ന്യൂഡല്‍ഹി: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോള്‍ പമ്പിന്റെ അനുമതിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന് മരിക്കുന്നതിന് മുന്‍പ് ഡിഎംഒ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയിരുന്നു. പ്രശാന്തിന് പെട്രോള്‍ പമ്പ് നടത്താന്‍ എന്‍ഒസി ലഭിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ക്രമക്കേടുണ്ടെങ്കില്‍ കേസ് സിബിഐയ്ക്ക് വിടും. കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ അഴിമതി നടന്നാല്‍ അന്വേഷിക്കേണ്ടത് സിബിഐയാണ്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണ സാധ്യത വരുന്നത്. അഴിമതി സിബിഐ അന്വേഷിക്കുമ്പോള്‍ ആത്മഹത്യയിലെ അന്വേഷണം പോലീസിനും നടത്താം. അങ്ങനെ വന്നാല്‍ എംഡിഎം നവീന്‍ ബാബുവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം വരും. സംസ്ഥാന വിജിലന്‍സിന് മുന്നിലും പരാതിയുണ്ട്. അവരും പ്രാഥമിക പരിശോധന നടത്തും.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരമാണ് പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ബെനാമിയാണെന്നും, പെട്രോള്‍ പമ്പിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നേരത്തെ സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരുന്നു. ചെങ്ങളായിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗം വിവാദമായി. അടുത്ത ദിവസം രാവിലെ താമസിച്ച വീട്ടിനുള്ളില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്തി. പത്ത് കൊല്ലം തടവ് കിട്ടാവുന്ന വകുപ്പുകളുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ അറസ്റ്റിലായാല്‍ റിമാന്‍ഡ് ഉറപ്പാണ്. അങ്ങനെ എങ്കില്‍ ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കൊടി സുനിയും സംഘവും കഴിയുന്ന കണ്ണൂര്‍ ജയിലില്‍ ദിവ്യയ്ക്ക് താമസിക്കേണ്ടി വരും.

സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുവായിരുന്ന ടിപിയെ 51 വെട്ടു വെട്ടിയാണ് കൊടി സുനിയും സംഘവും ഇല്ലായ്മ ചെയ്തത്. എന്നാല്‍ എഡിഎം നവീന്‍ ബാബുവിനെ വാക്കു കൊണ്ട് കൊന്നു എന്ന തരത്തിലാണ് ദിവ്യയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍. ഈ സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണയില്‍ ദിവ്യ അറസ്റ്റിലായാല്‍ കണ്ണൂര്‍ ജയിലിലേക്ക് പോകുമെന്ന തരത്തിലെ വാദങ്ങളും ഉയരുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്. അതിനിടെ പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് എന്‍ഒസിയെന്നും വാദമുണ്ട്. എന്‍ഒസിയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദിവ്യയും സമ്മതിച്ചിട്ടുണ്ട്.

കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ് എന്ന് വ്യക്തമായിട്ടുണ്ട്. നിര്‍ദിഷ്ട സ്ഥലം വളവില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എഡിഎം എന്‍ഒസി വൈകിപ്പിച്ചത്. പിന്നീട് അനുമതി നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നെന്നും സൂചന പുറത്തു വന്നിരുന്നു. എന്‍ഒസിയില്‍ പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിപിസിഎല്‍ ടെറിട്ടറി മാനേജരുടെ പേരിലാണ് എന്‍ഒസി നല്‍കിയത്. നെടുവാലൂര്‍ ചേരന്‍കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്തന്‍ പാട്ടത്തിനെടുത്തിരുന്നത്.

ചേരന്‍കുന്നിലെ പഴയ പള്ളിക്കും പുതിയ പള്ളിക്കും ഇടയിലുള്ള ഭാഗത്ത് കൊടുംവളവുണ്ട്. പുതിയ പള്ളിക്കു മുന്‍വശത്ത് റോഡ് നേരെയാണെങ്കിലും പെട്രോള്‍ പമ്പിനായി കണ്ടെത്തിയ ഭാഗത്തും ചെറിയ വളവുണ്ട്. വളവുള്ള ഭാഗത്ത് പെട്രോള്‍ പമ്പ് വന്നാല്‍ പമ്പിലേക്കു വാഹനങ്ങള്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ പൊലീസ്, പൊതുമരാമത്തു വകുപ്പുകളില്‍നിന്ന് എന്‍ഒസി ലഭിക്കാന്‍ പ്രയാസമാണ്. പൊലീസില്‍ നിന്നുള്ള എന്‍ഒസി വൈകിയെന്ന കാര്യം പ്രശാന്തനും മറ്റൊരു സംരംഭകനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുമുണ്ട്. സ്ഥലത്തു വളവുണ്ടെന്ന കാര്യം എഡിഎം പറഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തിലും പറയുന്നുണ്ട്.


പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാന്‍ വില്ലേജ് ഓഫിസ്, തദ്ദേശ വകുപ്പ്, പൊതുമരാമത്ത്, സിവില്‍ സപ്ലൈസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പൊലീസ്, ക്രൈംബ്രാഞ്ച്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിങ്ങനെ 8 വകുപ്പുകളില്‍ നിന്നുള്ള എന്‍ഒസി ആവശ്യമാണ്. ഇവയെല്ലാം ലഭിച്ചാല്‍ എഡിഎം നേരിട്ടു സ്ഥലപരിശോധന നടത്തിയാണ് അന്തിമമായി എന്‍ഒസി നല്‍കുക. ഇതില്‍ ഏതെങ്കിലും വകുപ്പില്‍ നിന്നുള്ള എന്‍ഒസി വൈകിയാല്‍ എഡിഎമ്മിന് എന്‍ഒസി നല്‍കാന്‍ സാധിക്കില്ല. എല്ലാ വകുപ്പുകളും എന്‍ഒസി നല്‍കിയാല്‍ എഡിഎമ്മിന് അകാരണമായി എന്‍ഒസി നല്‍കാതിരിക്കാനും കഴിയില്ല.

എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ വിവാദത്തിലുള്‍പ്പെട്ട പെട്രോള്‍ പമ്പിന്റെ അലോട്‌മെന്റ് റദ്ദാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്‍ഒസി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നു ലൈസന്‍സിയായ പ്രശാന്തന്‍ സമ്മതിച്ച സാഹചര്യത്തില്‍ അലോട്‌മെന്റ് റദ്ദാക്കണമെന്ന് എഐസിസി ഗവേഷണ വിഭാഗം കേരള ഘടകം ചെയര്‍മാന്‍ ബി.എസ്.ഷിജുവാണു പരാതി നല്‍കിയത്.