗം ചാരന്മാരായി ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും ആദ്യഘട്ടങ്ങളിലൊന്നും ഇവ നടന്നില്ല. നേതാക്കളെക്കാൾ സംഘടനയോട് ആത്മാർത്ഥത കാണിക്കുന്ന പ്രവർത്തകരെയാണു അന്വേഷണ ഉദ്യേഗസ്ഥർ കണ്ടത്. പിന്നീടാണു ചാരന്മാരെ കണ്ടെത്താൻ കഴിയാതെവന്നതോടെ ചില വ്യക്തികളെ ചാരന്മാരാക്കി മാറ്റാൻ വേണ്ടി മാത്രം പോപ്പുലർഫ്രണ്ടിൽ അംഗത്വമെടുക്കാനും ശ്രമങ്ങൾ നടന്നത്.

ഇതെല്ലാം രഹസ്യ ചോർത്തുന്നതിൽ നിർണ്ണായകമായി. പാക്കിസ്ഥാനിൽ നിന്ന് രഹസ്യം ചോർത്തിയ ഡോവൽ മാതൃകയായിരുന്നു ഇതിന് പ്രേരകമായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ നിരീക്ഷണവും ഈ വിവര ശേഖരണത്തിനുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ടിലെ ചോർത്തലുകാർക്ക് ഉദ്യോഗസ്ഥൻ വിവിധ രീതികളിലുള്ള പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം ചില പ്രാദേശിക നേതാക്കളിൽനിന്നും ഉദ്യോഗസ്ഥർക്കു സംഘനടക്കുള്ളിലെ ചർച്ചകൾ ഉൾപ്പെടെ ചില വിവരങ്ങൾ ലഭിച്ചുയ

പാലക്കാട് നടന്ന പോപ്പുലർഫ്രണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഈ യുവാവിനെ അക്രമിക്കാൻ പദ്ധതിയിടുന്നത് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ചാരന്മാർ വഴി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതു കൊലപാതകത്തിൽ കലാശിക്കുന്നുമെന്ന് ഉദ്യോഗസ്ഥരും കരുതിയിരുന്നില്ല. അതു സംഭവിച്ചു. ഇതെ തുടർന്നാണ് ലഭിക്കുന്ന വിവരങ്ങൾ സത്യസന്ധമാണെന്നു ഉദ്യോഗസ്ഥരും ഉറപ്പിച്ചത്. പിന്നീട് ലഭിക്കുന്ന ചെറിയ വിവരങ്ങൾ പോലും ഗൗരവമായി കണ്ടു രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തിലേക്ക് റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നു.

സാധാരണക്കാരായ നാട്ടുകാരായി കള്ളിത്തുണിയും ഷർട്ടും ധരിച്ച ചില പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽപോയി സംഘം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. വിവരങ്ങൾ കൈമാറി അന്വേഷണ സംഘങ്ങളെ സഹായിക്കുന്ന ചാരന്മാർക്കു സാമ്പത്തികമായും, മറ്റു ചിലർക്കു ഉപഹാരങ്ങളായി വിവിധ വസ്തുക്കളുമാണ് രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരുന്നത്. അതേ സമയം പോപ്പുലർ ഫ്രണ്ട് കേസിൽ എൻഐഎ അന്വേഷണം തുടരാനാണ് നീക്കം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. കൂടുതൽ റെയ്ഡിനും സാധ്യതയുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്കു വിദേശത്തുനിന്ന് 120 കോടിയോളം രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം.

സംഘടനകളിലെ പ്രവർത്തകരുടെ ഭാവി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. സംഘടനയെ നിരോധിക്കാൻ ശുപാർശ ലഭിച്ചിട്ടുണ്ടോ എന്ന് വിവരാവകാശ ചോദ്യത്തിന് പോലും മറുപടി നൽകിയില്ല. ഇവ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ അറിയിച്ചു. അജ്ഞാതരായ ആളുകൾ പണമായും ലക്ഷക്കണക്കിനു രൂപ കൈമാറി. സംഘടനയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്.

അക്കൗണ്ടിലേക്കു പണമയച്ചവരും അന്വേഷണ പരിധിയിൽ വരും. വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാൻ അനുബന്ധ സംഘടനകളെ പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. സാമൂഹിക സേവനമടക്കമുള്ള പ്രവർത്തനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചു. ഫ്രണ്ടിനെ നിരോധിച്ച വിജ്ഞാപനത്തിൽ കേരളത്തിലെ 4 കൊലപാതകങ്ങളും കൈവെട്ട് കേസും നാറാത്ത് കേസും ഐഎസ് റിക്രൂട്ട്‌മെന്റും കേന്ദ്രം പരാമർശിക്കുന്നുണ്ട്.

രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനു വേരോട്ടമുണ്ടെന്നാണു റിപ്പോർട്ട്. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ബംഗാൾ, ഡൽഹി, ഗോവ, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം. പോപ്പുലർ ഫ്രണ്ടിനെ ജാർഖണ്ഡ് സർക്കാർ 2019 ഫെബ്രുവരി 12നു നിരോധിച്ചിരുന്നു.